TopTop
Begin typing your search above and press return to search.

നിങ്ങള്‍ നടന്നുപോയ വഴിയിലായിരുന്നു ശ്രീജിത് കിടന്നത്; മാധ്യമങ്ങള്‍ എന്തു ചെയ്തു എന്നു ചോദിക്കുന്നവരോട്, ഇത് കൂടി വായിക്കുക

നിങ്ങള്‍ നടന്നുപോയ വഴിയിലായിരുന്നു ശ്രീജിത് കിടന്നത്; മാധ്യമങ്ങള്‍ എന്തു ചെയ്തു എന്നു ചോദിക്കുന്നവരോട്, ഇത് കൂടി വായിക്കുക

തന്റെ സഹോദരന്‍ ശ്രീജീവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന ഒറ്റയാള്‍ സമരം ഇന്ന് വലിയൊരു ജനകീയ പ്രക്ഷോഭമായി മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ നടന്ന പ്രചരണമാണ് ഇത്രയേറെ പേരെ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ എത്തിച്ചിരിക്കുന്നത്. രണ്ടു വര്‍ഷത്തിനുമേലായി നീതിക്കുവേണ്ടി ഒറ്റയ്ക്ക് പോരാടുന്നൊരുവന് കൂട്ടായി ആയിരക്കണക്കിനുപേര്‍ ഒപ്പം വന്നത് ശ്രീജിത്തിന്റെ ലക്ഷ്യം നിറവേറ്റപ്പെടുമെന്നതിനു കാരണമാകുമെന്ന് തന്നെയാണ് വിശ്വാസം. ആ ചെറുപ്പക്കാരന് കിട്ടുന്ന പിന്തുണയില്‍ സന്തോഷവും ആവേശവും.

എന്നാല്‍ ഇന്ന് സെക്രട്ടേറിയേറ്റിനു മുന്നില്‍ കൂടിയവര്‍ക്കിടയില്‍ ചിലര്‍ ഉയര്‍ത്തിയ ചോദ്യമുണ്ട്; ശ്രീജിത്തിന് വേണ്ടി മാധ്യമങ്ങള്‍ എന്തു ചെയ്‌തെന്ന്? ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടര്‍ സുജിത്ത് ചന്ദ്രന് നേരെയുണ്ടായ ഒരു കൂട്ടം ആളുകള്‍ ഇതേ ചോദ്യം ആക്രോശത്തോടെ ചോദിക്കുന്നുണ്ടായിരുന്നു. 760 ദിവസങ്ങള്‍ നിങ്ങള്‍ എവിടെയായിരുന്നുവെന്ന് മറ്റു ചിലര്‍...

ശ്രീജിത്തിന്റെ സമരം 760 ദിവസം പിന്നിട്ടതും ആ സമരം എന്തിന് വേണ്ടിയാണെന്നതും ലോകമെമ്പാടുമുള്ള മലയാളികള്‍ അറിഞ്ഞത് ഇതേ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളിലൂടെയാണെന്ന് ഇവര്‍ മറന്നുപോയെന്ന് തോന്നുന്നു. സോഷ്യല്‍ മീഡിയയിലൂടെ നടന്ന പ്രചരണത്തിലും ഉപയോഗിക്കപ്പെട്ടത് അഴിമുഖവും ഏഷ്യാനെറ്റും മറ്റ് മാധ്യമങ്ങളുമെല്ലാം നല്‍കിയ വാര്‍ത്തകളാണ്.

