TopTop
Begin typing your search above and press return to search.

ചെങ്ങന്നൂരെ പാതിരിമാരെ തടയാന്‍ ശോഭന ജോര്‍ജ്ജിനാകുമോ?

ചെങ്ങന്നൂരെ പാതിരിമാരെ തടയാന്‍ ശോഭന ജോര്‍ജ്ജിനാകുമോ?

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മൂന്ന് വട്ടം ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച ശോഭന ജോര്‍ജ്ജ്. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ബിജെപി ഏറ്റവും ശക്തമായ സാന്നിധ്യം അറിയിച്ച സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികളെയും സംബന്ധിച്ച് കടുപ്പമേറിയതാണ്. രണ്ടാമതൊരു എംഎല്‍എയെ കൂടി നിയമസഭയിലെത്തിക്കാനാകുമെന്ന് ബിജെപി അതിയായി പ്രതീക്ഷിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ശോഭനയുടെ സാന്നിധ്യം മണ്ഡലത്തിലെ ത്രികോണ മത്സരത്തെ എത്തരത്തില്‍ ബാധിക്കുമെന്ന് പരിശോധിക്കേണ്ടതുണ്ട്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും ജയം ശോഭനയ്‌ക്കൊപ്പമായിരുന്നു. കരുണാകരനോടുള്ള കൂറ് മൂലം കോണ്‍ഗ്രസ് വിട്ട് ഡിഐസിയില്‍ ചേക്കേറിയതാണ് ഇവര്‍ക്ക് തിരിച്ചടിയായത്. 2006ലെ തെരഞ്ഞെടുപ്പായപ്പോഴേക്കും കോണ്‍ഗ്രസ് വിട്ട ശോഭനയ്ക്ക് പകരം അവര്‍ പിസി വിഷ്ണുനാഥ് എന്ന യുവരക്തത്തെ പരീക്ഷിച്ച് വിജയിക്കുകയും ചെയ്തു. തിരുവനന്തപുരം വെസ്റ്റില്‍ വി സുരേന്ദ്രന്‍ പിള്ളയ്‌ക്കെതിരെ ഡിഐസി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും 21,844 വോട്ടുകള്‍ മാത്രം നേടിയ അവര്‍ 13233 വോട്ടുകള്‍ക്ക് പിന്തള്ളപ്പെട്ടു. 1991ല്‍ അവര്‍ മത്സരിക്കാന്‍ തുടങ്ങിയതിന് ശേഷം ലഭിച്ച ഏറ്റവും കുറവ് വോട്ടായിരുന്നു. 2011ല്‍ കോണ്‍ഗ്രസില്‍ തിരികെയെത്തിയെങ്കിലും പഴയ മണ്ഡലമായ ചെങ്ങന്നൂര്‍ വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ഉമ്മന്‍ ചാണ്ടിയുടെ മാനസ പുത്രനായ പിസി വിഷ്ണുനാഥിന് വേണ്ടി ഈ കരുണാകര ശിഷ്യയെ തഴയുകയായിരുന്നു. തുടക്കത്തില്‍ ബദല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഭീഷണി മുഴക്കിയെങ്കിലും അവസാന നിമിഷം ഇവര്‍ പത്രിക പിന്‍വലിക്കുകയും ചെയ്തു.

1991ല്‍ തന്റെ 31-ാം വയസ്സിലാണ് ശോഭനയെ തേടി സ്ഥാനാര്‍ത്ഥിത്വം എത്തുന്നത്. അഖില ബാലജനസഖ്യത്തിന്റെ ആദ്യ വനിത പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ആദ്യ വനിത ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ നിന്നും കോണ്‍ഗ്രസ് നേതൃത്വത്തിലേക്കെത്തിച്ചേര്‍ന്ന ശോഭന വളരെ പെട്ടെന്ന് തന്നെ നേതാക്കളുടെയും ജനങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യന്‍ നാഷണല്‍-സോഷ്യലിസ്റ്റ്(ഐസിഎസ്)ന്റെ കരുത്തനായ മാമ്മന്‍ ഐപ്പിനെ നേരിടാനാണ് 1991ല്‍ കരുണാകരന്‍ ശോഭനയെ നിയോഗിച്ചത്. കരുണാകരന്റെ ആ രാഷ്ട്രീയ തന്ത്രം ഫലം കാണുകയും ചെയ്തു. അതിന് തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പില്‍ 15,703 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച മാമ്മന്‍ ഐപ്പിന് ശോഭനയ്ക്ക് മുന്നില്‍ അടിപതറി. 3447 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശോഭന ജയിച്ചത്.

