TopTop
Begin typing your search above and press return to search.

'രാജ്യം വിടാൻ' തിട്ടൂരമിറക്കുന്ന കോഹ്ലി താര പൊലിമയിൽ മതി മറക്കുമ്പോൾ ഓർക്കണം ഇന്ത്യ പ്രതിഭാ ദാരിദ്ര്യമുള്ള രാജ്യമല്ലെന്ന്

രാജ്യം വിടാൻ തിട്ടൂരമിറക്കുന്ന കോഹ്ലി താര പൊലിമയിൽ മതി മറക്കുമ്പോൾ ഓർക്കണം ഇന്ത്യ പ്രതിഭാ ദാരിദ്ര്യമുള്ള രാജ്യമല്ലെന്ന്

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാനിടയില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി കോഹ്ലി തുടരുന്ന ഫോം മറ്റാർക്കും അ‌വകാശപ്പെടാനുമില്ല. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഒരു ബാറ്റ്സ്മാന്റെ ഏറ്റവും മികച്ച കാലഘട്ടങ്ങളിലൊന്നായി കോഹ്ലിയുടെ ഇപ്പോഴത്തെ പ്രകടനത്തെ എണ്ണാം. എന്നാൽ, ക്രിക്കറ്റ് കാണുന്ന എല്ലാവരും കോഹ്ലിയാണ് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് അ‌ംഗീകരിക്കണമെന്ന് നിർബന്ധം പിടിക്കാനാവില്ല.

ഓസീസ് താരം സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ന്യൂസിലാൻഡിൽ നിന്ന് കെയ്ൻ വില്ല്യംസൺ, ഇന്ത്യയുടെ തന്നെ രോഹിത് ശർമ തുടങ്ങി ഒരുപിടി പ്രതിഭാധനർ കോഹ്ലിയ്ക്കൊപ്പം ആധുനിക ക്രിക്കറ്റിനെ സജീവമാക്കുന്നുണ്ട്. ക്രിക്കറ്റ് കളിക്കുന്നവരിൽ ആരായിരിക്കണം ഒരു കളിയാരാധകന്റെ ഇഷ്ടതാരമെന്നത് അ‌യാളുടെ മാത്രം വ്യക്തിപരമായ താൽപത്യമാണ്. എന്നാൽ, ഒരു ഇന്ത്യക്കാരൻ തന്നെ അ‌ല്ലെങ്കിൽ ഇന്ത്യൻ ടീമംഗങ്ങളെ മാത്രമേ ആരാധിക്കാവൂ എന്ന വിരാട് കോഹ്ലിയുടെ പ്രസ്താവന ഒരുതരത്തിലും ഒരു നാഷണൽ ഹീറോയ്ക്കോ ഇന്ത്യൻ നായകസ്ഥാനം വഹിക്കുന്ന ആൾക്കോ ഒരുതരത്തിലും അ‌ഭികാമ്യമല്ല.

തന്റെ ആപ്പിലൂടെ വന്ന ഒരു ക്രിക്കറ്റ് ആരാധകന്റെ കമന്റാണ് കോഹ്ലിയെ ചൊടിപ്പിച്ചത്. കോഹ്ലി അ‌ർഹിക്കുന്നതിലേറെ വിലമതിക്കപ്പെടുന്ന (ഓവർ-റേറ്റഡ്) ബാറ്റ്സ്മാനാണെന്നും തനിയ്ക്ക് കോഹ്ലിയുടെ ബാറ്റിങ്ങിൽ പ്രത്യേകതയൊന്നും തോന്നുന്നില്ലെന്നുമായിരുന്നു ആരാധകന്റെ കമന്റ്. ഇന്ത്യൻ താരങ്ങളേക്കാൾ ഇംഗ്ലീഷ്-ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരുടെ കളിയാണ് തനിക്കിഷ്ടമെന്നും ഇയാൾ പറയുന്നു. പൊതുവേ 'അ‌ഗ്രസീവ്' ആയ കോഹ്ലിയെ ഈ കമന്റ് പ്രകോപിപ്പിച്ചെന്നുറപ്പ്. എന്നാൽ, അ‌ദ്ദേഹത്തിന്റെ മറുപടി ഒരു സെലിബ്രിറ്റിയ്ക്കും ചേരാത്ത തരത്തിൽ അ‌സഹിഷ്ണുതയുള്ളതായിപ്പോയി.

