Top

ശ്രീവത്സം ഗ്രൂപ്പ് മാനേജരെ കാണാനില്ല; ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

ശ്രീവത്സം ഗ്രൂപ്പ് മാനേജരെ കാണാനില്ല; ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍
വിവാദ വ്യവസായി എംകെആര്‍ പിള്ളയുടെ ശ്രീവത്സം ഗ്രൂപ്പ് മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവ് കൃഷ്ണനെ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട്ടെ വീട്ടിലാണ് കൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം രാധാമണിയെ കാണാനില്ലാത്തത് സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ ഇവര്‍ എറണാകുളത്തുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജീവിക്കാന്‍ നിവൃത്തിയില്ലെന്ന് കൃഷ്ണന്‍ കഴിഞ്ഞ ദിവസം ഭാര്യ മാതാവിനെ വിളിച്ച് പറഞ്ഞിരുന്നുവെന്നാണ് വിവരം. ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ശ്രീവത്സം പിള്ളയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രാധാമണിയുടെയും കൃഷ്ണന്റെയും വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. പിള്ളയ്ക്ക് ആയിരം കോടി രൂപയില്‍ അധികം വരുന്ന അനധികൃത സ്വത്തുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ രാധാമണിക്കും ഭര്‍ത്താവിനും അറിയാമെന്നും വിവരം ലഭിച്ചിരുന്നു. തുടരന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയതും രാധാമണിയെ കാണാതായിരിക്കുന്നതും.

ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. നാഗാലാന്‍ഡ് പോലീസില്‍ കോണ്‍സ്റ്റബിളായിരുന്ന എംകെആര്‍ പിള്ള സര്‍വീസില്‍ നിന്നും വിരമിക്കുമ്പോള്‍ എഎസ്പിയായിരുന്നു. ഇന്ന് നാഗാലാന്‍ഡ് പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലും രാഷ്ട്രീയക്കാര്‍ക്കിടയിലും പിള്ള സര്‍ എന്നറിയപ്പെടുന്ന രാജേന്ദ്രന്‍ എന്ന കോണ്‍സ്റ്റബിളിന്റെ ആസ്തി സമീപകാലത്ത് ഏറെ ചര്‍ച്ചയാകുകയും ഇയാളുടെ ഉടമസ്ഥതയിലുള്ള ശ്രീവത്സം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

എംകെആര്‍ പിള്ളയുടെയും മക്കളുടെയും അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് ജൂണ്‍ മാസം സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയത്. നൂറ് കോടി രൂപയുടെ സ്വത്തുക്കള്‍ റെയ്ഡില്‍ പിടിച്ചെടുത്തുവെന്നാണ് ഔദ്യോഗിക വിവരം. എന്നാല്‍ ഇത് കേരളത്തില്‍ നിന്ന് മാത്രം പിടിച്ചെടുത്തതാണ്. കര്‍ണാടക, നാഗാലാന്‍ഡ്, ഡല്‍ഹി എന്നിവിടങ്ങളിലും ഇവര്‍ക്ക് സ്ഥാപനങ്ങളും ആസ്തിയുമുണ്ട്. അഞ്ച് ജ്വല്ലറികള്‍, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍, ബാറുകളും ഹോട്ടലുകളും, വാഹന ഷോറൂമുകള്‍, പണമിപാട് സ്ഥാപനങ്ങള്‍ എന്നിവയാണ് ശ്രീവത്സം ഗ്രൂപ്പിന് കീഴിലുള്ളത്. ഡല്‍ഹിയില്‍ മൂന്ന് ഫ്ളാറ്റുകളും ബംഗളൂരുവില്‍ രണ്ട് ഫ്ളാറ്റുകളും വാണിജ്യസ്ഥാപനങ്ങളും മസൂറിയിലും ട്രിച്ചിയിലും നിക്ഷേപങ്ങള്‍ എന്നിവയും കണ്ടെത്തി. ഇതിന് പുറമേ കേരളത്തില്‍ കൊട്ടാരക്കരയില്‍ കോടികളുടെ ഭൂമിയിടപടാണ് ശ്രീവത്സം ഗ്രൂപ്പിനുള്ളതെന്നും ഇതിന്റെയെല്ലാം വിശദാംശങ്ങളും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