2016ലാണ് ആദ്യമായി ശ്രീജിത്തിനെ ശ്രദ്ധിക്കുന്നത്. സ്റ്റാച്യുവില്‍ താമസക്കാരനായ സുഹൃത്ത് പറഞ്ഞതിലൂടെയാണ് ഇയാളോട് സംസാരിക്കാനും അന്ന് ജോലി ചെയ്തിരുന്ന ഇ-വാര്‍ത്തയില്‍ ഇയാളെക്കുറിച്ചുള്ള വാര്‍ത്ത നല്‍കാനും സാധിച്ചത്. വൈകുന്നേരങ്ങളില്‍ ശ്രീജിത്തിനെ കാണുന്നതും സംസാരിക്കുന്നതും പിന്നീട് പതിവായി. സമരം കൊണ്ട് കേസില്‍ എന്തെങ്കിലും പുരോഗതിയുണ്ടാകുന്നുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. ശ്രീജിത്തുമായി നല്ലൊരു സൗഹൃദം രൂപപ്പെട്ടതിന് ശേഷമാണ് അയാളുടെ വീട്ടിലെ അവസ്ഥയും മറ്റും മനസിലാക്കിയത്. ചേട്ടന്‍ ശ്രീജുവിനുണ്ടായ അപകടവും അത് ഒരു കരുതിക്കൂട്ടിയുള്ളതാണെന്ന തിരിച്ചറിവുമാണ് അഴിമുഖത്തിലൂടെയും ആ വാര്‍ത്ത ചെയ്യാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തു വന്ന ആ വാര്‍ത്ത‍യിലൂടെയാണ് പുറംലോകത്തേക്ക് ശ്രീജിത്തിന്‍റെ സമരം കൂടുതലായി അറിയുന്നത്. ഇതായിരുന്നു വാര്‍ത്ത‍:

http://www.azhimukham.com/brothers-mysterious-death-of-the-young-man-asking-for-justice-hunger-strike/

ഇതിനു പിന്നാലെ തുടര്‍ച്ചയായി അഴിമുഖത്തില്‍ ഏതാനും ലേഖനങ്ങള്‍ കൂടി പ്രസിദ്ധീകരിച്ചിരുന്നു. അതിലൊന്ന് ശ്രീജിത്തിന്റെ ചേട്ടനെ പോലീസ് കൊലപ്പെടുത്തിയതാണ് എന്നുള്ള വെളിപ്പെടുത്തലായിരുന്നു. ഇതാണ് ആ റിപ്പോര്‍ട്ട്:

http://www.azhimukham.com/sreejiths-hunger-strike-for-justice-on-his-brothers-custody-murder/

മകന്റെ അവസ്ഥയില്‍ നിസഹായയായ അമ്മ രമണിയോടും അന്ന് ഞങ്ങള്‍ സംസാരിച്ചിരുന്നു. എന്റെ സഹപ്രവര്‍ത്തകന്‍ കൃഷ്ണ ഗോവിന്ദ് തയാറാക്കിയ റിപ്പോര്‍ട്ട് ഇതാണ്:

http://www.azhimukham.com/sreejith-hunger-strike-brothers-death-by-kerala-police/

പിന്നീട് അഭിനേത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ ടി പാര്‍വതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ച് എട്ടിന് ഒരു പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധിച്ചു. ലോകവനിതാ ദിനം ശ്രീജിത്തിനും അമ്മയ്ക്കുമൊപ്പം ചേരാന്‍ രാഷ്ട്രീയം നോക്കാതെ നിരവധി സ്ത്രീകളും വിദ്യാര്‍ത്ഥികളും പങ്കെടുക്കുകയും ചെയ്തു. വിഷയം നിയമസഭയില്‍ ഉന്നയിക്കാമെന്ന് അന്ന് അവിടെയെത്തിയ പി സി ജോര്‍ജ്ജ് എംഎല്‍എ നല്‍കിയ ഉറപ്പിലാണ് ആ സ്ത്രീകള്‍ അവിടെ നിന്നും പോയതും മുപ്പതിലേറെ ദിവസം നീണ്ട നിരാഹാരം ശ്രീജിത്ത് അവസാനിപ്പിച്ചതും. അദ്ദേഹം തന്റെ വാക്ക് പാലിക്കുകയും മാര്‍ച്ച് മാസം 14ാം തിയതി വിഷയം സഭയില്‍ ഉന്നയിക്കുകയും ചെയ്തു. ഇതിന്റെ ഫലമായാണ് ജൂണ്‍ മാസം 9ന് സര്‍ക്കാര്‍ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിടുന്നതായി ഉത്തരവിറക്കിയത്.

പിന്നീടുള്ള പല ദിവസങ്ങളിലും ശ്രീജിത്തിനെ കാണുന്നുണ്ടായിരുന്നു. ഇടയ്‌ക്കെങ്കിലും അവന്റെ അമ്മ രമണിയുമായി ഫോണില്‍ സംസാരിക്കാറുമുണ്ട്. ഇടവിട്ട നിരാഹാര സമരങ്ങള്‍ അയാളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതായും അറിയാമായിരുന്നു. പക്ഷെ ഒരിക്കലും ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചൊന്നും അയാള്‍ പറയുന്നുണ്ടായിരുന്നില്ല.

