TopTop
Begin typing your search above and press return to search.

ഓഖി: 100 കോടി രൂപ ചെലവഴിച്ചതില്‍ സംശയമുണ്ടെന്ന് സൂസെപാക്യം; വിവരാവകാശം ഉപയോഗിക്കാന്‍ പിപി ചിത്തരഞ്ജന്‍

ഓഖി: 100 കോടി രൂപ ചെലവഴിച്ചതില്‍ സംശയമുണ്ടെന്ന് സൂസെപാക്യം; വിവരാവകാശം ഉപയോഗിക്കാന്‍ പിപി ചിത്തരഞ്ജന്‍
ഓഖി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പറയുന്ന കണക്കുകളില്‍ സംശയങ്ങളുണ്ടെന്ന് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം. ഓഖി ഫണ്ട് വിനിയോഗത്തില്‍ സര്‍ക്കാര്‍ കണക്കുകളില്‍ വ്യക്തതക്കുറവുണ്ടെന്നാണ് ആര്‍ച്ച് ബിഷപ്പ് മാധ്യമങ്ങളോടായി ഇന്നലെ പറഞ്ഞത്. നൂറ് കോടിയിലേറെ രൂപ ചെലവഴിച്ചതുമായി ബന്ധപ്പെട്ട് കണക്കുകള്‍ പൊരുത്തപ്പെടുന്നില്ലെന്നും താന്‍ പറയുന്ന കാര്യങ്ങളിലും തെറ്റ് പറ്റാമെന്നും വിശദീകരണം ലഭിക്കാന്‍ സഭയ്ക്ക് അവകാശമുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഓഖി ദുരന്തവുമായി ബന്ധപ്പെട്ട ഫണ്ടിന്റെ വിനിയോഗവും നടപ്പിലാക്കിയിട്ടുള്ള വിവിധ പദ്ധതികളും വളരെ വ്യക്തതയോടെ തന്നെ ഡോക്യുമെന്റ് ചെയ്തിട്ടുള്ളതാണെന്നും കണക്കുകള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നാണെങ്കില്‍ വിവരാവകാശ നിയമപ്രകാരം രാജ്യത്ത് ആര് അവശ്യപ്പെട്ടാലും കണക്കുകള്‍ ലഭ്യമാകുമെന്നും മല്‍സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍ പ്രതികരിച്ചു. ഓരോ മേഖലയിലും ചിലവായിട്ടുള്ള വിവരങ്ങള്‍ വിവരാവകാശനിയമത്തിലൂടെ കൃത്യമായി കിട്ടും. ഓഖിയില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കൊടുത്ത ധനസഹായം, മരണപ്പെട്ടവരുടെ മക്കളുടെ വിദ്യാഭ്യാസം, മരണപ്പെട്ടവരുടെ ആശ്രിതരായിട്ടുള്ളവര്‍ക്ക് വീട്, സ്ഥലം എന്നിവ കൊടുക്കാനുള്ള പദ്ധതി, ഇത് കൂടാതെ മല്‍സ്യബന്ധന ഉപകരണങ്ങള്‍, മറൈന്‍ ആംബുലന്‍സ് തുടങ്ങി നിരവധി കാര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടത്തിവരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

'ഓഖി ദുരന്തം ബാധിച്ച മല്‍സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ ഒഴിഞ്ഞിട്ടില്ല. ഓഖി ബാധിതര്‍ക്കായുള്ള ബഹുഭൂരിപക്ഷം ഫണ്ടും നീക്കിവെച്ചിരിക്കുന്നതായാണ് ഞങ്ങള്‍ മനസിലാക്കിയിരിക്കുന്നത്. ഉദാഹരണത്തിന് മറൈന്‍ ആംബുലന്‍സിന് വേണ്ടി 18 കോടി രൂപയോളം നീക്കിവെച്ചിരിക്കുന്നതായി പറയുന്നു. അതുപോലെ ഒരുപാട് തുകകള്‍ പലതിനായി മാറ്റിവെച്ചിരിക്കുന്നു. മല്‍സ്യബന്ധനത്തൊഴിലാളികള്‍ക്ക്‌ കടലില്‍ പോകാന്‍ മല്‍സ്യബന്ധനയാനം വാങ്ങിക്കാന്‍ പറ്റാത്ത അവസ്ഥയിലാണുള്ളത്. ഞങ്ങള്‍ ഇതേസംബന്ധിച്ച് കളക്ടറിനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും സംസാരിച്ചിരുന്നു. പക്ഷേ നമ്മളുടെ സംശയങ്ങള്‍ ദുരീകരിക്കാനുള്ള യാതൊരു വിധത്തിലുമുള്ള ചര്‍ച്ചക്കും അവര്‍ തയാറായിട്ടില്ല' ബിഷപ് ഹൗസ് വക്താവ്‌ ഫാദര്‍.യൂജിന്‍ എച്ച് പെരേര അറിയിച്ചു.

