TopTop
Begin typing your search above and press return to search.

ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്: നീതി കിട്ടും വരെ തുടരണം ഈ പോരാട്ടം

ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്: നീതി കിട്ടും വരെ തുടരണം ഈ പോരാട്ടം
നെയ്യാറ്റിന്‍കര കുളത്തൂര്‍ പൂഴിക്കുന്ന് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം 765 ദിവസമാകുന്നു. 760-ാം ദിവസം വരെയും ആരും ശ്രദ്ധിക്കാതിരുന്ന ഈ ഒറ്റയാള്‍ സമരം ജനുവര 10ന് രാവിലെ 8 മണിക്ക് അഴിമുഖം പ്രസിദ്ധീകരിച്ച 'സെക്രട്ടേറിയറ്റിന് മുന്നില്‍ 760 ദിവസം: ശ്രീജിത് ഇവിടെ മരിച്ചു വീണാലെങ്കിലും സര്‍ക്കാര്‍ കണ്ണ് തുറക്കുമോ?' എന്ന വാര്‍ത്തയോടെയാണ് സോഷ്യല്‍ മീഡിയ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് അമ്പരപ്പിക്കുന്ന വിധത്തിലായിരുന്നു ശ്രീജിത്തിന് പിന്തുണയായി കേരള സമൂഹം ഒന്നടങ്കം ഈ സമരത്തെ ഏറ്റെടുത്തത്. ശ്രീജിത്തിന്റെ പേരില്‍ ഹാഷ്ടാഗ് പ്രചരണം ആരംഭിച്ച സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബുക്ക് പേജും ട്രോളുകളും വരെ ഇറക്കി. അടച്ച് പരിഹസിക്കാനും അവഹേളിക്കാനുമല്ലാതെയും ട്രോളുകളെ ഉപയോഗിക്കാമെന്ന് ശ്രീജിത്തിന്റെ സമരത്തിന് പിന്തുണ നല്‍കിയതോടെ കേരളം മനസിലാക്കിയെന്നും പറയാം.

ഇന്ന് കേരളത്തിന്റെ നാനാതുറകളിലുള്ളവര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ശ്രീജിത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ശനിയാഴ്ച അഴിമുഖത്തിന്റെ വാര്‍ത്ത പുറത്തുവന്നതിന് ശേഷം തന്നെ ശ്രീജിത്തിന് ചുറ്റും കൂടിയ ആളുകള്‍ ഇപ്പോള്‍ ശരിയ്ക്കും ഒരു വലിയ ആള്‍ക്കൂട്ടമായി മാറിയിരിക്കുന്നു. ഇപ്പോള്‍ ശ്രീജിത്തിന്റെ സമരത്തെ ഈ ആള്‍ക്കൂട്ടം ഏറ്റെടുത്തിരിക്കുകയാണ്. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച ബഹുജന ജാഥയില്‍ നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്. ശ്രീജിത്ത് സമരം കിടക്കുന്ന സെക്രട്ടേറിയറ്റിന് മുന്നിലെ ഫുട്പാത്ത് വരേയ്ക്കുമാണ് ജാഥ സംഘടിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വിപ്ലവം നടത്തുന്നവര്‍ വെയില്‍ കൊണ്ട് സമൂഹത്തിലിറങ്ങി പ്രവര്‍ത്തിക്കാത്തവരാണെന്നും അവര്‍ അടച്ചിട്ട മുറികളില്‍ ഒളിച്ചിരുന്നാണ് വിപ്ലവം നടത്തുന്നതെന്നും പരിഹസിക്കുന്നവര്‍ക്ക് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണ് ശ്രീജിത്തിന് ലഭിച്ച പിന്തുണ. സിബിഐ അന്വേഷണം ആരംഭിച്ചതായി ശ്രീജിത്തിന് നേരിട്ട് ഉറപ്പ് ലഭിക്കാതെ ഈ സമരം അവസാനിപ്പിക്കില്ലെന്നാണ് അദ്ദേഹം തന്നെ പറയുന്നത്. അതുവരെയും ശ്രീജിത്തിനൊപ്പമുണ്ടാകുമെന്ന് ഇവിടെ തടിച്ചുകൂടിയ ആള്‍ക്കൂട്ടവും ഒരേ സ്വരത്തില്‍ പറയുന്നു.

http://www.azhimukham.com/kerala-sreejiths-mother-begging-for-her-sons-life-aruntvijayan/