നോട്ട് അസാധുവാക്കലിന്റെ കാലത്ത് 50 കോടി രൂപയുടെ കള്ളപ്പണം പിള്ളയും കുടുംബവും വെളിപ്പെടുത്തിയിരുന്നു. ജൂണില്‍ റെയ്ഡ് നടത്തിയപ്പോഴും നൂറ് കോടി രൂപ വെളിപ്പെടുത്താമെന്നാണ് ഇവര്‍ പറഞ്ഞത്. അതേസമയം 400 കോടി രൂപയുടെ വിവരങ്ങളാണ് ആദായനികുതി വകുപ്പിന് ലഭിച്ചത്. ഒരു അഡീഷണല്‍ എസ്പിയില്‍ നിന്നും വന്‍ വ്യവസായിയായുള്ള രാജേന്ദ്രന്‍ പിള്ളയുടെ വളര്‍ച്ചയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. പന്തളം പനങ്ങാട് സ്വദേശിയായ പിള്ളയ്ക്ക് രാഷ്ട്രീയ നേതൃസ്ഥാനങ്ങളില്‍ വന്‍ ബന്ധമാണുള്ളത്. സര്‍വീസില്‍ നിന്നും വിരമിച്ചെങ്കിലും നാഗാലാന്‍ഡ് പോലീസിന്റെ ഗതാഗത വിഭാഗം കണ്‍സള്‍ട്ടന്റും ഡിജിപി ഓഫീസില്‍ പ്രത്യേക ഉദ്യോഗസ്ഥന്റെ ചുമതലയും ഇദ്ദേഹത്തിനുണ്ടായിരുന്നു. പന്തളത്തു നിന്നും കണ്ടെത്തിയ നാഗാലാന്‍ഡ് പോലീസിന്റെ വാഹനം ഹവാല പണം കടത്താന്‍ ഉപയോഗിച്ചതാണെന്നാണ് കരുതുന്നത്. അതേക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

നാഗാലാന്‍ഡിന്‍ഡ് പോലുള്ള ഭീകരവാദ ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളില്‍ ഭീകരവാദം ഇല്ലാതാക്കാനും ആദിവാസി ക്ഷേമത്തിനുമായി കോടിക്കണക്കിന് രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നത്. ഇത്തരത്തില്‍ അനുവദിക്കുന്ന തുക സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൈക്കലാക്കുകയാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ തുക പലരും ബിനാമി പേരിലാണ് നിക്ഷേപിക്കുന്നത്. ഇത്തരത്തില്‍ വന്‍തുക രാജേന്ദ്രന്‍ പിള്ളയുടെ പേരിലും എത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

നാഗാലാന്‍ഡില്‍ ഉന്നതതലത്തില്‍ സ്വാധീനമുള്ള പിള്ളയുടെ ശ്രീവത്സം ഗ്രൂപ്പിലാണ് പല പ്രമുഖരും തങ്ങളുടെ ബിനാമി നിക്ഷേപങ്ങള്‍ നടത്തുന്നതെന്ന സുപ്രധാന കണ്ടെത്തലിലായിരുന്നു ജൂണിലെ റെയ്ഡ്. പിള്ളയുടെ മക്കളും സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരുമായ വരുണ്‍ രാജ്, അരുണ്‍ രാജ് എന്നിവര്‍ക്കെതിരെ ആദായനികുതി വകുപ്പ് കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ ആദിവാസി വികസനത്തിനും സുരക്ഷിതത്വത്തിനായും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച കോടികളാണ് പിള്ളയുടെ സാമ്രാജ്യത്തിന്റെ അടിത്തറയെന്ന് ഏകദേശം വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. രാജ്യവ്യാപകമായി വന്‍തോക്കുകള്‍ കണ്ണികളായിരിക്കുന്ന ശൃംഖലയുടെ താക്കോലാണ് ഈ മലയാളിയെന്നും.


Next Story

Related Stories