സിനിമ

സെക്‌സി ദുര്‍ഗയും നൂഡും: പഴയ പൈങ്കിളി നായികയ്ക്ക് മനസിലാകില്ല ഈ സിനിമകള്‍

Print Friendly, PDF & Email

ഐഎഫ്എഫ്‌ഐയുടെ ജൂറി അംഗീകരിച്ചിട്ടും ജൂറിയുടെ തീരുമാനത്തിന് മുകളില്‍ കൈകടത്തുന്ന നടപടിയാണ് ഐആന്‍ഡ്ബി മന്ത്രാലയം കൈക്കൊണ്ടിരിക്കുന്നത്

A A A

Print Friendly, PDF & Email

പ്രമുഖ സംവിധായകന്‍ സുജോയ് ഘോഷിന്റെ നേതൃത്വത്തിലുള്ള 13 അംഗ ജൂറിയാണ് ഇത്തവണത്തെ ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ലഭിച്ച 153 ചിത്രങ്ങളില്‍ നിന്നാണ് 21 എണ്ണം ഈ ജൂറി തെരഞ്ഞെടുത്തത്. പതിനെട്ട് ദിവസങ്ങള്‍ നീണ്ട സിനിമ കാണലുകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് ജൂറി 21 ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. എന്നാല്‍ പിന്നീട് എസ് ദുര്‍ഗ എന്ന് പേര് മാറ്റിയ സെക്‌സി ദുര്‍ഗയും നൂഡും കേന്ദ്ര ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഇടപെട്ട് ഇതില്‍ നിന്നും ഒഴിവാക്കിയത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ജൂറിയിലെ ഒട്ടുമിക്ക അംഗങ്ങളും ഇതില്‍ അതൃപ്തി അറിയിച്ച് മന്ത്രാലയത്തിന് മെയില്‍ അയച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

മലയാള സിനിമയായ സെക്‌സി ദുര്‍ഗ സനല്‍ കുമാര്‍ ശശിധരനും മറാത്തി സിനിമയായ നൂഡ് രവി യാദവുമാണ് സംവിധാനം ചെയ്തിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെ പേര് മാത്രമാണ് ഐആന്‍ഡ്ബി മന്ത്രാലയത്തിന്റെ പ്രതികൂലമായ നിലപാടിന് പിന്നിലെന്നും ഈ ചിത്രങ്ങളുടെ ഉള്ളടക്കങ്ങളില്‍ യാതൊരു വിവാദങ്ങളുമില്ലെന്നുമാണ് സനല്‍ കുമാറും ചില ജൂറി അംഗങ്ങളും പറയുന്നത്. നേരത്തെ മുംബൈ മാമി ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചതോടെയാണ് സനല്‍ തന്റെ സിനിമയുടെ പേര് എസ് ദുര്‍ഗ എന്നാക്കിയത്. ദുര്‍ഗ എന്ന ഉത്തരേന്ത്യന്‍ പെണ്‍കുട്ടി കേരളത്തിലെ ഒരു യുവാവിനൊപ്പം ഒളിച്ചോടുന്നതിനെക്കുറിച്ച് കേരളത്തിലെ പുരുഷാധിപത്യ സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ പറയുകയാണ് സനല്‍ തന്റെ ചിത്രത്തില്‍. ചിത്രകാരന്മാര്‍ക്ക് മോഡലായി നിന്ന് ജോലി ചെയ്യുന്ന യുവതിയുടെ കഥയാണ് നൂഡ് പറയുന്നത്. നൂഡ് ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെടുക മാത്രമല്ല ഈ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായി കൂടിയാണ് പരിഗണിച്ചിരുന്നതെന്ന് രണ്ട് ജൂറി അംഗങ്ങള്‍ വെളിപ്പെടുത്തിയതായി ദ ടെലഗ്രാഫ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