''നിങ്ങൾ ഇന്ത്യയിൽ ജീവിക്കേണ്ട ആളാണെന്ന് എനിക്ക് തോന്നുന്നില്ല, മറ്റെവിടെയെങ്കിലും പോയി ജീവിക്കൂ. നിങ്ങൾ ഇവിടെ ജീവിച്ചിട്ട് മറ്റു രാജ്യങ്ങളെ ഇഷ്ടപ്പെടുന്നത് എന്തിനാണ്? നിങ്ങൾ എന്നെ ഇഷ്ടപ്പെടുന്നില്ല എന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല, പക്ഷേ നിങ്ങൾ ഈ രാജ്യത്ത് ജീവിച്ചുകൊണ്ട് മറ്റുള്ളവരെ ഇഷ്ടപ്പെടുന്നത് ശരിയല്ല'' എന്നായിരുന്നു കോഹ്ലിയുടെ മറുപടി. കോഹ്ലിയുടെ 'രാജ്യംവിടൽ' പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനങ്ങളാണുയരുന്നത്.

1983ലെ ലോകകപ്പിനു ശേഷം ഇന്ത്യയിൽ ഏറ്റവുമേറെ ആഘോഷിക്കപ്പെടുന്നതും ആരാധിക്കപ്പെടുന്നതുമായ സെലിബ്രിറ്റികളാണ് ക്രിക്കറ്റ് താരങ്ങൾ. ദേശീയ ടീമിൽ അ‌ംഗത്വം ലഭിച്ച ശേഷം പെട്ടെന്നുണ്ടാകുന്ന താരപ്പൊലിമയിൽ ഭ്രമിച്ച് വീണുപോയവരും സംയമനം പാലിച്ച് ഉയരങ്ങൾ എത്തിപ്പിടിച്ചരുമേറെയുണ്ട് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിൽ. പതിനാറാം വയസ്സിൽ ടീമിലെത്തുകയും ദൈവത്തെ പോലെ ആരാധിക്കപ്പെടുകയും ചെയ്ത സച്ചിൻ ടെണ്ടുൽക്കർ കാൽ പതിറ്റാണ്ടുകാലം (1989-2013) കാണികളെ ത്രസിപ്പിച്ചപ്പോൾ അ‌ദ്ദേഹത്തോടൊപ്പം ശ്രദ്ധിക്കപ്പെട്ട സുഹൃത്തും സഹതാരവുമായ വിനോദ് കാംബ്ലിയുടെ കരിയർ വെറും ഏഴു വർഷങ്ങൾ കൊണ്ട് (1993-2000) അ‌വസാനിച്ചു!

2008ൽ അ‌ണ്ടർ-19 കിരീട വിജയത്തിലേക്ക് ഇന്ത്യയെ നയിച്ച ക്യാപ്റ്റനെന്ന നിലയിലാണ് കോഹ്ലി ദേശീയ ശ്രദ്ധയിലെത്തുന്നത്. അ‌തേ വർഷം തന്നെ കോഹ്ലി ടീം ഇന്ത്യയിൽ അ‌രങ്ങേറ്റം കുറിയ്ക്കുകയും ചെയ്തു. എന്നാൽ, ഇടയ്ക്ക് സംഭവിക്കുന്ന നല്ല ഇന്നിങ്സുകളൊച്ചാൽ കരിയറിന്റെ ആദ്യ വർഷങ്ങൾ കോഹ്ലിയെ സംബന്ധിച്ചിടത്തോളം അ‌ത്ര സംഭവബഹുലമൊന്നുമായിരുന്നില്ല. ഇതിനിടെ കളത്തിനകത്തെ പെരുമാറ്റത്തിന്റെ പേരിൽ കോഹ്ലി ഏറെ വിമർശിക്കപ്പെടുകയും ചെയ്തു. ഒരു ഘട്ടത്തിൽ കാണികൾക്ക് നേരെ നടുവിരൽ ഉയർത്തിക്കാണിക്കുക വരെ ചെയ്തു ഡൽഹി താരം. കൗമാരത്തിന്റെ പക്വതക്കുറവായും വിജതൃഷ്ണയായുമൊക്കെ കണ്ണടയ്ക്കപ്പെടുകയും പ്രതിഭയുടെ പേരിൽ ടീമിൽ സ്ഥാനം നിലനിർത്തുകയും ചെയ്തെങ്കിലും കോഹ്ലി ആരാധകർക്ക് അ‌ത്രതന്നെ അ‌നഭിമതനായിരുന്നില്ല. കോഹ്ലി ഇന്ത്യൻ ക്രിക്കറ്റിലെ മറ്റൊരു 'മുടിയനായ പുത്രനാ'കുമെന്ന് വിശ്വസിച്ച ക്രിക്കറ്റ് നിരീക്ഷകരുമേറെയായിരുന്നു.

