UPDATES

സോഷ്യൽ വയർ

‘ഇയാള്‍ വന്നത് വായില്‍ക്കൂടിയോ?’ യോനീ രൂപത്തിലുള്ള ആര്‍പ്പോ ആര്‍ത്തവ കവാടത്തെ പരിഹസിച്ച സുരേന്ദ്രനോടാണ്

ആര്‍പ്പോ ആര്‍ത്തവത്തിന്റെ പ്രസക്തി ശബരിമല യുവതീ പ്രവേശനത്തിന് ശേഷവും നിലനില്‍ക്കുന്നുവെന്നതിന്റെ തെളിവാണ് സുരേന്ദ്രന്റെയും മറ്റ് സംഘപരിവാര്‍ അനുകൂലികളുടെയും ഇത്തരം പ്രതികരണങ്ങളില്‍ നിന്നും തെളിയുന്നത്‌

ആര്‍ത്തവ അയിത്തതിനെതിരെ കേരള സമൂഹം സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവത്തെ ബിജെപി നേതാക്കളും സംഘപരിവാര്‍ അനുകൂലികളും അടച്ചാക്ഷേപിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കാനും ഈ പരിപാടിയെ ഇവര്‍ ഉപയോഗിക്കുന്നുണ്ട്. പ്രഖ്യാപനവും മാസങ്ങളായി വിവിധയിടങ്ങളിലെ പിന്തുണ പരിപാടികളുമായി ജനശ്രദ്ധയാകര്‍ശിച്ച ആര്‍പ്പോ ആര്‍ത്തവം ജനുവരി 12നും 13നും കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ നടക്കുകയും വിജയകരമായി അവസാനിക്കുകയും ചെയ്തു. വിവിധ സ്ത്രീ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ആര്‍പ്പോ ആര്‍ത്തവം സംഘടിപ്പിച്ചത്. ആര്‍ത്തവ അയിത്തതിനെതിരെ നിയമം പാസാക്കാനുള്ള പ്രചരണാര്‍ത്ഥമാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ആര്‍ത്തവത്തെ അശുദ്ധിയായി കാണുന്ന ഒരു വിഭാഗത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഈ പരിപാടിയുടെ വിജയമെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണത്തില്‍ നിന്നും മനസിലാക്കുന്നത്.

ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ആര്‍പ്പോ ആര്‍ത്തവത്തിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ പരിഹാസങ്ങള്‍ ഉയര്‍ത്തുന്നത്. പരിപാടിയുടെ കവാടത്തിന്റെ ആകൃതിയെ ചൊല്ലിയാണ് സുരേന്ദ്രന്‍ അറപ്പുളവാക്കുന്ന ഭാഷയില്‍ പരിഹസിക്കുന്നത്. യോനിയുടെ ആകൃതിയിലായിരുന്നു ആര്‍പ്പോ ആര്‍ത്തവത്തിന്റെ കവാടം നിര്‍മ്മിച്ചിരുന്നത്. പരിപാടിയുടെ ഏറ്റവും വലിയ ആകര്‍ഷണവും ഈ കവാടമായിരുന്നു. പിണറായിയെയും ഈ കവാടത്തെയും ബന്ധപ്പെടുത്തിയാണ് ഇന്നും ഇന്നലെയുമായി സുരേന്ദ്രന്‍ പരഹാസ പോസ്റ്റിട്ടിരിക്കുന്നത്. ‘ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സമാപനപ്രസംഗം നടത്തേണ്ടിയിരുന്ന പരിപാടിയുടെ പ്രവേശനദ്വാരം… വെറുതെയല്ല കമ്മികളെ ലോകത്തുനിന്ന് മുഴുവന്‍ ജനങ്ങള്‍ ആട്ടിയോടിച്ച് പടിയടച്ചു പിണ്ഡം വെച്ചത്.’ എന്നായിരുന്നു കവാടത്തിന്റെ ചിത്രം സഹിതം സുരേന്ദ്രന്‍ ഇന്നലെ ഇട്ട പോസ്റ്റ്. ‘ഓരോ കവാടമുഖവും അത് കടന്ന് അകത്തേക്ക് വരുവാന്‍ നിയോഗിക്കപ്പെട്ടവന്റെ യോഗ്യതയ്ക്കനുരൂപമായി നിര്‍മ്മിക്കണം. #അറപ്പോവിജയന്‍’ എന്ന് പിന്നീട് മറ്റൊരു പോസ്റ്റു കൂടി ഇട്ടു. യോനിയോടുള്ള സുരേന്ദ്രന്റെ സമീപനം വ്യക്തമാകുന്നതാണ് ഈ രണ്ട് പോസ്റ്റും. അതിനാല്‍ തന്നെ സുരേന്ദ്രനെതിരെ വന്‍തോതിലുള്ള പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുമുണ്ട്.


