TopTop
Begin typing your search above and press return to search.

'കണ്ണൂരിലെ പെണ്ണുങ്ങള്‍ വിചാരിച്ചാല്‍ തീരാവുന്നതേയുള്ളൂ ആണഹന്തയുടെ ഈ ഹുങ്ക്...': കെ സുധാകരന്റെ വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയ

കണ്ണൂരിലെ പെണ്ണുങ്ങള്‍ വിചാരിച്ചാല്‍ തീരാവുന്നതേയുള്ളൂ ആണഹന്തയുടെ ഈ ഹുങ്ക്...: കെ സുധാകരന്റെ വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയ

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ പുറത്തിറക്കിയ വീഡിയോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. എതിര്‍ സ്ഥാനാര്‍ത്ഥിയായ പി കെ ശ്രീമതി ടീച്ചറെ പരോക്ഷമായി ലക്ഷ്യം വയ്ക്കുന്ന വീഡിയോയില്‍ സ്ത്രീയെന്ന രീതിയില്‍ മാത്രമാണ് സുധാരന്‍ എതിരാളിയെ ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീകള്‍ പോയാല്‍ ഒന്നും നടക്കില്ലെന്നും എന്തെങ്കിലും നടക്കണമെങ്കില്‍ ആണ്‍കുട്ടി പോകണമെന്നുമാണ് വീഡിയോ പറഞ്ഞുവയ്ക്കുന്നത്. ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി എന്ന ക്യാപ്ഷനോടെ സുധാകരന്‍ തന്നെയാണ് വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവയ്ക്കുന്നത്.

സുധാകരന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേരാണ് ഫേസ്ബുക്കിലും ട്വിറ്ററിലുമായി പ്രതിഷേധം രേഖപ്പെടുത്തുന്നത്. 'രണ്ടു പ്രാവശ്യം കണ്ണൂര്‍ ജനതയ്ക്ക് തെറ്റു പറ്റിയത് കൊണ്ടാണ് ഇവനെ തഴഞ്ഞത് കണ്ണൂര്‍ ജനത. അവരോടാണ് പറയുന്നത് ഏത് പോലീസുകാരനും ഒരു തെറ്റുപറ്റുമെന്ന്. മറ്റൊന്ന് സ്ത്രീകള്‍ ഒന്നിനും കൊള്ളാത്തവരാണ് എന്നുള്ളത്. മൊത്തം സ്ത്രീകളെയാണ് സുധാകരന്‍ അപമാനിക്കാനായി ശ്രമിക്കുന്നത്. അതിനുള്ള മറുപടി കേരളത്തിന്റെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ കാണിച്ചു കൊടുത്ത് അപ്പോള്‍ മനസ്സിലായി കാണും അതുകൊണ്ട് കേരളത്തിലെ സ്ത്രീകള്‍ ഒരു കാര്യം മനസ്സിലാക്കണം. ഇവനെ പോലുള്ളവരുടെയുള്ളില്‍ സ്ത്രീകളെ എങ്ങനെയാണ് കണക്കാക്കിയിട്ടുള്ളത്. അതിനുള്ള മറുപടി നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയണം. ഈ വരുന്ന 23ന് നിങ്ങള്‍ കാണിച്ചു കൊടുക്കുക

കഴിവുണ്ടോ ഇല്ലയോ എന്ന് അതാണ് ഇതിനുള്ള മറുപടി'- എന്നാണ് സുരേഷ് മാലാല്‍ എന്നയാള്‍ ഇതിനെക്കുറിച്ച് പറഞ്ഞത്.

'സ്ത്രീവിരുദ്ധത അടിമുടി പൂത്തുലഞ്ഞ ഒരു മൃദു സംഘിയാണു കെ സുധാകരന്‍. സ്ത്രീകളെ രണ്ടാംകിട ജന്മമായി കാണുന്ന സുധാകരന്റെ പാര്‍ട്ടി നേതാക്കള്‍ എല്ലാം തികഞ്ഞ രണ്ടു പുരുഷന്മാരാ- സോണിയയും പ്രിയങ്കയും'- എന്നാണ് മാധ്യമപ്രവര്‍ത്തകയായ സുനിത ദേവദാസ് അഭിപ്രായപ്പെടുന്നത്.

'ഓന്‍ ആണ്‍കുട്ടിയാ അവനെ കൊണ്ടേ എന്തേലും ചെയ്യാന്‍ പറ്റു. അവള്‍ പെണ്ണാണ്,അവളെ പാര്‍ലമെന്റില്‍ അയച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടാവില്ല' ഇത് കെ സുധാകരന്റെ സ്ത്രീവിരുദ്ധത നിറഞ്ഞ തെരഞ്ഞെടുപ്പ് പരസ്യത്തിലെ വാചകങ്ങളാണ്? ഇതിന് മുമ്പും സുധാകരന്റെ പച്ചക്കുള്ള സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നമ്മള്‍ കണ്ടതാണ്? സുധാകരന് വോട്ടിലൂടെ സ്ത്രീ സമൂഹം മറുപടികൊടുക്കുമെന്ന് തന്നെ കരുതാം'- എന്നാണ് സുരേഷ് പയ്യന്നൂര്‍ പറയുന്നത്.