2013-2014 കാലഘട്ടത്തിലെ മോശം ഫോമിൽ കോഹ്ലിയുടെ കരിയർ തന്നെ അ‌വസാനിച്ചു എന്നുതന്നെ ക്രിക്കറ്റ് ലോകം കരുതി. 2014 ഇംഗ്ലണ്ട് പരമ്പരയിലെ പത്ത് ഇന്നിങ്സുകളിൽ 13.50 ശരാശരിയിൽ 135 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്നാൽ, കരിയർ കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ കഠിനാധ്വാനത്തിലൂടെ കോഹ്ലി തിരിച്ചുവന്നു. ഫിറ്റ്നസ് ലോക നിലവാരത്തിലുള്ളതാക്കി. പരിശീലനത്തിലൂടെ ബാറ്റിങ്ങിലെ സാങ്കേതിക പോരായ്ളകൾക്ക് പരിഹാരം കണ്ടെത്തി. പിന്നീട് തിരിച്ചെത്തിയ കോഹ്ലി കളത്തിൽ മറ്റൊരാളായിരുന്നു. ഇന്ത്യൻ നായകസ്ഥാനം കൂടി നേടിയതോടെ കോഹ്ലി കൂടുതൽ പക്വതയും ഉത്തരവാദിത്തവും കാണിച്ചു തുടങ്ങി. കടുത്ത സാഹചര്യങ്ങളിൽ കൂടുതൽ കരുത്തുള്ള താരമായി അ‌യാൾ. തന്റെ ആക്രമണോത്സുക മനോഭാവം തുടർന്നെങ്കിലും അ‌ത് അ‌തിരുവിടാതിരിക്കാൻ ശ്രദ്ധ കാണിച്ചു. ഇടയ്ക്കുണ്ടായ വിവാദങ്ങളും വിമർശനങ്ങളും കോഹ്ലിയെന്ന ബാറ്റ്സ്മാന്റെ-നായകന്റെ-താരത്തിന്റെ പ്രകടനത്തിൽ ഒലിച്ചുപോയി.

സ്വയം മെച്ചപ്പെടലുകൾ നടത്തിയെങ്കിലും എതിർ ശബ്ദങ്ങൾ ഉൾക്കൊള്ളാനുള്ള വിമർശനങ്ങൾക്ക് സഹിഷ്ണുതയോടെ മറുപടി പറയാനുള്ള ക്ഷമ കോഹ്ലിയ്ക്കുണ്ടായിരുന്നില്ലെന്നു വേണം പറയാൻ. കോച്ചെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യയുടെ ഇതിഹാസ സ്പിന്നർ അ‌നിൽ കുംബ്ലെയ്ക്ക് ടീം ഇന്ത്യ പരിശീലക സ്ഥാനത്തു നിന്ന് രാജിവെക്കേണ്ടിവന്നത് കോഹ്ലിയുമായുള്ള അ‌സ്വാരസ്യങ്ങൾ മൂലമായിരുന്നു. തന്റെ രാജിക്കത്തിലും കുംബ്ലെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മികച്ച പരിശീലകനെങ്കിലും കൃത്യമായ നിലപാടുകളുള്ള കുംബ്ലെയുമായി കോഹ്ലിയ്ക്ക് യോജിച്ചുപോകാനാകാതെ വന്നത് സ്വാഭാവികം മാത്രം.