പ്രത്യുല്പാദന അവയവം മനുഷ്യന്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തേക്ക് വരുന്ന മാര്‍ഗ്ഗവുമായ യോനിയെ അശ്ലീലമായി കാണുന്ന സുരേന്ദ്രന്‍ വായില്‍ നിന്നോ അതോ മലദ്വാരത്തില്‍ നിന്നോ ജനിച്ചതാണോയെന്ന് പലരും ചോദിക്കുന്നു. ‘ഭാരതീയ സംസ്‌കാരത്തില്‍ യോനിയും ലിംഗവും ആരാധനയ്ക്ക് അര്‍ഹമായ അവയവങ്ങളാണ്. അത് കൊണ്ടാണ് ശിവലിംഗത്തെ പൂജിക്കുന്നത്. ശിവലിംഗം ഇരിക്കുന്ന ഭാഗം ഒരു യോനിയുടെ ആകൃതിയില്‍ ആണെന്ന് കാണാം. പരമശിവനും പരാശക്തിയും ഒന്ന് ചേരുന്ന ബിംബം ആയാണ് ഇതിനെ കണക്കാക്കുന്നത്. ഹാരപ്പന്‍ മോഹന്‍ ജെദാരോ പുരാവസ്തു പര്യവേക്ഷണത്തില്‍ തന്നെ വരെ ലിംഗ-യോനി ആകൃതിയില്‍ ഉള്ള ബിംബങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതൊന്നും അറിയാത്തത് കൊണ്ടാണ് കല്യാണം കഴിഞ്ഞ ഉടനെ സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് ഹിമാലയത്തില്‍ പോയ മോദിയുടെ അനുയായിയായ കെ സുരേന്ദ്രന് ഈ കവാടം കാണുമ്പോള്‍ അത് അശ്ലീലമായി തോന്നുന്നത്. സ്ത്രീകളുടെ പ്രസവ സമയത്ത് ആണുങ്ങളെ പ്രസവമുറിയില്‍ നിര്‍ബന്ധമായും കയറ്റിയാല്‍ തീരും ഈ അശ്‌ളീല വിച്ചാരമെല്ലാം.. വന്ന വഴി എങ്ങിനെ ഉണ്ടെന്ന് കണ്ണു തുറന്ന് കാണാന്‍ കഴിയും…’ നസീര്‍ ഹുസൈന്‍ കിഴക്കേടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഒരുഭാഗത്തില്‍ പറയുന്നത്.

