UPDATES

സണ്ണി എം കപിക്കാട്‌

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

സണ്ണി എം കപിക്കാട്‌

സംവരണം; പിണറായി മോഹന്‍ ഭാഗവതിന്റെ കാര്യക്കാരനാകുമ്പോള്‍

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം കേരളത്തിലെ അഭിപ്രായപ്രകടനങ്ങള്‍ നമ്മളെടുത്താല്‍, സംഘപരിവാര്‍ ശക്തികളെ പിന്തുണച്ചുകൊണ്ടിരിക്കുന്ന രാഹുല്‍ ഈശ്വര്‍, കോണ്‍ഗ്രസിന്റെ പ്രതിനിധിയായ രാജ്മോഹന്‍ ഉണ്ണിത്താന്‍, ആര്‍ ബാലകൃഷ്ണപിള്ള, എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി, ദേവസ്വം മന്ത്രി ഇവരെല്ലാം ഒരേസ്വരത്തില്‍ പറയുന്നത് കേരളത്തില്‍ ഒരു വിപ്ലവം നടന്നിരിക്കുന്നു എന്നാണ്

ദേവസ്വം ബോര്‍ഡിന്റെ നിയമനങ്ങളില്‍ മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തി. നിലവിലുള്ള പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരുടെ സംവരണം 10 ശതമാനത്തില്‍ നീണ്ട 12 ശതമാനമായി വര്‍ധിപ്പിച്ചു. ഈഴവ സമുദായക്കാരുടെ സംവരണം 14ല്‍ നീണ്ട 17ശതമാനമായി വര്‍ധിപ്പിച്ചു. മറ്റ് ഒബിസി വിഭാഗക്കാരുടെ സംവരണം മൂന്ന് ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായും ഉയര്‍ത്തി. ക്രിസ്ത്യാനികള്‍ക്കും മുസ്ലീംകള്‍ക്കും ദേവസ്വം ബോര്‍ഡില്‍ തൊഴിലിനുള്ള സാധ്യതയില്ല. ആ നിശ്ചിതവിഹിതം എടുത്തിട്ടാണ് മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുവര്‍ക്ക് നല്‍കുന്നത് എന്നാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനത്തിനുളള കാരണമായി പറഞ്ഞത്. പത്രവാര്‍ത്തകളിലൂടെ അതാണ് പുറത്തുവിട്ടുള്ളത്. ഉത്തരവ് ഇതുവരെ ഇറങ്ങിയില്ലെന്നാണ് അറിയുന്നത്.

ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ അവകാശവാദം മുന്നോക്ക വിഭാഗങ്ങളിലെ വളരെ ദരിദ്രരായവര്‍ക്ക് സംവരണം നല്‍കിക്കൊണ്ട് അവരെ രക്ഷപെടുത്താന്‍ വേണ്ടിയുള്ള പദ്ധതിയാണ് നടപ്പിലാക്കിയിരിക്കുന്നതെന്നാണ്. മാത്രമല്ല, ഈ മോഡല്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും പറഞ്ഞിരിക്കുന്നു. ഇക്കാര്യത്തില്‍ ഒരു വിമര്‍ശനമുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ സംവരണം എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുള്ളത് രണ്ട് പ്രധാനപ്പെട്ട മാനദണ്ഡങ്ങളിലാണ്. ഒന്ന്, ഏതെങ്കിലും ഒരു സംസ്ഥാനത്തിന് അതിനകത്ത് ജീവിക്കുന്ന ഏതെങ്കിലും ഒരു വിഭാഗം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കമാണെന്ന ബോധ്യപ്പെട്ടാല്‍ അവര്‍ക്കുവേണ്ടി പ്രത്യേകമായ ക്വാട്ട ‘നിശ്ചയിക്കുവാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. രണ്ട്, ഒരു തൊഴില്‍ മേഖലയില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി അവര്‍ക്ക് തീരെ കിട്ടുന്നില്ല അല്ലെങ്കില്‍ വളരെ കുറവാണെന്ന് സ്റ്റേറ്റിന് ബോധ്യപ്പെട്ടാല്‍ അവര്‍ക്ക് പ്രത്യേകമായി ക്വാട്ട നിശ്ചയിക്കാം. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം അവരുടെ അവകാശമായതിനാല്‍ അത് സ്റ്റേറ്റിന് ഉറപ്പുവരുത്താം. സംവരണം യഥാര്‍ത്തില്‍ ഉദ്ദേശിക്കപ്പെപ്പെടുന്നത് സാമൂഹികമായി ബഹിഷ്‌ക്കരിക്കപ്പെടുന്ന വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും രാഷ്ട്രീയാധികാരം ലഭ്യമാക്കുക എതാണ്. രാഷ്ട്രീയാധികാരം എന്നുപറഞ്ഞാല്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഇടം ലഭിക്കുക എന്നതുകൂടിയാണ്. സര്‍ക്കാര്‍ സര്‍വീസുകള്‍ കേവലം പണത്തിനായി ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ മാത്രമല്ല. അത് സര്‍ക്കാരിന്റെ അധികാര സ്ഥാനങ്ങള്‍ കൂടിയാണ്. ഒരാള്‍ ഒരു തഹസില്‍ദാറോ കളക്ടറോ പോലീസ് ഉദ്യോഗസ്ഥനാവുക എന്ന് പറയുന്നത് ഒരു അധികാരം കൂടിയാണ്. അല്ലാതെ കേവലമായി പൈസയ്ക്ക് വേണ്ടിയുള്ള തൊഴില്‍ മാത്രമല്ല. അതുകൊണ്ടാണ് എല്ലാ വിഭാഗങ്ങള്‍ക്കും സ്റ്റേറ്റ് സര്‍വീസില്‍ പ്രാതിനിധ്യം ഉണ്ടാവണമെന്ന് ഭരണഘടന അനുശാസിക്കുന്നത്. ആ നിലക്ക് മുന്നോക്കസമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ ഈ രണ്ട് മാനദണ്ഡങ്ങള്‍ വച്ചുകൊണ്ടാണ് ഇതിനെ പരിശോധിക്കേണ്ടത്.

ദരിദ്രരായ ഒരുപക്ഷേ, സമ്പൂര്‍ണ്ണമായും ദരിദ്രരായ സവര്‍ണ വിഭാഗങ്ങള്‍ സാമൂഹികമായി ബഹിഷ്‌കരിക്കപ്പെടുന്ന വിഭാഗമാണോ എന്നതാണ് ഒന്നാമത്തെ ചോദ്യം. ഒരു നമ്പൂതിരി അല്ലെങ്കില്‍ നായര്‍ ദരിദ്രനാണെന്ന ഒറ്റക്കാരണത്താല്‍ അയാള്‍ സാമൂഹികമായി ബഹിഷ്‌ക്കരിക്കപ്പെടുന്നുണ്ടോ? ആ ചോദ്യം വസ്തുതാപരമായി അന്വേഷിച്ചാല്‍ ഇല്ലെന്നാണ് ഉത്തരം. ആകെ ആ കുടുംബം നേരിടുന്ന ഒരേയൊരു പ്രശ്‌നം അവര്‍ക്ക് സമ്പത്തില്ല എന്നത് മാത്രമാണ്. ബാക്കി സമൂഹത്തിന് ആവശ്യമായ എല്ലാ മൂലധനവും, അതായത് സാമൂഹിക മൂലധനം, സാംസ്‌കാരിക മൂലധനം, സിംബോളിക് ആയ മൂലധനം എന്നിവ അയാളുടെ സമുദായത്തില്‍ മറ്റുള്ളവര്‍ക്കുള്ളത് പോലെ തന്നെ അയാള്‍ ദരിദ്രനായിരിക്കുമ്പോഴും ഉണ്ട്. ഇല്ലാത്തത് സമ്പത്ത് മാത്രമാണ്. അതുകൊണ്ട് സാമൂഹികമായി ബഹിഷ്‌ക്കരിക്കപ്പെടാത്തതുകൊണ്ട് ഇവര്‍ സംവരണത്തിന് യോഗ്യരല്ല എന്നാണ് ഞാന്‍ പറയുന്നത്.

