TopTop

ബിപ്ലബ് കുമാറിന്റെ മണ്ടത്തരങ്ങളെ ന്യായീകരിച്ച് ടി ജി മോഹന്‍ദാസും കെ സുരേന്ദ്രനും

ബിപ്ലബ് കുമാറിന്റെ മണ്ടത്തരങ്ങളെ ന്യായീകരിച്ച് ടി ജി മോഹന്‍ദാസും കെ സുരേന്ദ്രനും
നാരദമുനി വിജ്ഞാനത്തിന്റെ അക്ഷയഖനിയായിരുന്നു, ഗൂഗിള്‍ തോറ്റുപോകും എന്ന് പറഞ്ഞാല്‍ എന്താ ഇത്രവലിയ കുഴപ്പം? ചോദിക്കുന്നത് സ്ഥിരമായി മണ്ടത്തരങ്ങള്‍ പറയുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബോ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയോ അല്ല. അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആ മണ്ടത്തരങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസ്. കൂടാതെ പി എസ് സി വഴി മുപ്പത്തഞ്ചാം വയസ്സില്‍ ജോലി കിട്ടുന്നതുവരെ ഭൂമിക്ക് ഭാരമാകാതെ പശുവിനെ വളര്‍ത്താന്‍ പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്നും മോഹന്‍ദാസ് ചോദിക്കുന്നു.

മോഹന്‍ദാസിനൊപ്പം കെ സുരേന്ദ്രനും ബിപ്ലബ് കുമാറിനെയും രൂപാണിയെയും പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴിയാണ് ഇരുവരും രാജ്യമൊന്നാകെ ചിരിച്ചു തള്ളിയ പ്രസ്താവനകള്‍ക്ക് അകമഴിഞ്ഞ പിന്തുണ അറിയിച്ചിരിക്കുന്നത്. ത്രിപുരയിലെ ഭരണമാറ്റത്തില്‍ കമ്മികള്‍ക്കും കൊങ്ങികള്‍ക്കും ചൊറിയുന്നത് മനസിലാക്കാം എന്നാല്‍ തോളില്‍ കയറിനിന്ന് ചെവി കടിക്കുന്നവരുടെ ചൊറിച്ചിലാണ് അരോചകം. അല്ലെങ്കിലും ഇത്തരം മഹാന്മാര്‍ കരുതുന്നത് കോഴി കൂവുന്നത് കൊണ്ടാണ് നേരം വെളുക്കുന്നതെന്നാണ്- സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മാധ്യമങ്ങള്‍ക്ക് നിരന്തരം മസാലകള്‍ നല്‍കുന്നത് നിര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിനെ ഡല്‍ഹിയില്‍ വിളിച്ചുവരുത്തി ശാസിക്കുമെന്നും വാര്‍ത്തകള്‍ വന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ സംഘപരിവാര്‍ നേതാക്കള്‍ ബിപ്ലബ് കുമാറിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

ദേവര്‍ഷി നാരദ് ജയന്തി ആഘോഷത്തില്‍ പങ്കെടുക്കുമ്പോഴാണ് വിജയ് രൂപാനി ആധുനിക ലോകത്തിലെ നാരദനാണ് ഗൂഗിള്‍ എന്ന് പറഞ്ഞത്. 'ഗൂഗിളിനെ പോലെ ലോകത്തിലെ സകല കാര്യങ്ങളിലും നാരദന് അറിവുണ്ടായിരുന്നു. മനുഷ്യധര്‍മ്മത്തിനും മാനവിക പുരോഗതിക്കും വേണ്ടിയാണ് നാരദന്‍ വിവരങ്ങള്‍ ശേഖരിച്ചത്'. എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