‘വായിലൂടെ ജനിച്ച ഒരു ‘മഹാന്‍’ ഇവരെ ഒക്കെ പെറ്റവരുടെ ഗതികേട്’ എന്നായിരുന്നു എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ അനശ്വര കെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ‘ലിംഗാരാധനയുടെ നാട്ടില്‍, കൂറ്റന്‍ ശിവലിംഗങ്ങള്‍ പൊതുസ്ഥലങ്ങളില്‍ പണികഴിപ്പിക്കുന്നത് ആഘോഷിക്കപ്പെടുന്ന നാട്ടില്‍, ആര്‍ത്തവായിത്തത്തെ പ്രതിരോധിക്കാനും ആര്‍ത്തവമെന്ന സ്വാഭാവികതയെ സാമൂഹ്യമായി നോര്‍മലൈസ് ചെയ്‌തെടുക്കാനും ശ്രമിച്ചൊരു പരിപാടിക്കുള്ള പ്രവേശനകവാടം, ഒരു ആര്‍ട്ടിസ്റ്റ് യോനീരൂപത്തിലുണ്ടാക്കിയത് വൃത്തികേടാണെന്ന്! ശിവലിംഗം കാണുമ്പോള്‍ ശരീരാവയവത്തിനു പകരം ആരാധനാബോധവും ദൈവികതയുമൊക്കെ ഓര്‍മവരാറുണ്ടോ? അതോ പുരുഷാവയവമെന്ന് അടക്കിച്ചിരിക്കാറാണോ പതിവ്? അവിടെ നിങ്ങള്‍ വൃത്തികേട് കാണാത്തത് മറ്റൊരു കാഴ്ചപ്പാടില്‍ അതിനെ കണ്ടുശീലിക്കാന്‍ പഠിച്ചതുകൊണ്ടാണ്. അതിന്റെ പേരാണ് കള്‍ച്ചറല്‍ കണ്ടീഷനിങ്! അത്രയേ ഇവിടെയും ഉദ്ദേശിക്കുന്നുള്ളൂ. സ്ത്രീയുടെ ആര്‍ത്തവമോ ശരീരഭാഗമോ ഒന്നും വൃത്തികേടല്ല, നിങ്ങളടക്കമുള്ളവര്‍ ഈ ലോകത്തേക്കിറങ്ങിവന്ന പ്രവേശനകവാടം തന്നെയാണ്. മറ്റൊരു തരത്തിലും സാധ്യമല്ലെങ്കില്‍, ആ നിലയിലെങ്കിലും അല്‍പം ബഹുമാനിക്കാന്‍ പഠിക്കുക. അതിന്റെയാ സ്വാഭാവികതയെ അംഗീകരിക്കുക. അതിന്റെ പേരിലാരെയും മാറ്റിനിര്‍ത്താതിരിക്കുക. അങ്ങനെയങ്ങനെ നിങ്ങളുടെയീ ജുവനൈല്‍ അടക്കിച്ചിരികള്‍ അപ്രത്യക്ഷമായിത്തുടങ്ങും പതിയെ…’ എന്നാണ് എഴുത്തുകാരിയായ അനുപമ ആനമങ്ങാട് സുരേന്ദ്രന്റെ പ്രസ്താവനകളോട് പ്രതികരിച്ചത്. ‘ലിംഗത്തെ ആരാധിക്കുന്നവര്‍ക്ക്. ലിംഗംകൊണ്ട് ചിന്തിക്കുന്നവര്‍ക്ക് ഈ കവാടം അശ്ലീലം മാത്രമായിരിക്കും’ എന്ന് തലശേരി ബ്രണ്ണന്‍ കോളേജില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ ദിവ്യ പാലമിറ്റം പറയുന്നു.

സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമാണ്. സലിം രാജ് എസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ‘വൃത്തികെട്ട ഹുങ്കോടെ അധിക്ഷേപിച്ചിരിക്കുന്നത് ജനസംഖ്യയിലെ പാതിപ്പേരെയാണ്. അവരുടെ സ്വത്വത്തിനെയാണ്. ഇന്നലെവരെ ആര്‍ത്തവം അശുദ്ധിയാണ് എന്ന് പറഞ്ഞിടത്തു നിന്നും ഇന്ന് യോനിയെത്തന്നെ അശുദ്ധമാക്കി, അറപ്പുളവാക്കുന്ന അവജ്ഞയോടെ അപമാനിച്ചിരിക്കുന്നു. മനുഷ്യ യോനി അശുദ്ധമാണെങ്കില്‍ അശുദ്ധമല്ലാത്തൊരു മനുഷ്യ ജീവിയും ഈ ഭൂഗോളത്തില്‍ ഇല്ല. അതില്‍ എല്ലാത്തരം ലൈംഗിക സ്വത്വങ്ങളും പെടും. ഒന്നിനും അതില്‍ നിന്നും മാറി നില്‍ക്കാന്‍ സാധിക്കില്ല. ഈ അശുദ്ധരുണ്ടാക്കിയ നിങ്ങളുടെയൊക്കെ ദൈവങ്ങള്‍ക്കും അതേ അശുദ്ധിയുടെ പങ്കുകാരാകേണ്ടി വരും.