രണ്ടാമതൊരു കാര്യം, ഈ പറയുന്ന വിഭാഗങ്ങള്‍ അണ്ടര്‍ റപ്രസന്റഡ് ആണോ എന്നതാണ്. ഇത് നോക്കുമ്പോള്‍, ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ടു തന്നെ നമ്മുടെ മുന്നില്‍ ഒരു കണക്കുണ്ട്. 2010 ല്‍ കേരളത്തിലെ ദളിത് വിഭാഗത്തില്‍ നിന്നും ഉന്നതവിദ്യാഭ്യാസം നേടിയ വിദ്യാര്‍ഥികള്‍ സമാഹരിച്ച കണക്കാണത്. അതില്‍ ഒരു കണക്ക് പറയുന്നതിങ്ങനെ- ദേവസ്വം ബോര്‍ഡിന് കേരളത്തില്‍ നാല് കോളേജുകളാണുള്ളത്. ഈ നാലു കോളേജുകളില്‍ 182 അധ്യാപകരുണ്ട്. ഇതില്‍ 135 പേരും നായര്‍ സമുദായക്കാരാണ്. എട്ടുപേര്‍ നമ്പൂതിരിമാരും ആണ്. 182ല്‍ 143 പേരും സവര്‍ണര്‍ എന്ന് വിശേഷിപ്പിക്കുന്ന വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഏതാണ്ട് എഴുപത്തിയെട്ട് ശതമാനത്തിന് മുകളിലാണ് അവരുടെ പ്രാതിനിധ്യം. പരിശോധനക്കായി ഞാനൊരു കണക്കാണ് മുന്നില്‍ വെക്കുന്നത്. എങ്ങനെയാണ് ഈ വിഭാഗങ്ങള്‍ കേരളത്തിലെ പൊതുമേഖലകളില്‍ പ്രതിനിധാനം ചെയ്യപ്പെടുന്നത് എന്നത് നോക്കുമ്പോള്‍ ഏതാണ്ട് എഴുപത്തിയഞ്ച് ശതമാനത്തോളം ഉദ്യോഗങ്ങളും ഇവരാണ് കൈവശം വച്ചിരിക്കുത്. അപ്പോള്‍ ഇവര്‍ അണ്ടര്‍ റപ്രസന്റഡോ, റപ്രസന്റഡാണോ അല്ലെന്നാണ് അത് തെളിയിക്കുന്നത്. അമ്പലവുമായി ബന്ധപ്പെട്ട ജോലികള്‍ എടുത്താല്‍ ഇതിനേക്കാള്‍ ഭീകരമായിരിക്കും ഇവരുടെ റപ്രസന്റേഷന്‍ എന്നാണ് ഞാന്‍ കരുതുന്നത്. ദേവസ്വം ബോര്‍ഡ് കോളേജുകളില്‍ 33 ഈഴവരുണ്ട്. ഇത്രയും സാനിധ്യം അമ്പലവുമായി ബന്ധപ്പെട്ട ഈഴവര്‍ക്കുണ്ടാവാനുള്ള ഒരു സാധ്യതയും ഞാന്‍ കാണുന്നില്ല. അതുകൊണ്ട് അമ്പലങ്ങളിലെ സമ്പൂര്‍ണമായ ആധിപത്യം, ഓവര്‍ റപ്രസന്റേഷന്‍ എ്ന്നു പറയാവുന്ന തരത്തില്‍ റപ്രസന്റേഷനുള്ള വിഭാഗത്തിന് വീണ്ടും പത്ത് ശതമാനം ദാരിദ്ര്യത്തിന്റെ പേരില്‍ എന്തിനാണ് നീക്കി വെക്കുന്നത് എന്നതാണ് പ്രധാന ചോദ്യം. അതുകൊണ്ട്, ഇന്ത്യന്‍ ഭരണഘടനയുടെ താത്പര്യത്തെയും അന്തസത്തയേയും അത് മുന്നോട്ട് വെയ്ക്കുന്ന മാനദണ്ഡങ്ങളെയും റദ്ദ് ചെയ്യുന്നതാണ് സംവരണത്തെ സാമ്പത്തിക അടിസ്ഥാനത്തിലാക്കുക എന്ന കാര്യം.

