TopTop
Begin typing your search above and press return to search.

ആരേലും ഉടുപ്പ് പൊക്കുന്നുണ്ടോ എന്നൊളിഞ്ഞുനോക്കി പൃഥ്വി ചേട്ടനേം കൂട്ടി ഏമാന്‍മാര്‍ കാവലിരിക്കണമെന്നില്ല

ആരേലും ഉടുപ്പ് പൊക്കുന്നുണ്ടോ എന്നൊളിഞ്ഞുനോക്കി പൃഥ്വി ചേട്ടനേം കൂട്ടി ഏമാന്‍മാര്‍ കാവലിരിക്കണമെന്നില്ല

സ്ത്രീയെന്നാൽ ഒരു ലൈംഗികാവയവമാണ് എന്ന ആൺ ബോധ്യത്തെ മുൻനിർത്തിയാണ് സ്ത്രീ ശരീരവുമായി ബന്ധപ്പെട്ട ഒട്ടു മിക്ക ചർച്ചകളും നടക്കുന്നത്. സ്ത്രീശരീരം സമം കാമം, വിപണനം എന്നൊക്കെ പറഞ്ഞുറപ്പിക്കേണ്ടത് ആണുങ്ങളുടെ മാത്രം ആവിശ്യമാണ്. ഈ ആവിശ്യം അടിവരയിട്ട് ഉറപ്പിക്കുകയാണ് കേരള പോലീസ്, സോഷ്യൽ മീഡിയ അവേർനെസ്സ് ടീം,ഫേസ്ബുക്ക് പേജിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്ന വൈറൽ എന്ന ഷോർട് ഫിലിമിന്റെ ലക്ഷ്യം .

കാമുകന്റെ നിർബന്ധത്തിന് വഴങ്ങി വെബ്ക്യാമറ വഴി മാറിടം പ്രദർശിപ്പിക്കാൻ ഒരുങ്ങുന്ന പെൺകുട്ടിയുടെ ചിത്രങ്ങൾ കാമുകനായ അഭി നാട്ടുകാരെ മൊത്തം തത്സമയം കാണിക്കുന്നതാണ് കഥ. ബോംബ് പൊട്ടാൻ പോണമട്ടിൽ ആണ് സ്ത്രീ ഉടുപ്പഴിക്കാൻ തുടങ്ങുന്ന രംഗംത്തിന്റെ ബി ജി എം ! തൊട്ടു പിറകെ' വൈറൽ ആവാതിരിക്കാൻ ചോയ്സ് ബുദ്ധിപൂർവ്വമാവട്ടെ 'എന്ന ഉപദേശവുമായി നടൻ പൃഥിരാജ് എത്തുന്നു.

പോലീസേമാന്മാരുടെ ഈ ഷോർട് ഫിലിം, ഷോട്ട് പ്രതി സ്ത്രീവിരുദ്ധസൂചനകൾ ആണ്. എല്ലാ സ്ത്രീകളും അർദ്ധരാത്രിയിൽ ഓൺലൈനിൽ കാമുകന്മാർക്ക് മാറിടം കാണിച്ചുകൊടുക്കുവാനായി തയ്യാറെടുത്തിരിക്കുകയാണ് എന്ന പൊലിപ്പിക്കൽ ആണ് ആദ്യം. (രാത്രിവൈകി ഓൺലൈനിലുള്ള സ്ത്രീ പോക്കുകേസ് തന്നെ.) വിദ്യാസമ്പന്നയായിട്ടും, കാമുകന്റെ ചതിയിൽ, സ്നേഹത്താൽ അന്ധയായി സ്ത്രീ (ലോല) വീണുപോവുന്നതാണ് മറ്റൊരു ഹൈ ലൈറ്റ്. അടുത്തത് പ്രണയിക്കുന്നവന്റെ പ്രേരണയാൽ ശരീരം തുറന്ന് കാണിക്കാൻ തയ്യാറാവുന്നവർക്കുള്ള ഗുണപാഠമാണ്. നിങ്ങളുടെ ശരീരം മറ്റൊരാൾ കണ്ടുകഴിഞ്ഞാൽ ആ നിമിഷം തീർന്നു പോവും നിങ്ങളുടെ ജീവിതം (നീർക്കുമിള ). അഭി എന്ന് വിളിപ്പേരുകൊണ്ട് സൂചിപ്പിക്കപ്പെടുന്ന പ്രതിയെപ്പറ്റി യാതൊന്നും ഇല്ല പോലീസിന്റെ വൈറൽ ഷോർട് ഫിലിമിൽ.