സ്ത്രീകള്‍ക്ക് കഴിവില്ലെന്ന് പറയുന്ന സുധാകരന് കണ്ണൂരിലെ ആത്മാഭിമാനമുള്ള സ്ത്രീകളാരും വോട്ട് ചെയ്യരുതെന്നാണ് പലരും ആവശ്യപ്പെടുന്നത്. 'സ്ത്രീവിരുദ്ധത എന്നും സുധാകരന്റെ പ്രചരണായുധം' എന്നാണ് മുരളി കൃഷ്ണപാടിയുടെ ആരോപണം. 'ഓന്‍ ആണ്‍കുട്ടിയാ അവനെ കൊണ്ടേ എന്തേലും ചെയ്യാന്‍ പറ്റു. അവള്‍ പെണ്ണാണ്, അവളെ പാര്‍ലമെന്റില്‍ അയച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടാവില്ല' ഇത് കെ സുധാകരന്റെ സ്ത്രീവിരുദ്ധത നിറഞ്ഞ തെരഞ്ഞെടുപ്പ് പരസ്യത്തിലെ വാചകങ്ങളാണ്. ഇതിന് മുമ്പും സുധാകരന്റെ പച്ചക്കുള്ള സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നമ്മള്‍ കണ്ടതാണ്. സുധാകരന് വോട്ടിലൂടെ സ്ത്രീ സമൂഹം മറുപടികൊടുക്കുമെന്ന് തന്നെ കരുതാം' എന്നാണ് ദൃശ്യ അനൂപ് പറയുന്നത്.

'വെറുതെയല്ല ഗുണ്ട സുധാകരന്റെ പ്രചരണ സ്ഥലങ്ങളിലൊന്നും ഒരു സ്ത്രീകളെയും ഇത് വരെ കാണാത്തത് ല്ലേ. ഇത്രയും സ്ത്രീവിരുദ്ധത ഉള്ളില്‍ കൊണ്ട് നടക്കുന്ന കെ.സുധാകരന് എങ്ങനെ സ്ത്രീകള്‍ വോട്ട് നല്‍കും'- എന്നാണ് മനീഷ് എന്നയാള്‍ ചോദിക്കുന്നത്.

'കെ.സുധാകരന്റെ 'സ്ത്രീ' വിരുദ്ധ പരാമര്‍ശം വീണ്ടും. ''അവളെക്കൊണ്ട് ഒന്നിനും കൊള്ളൂല.അവളെ അയച്ചത് മണ്ടത്തരമായിപ്പോയി.ഒരബദ്ധം ഏത് പോലിസുകാരനും പറ്റും.കാര്യം സാധിക്കണമെങ്കില്‍ ആണുങ്ങള്‍ തന്നെ പോകണം' 'ഓന്‍ ആണ്‍ കുട്ടിയാ'. കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന കെ സുധാകരന്റെ പരസ്യ വീഡിയോയിലെ വാചകങ്ങള്‍ ആണിത്. ഇക്കാലത്ത് ഇത്രത്തോളം സ്ത്രീവിരുദ്ധത പ്രചരിപ്പിക്കണമെങ്കില്‍ എത്രത്തോളം ജീര്‍ണിച്ച രാഷ്ട്രീയമായിരിക്കും അയാളുടെത്. ലോകസഭയില്‍ മികച്ച പ്രകടനം കാഴ്ചവച്ച വനിത ശ്രീമതി ടീച്ചറെ മാത്രമല്ല രാജ്യത്തെ സ്ത്രീകളെ മൊത്തമാണ് അയാള്‍ അപമാനിച്ചിരിക്കുന്നത്.'- സഖാക്കളുടെ നാട് ഈന്തോട് എന്ന ഫേസ്ബുക്ക് പേജില്‍ പറയുന്നു.

'അതേ,കഴിവില്ലാത്ത സോണിയേം പ്രിയങ്കേം ആലത്തൂരെ രമ്യേം ഒക്കെ അങ്ങ് മാറി നിന്നാട്ടെ, കഴിവുള്ള ആണുങ്ങള്‍ പൊക്കോട്ടെ.. പച്ചയ്ക്ക് സ്ത്രീവിരുദ്ധത പറയുന്ന കോണ്‍ഗ്രസ്സേ, ഇതിലും ഭേദം കഴിവില്ലാത്ത സ്ത്രീവോട്ടര്‍മാരുടെ വോട്ടു വേണ്ടെന്ന് പറയുന്നതല്ലാരുന്നോ..?'- അനഘ ഹൃദയവയല്‍ പറയുന്നു. 'കണ്ണൂരിലെ പെണ്ണുങ്ങള്‍ വിചാരിച്ചാല്‍ തീരാവുന്നതേയുള്ളൂ ആണഹന്തയുടെ ഈ ഹുങ്ക്...' എന്നാണ് സഫിയ ഫാത്തിമ പറയുന്നത്.

read more:‘ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി’: സ്ത്രീകളെ അപമാനിക്കുന്ന പ്രചരണ വീഡിയോ കെ സുധാകരന് തിരിച്ചടിയാകുന്നു


Next Story

Related Stories