സംവരണത്തെ ദാരിദ്ര്യവുമായി കൂട്ടിക്കെട്ടരുത്; കേരള സര്‍ക്കാരിന്റെ സാമ്പത്തിക സംവരണ തീരുമാനം സാമൂഹ്യ അട്ടിമറിയോ?

മറ്റൊരു കാര്യം, സംവരണത്തെ സാമ്പത്തിക മാനദണ്ഡത്തിലാക്കണമെന്നുള്ള കാര്യത്തില്‍ വിവിധ സര്‍ക്കാരുകള്‍ വിവിധ ഘട്ടങ്ങളില്‍ പലതിരുമാനങ്ങളും എടുത്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍, യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജാട്ടുകള്‍ക്ക് സംവരണം കൊടുക്കാനായി തീരുമാനിച്ചു. ഇങ്ങനെ പല രൂപത്തില്‍ സംവരണത്തിനായുള്ള മുറവിളികള്‍ ഉണ്ടാവുമ്പോള്‍ സര്‍ക്കാര്‍ ചില ഓര്‍ഡിനന്‍സുകള്‍ ഇറക്കുകയും സാമ്പത്തിക മാനദണ്ഡം ഉള്‍പ്പെടുത്തിക്കൊണ്ട് തന്നെ സംവരണത്തെ മുന്നോട്ട് വെക്കുകയും ചെയ്യാറുണ്ട്. പക്ഷെ അത്തരത്തിലുള്ള എല്ലാ നടപടികളും ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിക്കൊണ്ട് നിരന്തരം കോടതി റദ്ദ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതാണ് നമ്മള്‍ കാണേണ്ടത്. പിണറായി വിജയന്‍ സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ കേരളത്തിലെ സവര്‍ണവിഭാഗങ്ങളിലെ ദരിദ്രമനുഷ്യരെ അക്ഷരാര്‍ത്ഥത്തില്‍ പറഞ്ഞുപറ്റിക്കുന്ന പണിയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അവര്‍ വഞ്ചിക്കപ്പെടുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ അവരുടെ പ്രശ്‌നം ദാരിദ്ര്യം മാത്രമായിരിക്കെ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനും അല്ലെങ്കില്‍ സാമ്പത്തിക സഹായത്തിനുമുള്ള പ്രോജക്ടുകള്‍ പ്രഖ്യാപിക്കാന്‍ ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാര്‍ അതില്‍ നിന്നു മാറി നാളെ വേണമെങ്കില്‍ കോടതി റദ്ദ് ചെയ്‌തേക്കാവുന്ന ഒരു നിയമ നിര്‍മ്മാണത്തിനാണ് ഇപ്പോള്‍ തുനിഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും സംവരണം എന്ന തത്വത്തോടും ഭരണഘടനയോടുമുള്ള ഒരു വെല്ലുവിളി മാത്രമല്ല സവര്‍ണ വിഭാഗങ്ങളിലെ ദരിദ്രരെ പറ്റിക്കുന്ന നടപടി കൂടിയാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.