‘എന്റെ കലിപ്പ് സനല്‍ അണ്ണന് ബോധിച്ചു’; സെക്‌സി ദുര്‍ഗയിലെ അഭിനയത്തെ കുറിച്ചു മാധ്യമ പ്രവര്‍ത്തകനായ സുജീഷ്

റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രമാണ് സെക്‌സി ദുര്‍ഗ. സമീപകാലത്ത് ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുന്ന ആദ്യ മലയാള സിനിമ മാത്രമല്ല, ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് ഇത്. എന്നാല്‍ ചിത്രം ഹിന്ദു ദൈവമായ ദുര്‍ഗയെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇത് ചിത്രത്തിന്റെ പേര് കണ്ടുള്ള തെറ്റിദ്ധാരണയാണെന്നും ചിത്രത്തില്‍ അപകീര്‍ത്തികരമായ യാതൊന്നുമില്ലെന്നും അന്നുതന്നെ സനല്‍ വിശദീകരിക്കുകയും ചെയ്തതാണ്. എന്നിട്ടും ഹിന്ദുസംഘടനകള്‍ പലതും ചിത്രത്തിനെതിരെ രംഗത്തുണ്ടായിരുന്നു. നൂഡ് എന്ന ചിത്രത്തിനും സമാനമായ വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്. ഭാരതീയ സംസ്‌കാരത്തെ അപമാനിക്കുന്നതാണ് ഈ ചിത്രമെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ ആരോപിച്ചിരുന്നത്. സംഘപരിവാര്‍ സംഘടനകളുടെ വാദങ്ങള്‍ മാത്രം മുഖവിലയ്‌ക്കെടുത്ത് ചിത്രങ്ങളുടെ ഉള്ളടക്കമോ കലാപരതയോ പരിഗണിക്കാത്ത നടപടിയാണ് മുന്‍ ചലച്ചിത്രതാരം കൂടിയായ സ്മൃതി ഇറാനി ഭരിക്കുന്ന ഐആന്‍ഡ്ബി മന്ത്രാലയം ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. ഐഎഫ്എഫ്‌ഐയുടെ ജൂറി അംഗീകരിച്ചിട്ടും ജൂറിയുടെ തീരുമാനത്തിന് മുകളില്‍ കൈകടത്തുന്ന നടപടിയാണ് ഇത്. ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഏറ്റവും മികച്ച ചിത്രങ്ങളെന്നാണ് ജൂറി അംഗങ്ങളില്‍ പലരും സെക്‌സി ദുര്‍ഗയെയും നൂഡിനെയും വിലയിരുത്തുന്നതെന്നു കൂടി ഇവിടെ മനസിലാക്കേണ്ടതുണ്ട്.

