UPDATES

ഓഫ് ബീറ്റ്

മഴ പെയ്യാന്‍ യാഗം നടത്തുന്ന തന്ത്രിമാര്‍ സുപ്രീം കോടതിക്ക് നല്ല മനസുണ്ടാകാന്‍ യാഗം നടത്തട്ടെ: സണ്ണി എം കപിക്കാട്

ശ്രീ നാരായണഗുരു, അയ്യന്‍കാളി, വയ്യനപ്പച്ചന്‍, വിടി ഭട്ടതിരിപ്പാട്, പോലുള്ള മനുഷ്യര്‍ നടത്തിയ ആചാരലംഘനങ്ങളിലൂടെയും  നിയമലംഘനങ്ങളിലൂടെയുമാണ്‌ കേരളം നവോത്ഥാനം മുന്നോട്ടുപോയത്.

ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് മാനവീയം വീഥിയില്‍ ശബരിമല സ്തരീപ്രവേശനത്തിനെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങുന്ന സാചര്യത്തില്‍ ഒരു ജനാധിപത്യ രാജ്യം അവിടുത്തെ പൗരന്മാര്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ ഏത് തരത്തില്‍ ഹനിക്കപ്പെടുന്നുവെന്ന ചര്‍ച്ചകളാണ് സമം പ്രോഗ്രസീവ് ഫോറം ഉയര്‍ത്തിക്കൊണ്ടുവന്നത്. സ്വതന്ത്ര, പുരോഗമന ചര്‍ച്ചകള്‍ക്കായുള്ള സമത്തിന്‍റെ ആദ്യ പൊതുകൂട്ടായ്മ പരിപാടിയാണ്  നടന്നത്. “സ്വാമിയേ ശരണമയ്യപ്പാ” എന്ന് വിളിച്ചിരുന്ന ഒരു നാമജപം ഇന്ന് ഒരു രാഷ്ട്രീയ മുദ്രാവാക്യമായി മാറിക്കൊണ്ടിരിക്കുന്ന അന്തരീക്ഷത്തില്‍ ഹിന്ദു ഫാഷിസം കേരളത്തിലും പിടിമുറുക്കുകയാണെന്നും നിരത്തിലിറങ്ങിയ സ്ത്രീകള്‍ക്ക് ജനാധിപത്യമൂല്യങ്ങളെ, അവകാശങ്ങളെ മനസിലാക്കാനുള്ള കഴിവില്ലായ്മയായാണ് സമം ഫോറം വിലയിരുത്തുന്നതെന്നും മാധ്യമപ്രവര്‍ത്തകയും സമം ഫോറം അംഗവുമായ പ്രമീള ഗോവിന്ദ് പറഞ്ഞു.

‘ഭരണഘടനാ അവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും ചര്‍ച്ച ചെയ്യാനുള്ള ഡെമോക്രാറ്റിക് ഡയലോഗ് ഫോറമാണ് സമം. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ചര്‍ച്ചകള്‍ ഏകോപിപ്പിക്കുക എന്നതാണ് സമം പ്രോഗ്രസീവ് ഫോറത്തിന്റെ ലക്ഷ്യം.’ സോഷ്യോളിജിസ്റ്റും സമം ഫോറം സ്ഥാപകാംഗവുമായ മീര വേലായുധന്‍ പറഞ്ഞു.