ആണ്‍ രാഷ്ട്രീയത്തിന്റെ ഏറ്റവും വൃത്തികെട്ട മാലിന്യമാണ് വിഷമല്ലാതെ മറ്റൊന്നും വമിപ്പിക്കാത്ത ഈ ഇരുകാലി. പശുവിന്റെ യോനിയ്ക്കും ഇതേ അശുദ്ധിയുണ്ടെന്നു സുരേന്ദ്രനല്ല മോഡി പോലും പറയില്ല. ഈ രാഷ്ട്രീയത്തിന്റെ കീഴില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനത്തിന് ഇതിലും വ്യക്തമായൊരുത്തരം കിട്ടാനില്ല. പശുവിന്റെ ചാണകത്തിനുണ്ട് അവര്‍ക്ക് ഇതിലും വില !

ഇതിനു മറുപടിയ്ക്കായി ഹിന്ദു മിത്തോളജിയിലോ കാമ ശാസ്ത്രത്തിലോ ഒന്നും യോനിയുടെ മഹത്വത്തെപ്പറ്റി അന്വേഷിക്കേണ്ടതില്ല. ശിവലിംഗ വ്യഖ്യാനമോ അതിന്റെ ബിംബകല്പനയോ ഒന്നുമല്ല ഇതിനുത്തരം. നിയമപരമായി നേരിടേണ്ട വിഷയമാണ്. ഇത് സ്ത്രീപ്രശ്‌നമല്ലെങ്കില്‍ ഒന്നും സ്ത്രീ പ്രശ്‌നമല്ല.

ഐപിസി 509 ആണ് വകുപ്പെന്ന് തോന്നുന്നു. അറിയാവുന്നവര്‍ക്ക് തിരുത്താം – 509 ആം വകുപ്പ് ഇങ്ങനെ പറയുന്നു

Word, gesture or act intended to insult the modesty of a woman.-Whoever, intending to insult the modesty of any woman, utters any word, makes any sound or gesture, or exhibits any object, intending that such word or sound shall be heard, or that such gesture or object shall be seen, by such woman, or intrudes upon the privacy of such woman, shall be punished with simple imprisonment for a term which may extend to one year, or with fine, or with both.’

