TopTop
Begin typing your search above and press return to search.

കോഹ്ലിയെയും ധോണിയെയും കാണാനെത്തി: ധവാനെയും ഉമേഷിനെയും കണ്ട് അസിം മടങ്ങി

കോഹ്ലിയെയും ധോണിയെയും കാണാനെത്തി: ധവാനെയും ഉമേഷിനെയും കണ്ട് അസിം മടങ്ങി

നാളെ നടക്കുന്ന ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് മത്സരത്തിനെത്തിയിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ കാണാന്‍ ഒട്ടനവധി ആരാധകരാണ് കോവളം റാവിസ് ഹോട്ടലിന് മുന്നില്‍ തടിച്ചു കൂടിയിരിക്കുന്നത്. കൂട്ടത്തില്‍ ഏറ്റവും പ്രത്യേകതയുള്ള ആരാധകന്‍- അല്ല താരമാണ് മുഹമ്മദ് അസിം. ഇതിഹാസ താരങ്ങളായ കോഹ്ലിയെയും ധോണിയെയും കാണണമെന്ന ആഗ്രഹത്തിലാണ് ഉപ്പ ഷഹീദിനൊപ്പം രണ്ട് കൈകളുമില്ലാത്ത അസിം രാവിസിന്റെ മുന്നിലെത്തിയത്.

ഇന്ത്യന്‍ ടീമിനെ മൊത്തത്തില്‍ കാണണമെന്നാണ് തന്റെ ആഗ്രഹമെന്ന് തന്നെ സമീപിച്ച 24 ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ എല്‍ദോ പോള്‍ പുതുശേരിയോട് അസീം മനസ് തുറന്നു. മുമ്പ് നിരവധി റിപ്പോര്‍ട്ടുകളിലൂടെ അഴിമുഖം അസീമിന്റെ പ്രത്യേകതകള്‍ വായനക്കാരില്‍ എത്തിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ നിന്നും കലാം ഫൗണ്ടേഷന്റെ അവാര്‍ഡ് ഏറ്റുവാങ്ങി അസീം നേരെ കോവളത്തേക്കാണ് വന്നിരിക്കുന്നത്. എല്ലാവരെയും കാണണെന്ന ആഗ്രഹം നടന്നില്ല, ഇതുവരെ രണ്ട് പേരെ കണ്ടുവെന്നാണ് അസീം പറയുന്നത്. ശിഖര്‍ ധവാനെയും ഉമേഷ് യാദവിനെയുമാണ് അസിം കണ്ടത്. കോഹ്ലിയെയും ധോണിയെയും കാണാനായിരുന്നു കൂടുതല്‍ ആഗ്രഹമെന്നും എന്നാല്‍ ഉറങ്ങിപ്പോയെന്നുമാണ് അസിം പറയുന്നത്. സമീപവാസികളുടെയും ഓട്ടോറിക്ഷാ തൊഴിലാളികളുടെയുമെല്ലാം പരിശ്രമത്തിന്റെ ഫലമായാണ് ഏറെ നേരം കാത്തിരുന്ന ശേഷം അസീമിന് ഹോട്ടലില്‍ ഇന്ത്യന്‍ ടീമിന്റെ അടുക്കലെത്താന്‍ സാധിച്ചതെന്ന് എല്‍ദോ റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രിക്കറ്റ്, ഫുട്‌ബോള്‍, യാത്രകള്‍ എന്നിവയാണ് അസീമിന്റെ ഇഷ്ടങ്ങളെന്ന് വാപ്പ ഷഹീദ് പറയുന്നു. കോഴിക്കോട് സ്വദേശിയാണ് ഇവര്‍. കലാം ഫൗണ്ടേഷന്റെ ഇന്ത്യന്‍ ഇന്‍സ്പയറിംഗ് അവാര്‍ഡാണ് അസീം ബംഗളൂരുവില്‍ പോയി ഏറ്റുവാങ്ങിയത്. കേരളത്തില്‍ നിന്ന് രണ്ട് പേര്‍ക്കാണ് ഇത്തവണ അവാര്‍ഡ് ലഭിച്ചത്. ഒരു വര്‍ഷമായി വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള നിയമ പോരാട്ടത്തിലാണ് അസീം. അസീമിന് അനുകൂലമായി ഹൈക്കോടതി വിധി വന്നെങ്കിലും സ്‌റ്റേ മൂലം താല്‍ക്കാലികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ബംഗളൂരുവില്‍ നിന്നും നിന്നും തിരിച്ചപ്പോള്‍ തന്നെ തിരുവനന്തപുരത്ത് പോയി ക്രിക്കറ്റ് താരങ്ങളെ കാണണമെന്ന ആഗ്രഹം അസീം പറഞ്ഞതായി ഷഹീദ് പറയുന്നു. 'അവന്റെ ഒരു ആഗ്രഹാണ് നമ്മളെക്കൊണ്ട് കഴിയുക അതൊക്കെയാണല്ലോ? നമുക്ക് പുവാം.. പക്ഷെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കാരണം വലിയ സുരക്ഷയൊക്കെയുണ്ടാകും' എന്ന് ഞാന്‍ പറഞ്ഞിരുന്നു. ശ്രമിച്ചുനോക്കാമെന്ന് അസീം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെയെത്തിയതെന്നും ഷഹീദ് വ്യക്തമാക്കി. ഇവിടെയെത്തിയപ്പോഴാണ് ഇതിന്റെ ബുദ്ധിമുട്ട് മനസിലാക്കിയത്. എന്തായാലും യാദൃശ്ചികമായി ഇവരൊക്കെ ഇടപെട്ടതുകൊണ്ട് അകത്ത് കയറാന്‍ സാധിക്കുകയും ധവാനെയും ഉമേഷ് യാദവിനെയും കാണാന്‍ സാധിച്ചെന്നും ഷഹീദ് പറയുന്നു. കോഹ്ലിയും ധോണിയുമൊക്കെ വിശ്രമത്തിലാണ് അതിനാല്‍ അവരെ കാണാന്‍ സാധിച്ചില്ല. മുമ്പ് കോഴിക്കോട് വച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ബ്രറ്റ്‌ലിയെ കണ്ടിട്ടുണ്ട് അസിം. അന്ന് അദ്ദേഹം ഈ കുഞ്ഞു മിടുക്കന് ഒരു ഫുട്‌ബോള്‍ സമ്മാനമായി നല്‍കിയിരുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഊട്ടിന്റെ ഓട്ടോഗ്രാഫാണ് അസീമിന്റെ ശേഖരത്തിലെ മറ്റൊരു സമ്പാദ്യം.

താന്‍ പഠിക്കുന്ന യുപി സ്‌കൂളിനെ ഹൈസ്‌കൂളാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിലാണ് അസീം. താന്‍ തന്റെ ലക്ഷ്യം നേടിയെടുക്കുമെന്ന് പറയുമ്പോള്‍ അസീമിന്റെ വാക്കുകളില്‍ നിശ്ചയദാര്‍ഢ്യം നിറയുന്നു. ഈ നിശ്ചയദാര്‍ഢ്യമാണ് അസീമിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. നാളെ ഇന്ത്യ ജയിക്കുമെന്ന പ്രവചനം കൂടി നടത്തിയിട്ടാണ് അസിം തിരിച്ചു പോകുന്നത്.

https://www.azhimukham.com/keralam-court-verdict-to-upgrade-school-for-continuing-aasims-study-reports-dhanya/


Next Story

Related Stories