UPDATES

ട്രെന്‍ഡിങ്ങ്

ആക്രമിക്കപ്പെട്ട നടിയെ പി സി ജോര്‍ജ്ജ് അവഹേളിച്ചപ്പോള്‍ സിദ്ദിഖിന്റെയും ലളിതയുടെയും നാവിറങ്ങിപ്പോയിരുന്നോ?

ഒരാള്‍ ഇമ്മിണി വലിയ നടനായി പോയതു കൊണ്ടോ താരസംഘടനയുടെ തലപ്പത്തിരിക്കുന്ന ആളായതു കൊണ്ടോ വിമര്‍ശിക്കപ്പെടാനോ ചോദ്യം ചെയ്യപ്പെടാനോ പാടില്ലെന്നു പറയാന്‍ നിങ്ങളുടേത് എന്താ ഫാസിസ്റ്റു സംഘടനയോ?

കെ എ ആന്റണി

കെ എ ആന്റണി

നടന്‍ സിദ്ദിഖ് വല്ലാത്ത കലിപ്പിലാണ്. എത്ര ശ്രമിച്ചിട്ടും സഹിക്കാന്‍ പറ്റുന്നില്ല. എങ്ങിനെ സഹിക്കാനാണ്. ആക്ഷേപിച്ചതും വിമര്‍ശിച്ചതും മലയാളത്തിലെ താരരാജാവും താര സംഘടനയായ എഎംഎംഎയുടെ പ്രസിഡന്റിനെയുമല്ലേ! കെപിഎസി ലളിത അത്ര കലിപ്പിലല്ലെങ്കിലും സഹിക്കാന്‍ പറ്റാത്ത സങ്കടമുണ്ട്. ആ സങ്കടം മോഹന്‍ലാലിനെ വിമര്‍ശിച്ചതില്‍ മാത്രമല്ല, തന്നെ ഏറെ സ്‌നേഹിക്കുന്ന ഉപകാരിയായ ദിലീപിനെ ചിലരൊക്കെ റേപ്പിസ്റ്റ ആയി ചിത്രീകരിക്കുന്നതിലും സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന് ശഠിക്കുന്നതിലുമാണ്. എന്തായാലും ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ സിദ്ദിഖും ലളിതയും മികച്ച അഭിനയം തന്നെയാണ് പുറത്തെടുത്തത്. ഇരുവരും ആടിത്തിമിര്‍ക്കുക തന്നെ ചെയ്തു.

സിദ്ദിഖിനെ സംബന്ധിച്ചിടത്തോളം മോഹന്‍ലാല്‍ താര രാജാവു മാത്രമല്ല ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരവും അഭിമാനവും കൂടിയാണ്. പോരെങ്കില്‍ അദ്ദേഹമിപ്പോള്‍ മലയാള സിനിമ രംഗത്തെ നടീ നടന്മാരുടെ ക്ഷേമം മാത്രം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന എഎംഎംഎ എന്ന സംഘടനയുടെ തലൈവരാണ്. അദ്ദേഹത്തെ ‘ചില നടിമാര്‍’ ഊശിയാക്കാന്‍ നോക്കിയാല്‍ എങ്ങിനെ സഹിക്കും എന്നാണു ടിയാന്റെ ചോദ്യം. ലളിതാമ്മക്കാവട്ടെ ലാല്‍ മൂന്നു നാല് ദേശീയ അവാര്‍ഡുകള്‍ വാങ്ങിയ വലിയ നടനും ലെഫ്റ്റനന്റ് കേണലുമൊക്കെയാണ്. അങ്ങനെയൊരാളെ എന്നാലും ഇങ്ങനെയൊക്കെ.. എന്നാണു അവര്‍ ചോദിക്കുന്നത്.

എന്തേ മോഹന്‍ലാല്‍ വിമര്‍ശനങ്ങള്‍ക്കു അതീതനാണോ? ചോദ്യം രണ്ടു പേരോടും കൂടിയാണ്. ഒരാള്‍ ഇമ്മിണി വലിയ നടനായി പോയതു കൊണ്ടോ താരസംഘടനയുടെ തലപ്പത്തിരിക്കുന്ന ആളായതു കൊണ്ടോ വിമര്‍ശിക്കപ്പെടാനോ ചോദ്യം ചെയ്യപ്പെടാനോ പാടില്ലെന്നു പറയാന്‍ നിങ്ങളുടേത് എന്താ ഫാസിസ്റ്റു സംഘടനയോ? അല്ലാ അതിനിടയില്‍ ഒന്നു ചോദിച്ചോട്ടെ തിലകന്‍ വിഷയത്തില്‍ പ്രൊഫസര്‍ സുകുമാര്‍ അഴീക്കോട് നിങ്ങളുടെ ഈ മഹാ നടനെ തലങ്ങും വിലങ്ങും ആക്രമിച്ചപ്പോള്‍ ഇപ്പോള്‍ കാണിക്കുന്ന തിണ്ണമിടുക്കൊന്നും കണ്ടില്ലല്ലോ. ഒടുവില്‍ പൊറുതി മുട്ടിയപ്പോള്‍ നിങ്ങളുടെ ഈ മഹാനടന്‍ തന്നെ അഴീക്കോട് മാഷുമായി സന്ധിയാവുകയാരുന്നില്ലേ? ഇനി മറ്റൊന്നു കൂടി. ‘ഞങ്ങളിപ്പോഴും അക്രിമിക്കപ്പെട്ട നേടിക്കൊപ്പമാണെന്നു’ ഇന്നലെയും ഇരുവരും ആവര്‍ത്തിക്കുന്നത് കേട്ടല്ലോ. ഇപ്പറഞ്ഞ നടിയെ പി സി ജോര്‍ജ് എംഎല്‍എ അവഹേളിച്ചപ്പോള്‍ ഈ ബഹളമൊന്നും കണ്ടില്ലല്ലോ. എന്തേ സിദ്ദിഖിനും ലളിതക്കുമൊക്കെ നാവിറങ്ങി പോയിരുന്നോ?

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