സംവരണം സാമ്പത്തികമായിരിക്കുതെന്ന് പറയുന്നത് എന്റെ അഭിപ്രായമായിട്ടല്ല, അത് ഭരണഘടനയുടെ അഭിപ്രായമാണ്. ഭരണഘടനാ തത്വമാണ് സര്‍ക്കാരിനെയും ജനങ്ങളെയും ഓര്‍മ്മിപ്പിക്കുന്നത്. ഇത് പറയുമ്പോള്‍ സവര്‍ണ വിഭാഗങ്ങളിലെ ദരിദ്രരോട് നമുക്ക് യാതൊരുവിധ അനുകമ്പയുമില്ല എന്ന് വ്യാപകമായ പ്രചാരണമാണ് നടന്നുവരുന്നത്. എന്നാല്‍ ഞങ്ങളെപ്പോലുള്ളവര്‍ പറയാന്‍ ശ്രമിക്കുന്ന ഒരു കാര്യം, കേരളത്തിലെ സവര്‍ണ ജനവിഭാഗങ്ങളില്‍ ദരിദ്രരായുള്ളവര്‍ ഉണ്ടെന്നുള്ള കാര്യത്തില്‍ ഞങ്ങള്‍ക്കാര്‍ക്കും യാതൊരു തര്‍ക്കവുമില്ല. പക്ഷെ അവരുടെ ദാരിദ്ര്യം പരിഹരിക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കേണ്ടത്. അതല്ലാതെ ഏറ്റവും വിവാദപരമായ, ഭരണഘടനാവിരുദ്ധമായ സാമ്പത്തിക സംവരണം വച്ചുനീട്ടി ജനങ്ങളെ പറ്റിക്കുകയല്ല ചെയ്യേണ്ടത്. വീട് നിര്‍മ്മിക്കാനായി സവര്‍ണസമൂഹങ്ങളിലെ ദരിദ്രജനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചപ്പോള്‍ മുപ്പതിനായിരം അപേക്ഷകള്‍ ലഭിച്ചുവെന്നാണ് കഴിഞ്ഞ ദിവസം ഒരു ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞത്. അത്രമാത്രം ദരിദ്രര്‍ ഉണ്ടെന്നാണ് പറയുന്നത്. അത്രത്തോളം ദരിദ്രര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് എങ്ങനെ വീട് വച്ചുകൊടുക്കാം എന്നാണ് ബാലകൃഷ്ണപിള്ള ആലോചിക്കേണ്ടത്. അല്ലാതെ ഈ ജനത്തെ പിടിച്ച് സംവരണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ കാര്യങ്ങള്‍ മാറില്ല.

സ്ത്രീകള്‍, ജാതി, സംവരണം, അഹിന്ദുക്കള്‍: സമകാലിക ഇന്ത്യയിലെ ഗോള്‍വാള്‍ക്കര്‍- ഭാഗം 8