1996ലും മാമ്മന്‍ ഐപ്പ് തന്നെയായിരുന്നു ശോഭനയുടെ എതിരാളിയെങ്കിലും ഫലം മറിച്ചായില്ല. ഇക്കുറി ശോഭനയുടെ ഭൂരിപക്ഷം 3102 ആയെന്ന് മാത്രം. എന്നാല്‍ ബിജെപിയെ സംബന്ധിച്ച് പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു ഈ തെരഞ്ഞെടുപ്പ്. മണ്ഡലത്തിലാദ്യമായി പതിനായിരത്തിലേറെ വോട്ടുകള്‍ നേടാന്‍ അവര്‍ക്ക് സാധിച്ചു. ചങ്ങന്നൂരിലെ നായര്‍ വോട്ടുകളുടെ സാധ്യതകള്‍ മുഖ്യരാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടതും ഇതാദ്യമയാണ്. അത്രയും കാലവും ക്രിസ്ത്യന്‍ വോട്ട് ബെല്‍റ്റ് എന്ന രീതിയിലാണ് ഈ മണ്ഡലം കണക്കാക്കപ്പെട്ടിരുന്നത്. 2001ല്‍ സിപിഎമ്മിന്റെ കെകെ രാമചന്ദ്രന്‍ നായരായിരുന്നു ശോഭന ജോര്‍ജ്ജിന്റെ എതിരാളി. എതിരാളി ശക്തനായിരുന്നെങ്കിലും അന്തിമജയം ശോഭനയ്‌ക്കൊപ്പം തന്നെ നിനിന്നു. 1465 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശോഭന ഇത്തവണ ജയിച്ചത്. ഈ തെരഞ്ഞെടുപ്പിലും ബിജെപി ഒരു നിര്‍ണായക ശക്തിയായെന്നത് ശ്രദ്ധേയമാണ്.

ഈ കാലയളവിലാണ് കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെതിരെ വ്യാജരേഖ ചമച്ച കേസില്‍ എംഎല്‍എയായ ശോഭന ജോര്‍ജ്ജ് അറസ്റ്റിലാകുന്നത്. കണ്ണീരോടെ നില്‍ക്കുന്ന ശോഭനയുടെ അന്നത്തെ ചിത്രം ഇന്നും രാഷ്ട്രീയ കേരളം മറന്നിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ നേരിട്ട ഈ അപമാനത്തിന് പിന്നാലെയാണ് അവര്‍ ലീഡര്‍ക്കൊപ്പം ഡിഐസിയില്‍ ചേക്കേറിയത്. 2011ല്‍ അവസാന നിമിഷം അവര്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചെങ്കിലും 2016ല്‍ വിഷ്ണുനാഥിനെതിരെ മത്സരിക്കുക തന്നെ ചെയ്തു. ചെങ്ങന്നൂരിലെ ജാതിരാഷ്ട്രീയത്തെ തനിക്ക് അനുകൂലമാക്കാനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ ശ്രമിച്ചത്. മണ്ഡലത്തില്‍ പ്രബലമായ നായര്‍ വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ രാമചന്ദ്രന്‍ നായര്‍ക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഷ്ണുനാഥിനും ബിജെപി പിഎസ് ശ്രീധരന്‍ പിള്ളയ്ക്കുമായി വിഘടിച്ച് പോകുമെന്നും അങ്ങനെ വന്നാല്‍ പ്രബലമായ ക്രിസ്ത്യന്‍ വോട്ടുകളും യാഥാസ്ഥിതിക കോണ്‍ഗ്രസ് വോട്ടുകളും തനിക്ക് ലഭിക്കുമെന്നുമായിരുന്നു ഇവരുടെ കണക്കു കൂട്ടല്‍. ഈ കണക്കു കൂട്ടല്‍ ഏറെക്കുറെ വിജയിച്ചെന്നു വേണം കണക്കുകളില്‍ നിന്നും മനസിലാക്കാന്‍.

