TopTop
Begin typing your search above and press return to search.

എനിക്കൊരു മകളാണുള്ളത്, ഒരിക്കലും ഇങ്ങനെയൊരു കാര്യം ചെയ്യില്ലെന്നാണു ദിലീപ് പറഞ്ഞത്; സുരേഷ് കുമാര്‍ പറയുന്നു

എനിക്കൊരു മകളാണുള്ളത്, ഒരിക്കലും ഇങ്ങനെയൊരു കാര്യം ചെയ്യില്ലെന്നാണു  ദിലീപ് പറഞ്ഞത്; സുരേഷ് കുമാര്‍ പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെയും കുടുംബത്തേയും കുറിച്ചു വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണജനകമാണെന്നും ജയിലില്‍ ശാരീരികാവശതയില്‍ കഴിയുകയാണ് ദിലീപെന്നും നിര്‍മാതാവ്‌ സുരേഷ് കുമാര്‍. ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതിന്റെ അനുഭവങ്ങള്‍ മനോരമ ഓണ്‍ലൈനോടു പങ്കുവയ്ക്കുന്നതിനിടയിലാണ് സുരേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. ചെയ്യാത്ത കുറ്റത്തിനാണ് താന്‍ അകത്തു കിടക്കുന്നതെന്നും സത്യം തന്റെ കൂടെയുണ്ടെന്നും അത് തെളിയിക്കപ്പെടുമെന്നും ദിലീപ് തന്നോട് പറഞ്ഞതായി സുരേഷ് കുമാര്‍. എനിക്കൊരു മകളാണുള്ളത്. ഒരിക്കലും ഇങ്ങനെയൊരു കാര്യം ഞാന്‍ ചെയ്യില്ല എന്നാണ് ദിലീപ് പറയുന്നതെന്നും സുരേഷ് കുമാര്‍ പറയുന്നു.

ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണന കിട്ടുന്നുവെന്ന വാര്‍ത്തകള്‍ നുണയാണെന്നും സുരേഷ് കുമാര്‍. ഏതൊരു സാധാരണ തടവുകാരനെയുംപോലെ നാലുപേര്‍ക്കൊപ്പമാണ് സെല്ലില്‍ കഴിയുന്നതെന്നും ചെവിക്കുള്ളില്‍ ഫ്ലൂയിഡ് കുറയുന്ന അവസ്ഥയാണ് ദിലീപിനിപ്പോള്‍ ഉള്ളതെന്നും സുരേഷ് കുമാര്‍ പറയുന്നു. തുടര്‍ച്ചയായി തലക്കറക്കം അനുഭവപ്പെടുന്നുണ്ടെന്നും താന്‍ കാണുമ്പോഴും അദ്ദേഹം തലകറക്കം വന്നു കിടക്കുകയായിരുന്നുവെന്നും സുരേഷ് കുമാര്‍ മനോരമയോടു പറഞ്ഞു.

ദിലീപിന്റെ കുടുംബം മാനസിക തകര്‍ച്ചയിലാണെന്നും സുരേഷ് കുമാര്‍. ഇല്ലാത്ത കഥകളാണ് കുടുംബത്തെക്കുറിച്ച് പുറത്തു വരുന്നത്. ദിലീപിന്റെ അനിയന്‍ ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചു, കാവ്യ മാധവന്‍ ഗര്‍ഭിണിയാണ്, മീനാക്ഷി സ്‌കൂളില്‍ പോകുന്നില്ല എന്നൊക്കെയുള്ള എല്ലാ പ്രചരണങ്ങളും വെറും നുണകളാണ്. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് കാവ്യയെന്നും മീനാക്ഷി സ്‌കൂളില്‍ പോകുന്നുണ്ടെന്നും സുരേഷ് കുമാര്‍ പറയുന്നു. എന്നാല്‍ ദിലീപിന്റ അമ്മ ഏതു സമയവും കരച്ചിലാണെന്നും ദിലീപ് ഉടന്‍ ജയില്‍ മോചിതനാകുമെന്നു പറഞ്ഞ് ആശ്വസിപ്പിക്കുകയാണ് എല്ലാവരും കൂടിയെന്നും സുരേഷ് കുമാര്‍.

ദിലീപിന്റെ അനിയനെക്കുറിച്ചുള്ള വാര്‍ത്തകളും തെറ്റിദ്ധാരണജനകമാണെന്നു സുരേഷ് കുമാര്‍. ദിലീപിനെക്കാള്‍ വലിയ താത്വികനാണ് അനിയനെന്നും ഭീഷണിപ്പെടുത്താന്‍ പോയിട്ട് നന്നായി സംസാരിക്കാന്‍ തന്നെയറിയില്ലെന്നും സുരേഷ് കുമാര്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെക്കുറിച്ച് പറയുന്നു. എന്തെങ്കിലും പറഞ്ഞുപോയിട്ടുണ്ടെങ്കില്‍ അന്നേരത്തെ അവസ്ഥയില്‍ പറഞ്ഞതാകാമെന്നും എല്ലാവരും നിര്‍ത്തട്ടെ എന്നിട്ടു ഞങ്ങള്‍ സത്യം പറയാം എന്നേ ഉദ്ദേശിച്ചു കാണുകയുള്ളൂ എന്നും സുരേഷ് കുമാര്‍ ന്യായീകരിക്കുന്നു. ഒരു വ്യക്തിയെ ഇത്രമേല്‍ ആക്രമിച്ചിട്ട് ചാനലുകാര്‍ക്കും യുട്യൂബില്‍ വീഡിയോ ചെയ്യുന്നവര്‍ക്കും എന്തു നേട്ടമാണ് ഉണ്ടാകുകയെന്നും സുരേഷ് കുമാര്‍ ചോദിക്കുന്നു.

ദിലീപ് ഈ കേസില്‍ തെറ്റുകാരനല്ലെന്ന് താന്‍ പൂര്‍ണമായി വിശ്വസിക്കുന്നതായും സുരേഷ് കുമാര്‍ പറഞ്ഞു. കൊടുംകുറ്റവാളിയായ പള്‍സര്‍ സുനി പറഞ്ഞതിന്റെ പുറത്ത് കൃത്യമായ അന്വേഷണം നടത്താതെയാണ് ദിലീപിനെ പിടിച്ച് ജയിലില്‍ ഇട്ടിരിക്കുന്നതെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. പള്‍സര്‍ സുനിയുടെ വാക്കു കേട്ട് ദിലീപിനെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോള്‍ തെളവിനായി അലഞ്ഞു നടക്കുകയാണെന്നും ഈ കേസ അന്വേഷിച്ചിരുന്ന ദിനേന്ദ്ര കശ്യപ് ഇപ്പോള്‍ എവിടെ പോയെന്നും സുരേഷ് കുമാര്‍ ചോദിക്കുന്നു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെല്ലാം ഇതിനെക്കുറിച്ച് ഓരോന്നും പറയാനുണ്ടാകുമെന്നും സുരേഷ് കുമാര്‍ പറയുന്നു. ചെയ്യാത്ത കുറ്റത്തിനാണ് ദിലീപ് ജയിലില്‍ കിടക്കുന്നതെന്ന് താന്‍ 100 ശതമാനവും വിശ്വസിക്കുന്നതായും സുരേഷ് കുമാര്‍ മനോരമയോടു പറയുന്നു.

Next Story

Related Stories