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തുടക്കം മുതല്‍ തന്നെ സാമ്പത്തിക സംവരണത്തിന് അനുകൂലമാണ്. 1957ല്‍ ഇഎംഎസ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ഭരണപരിഷ്‌ക്കാര കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ ഇഎംഎസ് തന്നെ രേഖപ്പെടുത്തിയിരിക്കുന്നത് സംവരണം സാമ്പത്തികമാനദണ്ഡത്തില്‍ നടപ്പാക്കണമെന്നാണ്. അര്‍ദ്ധശങ്കയില്ലാത്ത സമീപനമാണ് ഇക്കാര്യത്തില്‍ ഉള്ളത്. ബുധനാഴ്ച മന്ത്രിസഭാ യോഗം ചേര്‍ന്ന് ഈ തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം കേരളത്തിലെ അഭിപ്രായപ്രകടനങ്ങള്‍ നമ്മളെടുത്താല്‍, സംഘപരിവാര്‍ ശക്തികളെ പിന്തുണച്ചുകൊണ്ടിരിക്കുന്ന രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവര്‍, കോണ്‍ഗ്രസിന്റെ പ്രതിനിധിയായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ആര്‍ ബാലകൃഷ്ണപിള്ള, എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി, ദേവസ്വം മന്ത്രി ഇവരെല്ലാം ഒരേസ്വരത്തില്‍ പറയുന്നത് കേരളത്തില്‍ ഒരു വിപ്ലവം നടന്നിരിക്കുന്നു എന്നാണ്. കേരളത്തിലെ പ്രബലരായ രാഷ്ട്രീയ കക്ഷികളുടെ സവര്‍ണ സമുദായങ്ങളോടുള്ള വിധേയത്വവും അക്കാര്യത്തില്‍ അവര്‍ക്കുള്ള യോജിപ്പുമാണ് നമ്മള്‍ ഇതില്‍ കാണുത്. അവരെല്ലാം തമ്മില്‍ ഇത്തരമൊരു യോജിപ്പുണ്ടാവുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുത് 1975ലെ ആദിവാസി നിയമമാണ്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊടുക്കണമെുള്ള നിയമം മാറ്റിയെഴുതാന്‍ ഗൗരിയമ്മ ഒഴികെയുള്ള 139 എംഎല്‍എമാരും അ് കൈപൊക്കിയവരാണ്. എന്നുപറഞ്ഞാന്‍, കേരളത്തിലെ ഏറ്റവും ദരിദ്രരും പീഡിതരും അവഗണിതരുമായ ആദിവാസി സമൂഹങ്ങള്‍ക്കെതിരെ അവിശുദ്ധമായ രാഷ്ട്രീയ സഖ്യമുള്ള സ്ഥലമാണ് കേരളം. അത്തരമൊരു അവിശുദ്ധ സഖ്യം സംവരണത്തിന്റെ കാര്യത്തിലും രുപപെട്ടിട്ടുണ്ടെന്നാണ് മനസ്സിലാക്കേണ്ട കാര്യം. രാഷ്ട്രീയമായി തികച്ചും അപകടകരമായ ഒരു കാര്യമാണത്.

ജാതി പീഡനത്തിന്റെ കാര്യത്തില്‍ കേരളവും പിന്നോക്കമൊന്നുമല്ല: കെ. സോമപ്രസാദ് എം.പി/അഭിമുഖം