ഒറ്റയാള്‍ പോരാട്ടങ്ങള്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ കരുത്ത് കൈവരുന്നത് ഭരണകൂടം ഞെട്ടലോടെ തന്നെ നോക്കി കാണാണേണ്ടിയിരിക്കുന്നു. ഒരു സമരത്തെയും അവഗണിക്കരുതെന്ന സന്ദേശമാണ് ശ്രീജിത്തിന്റെ സമരം ഇപ്പോള്‍ ഭരണകൂടത്തിന് നല്‍കുന്നത്. തുടര്‍ച്ചയായി നീതി നിഷേധിക്കപ്പെട്ടാല്‍ ഒന്നില്‍ നിന്നും ഒരായിരമായി ഉയരുന്ന പ്രതിഷേധം സെക്രട്ടേറിയറ്റിന്റെ നാലു ഗെയ്റ്റുകളെയും തകര്‍ത്ത് അവിടേക്ക് ഇരച്ചു കയറുമെന്ന് ഇനിയെങ്കിലും അവര്‍ മനസിലാക്കണം. രാവിലെ ഏഴ് മണിയോടെ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വന്നുകൊണ്ടിരുന്ന ആളുകളുടെ എണ്ണം പതിനൊന്നരയായപ്പോഴേക്കും ആയിരത്തിലേറെയായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഈ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മാത്രമായാണ് പലരും തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നത്. ഇതേത്തുടര്‍ന്ന് എംജി റോഡില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. അസംഘടിതരായ കൃത്യമായ നേതൃത്വമില്ലാത്ത ഒരു സമരമായതിനാല്‍ തന്നെ ഇത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീതി ഉണ്ടായെങ്കിലും ശ്രീജിത്തിന് നീതിയെന്ന ഏകീകൃത ആവശ്യം പരിഗണിച്ച് ആള്‍ക്കൂട്ടം സ്വയം നിയന്ത്രിക്കുകയും അച്ചടക്കത്തോടെ റോഡിന്റെ ഒരുവശത്തേക്ക് ഒതുങ്ങി നില്‍ക്കാന്‍ തയ്യാറായതോടെ വാഹനങ്ങള്‍ കടന്നു പോകാന്‍ ആരംഭിച്ചിട്ടുണ്ട്.

സിനിമ രംഗത്തെയും പ്രമുഖര്‍ ഈ സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. ടൊവിനോ തോമസിനെ പോലുള്ള പ്രമുഖ ചലച്ചിത്ര താരങ്ങളാണ് ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് ഇവിടെ നേരിട്ട് എത്തിച്ചേര്‍ന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഈ വാര്‍ത്ത ഏറ്റെടുത്തതിന് പിന്നാലെ ബിജെപിയും യുവമോര്‍ച്ചയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ശ്രീജിത്തിന് സമീപം തന്നെ ഫ്‌ളക്‌സ് വച്ചെങ്കിലും രാഷ്ട്രീയ കക്ഷി ഭേദമില്ലാതെയാണ് ഇന്ന് കേരള സമൂഹം ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായി തന്നെ ഇത് മാറിയിരിക്കുന്നു. യുവാക്കള്‍ മാത്രമല്ല, പ്രായമായവരും വീട്ടമ്മമാരുമെല്ലാം ശ്രീജിത്തിന്റെ സമരത്തില്‍ ഇന്നുമുതല്‍ നേരിട്ട് പങ്കെടുക്കും.

http://www.azhimukham.com/kerala-brothers-mysterious-death-by-police-and-sreejith-asking-for-justice-by-doing-hunger-strike/

കഴിഞ്ഞവര്‍ഷം മാര്‍ച്ച് എട്ടിന് അഴിമുഖത്തില്‍ വന്ന തുടര്‍ച്ചയായ വാര്‍ത്തകളുടെ ഫലമായി ശ്രീജിത്തിന് പിന്തുണയുമായി ജനകീയ സമിതി പ്രതിഷേധം നടത്തിയിരുന്നുവെങ്കിലും അതിന് തുടര്‍ച്ചയുണ്ടായിരുന്നില്ല. പിസി ജോര്‍ജ്ജ് എംഎല്‍എ ശ്രീജിത്തിന്റെ വിഷയം സഭയില്‍ ഉന്നയിക്കുകയും പിന്നീട് മന്ത്രിസഭ ശ്രീജീവിന്റെ കൊലപാതകത്തിന്റെ അന്വേഷണം സിബിഐയ്ക്ക് വിടുകയും ചെയ്തു. അതോടെ എല്ലാമായെന്ന് കരുതി മടങ്ങിയ ഈ സമൂഹം തന്നെയാണ് പിന്നെയും പത്ത് മാസത്തോളം ഈ ചെറുപ്പക്കാരനെ ഫുട്പാത്തിലെ മഴയും വെയിലും മഞ്ഞും കൊള്ളിച്ച് കിടത്തിയത്. അതുകൊണ്ട്‌ ഇന്ന് ആരംഭിച്ച ഈ വലിയ പ്രക്ഷോഭം ആ സമൂഹത്തിന്റെ പ്രായശ്ചിത്തം കൂടിയായി കണക്കാക്കാം. എന്നാല്‍ ഇത് ഇന്നത്തോടെ അവസാനിപ്പിച്ചാല്‍ ശ്രീജിത്തിന്റെ ഒറ്റയാള്‍ സമരം ഇനിയും നീണ്ടുപോകുമെന്നാണ് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. അതിനാല്‍ തന്നെ കെടാതെ സൂക്ഷിക്കാം നമുക്ക് ഈ ആവേശം.

http://www.azhimukham.com/trending-sreejiths-struggle-is-an-essential-one-for-kerala-society/

http://www.azhimukham.com/brothers-mysterious-death-of-the-young-man-asking-for-justice-hunger-strike/

http://www.azhimukham.com/sreejiths-hunger-strike-for-justice-on-his-brothers-custody-murder/

http://www.azhimukham.com/sreejith-hunger-strike-brothers-death-by-kerala-police/


Next Story

Related Stories