കേരളം കടന്നു പോയ്ക്കൊണ്ടിരിക്കുന്ന ഗുരുതരമായ സാഹചര്യത്തോട് പ്രതികരിക്കുന്നതിനും അതിനുമേല്‍ അഭിപ്രായം രൂപീകരിക്കുന്നതിനും സമൂഹത്തിന്റെ മുന്നോട്ട് പോക്കിനെ സഹായിക്കുന്നതിനുമായി രൂപീകരിച്ചിരിക്കുന്ന സമം പ്രോഗ്രാസീവ് ഫോറത്തിന് ഐക്യദാര്‍ഡ്യം നല്‍കികൊണ്ട് ദളിത് ചിന്തകനും സാമൂഹ്യ നിരീക്ഷകനുമായ സണ്ണി എം കപിക്കാട് സംസാരിച്ചു. ഐപിസി 377 നിയമം റദ്ദാക്കുമ്പോള്‍ സുപ്രീം കോടതി പറഞ്ഞ ഭൂരിപക്ഷത്തിന്റെ ധാര്‍മികതയല്ല ഭരണഘടനാ ധാര്‍മികതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. ഇന്ത്യ പോലൊരു രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ സ്ത്രീകള്‍ തന്നെ രംഗത്ത് വരുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. ശബരിമല ആചാരപരിഷ്‌കാരത്തിന്റെ വലിയ ചരിത്രമുള്ള സ്ഥലമാണ്. മാളികപ്പുറത്തമ്മ ഈഴവകുടുംബത്തില്‍ നിന്നുള്ള ആളായിരുന്നു. ഈഴവ ജാതിയിലുള്ളവര്‍ക്കായിരുന്നു അവിടെ വെടിവഴിപാട് നടത്തിയിരുന്നത്. അത് തന്ത്രിമാരുടെ തന്ത്രമുപയോഗിച്ച് നിര്‍ത്തുകയായിരുന്നു. മലയരയന്മാര്‍ തേനഭിഷേകം എന്ന ഒരു ആചാരമുണ്ടായിരുന്നു. അതും അവര്‍ നിര്‍ത്തലാക്കി. കീഴാള വിഭാഗങ്ങളുടെ ഓരോ അവകാശങ്ങളെയും തന്ത്രികള്‍ ഇടപെട്ട് നിര്‍ത്തലാക്കുകയായിരുന്നു. മഴ പെയ്യാനായി യാഗം ചെയ്യുന്നവരാണ് ഈ തന്ത്രികള്‍. അപ്പോള്‍ സുപ്രീം കോടതിക്ക് നല്ല മനസുണ്ടാകാന്‍ യാഗം നടത്തട്ടെയെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.

‘ഇന്ത്യയിലെ നൈഷ്ഠിക ബ്രഹ്മചര്യം കൊണ്ടൊന്നുമല്ല കേരളത്തിലെ നവോത്ഥാനങ്ങള്‍ ഉണ്ടായത്. ശ്രീ നാരായണഗുരു, അയ്യന്‍കാളി, വയ്യനപ്പച്ചന്‍, വിടി ഭട്ടതിരിപ്പാട്, പോലുള്ള മനുഷ്യര്‍ നടത്തിയ ആചാരലംഘനങ്ങളിലൂടെയും  നിയമലംഘനങ്ങളിലൂടെയുമാണ്‌ കേരളം നവോത്ഥാനം മുന്നോട്ടുപോയത്. നിയോബ്രാഹ്മണിക്കല്‍ വക്താക്കള്‍ നടത്തുന്ന പ്രക്ഷോഭം കേരളത്തിന്റെ പുരോഗമന മൂല്യങ്ങളെ തകര്‍ക്കുന്ന ഒന്നാണ്. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങളില്‍ അസംതൃപ്തരായ സവര്‍ണ ബോധ്യമുള്ള ആളുകളാണ് ഇവിടെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമം പ്രവര്‍ത്തകരായ ഗീത നസീര്‍, എസ്. സരിത, പ്രമീള ഗോവിന്ദ്, മാനവീയം തെരുവിടം കള്‍ച്ചറല്‍ കലക്ടീവ് സെക്രട്ടറി കെ.ജി സൂരജ് എന്നിവരും പൊതുകൂട്ടായ്മയില്‍ പ്രസംഗിച്ചു. ഷൈലജ പി.അമ്പുവിന്റെ നേതൃത്വത്തില്‍ തെരുവോരക്കൂട്ടത്തിന്റെ നാടന്‍പാട്ടുകളോടെയാണ് പരിപാടി തുടങ്ങിയത്. സ്ത്രീ നാടകവേദിയായ ‘നിരീക്ഷ’ കണ്‍കെട്ട് എന്ന തെരുവുനാടകം അവതരിപ്പിച്ചു.

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