ഇത്തരമൊരു മോഡല്‍ അഖിലേന്ത്യാതലത്തില്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും എന്നാണ് പിണറായി വിജയന്‍ പറഞ്ഞ മറ്റൊരു കാര്യം. ഇദ്ദേഹം സമ്മര്‍ദ്ദം ചെലുത്തേണ്ട യാതൊരു ആവശ്യവും ഇക്കാര്യത്തിലില്ല. ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് രണ്ട് തവണ വളരെ പരസ്യമായിത്തന്നെ സംവരണം പരിശോധിക്കണം, സംവരണം ഇനി തുടരേണ്ടതുണ്ടോ എന്ന് ആലോചിക്കണമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രവുമല്ല, ബിജെപിയുടേയും സംഘപരിവാറിന്റെയും അജണ്ട എന്ന് പറയുന്നത് സാമ്പത്തിക സംവരണം തെന്നയാണ്. പിണറായി വിജയന്‍ ഒരു സമ്മര്‍ദ്ദവും ചെലുത്താതെ ഈ പ്രൊപ്പോസല്‍ അങ്ങോട്ട് കൊടുത്താല്‍ രണ്ടുകയ്യും നീട്ടി മോദി സ്വീകരിക്കാനുള്ള സാധ്യതയുണ്ട്. പിണറായി വിജയന്റെ ഭാവന മുന്നോട്ടുപോവുകയാണെങ്കില്‍ സാമ്പത്തിക സംവരണത്തിന് വേണ്ടി ഇന്ത്യന്‍ ഭരണഘടനയെ തിരുത്തുന്ന നടപടിയിലേക്ക് ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുന്നോട്ട് പോവുകയും അങ്ങനെ തിരുത്തുവാന്‍ ബിജെപിയുടേയും ശിവസേനയുടേയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടേയും കോണ്‍ഗ്രസിലേയും അംഗങ്ങള്‍ ഒരുമിച്ച് വോട്ടു ചെയ്യുകയും ചെയ്യുന്ന ഏറ്റവം ഭീകരവും ജനാധിപത്യവിരുദ്ധവും ജീര്‍ണവുമായ ഒരു സംഭവത്തിനായിരിക്കും ഇന്ത്യ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മോഹന്‍ ഭഗവത് എന്താണോ ആഗ്രഹിക്കുന്നത് അക്കാര്യം ഭരണപരമായി ചെയ്തുകൊടുക്കുന്നയാളായി പിണറായി വിജയന്‍ അധഃപതിച്ചിട്ടുണ്ട് എന്ന് തന്നെ വിലയിരുത്തേണ്ടതുണ്ട്. ആര്‍ എസ് എസിന്റെ സമീപനവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സമീപനവും ഇക്കാര്യത്തില്‍ ഒന്നുതന്നെ-സാമ്പത്തിക സംവരണം. അവര്‍ക്കത് കാമ്പയിന്‍ ചെയ്യാനുള്ള അവകാശവുമുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വേണമെങ്കില്‍ കേരളം മുഴുവന്‍ നടന്ന് സാമ്പത്തിക സംവരണമാണ് ശരി എ്ന്ന വാദിക്കാം. അതിന് ആരും എതിരല്ല. പക്ഷെ കേരളത്തിലെ മുഖ്യമന്ത്രി അത് ചെയ്യാന്‍ പാടില്ല. എന്തുകൊണ്ടെന്നാല്‍ അദ്ദേഹം ഭരണം ഏറ്റെടുക്കുന്ന സമയത്ത് ഇന്ത്യന്‍ ഭരണഘടനയുടെ നിയമങ്ങള്‍ക്കനുസൃതമായി, ഇന്ത്യന്‍ ഭരണഘടന എന്താണോ മുന്നോട്ട് വെക്കുന്നത് അതിന് വിധേയപ്പെടുന്നതുകൊണ്ട് ഭരിച്ചുകൊള്ളാമെന്ന വാഗ്ദാനം നല്‍കിയാണ് മുഖ്യമന്ത്രിയായിരിക്കുന്നത്. അല്ലാതെ, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നയപരിപാടി നടത്താനല്ല ഇദ്ദേഹം മുഖ്യമന്ത്രിയായിരിക്കുന്നത്. മറിച്ച് ഭരണഘടന അനുശാസിക്കുന്ന വിധമേ അദ്ദേഹത്തിന് പ്രവര്‍ത്തിക്കാനാവൂ. അതുകൊണ്ട് ഭരണഘടനയുടെ അന്തസത്തയെ വെല്ലുവിളിക്കുകയും, അതിലെ നിര്‍ദ്ദേശങ്ങളെ മറികടക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റേത് സത്യപ്രതിജ്ഞാലംഘനമാണ്.