ശരീരം വെളിവാക്കപ്പെട്ടുപോയാൽ ഇടിഞ്ഞു വീഴുന്ന ആ പഴയ ആകാശങ്ങൾ ഇപ്പൊ ബുദ്ധിയുള്ള പെണ്ണുങ്ങളുള്ള നാട്ടിലില്ല പൊലീസുകാരെ !കുളക്കടവിൽ, പുഴയോരത്ത്, ആശുപത്രി മുറികളിൽ, പ്രസവമുറിയിൽ, പലവിധ തൊഴിലിടങ്ങളിൽ, ഒക്കെ സ്ത്രീ ശരീരം നഗ്നമാവുന്നുണ്ട്. മോഡലിംഗിനും അഭിനയത്തിനും ഒക്കെ ശരീരം ഒരു മാധ്യമമായി കാലങ്ങളായി സ്ത്രീകൾ ഉപയോഗിക്കുന്നുണ്ട് . അവിടെയൊക്കെ നിങ്ങളിപ്പറയുന്ന ദുരുപയോഗ / വൈറൽ സാധ്യതകളും ഉണ്ട് . അപ്പോൾ എന്താവണം ചോയ്സ്? ബുദ്ധിപൂർവം വീട്ടിലിരുന്നേക്കുക എന്നോ? ആരാണ് സാറമ്മാരെ തിരുത്തപ്പെടേണ്ടവർ? പ്രണയം പറഞ്ഞു ശരീരത്തിലേക്ക് ക്യാമറ തുറന്ന് വെക്കുന്ന അഭിമാരോ അതോ പ്രണയത്തെ വിശ്വാസത്തിലെടുത്ത കാമുകിമാരോ?

മുലയൂട്ടുന്ന ഒരു സ്ത്രീയുടെ മാറിടം ആണ് ഇത്തരത്തിൽ ചിത്രീകരിക്കപ്പെടുന്നത് എങ്കിൽ നിങ്ങളുടെ ഷോർട് ഫിലിമിൽ പറയും പോലെ മുഖം പൊത്തി, നടുങ്ങി, ഏങ്ങിക്കരയാണോ ആ സ്ത്രീ ?പുരുഷന്‍റെ നഗ്ന മാറിടം ഇന്‍റര്‍നെററില്‍ പ്രചരിച്ചില്‍ കുഴപ്പമില്ലേ ? സ്ത്രീക്ക് മാത്രം ഉള്ള ഈ മാനവും മാനക്കേടും നിങ്ങളുടെ മാത്രം ആകുലത ആണ്.

ശരീരം ഒരു ലെെംഗികവസ്തുവല്ല, അത് ആരെങ്കിലും കാണുമോ എന്നോര്‍ത്ത് ഭയപ്പെട്ടുകൊണ്ടല്ല സ്ത്രീകൾ ജീവിക്കേണ്ടത്. ശരീരം തന്നെയാണ് ആയുധം എന്ന് ബോധം വന്നുതുടങ്ങിയ തലമുറയെ പിന്നോട്ട് നടത്താനുള്ള ഇത്തരം ശ്രമങ്ങൾ ചെറുക്കപെടും.