പിസി വിഷ്ണുനാഥ് 44897 വോട്ടുകലും പിഎസ് ശ്രീധരന്‍ പിള്ള 42682 വോട്ടുകളും കെ കെ രാമചന്ദ്രന്‍ നായര്‍ 52880 വോട്ടുകളും നേടിയ തെരഞ്ഞെടുപ്പില്‍ ശോഭനയുടെ അക്കൗണ്ടിലേക്കെത്തിയത് 3966 വോട്ടുകള്‍ മാത്രമാണ്. എന്നാല്‍ ഈ നാലായിരത്തോളം വോട്ടുകള്‍ക്ക് എത്രമാത്രം വിലയുണ്ടെന്ന് രാമചന്ദ്രന്‍ നായര്‍ നേടിയ ഭൂരിപക്ഷം പരിശോധിച്ചാല്‍ വ്യക്തമാകും. 7983 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ജയിച്ചത്. ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്ക് മത്സരിച്ചപ്പോഴാണ് നിര്‍ണായകമായ കുറെ വോട്ടുകള്‍ ശോഭനാ ജോര്‍ജ്ജ് കൈപ്പിടിയിലാക്കിയത്. അപ്പോള്‍ ഏതെങ്കിലും ഒരു മുന്നണിയുടെ പിന്തുണ കൂടിയാകുമ്പോള്‍ ശോഭനയുടെ സ്വാധീനം വര്‍ധിക്കുമെന്ന് ഉറപ്പ്. മൂന്ന് തവണ എംഎല്‍എയായിരുന്ന ശോഭനയ്ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അര്‍ഹിച്ച വോട്ട് ലഭിച്ചില്ലെങ്കിലും അവരുടെ സ്വാധീന ശക്തി തള്ളിക്കളയാവുന്നതല്ല. അതിനാല്‍ തന്നെ സജി ചെറിയാന് വേണ്ടി താന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയതിന്റെ ഇരട്ടിയിലേറെ വോട്ടുകള്‍ ഉറപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്നതില്‍ സംശയമില്ല.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഏറ്റവുമധികം വെല്ലുവിളി നേരിടുന്നത് കത്തോലിക്ക സഭയില്‍ നിന്നാണ്. മദ്യനയത്തില്‍ സര്‍ക്കാര്‍ വരുത്തിയ ഇളവുകള്‍ക്ക് ചെങ്ങന്നൂരില്‍ മറുപടി പറയാമെന്നാണ് പാതിരിമാര്‍ ഇപ്പോള്‍ തന്നെ പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ശോഭനാ ജോര്‍ജ്ജിന്റെ പിന്തുണ എല്‍ഡിഎഫിന് നിര്‍ണായകമാകുന്നത്. പാതിരിമാരെ അനുനയിപ്പിക്കുന്നതും ക്രിസ്ത്യന്‍ വോട്ടുകള്‍ നഷ്ടമാകാതിരിക്കുന്നതിരിക്കുന്നതുമായിരിക്കും എല്‍ഡിഎഫ് ശോഭനയെ ഏല്‍പ്പിക്കുന്ന മുഖ്യദൗത്യം. ശോഭന വിജയിച്ച തെരഞ്ഞെടുപ്പുകളില്‍ അവര്‍ക്ക് ക്രിസ്ത്യന്‍ സമുദായത്തിലുണ്ടായിരുന്ന സ്വാധീനം വ്യക്തമാണ്. ഇടഞ്ഞു നില്‍ക്കുന്ന പാതിരിമാരെ വെട്ടി വോട്ടുകള്‍ എല്‍ഡിഎഫിന് അനുകൂലമാക്കാന്‍ അവര്‍ക്ക് എത്രമാത്രം സാധിക്കുമെന്നതാണ് ഇനി അറിയേണ്ടത്.


Next Story

Related Stories