പാഠം ഒന്ന്: സംവരണം ദാരിദ്ര്യനിർമ്മാർജ്ജനത്തിനല്ല

കേരളത്തിലെ സവര്‍ണ വിഭാഗങ്ങളില്‍ നിന്നുള്ള ദരിദ്രരെ സര്‍ക്കാര്‍ പരിഗണിക്കേണ്ട എന്ന അഭിപ്രായമല്ല ഞങ്ങള്‍ പറയുന്നത്. മറിച്ച് അവര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതില്‍ ഞങ്ങളാരും എതിരല്ല. ന്യായമായി അവര്‍ക്ക് അവരുടെ വിഹിതം കൊടുക്കേണ്ടതാണ്. അങ്ങനെയാണ് അവരുടെ പ്രശ്‌നം പരിഹരിക്കേണ്ടത്. അതിന് സംവരണം ഒരു ഉപാധിയല്ല. കാരണം സംവരണം പ്രാതിനിധ്യമില്ലാത്ത ജനവിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തു ഭരണഘടനാ സംവിധാനമാണ്. അതിന്റെ മാനദണ്ഡം ജാതിയാണ് എന്ന് കോടതികള്‍ പലവട്ടം ഇന്ത്യയിലെ വിവിധ സര്‍ക്കാരുകളോട് പറഞ്ഞിട്ടുണ്ട്. അതാണ് ഇന്ത്യന്‍ ഭരണഘടന പറയുന്നത്. ഒരുപക്ഷേ സവര്‍ണ വിഭാഗങ്ങളില്‍ നിന്ന് ബിജെപി, സംഘപരിവാര്‍ ശക്തികളിലേക്ക് നയിക്കുന്ന ശക്തമായ ഒരു അടിയൊഴുക്കായിരിക്കും പിണറായിയെക്കൊണ്ട് ഇത്തരം ഒരു തീരുമാനം എടുപ്പിക്കാന്‍ പ്രേരിപ്പിച്ചത്. അത് അങ്ങനെയാണെങ്കില്‍ തന്നെ പിണറായിയുടെ ഇതുപോലുള്ള ഗിമ്മിക്കുകള്‍ കൊണ്ട് തടഞ്ഞുനിര്‍ത്താവുന്ന ഒരു രാഷ്ട്രീയമല്ല അതെന്ന് ഇടതുപക്ഷത്തിന്റെയാളുകള്‍ മനസ്സിലാക്കേണ്ടതുണ്ട്. അക്കാര്യത്തിലും അവര്‍ പരാജയപ്പെടും. കോടതിയില്‍ ചോദ്യം ചെയ്താല്‍ ഈ തീരുമാനങ്ങള്‍ അസാധുവാക്കപ്പെടും. രാഷ്ട്രീയമായ അവരുടെ മോഹങ്ങളും നടക്കുന്നതല്ല എന്നതാണ് സുചിന്തിതമായ അഭിപ്രായം.

സാമൂഹിക നീതിയുമായി യാതൊരു ബന്ധവുമില്ലാത്ത തീരുമാനമാണ് ഇപ്പോള്‍ വിരിക്കുന്നത്. സാമൂഹിക നീതി എന്നത് നമുക്ക് ഇനിയും വിദൂരസ്ഥമാവാന്‍ പോവുകയാണ്. ഇപ്പോള്‍ തന്നെ എഴുപതും എഴുപത്തിയഞ്ചും ശതമാനം ആധിപത്യമുള്ള വിഭാഗത്തിന് അതുകൂടാതെ പത്ത് ശതമാനം കൂടെ കൊടുത്തുകൊണ്ട് സവര്‍ണാധിപത്യത്തിന് പുതിയ വാതായനങ്ങള്‍ തുറന്നുകൊടുക്കുന്ന പണിയാണ് പിണറായി വിജയന്‍ ചെയ്യുന്നത്. അത് ഇന്ത്യയിലെ കോടിക്കണക്കിന് വരു ദളിത് ആദിവാസി പിന്നോക്ക ജനവിഭാഗങ്ങളോടുള്ള കനത്ത വെല്ലുവിളികൂടിയാണ്. അതുകൊണ്ട് അടിയന്തിരമായി ഇത് പുന:പരിശോധിക്കുകയും തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്യണം.

(അഴിമുഖം പ്രതിനിധി സണ്ണി എം കപിക്കാടുമായി സംസാരിച്ചു തയ്യാറാക്കിയത്)

മുന്നോക്കത്തിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കാന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് സിപിഐഎം

ദലിതരെ ക്ഷേത്രവളപ്പില്‍ നിന്ന് ശ്രീകോവിലിനകത്തേക്ക് കയറ്റുകയാണ്: പുതിയ സംവരണ തീരുമാനത്തെക്കുറിച്ച് എംബി രാജേഷ് എംപി

സണ്ണി എം കപിക്കാട്‌

സണ്ണി എം കപിക്കാട്‌

ദളിത്‌ ചിന്തകന്‍, എഴുത്തുകാരന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