'ഓഖിയില്‍ മൂന്നും നാലും ദിവസങ്ങള്‍ക്ക് ശേഷം രക്ഷപ്പെട്ടെത്തിയ 162ഓളം ആളുകള്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. അതില്‍ തന്നെ പെര്‍മെനന്റ്‌ലി ഡിസേബിള്‍ഡ് ആയ ആളുകളുമുണ്ട്. അവര്‍ക്കൊക്കെ സഹായം കൊടുക്കുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞിട്ടുള്ളതാണെങ്കിലും പക്ഷേ അത്തരം കാര്യങ്ങളൊന്നും നടക്കുന്നില്ല. മെഴ്‌സിക്കുട്ടിയമ്മയോട് വിശദാംശങ്ങള്‍ സംസാരിക്കാന്‍ പിതാവ് തന്നെ പലതവണ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അതിലും തീരുമാനമൊന്നും ഉണ്ടാകുന്നില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഓഖിയില്‍ അപകടം പറ്റിയുള്ളവര്‍ക്ക് വേണ്ട ചികില്‍സാ സഹായങ്ങളെല്ലാം വിവിധ വകുപ്പുകള്‍ കൂടിച്ചേര്‍ന്ന് നല്‍കിയിട്ടുണ്ടെന്നാണ് മല്‍സ്യഫെഡിന്റെ വാദം. ഓഖിയില്‍ കിട്ടിയ തുകയേക്കാള്‍ സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ടെന്നും ഓഖിക്കായി ഉള്ള ഫണ്ട് മറ്റൊരു കാര്യത്തിലേക്കും വിനിയോഗിച്ചിട്ടില്ലെന്നും മല്‍സ്യഫെഡ് ചെയര്‍മാന്‍ വിശദീകരിച്ചു. 'സര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ ഒരു വര്‍ഷത്തിനകം ചെയ്ത് പൂര്‍ത്തിയാക്കാവുന്ന പരമാവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ത്തിട്ടുണ്ട്. ഇനിയും ചെയ്തു തീര്‍ക്കേണ്ടവയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.'

അതേസമയം കോവളം എംഎല്‍എ എ വിന്‍സെന്റ് സൂസപാക്യം ഉയര്‍ത്തുന്ന ആരോപണങ്ങളെ പിന്തുണച്ചു. ഓഖിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കാണിക്കുന്ന പല ചെലവുകളും കാലകാലങ്ങളായി മല്‍സ്യത്തൊഴിലാളി മേഖലയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ്. എന്നാല്‍ ഓഖി ദുരന്തവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന് ദുരിതാശ്വാസ നിധിയില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടുള്ള തുക ഓഖി ദുരന്ത ബാധിതര്‍ക്കായും അവര്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനായിട്ടും ഉപയോഗിക്കേണ്ടതാണ്. ഓഖി ദുരന്ത ബാധിതര്‍ക്ക് നല്‍കാനുള്ള പല ആനുകൂല്യങ്ങളും നല്‍കാതിരിക്കുമ്പോഴാണ് ഫിഷറീസ് മേഖലയില്‍ നടപ്പിലാക്കേണ്ട പല പദ്ധതികള്‍ക്കും ഇതില്‍ നിന്ന് പണം കണ്ടെത്താന്‍ സര്‍ക്കാര്‍ തയാറായിരിക്കുന്നത്. ഭവന നിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതുവരെയും നടന്നിട്ടില്ല. കൂടാതെ ധനസഹായം അനുവദിച്ചവര്‍ക്ക് തന്നെ മതിയായ തുക കൊടുത്തിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Next Story

Related Stories