TopTop
Begin typing your search above and press return to search.

എല്ലാം കമ്യൂണിസ്റ്റ് ഗൂഡാലോചന, ഡി രാജ രാജ്യദ്രോഹി; സുപ്രിം കോടതി പ്രതിസന്ധിക്ക് സംഘപരിവാറിന്റെ കാരണങ്ങള്‍

എല്ലാം കമ്യൂണിസ്റ്റ് ഗൂഡാലോചന, ഡി രാജ രാജ്യദ്രോഹി; സുപ്രിം കോടതി പ്രതിസന്ധിക്ക് സംഘപരിവാറിന്റെ കാരണങ്ങള്‍

ഇന്ത്യന്‍ ജുഡീഷ്യറി ജനധിപത്യത്തിന്റെ കവലാളായി നിലനില്‍ക്കണമെന്ന അഭ്യര്‍ത്ഥനയുമായി നാലു സുപ്രിം കോടതി ജസ്റ്റീസുമാര്‍, മുന്‍മാതൃകകള്‍ ഇല്ലാത്ത വിധം ശബ്ദം ഉയര്‍ത്തിയപ്പോള്‍, അതിന്റെ പ്രതിധ്വനി ഇളക്കിയിരിക്കുന്നത് കേന്ദ്രസര്‍ക്കാരിനെ കൂടിയാണ്. അസാധാരണമായി ഉണ്ടായിരിക്കുന്ന ഈ പ്രതിസന്ധി കേന്ദ്രസര്‍ക്കാരിനെയും പ്രതികൂട്ടിലാക്കുമെന്നതിനാല്‍ എങ്ങനെയും ഇപ്പോഴത്തെ വിഷയം വഴി തിരിച്ചുവിടാനാണ് ബിജെപിയുടെ ശ്രമം.

സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവും രാജ്യസഭ എംപിയുമായ ഡി. രാജ കഴിഞ്ഞ ദിവസം ജസ്റ്റിസ് ചെമലേശ്വറിനെ കണ്ടത് ഗൂഡാലോചനയാണെന്ന ആരോപണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയതും ഇതുമൂലമാണ്. ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ച ജസ്റ്റിസ് ചെമലേശ്വറിന്റെ നേതൃത്വത്തില്‍ നാല് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെ ഡി. രാജ ചെമലേശ്വറിനെ സന്ദര്‍ശിച്ചിരുന്നു. ഇത് രാജ്യത്തെ അട്ടി മറിക്കാനുള്ള ഗൂഢാലോചന എന്നാണ് ബിജെപി ആരോപിക്കുന്നത്. ഡി. രാജയുടെ സന്ദര്‍ശനത്തിനെതിരെ വലതുപക്ഷ മാധ്യമങ്ങളും രംഗത്തെത്തി. താന്‍ ചെലമേശ്വറിന്റെ ദീര്‍ഘകാല സുഹൃത്താണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ തീരുമാനം അദ്ദേഹം കൈക്കൊണ്ടപ്പോള്‍ നേരില്‍ കാണണം എന്നെനിക്ക് തോന്നി. അതിന് രാഷ്ട്രീയ നിറം നല്‍കരുത് എന്നാണു രാജ വിഷയത്തോട് പ്രതികരിച്ചത്.

എന്നാല്‍ ഈയൊരു വിശദീകരണം അംഗീകരിക്കാന്‍ സംഘപരിവാര്‍ ഉദ്ദേശിച്ചിട്ടില്ല എന്നാണ് ഡി. രാജയ്ക്കും മകള്‍ അപരാജിത രാജയ്ക്കും എതിരേ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിരിക്കുന്ന ക്യാമ്പയിന്‍ സൂചിപ്പിക്കുന്നത്. ബിജെപി കേരള ഘടകം നേതാവ് കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ഗുരുതര ആരോപണങ്ങളുമായി രാജക്കെതിരേ രംഗത്തെത്തി.