അതേസമയം ആര്‍പ്പോ ആര്‍ത്തവത്തിന്റെ പ്രസക്തി ശബരിമല യുവതീ പ്രവേശനത്തിന് ശേഷവും നിലനില്‍ക്കുന്നുവെന്നതിന്റെ തെളിവാണ് സുരേന്ദ്രന്റെയും മറ്റ് സംഘപരിവാര്‍ അനുകൂലികളുടെയും ഇത്തരം പ്രതികരണങ്ങളില്‍ നിന്നും തെളിയുന്നതെന്ന് പരിപാടിയുടെ മുഖ്യസംഘാടകയായ അഡ്വ. മായ കൃഷ്ണന്‍ അഴിമുഖം ലേഖകനോട് പ്രതികരിച്ചു. ഇങ്ങനെയൊക്കെ പറയാന്‍ അയാള്‍ക്ക് നാണമില്ലേയെന്നാണ് മായ സുരേന്ദ്രന്റെ പ്രസ്താവനയെക്കുറിച്ച് ആദ്യം ചോദിച്ചത്. ‘ആര്‍പ്പോ ആര്‍ത്തവം പോലൊരു പരിപാടിയില്‍ അതല്ലാതെ മറ്റൊരു കവാടം വയ്ക്കാനില്ല. സ്ത്രീയുടെ യോനിയുടെ രൂപം കാണുമ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് അയാളുടെ അധമ ബോധം കൊണ്ടാണ്. സ്ത്രീയുടെ ലൈംഗികാവയവത്തെ ഒരു തെറിയായി ഉപയോഗിക്കുന്ന നാടാണ് ഇത്. സ്ത്രീയുടെ ലൈംഗിക അവയവം കാണുമ്പോള്‍ അയാള്‍ക്ക് അശ്ലീലവും അറപ്പുമാണ്. സ്ത്രീയുടെ യോനി എന്ന അവയവത്തില്‍ കൂടി തന്നെയാണല്ലോ അയാളും ഞാനും നിങ്ങളുമെല്ലാം പുറത്തേക്ക് വന്നത്. ഏറ്റവും ആദ്യം നമ്മള്‍ പുറത്തേക്ക് വന്ന വഴിയാണ് അത്. അതിനെ അറപ്പോടുകൂടി കാണുന്നുവെന്ന് പറയുന്ന അയാള്‍ മറുപടി അര്‍ഹിക്കുന്നില്ല. ‘നമ്മളെയെല്ലാവരെയും പോലെ കെ സുരേന്ദ്രനിലും ജീവന്റെ തുടിപ്പ് സാധ്യമായത് യോനിയിലൂടെ തന്നെയായിരിക്കുമല്ലോ? ആദ്യ ശ്വാസമെടുത്ത് അയാള്‍ വന്ന വഴിയെ അയാള്‍ക്ക് അറപ്പാണെങ്കില്‍ അതിനെയൊരു സംവാദം പോലുമാക്കരുതെന്നാണ് എന്റെ അഭിപ്രായം’.

ആര്‍പ്പോ ആര്‍ത്തവത്തില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. സംഘികളെക്കൊണ്ട് ഇതിനെ സംബന്ധിച്ച് ഇത്രമാത്രം സംസാരിപ്പിക്കാന്‍ പറ്റുന്നുവെന്നത് തന്നെയാണ് ആര്‍പ്പോ ആര്‍ത്തവത്തിന്റെ വിജയം. ആര്‍ത്തവ അശുദ്ധിയും യോനിയുമെല്ലാം സംവാദത്തിനുള്ള വിഷയങ്ങളാക്കിയെടുക്കാന്‍ ഇതിന് സാധിച്ചുവെന്നും മായ പറയുന്നു. യോനിയെന്ന് കേള്‍ക്കുമ്പോള്‍ തെറിയായി കരുതുന്ന ആളുകളുടെ മാനസികാവസ്ഥയ്‌ക്കെതിരായായിരുന്നു ഈ പരിപാടി. രണ്ട് ദിവസം കൊണ്ട് ഈ പരിപാടി അവസാനിപ്പിക്കരുതെന്നാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്. ആര്‍പ്പോ ആര്‍ത്തവം നടത്തിയപ്പോള്‍ പല ആളുകളും ശബരിമലയില്‍ യുവതികള്‍ കയറിയതിന് ശേഷം എന്തിനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കരുതെന്ന് ചോദിച്ചിരുന്നു. ശബരിമലയില്‍ യുവതികള്‍ കയറിയതിന് ശേഷവും ഇവിടെ നിലനില്‍ക്കുന്ന വിഷയം തന്നെയാണ് ആര്‍ത്തവ അശുദ്ധി. ശബരിമല യുവതീ പ്രവേശനത്തിന് ശേഷവും ആര്‍പ്പോ ആര്‍ത്തവം എന്തിന് നടത്തുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സുരേന്ദ്രനെ പോലുള്ളവരില്‍ നിന്നും പുറത്തേക്ക് വരുന്ന ഇത്തരം അഭിപ്രായ പ്രകടനങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