സെക്സി ദുര്‍ഗ്ഗ ഇനി ഹിന്ദുത്വയെ തുളയ്ക്കുന്ന ‘S’ കത്തിയാണ് സംഘപരിവാറുകാരേ…

ജൂറിയുടെ തീരുമാനം അന്തിമമാണെന്നാണ് പറയുന്നതെങ്കിലും അത് അപേക്ഷിക്കുന്നവര്‍ക്ക് മാത്രമാണ് ബാധകമെന്ന് നിരവധി അന്താരാഷ്ട്ര മേളകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ഡോ. ബിജു പറയുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയമപ്രകാരം ഏതൊരു ചലച്ചിത്രമേളയിലാണെങ്കിലും സെന്‍സര്‍ ചെയ്യാത്ത സിനിമകള്‍ക്ക് ഐആന്‍ഡി മന്ത്രാലയത്തിന്റെ അനുമതി വേണം. ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും ഈ നിയമമുണ്ടെന്നും ബിജു പറയുന്നു. കഴിഞ്ഞ ഐഎഫ്എഫ്‌കെയില്‍ കാബോഡിസ്‌കേപ്പ് എന്ന ജയന്‍ ചെറിയാന്റെ സിനിമ ജൂറി തെരഞ്ഞെടുത്തെങ്കിലും ഐആന്‍ഡ്ബി മന്ത്രാലയം ഇടപെട്ട് അത് പ്രദര്‍ശനത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. പിന്നീട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ച് ഈ തീരുമാനത്തിന് സ്റ്റേ വാങ്ങുകയും ചിത്രം പ്രദര്‍ശിപ്പിക്കുകയുമായിരുന്നു. ഐഎഫ്എഫ്‌ഐയിലേക്കുള്ള അപേക്ഷ നല്‍കുന്ന സമയത്ത് സെക്‌സി ദുര്‍ഗയ്ക്കും നൂഡിനും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ലെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ബിജു അഴിമുഖത്തോട് പറഞ്ഞു. രണ്ട് സിനിമകളും പിന്നീടാണ് സെന്‍സര്‍ഷിപ്പ് നേടിയത്. ഇന്ത്യന്‍ പനോരമയില്‍ തെരഞ്ഞെടുത്ത സെന്‍സര്‍ ചെയ്യാത്ത സിനിമകളുടെ ലിസ്റ്റ് ഐആന്‍ഡ്ബി മന്ത്രാലയത്തിന് നല്‍കുകയും അവര്‍ അത് അംഗീകരിക്കുകയോ ഒഴിവാക്കുകയോ ആണ് ചെയ്യുന്നത്. വിവാദങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ഈ ചിത്രങ്ങളും ഇവിടെ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. മജീദ് മജീദിയുടെ മുഹമ്മദ് എന്ന സിനിമയും മറ്റ് ചില ഇറാനിയന്‍ സിനിമകളും ഇത്തരത്തില്‍ ഐഎഫ്എഫ്‌കെയില്‍ ഒഴിവാക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ആനന്ദ് പട്‌വര്‍ദ്ധന്റെ ചില സിനിമകളും ഐആന്‍ഡ്ബി മന്ത്രാലയത്തിന്റെ ഈ നിയമം മൂലം ചലച്ചിത്രമേളകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിനുള്ള ശാശ്വതമായ പരിഹാരം ഇത്തരത്തില്‍ സെന്‍സര്‍ ചെയ്യാത്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന നിയമം ഒഴിവാക്കുക എന്നതാണ്. എന്നാല്‍ അത് അത്ര എളുപ്പമല്ലെന്നും ഡോ. ബിജു കൂട്ടിച്ചേര്‍ത്തു. ഇത്തരം സാങ്കേതിക വശങ്ങള്‍ അറിയാതെയാണ് ഇവിടെ പലരും ബഹളമുണ്ടാക്കുന്നത്. കാബോഡിസ്‌കേപ്പിനായി ജയന്‍ ചെറിയാന്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത് പോലെ സനലിന് സുപ്രിംകോടതിയെ സമീപിച്ചും സ്റ്റേ വാങ്ങാവുന്നതാണ്. അല്ലാതുള്ള പ്രതിഷേധങ്ങള്‍ക്കൊന്നും വലിയ അര്‍ത്ഥമില്ല. കാരണം, ഈ നിബന്ധനകളെല്ലാം അംഗീകരിക്കുന്നുവെന്ന് എഴുതി ഒപ്പിട്ടുകൊടുത്തിട്ടാണ് ചലച്ചിത്രമേളയില്‍ സിനിമ പ്രദര്‍ശിപ്പിക്കാനായി അപേക്ഷിക്കുന്നത്. ഗവണ്‍മെന്റിനെതിരായ സിനിമ ചെയ്യുമ്പോള്‍ ഗവണ്‍മെന്റിന്റെ തന്നെ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ബന്ധം പിടിച്ചിട്ട് കാര്യമില്ലെന്നും ഡോ. ബിജു പറയുന്നു.