അങ്ങനെയിരിക്കുമ്പോഴാണ് ഇക്കഴിഞ്ഞ ഒമ്പതാം തിയതി എന്റെ സുഹൃത്ത് കൂടിയായ സുജിത്ത് ചന്ദ്രന്‍ ശ്രീജിത്തിന്റെ ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് വിളിച്ചു പറയുന്നത്. ഉടന്‍ തന്നെ ശ്രീജിത്തുമായി ഫോണില്‍ ബന്ധപ്പെട്ടു. വെള്ളം കുടിക്കാതെയുള്ള നിരാഹാരം കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി സംസാരത്തില്‍ നിന്നും മനസിലാക്കുകയും ചെയ്തു. പിന്നീട് സ്റ്റാച്യുവിലെത്തി അയാളെ കാണുകയും അവസ്ഥ വ്യക്തമാകുകയും ഏതാനും ചിത്രങ്ങളെടുക്കുകയും ചെയ്തു. ശ്രീജിത്തിന്റെ സമരത്തെക്കുറിച്ചു അത് 760 ദിവസം പിന്നിട്ടതിനെക്കുറിച്ചും അയാള്‍ ഇപ്പോള്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും വിശദമാക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കുകയും പിറ്റേന്ന് രാവിലെ എട്ട് മണിക്ക് അഴിമുഖത്തിന്റെ പ്രധാനവാര്‍ത്തയായി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതായിരുന്നു ആ റിപ്പോര്‍ട്ട്:

http://www.azhimukham.com/kerala-brothers-mysterious-death-by-police-and-sreejith-asking-for-justice-by-doing-hunger-strike/

വായനക്കാരില്‍ നിന്നും മികച്ച പ്രതികരണമാണ് ആ വാര്‍ത്തയ്ക്ക് ലഭിച്ചത്. ഒട്ടനവധി പേര്‍ ഷെയര്‍ ചെയ്യുകയും ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തതായി സോഷ്യല്‍ മീഡിയയില്‍ നിന്നു തന്നെ അറിയാന്‍ സാധിക്കുകയും ചെയ്തു. പിറ്റേദിവസം അതായത് 11ന് സുജിത്ത് ഏഷ്യാനെറ്റില്‍ ചെയ്ത വീഡിയോ സ്‌റ്റോറിയും പുറത്തുവന്നതോടെ ശ്രീജിത്തിന് വേണ്ടിയുള്ള പ്രചരണം ശക്തമായി. നിരവധി പേര്‍ പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. അതായത് അഴിമുഖത്തില്‍ വന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ ഏഷ്യാനെറ്റിന്റെ വാര്‍ത്ത ആ ചര്‍ച്ചകള്‍ക്ക് കരുത്ത് പകര്‍ന്നു. ഇതോടൊപ്പം സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ ഇട്ട വീഡിയോയും വൈറലായതോടെ കേരള സമൂഹം ഒന്നടങ്കം ഈ വിഷയത്തെ ഏറ്റെടുത്തു. ഇതിനു പിന്നാലെ ഞങ്ങള്‍ ശ്രീജിത്തിന്റെ അമ്മയുമായി വീണ്ടും സംസാരിച്ചിരുന്നു. ഇതായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്നത്:

http://www.azhimukham.com/kerala-sreejiths-mother-begging-for-her-sons-life-aruntvijayan/