പൊതു അ‌ഭിപ്രായ പ്രകടനത്തിന്റെ പേരിൽ കോഹ്ലി പ്രതിരോധത്തിലാകുന്നതും ആദ്യമായല്ല. 2016ൽ നോട്ട് നിരോധനത്തെ പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവനയിൽ 'പഴയ നോട്ടുകൾ എനിക്കിനി ആളുകൾക്ക് ഓട്ടോഗ്രാഫ് എഴുതി നൽകാനേ കൊള്ളൂ' എന്ന ഇന്ത്യൻ നായകന്റെ പരാമർശം കടുത്ത വിമർശനത്തിന് വിധേയമായിരുന്നു. ആരാധകന്റെ കമന്റിൽ ഇപ്പോൾ ദേശീയതയെ കുറിച്ച് വാചാലനാകുന്ന കോഹ്ലി അ‌ന്ന് രാജ്യത്തെ കറൻസിയെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത എന്തെന്ന് പോലും മനസ്സിലാക്കിയിരുന്നതായി തോന്നുന്നില്ല.

വിനോദോപാധിയായ കായിക മേഖലയിൽ ഒരു ഇന്ത്യൻ പൗരൻ ഇന്ത്യൻ ടീമംഗങ്ങളെയാണ് ആദ്യം ഇഷ്ടപ്പെടേണ്ടത് എന്ന് ഇന്ന് ലോകത്ത് ഏറ്റവും ആരാധിക്കപ്പെടുന്ന ക്രിക്കറ്റ് താരമായ വിരാട് കോഹ്ലി തന്നെ പറയുന്നതിൽ ഒരേസമയം വൈരുധ്യവും കൗതുകവുമുണ്ട്. ഇന്ത്യയിലെന്ന പോലെ തന്നെ കോഹ്ലിക്ക് പാക്കിസ്ഥാനിലും ശ്രീലങ്കയിലും അ‌ഫ്ഗാനിസ്ഥാനിലും വരെ ആരാധകരുണ്ട്. കമന്റ് ചെയ്ത ആരാധകൻ പറഞ്ഞ ഓസ്ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും ഗ്രൗണ്ടുകളിൽ താൻ ബാറ്റിങ്ങിനിറങ്ങുമ്പോഴുണ്ടാകുന്ന 'ക്രിക്കറ്റ് ആരാധകരു'ടെ ആരവം കോഹ്ലിയെ ഒരുതരത്തിലും ആവേശഭരിതനാക്കുന്നുണ്ടാവില്ലേ എന്നും അ‌റിയാൻ ആകാംക്ഷയുണ്ട്? ക്രിക്കറ്റിനെ ഗൗരവമായി കാണുന്ന വലിയൊരു വിഭാഗം ജനങ്ങളുള്ള അ‌വിടെയും കോഹ്ലിയെ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി കാണുകയും ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവർ തീരെ കുറവാകാനിടയില്ല!

ഇന്ത്യൻ ടീമിനെ സ്നേഹിക്കേണ്ടത് രാജ്യത്തെ പൗരന്റെ ചുമതലയാണെന്ന് കോഹ്ലി കരുതുന്നെങ്കിൽ, രാജ്യത്ത് അ‌ത്രമാത്രം പ്രാധാന്യമുള്ള സംഘത്തിന്റെ നായകനെന്ന നിലയിൽ താനിപ്പോൾ നടത്തിയ അ‌ഭിപ്രായപ്രകടനം സമൂഹത്തിന് എത്രമാത്രം അ‌ഭികാമ്യമാണെന്ന് കൂടി ആത്മപരിശോധന നടത്തേണ്ടതുണ്ട്. ക്രിക്കറ്റ് താരങ്ങളുടെ കളത്തിനകത്തെയും പുറത്തെയും പ്രകടനങ്ങൾ വീക്ഷിക്കുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്. പ്രത്യേകിച്ച് കൗമാരക്കാരും യുവാക്കളും. ടീം ഇന്ത്യ നായകൻ കൂടിയാകുമ്പോൾ പറയുന്ന ഓരോ വാക്കിലും പ്രവൃത്തിയിലും ശ്രദ്ധവേണം. ഒരു നായകനെ സംബന്ധിച്ചിടത്തോളം അ‌യാളുടെ പ്രകടനമെന്ന പോലെ പെരുമാറ്റവും മനോഭാവവുമെല്ലാം ടീമിനെ കൂടി ബാധിക്കുന്നതാണ്.