സെക്‌സി ദുര്‍ഗ: ഇന്ത്യയിലേക്ക് തിരിച്ചുവരൂ, സംസ്കാരമെന്തെന്ന് പഠിപ്പിക്കാം; സനല്‍ കുമാര്‍ ശശിധരന് ഹിന്ദുത്വ സംഘടനകളുടെ ഭീഷണി

പലപ്പോഴും സര്‍ക്കാരുകള്‍ ഈ നിയമം സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി ഉപയോഗിക്കാറുണ്ട്. സെക്‌സി ദുര്‍ഗയുടെയും നൂഡിന്റെയും കാര്യത്തില്‍ സ്മൃതി ഇറാനിയുടെയും അവരുടെ പാര്‍ട്ടിയായ ബിജെപിയുടെയും അവരെ നിയന്ത്രിക്കുന്ന സംഘപരിവാറിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയായിരുന്നുവെന്ന് വ്യക്തം. അതേസമയം കേരളത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഐഎഫ്എഫ്‌കെയുമായി ബന്ധപ്പെട്ടും സെക്‌സി ദുര്‍ഗ വിവാദമായിരുന്നു. സമകാലിക മലയാള സിനിമ എന്ന വിഭാഗത്തിലാണ് സെക്‌സി ദുര്‍ഗയെ ഐഎഫ്എഫ്‌കെയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഐഎഫ്എഫ്‌കെ ആരംഭിച്ചതിന് ശേഷം ആദ്യമായി അന്താരാഷ്ട്ര വേദികളില്‍ ഏറ്റവും വലിയ പുരസ്‌കാരം നേടിയ ഈ ചിത്രത്തെ കേവലം മലയാള സിനിമ വിഭാഗത്തില്‍ മാത്രം ഉള്‍പ്പെടുത്തിയതിനെതിരെ സംവിധായകനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും രംഗത്തെത്തുകയും ചിത്രം ഐഎഫ്എഫ്‌കെയില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു. പിന്നീട് സംസ്ഥാന ചലച്ചിത്ര അക്കാദമി അധികൃതര്‍ ചിത്രത്തിന്റെ നിര്‍മ്മാതാവിന് സംവിധായകന്‍ ചിത്രം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടി മെയില്‍ അയയ്ക്കുകയും താല്‍പര്യമെങ്കില്‍ ചിത്രം ഐഎഫ്എഫ്‌കെയില്‍ ഉള്‍പപെടുത്താമെന്ന് അറിയിക്കുകയും ചെയ്തതും വിവാദമായി. എന്നാല്‍ ഐഎഫ്എഫ്‌ഐയില്‍ നിന്നും ഒഴിവാക്കപ്പെട്ട സെക്‌സി ദുര്‍ഗ ഐഎഫ്എഫ്‌കെയില്‍ നിന്നും ഒഴിവാക്കപ്പെട്ടതാണെന്ന തരത്തില്‍ ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. അതേസമയം ചിത്രം ഐഎഫ്എഫ്‌കെയില്‍ നിന്നും ഒഴിവാക്കപ്പെട്ടതല്ല അര്‍ഹമായ പരിഗണന ലഭിക്കാത്തതിനാല്‍ പിന്‍വലിച്ചതാണെന്ന് സംവിധായകന്‍ തന്നെ പറയുന്നു. ചിത്രത്തെ ഐഎഫ്എഫ്‌ഐയില്‍ നിന്നും ഒഴിവാക്കിയ സംഘപരിവാര്‍ രാഷ്ട്രീയത്തെ മറച്ചുവയ്ക്കാനാണ് ഇതിലേക്ക് ഐഎഫ്എഫ്‌കെയെ വലിച്ചിഴയ്ക്കുന്നത്.

സെക്‌സി ദുര്‍ഗയും വിവരമില്ലാത്ത ഭക്തരും; ചില യാഥാര്‍ത്ഥ്യങ്ങള്‍ പറയേണ്ടതുണ്ട്‌

പൈങ്കിളി നായികയില്‍ നിന്ന് കേന്ദ്രമന്ത്രി പദത്തില്‍ വരെ എത്തിയ സ്മൃതി ഇറാനി

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Me:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