സര്‍ക്കാര്‍ ജോലിക്ക് വേണ്ടി രാഷ്ട്രീയര്‍ക്ക് പിന്നാലെ ഓടുന്നത് നിര്‍ത്തി പശുവിനെ കറക്കൂ, പണം സമ്പാദിക്കൂ. അല്ലെങ്കില്‍ മുറുക്കാന്‍ കട തുടങ്ങൂ എന്നായിരുന്നു ത്രിപുര മുഖ്യമന്ത്രിയുടെ ആഹ്വാനം. ബിജെപി മുഖ്യമന്ത്രിമാരുടെ പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളാകുകയും ചെയ്തു. എന്നാല്‍ ഇതില്‍ പരിഹസിക്കാനൊന്നുമില്ലെന്നും അവര്‍ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്നുമാണ് മോഹന്‍ദാസ് പറയുന്നത്.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'സിവില്‍ സര്‍വീസ് ദിനത്തോടനുബന്ധിച്ചു തലസ്ഥാനമായ അഗര്‍ത്തലയില്‍ നടന്ന ചടങ്ങില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് പറഞ്ഞു.
''നേരത്തെ ആര്‍ട്ട് സ്ട്രീമിലെ ആളുകള്‍ ആരുന്നു സിവില്‍ സര്‍വീസിലേക്ക് കൂടുതല്‍ വന്നിരുന്നത്. ഇക്കാലത്ത് ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരുമാണ് സിവില്‍ സര്‍വീസിലേക്ക് കൂടുതല്‍ വരുന്നത്.''
അത് കഴിഞ്ഞു തമാശ ചേര്‍ത്ത് ഒരു കാര്യം കൂടി പറഞ്ഞു.

''മെക്കാനിക്കല്‍ എഞ്ചിനിയര്‍മാര്‍ അത് കഴിഞ്ഞു സിവില്‍ സര്‍വീസ് തിരഞ്ഞെടുക്കുന്നത് ശരിയല്ല. എന്നാല്‍ സിവില്‍ എഞ്ചിനീയര്‍മാര്‍ക്ക് ആവാം.
അവര്‍ക്കു ബില്‍ഡിങ് കെട്ടി പരിചയമുണ്ട്.
സൊസൈറ്റി ബില്‍ഡ് അപ്പ് ചെയ്യാന്‍ അവരുടെ ഈ പരിചയം ഉപകരിക്കും'
അതെങ്ങിനെ എന്നും കൂടി ഉണ്ട്..
''സിവില്‍ എഞ്ചിനീയര്‍ ഒരു കെട്ടിടം ഉണ്ടാക്കുന്ന പോലെയാണ് അഡ്മിനിസ്‌ട്രേഷനിലുള്ളവര്‍ സമാജത്തെ നിര്‍മ്മിയ്ക്കുന്നത്.
പ്ലാനിങ്ങ്, പ്രൊജക്ട് മാനേജ്‌മെന്റ്, ടൗണ്‍, നഗര പ്ലാനിങ്ങ്, പൊതുമരാമത്ത് തുടങ്ങി അഡ്മിനിസ്‌ട്രേഷന്റെ വലിയ ഒരു ഭാഗം സിവില്‍ എഞ്ചിനീയറിങ്ങിന്റെ സൃഷ്ടി തന്നെയാണ്.

ആ പരിചയം സമാജത്തെ നല്ല രീതിയില്‍ നിര്‍മ്മിക്കാന്‍ ഒരാളെ സഹായിക്കും..''
ഈ പറഞ്ഞത് നമ്മുടെ വിപ്‌ളവ മാധ്യമങ്ങള്‍ ഇങ്ങനെ തിരുത്തി.
''സിവില്‍ സര്‍വീസ് എടുക്കേണ്ടത് സിവില്‍ എഞ്ചിനീയര്‍മാരാണ്, അല്ലാതെ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരല്ല'' എന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് പറഞ്ഞെന്നു.ത്രിപുരയിലെ ഭരണമാറ്റത്തില്‍ കമ്മികള്‍ക്കും കൊങ്ങികള്‍ക്കും ചൊറിയുന്നത് മനസ്സിലാക്കാം. എന്നാല്‍ തോളില്‍ കേറിനിന്ന് ചെവി കടിക്കുന്നവരുടെ ചൊറിച്ചിലാണ് അരോചകം. അല്ലെങ്കിലും ഇത്തരം മഹാന്‍മാര്‍ കരുതുന്നത് കോഴി കൂവുന്നതുകൊണ്ടാണ് നേരം വെളുക്കുന്നതെന്ന്.'http://www.azhimukham.com/india-stupid-comments-by-biplabkumardeb/

Next Story

Related Stories