സമരങ്ങളുടെ നാടാണ് കേരളം. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി തിരുവനന്തപരുത്ത് താമസിക്കുന്ന എനിക്ക് ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും സെക്രട്ടേറിയറ്റിന് മുന്നില്‍ ഒട്ടനവധി സമരങ്ങള്‍ കാണാന്‍ സാധിച്ചിട്ടുണ്ട്. നില്‍പ്പ് സമരം പോലുള്ള ഏതാനും സമരങ്ങളില്‍ സമരക്കാര്‍ക്ക് ഒപ്പം നില്‍ക്കാനും സാധിച്ചു. വീട്ടിലേക്കുള്ള റോഡിന്റെ ദുരവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനും മണല്‍ മാഫിയകള്‍ക്കും ക്വാറി മാഫിയകള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളായുമെല്ലാം ഇവിടെ ഒട്ടനവധി സമരങ്ങള്‍ നടക്കുന്നു. എന്നാല്‍ ഇവയില്‍ പലതും ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് പലപ്പോഴും കാണാനാകുന്നത്. ഇതിന് കാരണം ഇത്തരം ഒറ്റയാള്‍ സമരങ്ങള്‍ക്ക് ലഭിക്കാതെ പോകുന്ന ജനകീയ പിന്തുണയും സമരം ചെയ്യുന്നവരെ സമൂഹം ഒറ്റപ്പെടുത്തുന്ന കീഴ്‌വഴക്കം നിലനില്‍ക്കുന്നതുമാണ്. വേണ്ടത്ര ജനശ്രദ്ധ ലഭിക്കാതെ പോകുന്നതോടെ സമരക്കാര്‍ തോറ്റ് പിന്മാറുന്ന കാഴ്ചയാണ് നാം കാണാറുള്ളത്. നല്ലരീതിയില്‍ ശ്രദ്ധ ലഭിച്ചിട്ടും നില്‍പ്പ് സമരം പോലുള്ളവ ഒരു പ്രത്യേക വിഭാഗത്തിന്റേത് മാത്രമാണെന്ന വികാരമാണ് നിലനിന്നിരുന്നത്. അവഗണനയിലൂടെ ഇത്തരം ഒറ്റപ്പെട്ട സമരങ്ങളെ ഇല്ലാതാക്കാമെന്ന രാഷ്ട്രീയക്കാരുടെ കണക്കു കൂട്ടലുകള്‍ ശരിവയ്ക്കുന്ന സമീപനം പൊതുജനങ്ങളില്‍ നിന്നും ഉണ്ടായിരുന്നു.

തങ്ങളുടെ സുവര്‍ണ സ്പര്‍ശമേല്‍ക്കാത്ത സമരങ്ങളെല്ലാം പരാജയപ്പെടേണ്ടത് രാഷ്ട്രീയക്കാരുടെ ആവശ്യമായതിനാല്‍ അവ പരാജയപ്പെടാന്‍ ആവശ്യമായതെല്ലാം അവര്‍ ചെയ്തു പോരുകയും ചെയ്തു. ശ്രീജിത്തിന്റെ സമരവും അങ്ങനെ അവസാനിക്കേണ്ട ഒന്നായിരുന്നു. എന്നാല്‍ അതിനുള്ള സാധ്യതകള്‍ ഇല്ലാതായത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതിലൂടെയാണ്. ശ്രീജിത്തിനെ ഇതിന് മുമ്പ് ഒരിക്കല്‍ പോലും കാണാത്തവര്‍ കൂടി സോഷ്യല്‍ മീഡിയയിലെ ഈ കാമ്പെയ്‌നിംഗില്‍ ഭാഗമായതും ഇന്ന് തിരുവനന്തപുരത്ത് നടന്ന ജനകീയ സമരത്തില്‍ പങ്കാളികളായതും ഈ സോഷ്യല്‍ മീഡിയ കാമ്പെയ്‌നിംഗ് മൂലമാണ്. എന്നാല്‍ ഈ കാമ്പെയ്‌നിംഗിനെ സഹായിച്ചത് മാധ്യമങ്ങളില്‍ ഇക്കഴിഞ്ഞ പത്താം തിയതി മുതല്‍ വന്ന റിപ്പോര്‍ട്ടുകളാണെന്ന് നിങ്ങള്‍ മറക്കരുത്. ഈ റിപ്പോര്‍ട്ടുകള്‍ ഷെയര്‍ ചെയ്താണ് ഈ ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തില്‍ ഇത്രയേറെ പേരെ നിങ്ങള്‍ക്ക് എത്തിക്കാന്‍ സാധിച്ചത്. അതുകൊണ്ട് പറയുകയാണ്, ഞങ്ങള്‍ മാധ്യമങ്ങള്‍ എന്തുചെയ്തുവെന്ന് ദയവായി ചോദിക്കരുത്.

http://www.azhimukham.com/trending-sreejiths-struggle-infron-of-secretariat-and-its-increasing-public-support-by-aruntvijayan/


Next Story

Related Stories