ഇന്ത്യൻ നായകനെന്ന സൂപ്പർതാര പരിവേഷത്തിൽ മതിമറക്കുമ്പോൾ ഇന്ത്യ പ്രതിഭാ ദാരിദ്ര്യമുള്ള രാജ്യമല്ലെന്ന് കൂടി വിരാട് കോഹ്ലി ഓർക്കണം. ബാറ്റ്സ്മാനെന്ന നിലയിൽ കോഹ്ലിയുടെ ഫോം ഒരു പടി മുന്നിലാണെങ്കിലും ഏകദിന റാങ്കിങ്ങിൽ രണ്ടാമതുള്ള രോഹിത് ശർമ ഒട്ടും തന്നെ മോശമല്ല. പ്രതിഭയുടെ കാര്യത്തിൽ പ്രത്യേകിച്ചും. കോഹ്ലിയ്ക്ക് വിശ്രമം നൽകുമ്പോഴെല്ലാം ലഭിക്കുന്ന നായകസ്ഥാനത്തിലും രോഹിത് ഒരുപടി മുന്നിലാണ്. ഈ വർഷം തന്നെ നിദാഹാസ് ട്രോഫിയും ഏഷ്യാകപ്പും ഇപ്പോൾ നടക്കുന്ന വിൻഡീസ് ടൂർണമെന്റും രോഹിത് തന്റെ പേരിലാക്കിക്കഴിഞ്ഞു. ട്വന്റി-20 റൺസിന്റെ കാര്യത്തിലും രോഹിത് കോഹ്ലിയെ മറികടന്നുകഴിഞ്ഞു.

അ‌ണ്ടർ-19 ലോകകപ്പ് വിജയശേഷം കോഹ്ലി ടീമിലെത്തിയ പോലെ ഈ വർഷം ലോകകപ്പ് നേടിയ അ‌ണ്ടർ-19 ഇന്ത്യൻ ക്യാപ്റ്റൻ പൃഥ്വി ഷാ ഉജ്ജ്വല പ്രകടനവുമായി ദേശീയ ടീമിൽ അ‌രങ്ങേറ്റം കുറിച്ചുകഴിഞ്ഞു. മറ്റൊരു കൗമാരതാരം റിഷഭ് പന്ത് ഉജ്ജ്വല പ്രകടനവുമായി ടീമിൽ തുടരുന്നു. അ‌ണ്ടർ-19 ലോകകപ്പിലെ താരമായ ശുഭ്മാൻ ഗില്ലിനെ പോലുള്ളവർ ടീമിൽ സ്ഥാനം കാത്തിരിക്കുന്നു. സച്ചിൻ വിരമിക്കുമ്പോൾ അ‌പ്രാപ്യമെന്ന് തോന്നിയ റെക്കോഡുകൾ ഇപ്പോൾ കോഹ്ലി മറികടക്കുന്നതുപോലെ ക്രിക്കറ്റിന്റെ കാലവും കോലവും മാറുമ്പോൾ കോഹ്ലിയുടെ റെക്കോഡുകളും പുതിയ താരങ്ങൾക്ക് വലിയ വെല്ലുവിളിയൊന്നുമായേക്കില്ല.

https://www.azhimukham.com/sports-virat-kohli-trolled-social-media/

https://www.azhimukham.com/trending-actor-siddharth-blasts-kohli-over-leave-india-comment-to-fan-leave-india/


Next Story

Related Stories