അതുകൊണ്ട്, ആരേലും ഉടുപ്പ് പൊക്കുന്നുണ്ടോ എന്നൊളിഞ്ഞുനോക്കി പൃഥ്വി ചേട്ടനേം കൂട്ടി നിങ്ങൾ കവലിരിക്കണം എന്നില്ല. ശരീരത്തിന്റെ ചിത്രങ്ങളോ വിഡിയോയോ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നു എങ്കിൽ , അത് അസ്വസ്ഥത പെടുത്തുന്നു എങ്കിൽ, വെള്ളപേപ്പറിൽ പരാതിയുമെഴുതി സ്ത്രീകൾ അന്തസോടെ സ്റ്റേഷനിൽ കയറി വരും . അന്നേരം ഈ സദാചാര പോലീസു കളി നിർത്തി മര്യാദക്ക് കേസ് രജിസ്റ്റർ ചെയ്തു കൃത്യമായി അന്വേഷിച്ചാൽ അവസാനിക്കും നിങ്ങൾ ഈ പറയുന്ന വൈറൽ ആക്കുന്ന അഭിമാരുടെ സൂക്കേട്.പെൺ ശരീരമെന്നാൽ വിരലുകൊണ്ട് സ്ക്രീനിൽ തോണ്ടുമ്പോൾ ഉരുകിപോവുന്ന വെണ്ണയാണെന്ന് പൃഥി രാജ് സുകുമാരൻ വിശ്വസിക്കുന്നുണ്ടോ ? അതോ കൂലി പരസ്യമോ ? ശാരീരികമായി ആക്രമിച്ച് അതിന്റെ ചിത്രങ്ങൾ പകർത്തി ബ്ലാക്ക് മെയിലിംഗിന് ശ്രമിച്ച ഒരു പറ്റം നരാധമൻമാരെ ചിരിച്ച മുഖം കൊണ്ട് വെല്ലുവിളിച്ച സഹപ്രവർത്തകയെ കൂട്ടുകാരി എന്ന് ചേർത്തുനിർത്തിയത് താങ്കൾ തന്നെയായിരുന്നോ? നഷ്ടം നിങ്ങൾക്കാണ് എന്ന നൂറ്റാണ്ട് പഴകിയ ഇല /മുള്ള് വാദവും എഴുന്നുള്ളിച്ചു ഇതുവഴി വരാൻ നാണമാവില്ലേ സൂപ്പർ സ്റ്റാറിന് ?

ശരീരത്തിന്റെ ചിത്രങ്ങളും വിഡിയോകളും ദുരുപയോഗം ചെയ്യുകയും വൈറൽആക്കുകയും ഒക്കെചെയ്താൽ ചീഞ്ഞുപോവുന്നത് ഞങ്ങൾ പെണ്ണുങ്ങളുടെ ജീവിതമല്ല. ഒളിഞ്ഞു നോട്ടത്തിന് പേരുകേട്ട ആണിന്റെ സ്വതവേ ചീഞ്ഞ പേരുതന്നെയാണ്. ചോയ്സ് എടുക്കേണ്ടതും ആണുങ്ങൾ ആണ്. സൈബർ കുറ്റകൃത്യത്തിന് ജയിലിൽ കിടക്കണമോ വേണ്ടയോ എന്ന ചോയ്സ് !

അതല്ലാതെ ഇപ്പറഞ്ഞ നഗ്നത ആണിനും ഉണ്ടെന്നും, ആണിന്റെ നഗ്നത ഒളിഞ്ഞു നോക്കപെടേണ്ടത് എന്ന ഗണത്തിൽ ഉൾപ്പെടാത്തത് അത് ലൈംഗികതയുമായി ബന്ധപ്പെടുത്തി ഊട്ടിയുറപ്പിച്ചിട്ടില്ലാത്തതു കൊണ്ടാണ് എന്നും പറഞ്ഞാൽ നിങ്ങൾക്ക് തിരിയണം എന്നില്ലല്ലോ? പ്രണയത്തെ മുതലെടുത്തു പെൺ ശരീരത്തെ വിപണനത്തിനുപയോഗിക്കുന്ന അഭിമാരുടെ ദുർ ബുദ്ധിയും "സ്ത്രീശരീരമേ ജാഗ്രതേ "എന്ന് വിളിച്ചു പറയുന്ന നിങ്ങളുടെ ഷോർട് ഫിലിം യുക്തിയും ഒറ്റ അച്ചിൽ നിരത്തിയ സ്ത്രീവിരുദ്ധത തന്നെ .

https://www.azhimukham.com/trending-prasanth-nair-ias-nunprotest-franco-anti-women-troll-criticism-raseena-writes/

https://www.azhimukham.com/opinion-dyfi-women-leader-abused-by-pksasi-cpim-enquiry-not-genuine-raseena-kk-writes/

Next Story

Related Stories