ഏത് വിധ്വംസക ശക്തി വിചാരിച്ചാലും ഈ രാജ്യത്തെ തകര്‍ക്കാനാകില്ല. കാരണം ഇത് ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ ഒരു രാജ്യമാണ്. അല്ലെങ്കില്‍ ഇത് കയ്യോടെ പിടിക്കുമായിരുന്നില്ല. പുറകുവശത്തെ വാതിലിലൂടെ ജഡ്ജിയുടെ വീട്ടില്‍ തലയില്‍ മുണ്ടിട്ട് പോകാന്‍ ഇയാള്‍ക്ക് തോന്നിത് 120കോടി ഇന്ത്യക്കാരുടെ ഭാഗ്യം എന്ന് കെ. സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതുകൊണ്ടും നിര്‍ത്തിയില്ല.

ഭാരത് കീ ബര്‍ബാദീ തക് ജംഗ് രഹേഗീ ജംഗ് രഹേഗീ(ഭാരതം നശിക്കുന്നതുവരെ യുദ്ധം ചെയ്യും) മകള്‍ ജെ. എന്‍. യുവില്‍ വിളിച്ച മുദ്രാവാക്യമാണിത്. ഇന്ന് അച്ഛന്‍ ചെയ്തതുകണ്ടില്ലേ. രാജ്യദ്രോഹം രക്തത്തില്‍ അലിഞ്ഞുചേര്‍ന്നവര്‍. ഐ. എസ് തീവ്രവാദികള്‍ പരസ്യമായി പറഞ്ഞുകൊണ്ടാണ് രാജ്യത്തിനെതിരേ പൊരുതുന്നത്. അവരേക്കാള്‍ ഭയപ്പെടേണ്ടത് ഈ വര്‍ഗ്ഗത്തെയാണ്. ഉപ്പുവെച്ച കലം പോലെ ഈ പ്രസ്ഥാനം അലിഞ്ഞില്ലാവുന്നത് ഇത്തരം പ്രവൃത്തികൊണ്ടുതന്നെയാണ്. എന്നാണ് സുരേന്ദ്രന്റെ അടുത്ത പോസ്റ്റ്. ഡി.രാജയുടെ മകള്‍ അപരാജിത രാജ കഴിഞ്ഞ ജെഎന്‍യു തെരഞ്ഞെടുപ്പില്‍ എബിവിക്കെതിരെ മത്സരിച്ചിരുന്നു.

രാജ ചെലമേശ്വറെ കണ്ടത് ബിജെപി അനുകൂല ദേശീയ മാധ്യമങ്ങളും തങ്ങളുടെ താത്പര്യാര്‍ത്ഥം ചര്‍ച്ചയാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണസംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തിലാണ് അവരുടെ പ്രചാരണം.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടുകൊണ്ടിരുന്ന ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട അവ്യക്തത പരിഹരിക്കുന്നതില്‍ സുപ്രീംകോടതി പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാര്‍ കഴിഞ്ഞ ദിവസം പത്ര സമ്മേളനം വിളിച്ചത്. രണ്ട് മാസം മുമ്പ് ചീഫ് ജസ്റ്റീസിന് കത്ത് നല്‍കിയിരുന്നുവെന്നും എന്നാല്‍ വിഷയം പരിഹരിക്കപ്പെട്ടില്ല എന്നും ജഡ്ജിമാര്‍ ആരോപിക്കുന്നു. ഗുരുതരമായ ആരോപണങ്ങളാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരേ ആരോപിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ കോടതി സംവിധാനത്തില്‍ ഇടപെടുന്നു എന്ന കനത്ത വിമര്‍ശനം ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ അതിനെ മറികടക്കാനാണ് ഡി. രാജയിലേക്ക് വിഷയം തിരിക്കാന്‍ ബിജെപി ശ്രമിക്കുന്നത്.


Next Story

Related Stories