TopTop

ആരാണ് 'കാട്ടിൽ നിന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലെ'ത്തിയ 'സര്‍വ്വാധികാരി' ടിക്കാറാം മീണ ഐഎഎസ്?

ആരാണ്
ടിക്കാറാം മീണ ഐഎഎസ്- തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം കേരളം ചർച്ച ചെയ്ത പേരുകളിൽ ഒന്നാണ് ഇത്. സംസ്ഥാനത്തെ മുഖ്യതിര‍ഞ്ഞെടുപ്പ് ഓഫീസറായി നിയമിക്കപ്പെട്ട അദ്ദേഹം ശബരിമല വിഷയം തിര‍ഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത് സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തോടെയാണ് വാർത്തകളില്‍ ഇടം പിടിക്കുന്നത്. ഇതിന് പിറകെ തിരഞ്ഞെടുപ്പ് ചൂട് കത്തി നിന്ന ദിവസങ്ങളിൽ അതിനൊപ്പം ടിക്കാറാം മീണ മീണയുടെ പേരും ഉയർന്നു കേട്ടുകൊണ്ടേ ഇരുന്നു.

പ്രചാരണ ഘട്ടത്തില്‍ ശബരിമല വിഷയത്തില്‍ രാഷ്ട്രീയ ഭേദമന്യേ മീണ നടപടികളുമായി വന്നു. ബിജെപി അദ്ധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ളയും യു ഡി എഫിന്റെ കാസര്‍ഗോഡ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍, ബിജെപിയുടെ തൃശൂര്‍ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി, എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ എന്നിവര്‍ക്കെതിരെ കടുത്ത വിമര്‍ശനവും താക്കീതുമായി മീണ രംഗത്തുവന്നു. എ കെ ജി സെന്റ്ററിലെ പണിക്കാരനാണ് മീണ എന്നായിരുന്നു ആറ്റിങ്ങല്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രസംഗം. ഇതുവരെ ഇല്ലാത്ത വിധം ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വാര്‍ത്തകളില്‍ നിറയുകയായിരുന്നു. പലപ്പോഴും തന്റെ ഭാഗം വിശദീകരിക്കാനായി മീണ വാര്‍ത്താ സമ്മേളനം വിളിക്കുകയും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു. ഈ ഘട്ടത്തിലൊന്നും സി പി എം മീണയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തുണ്ടായിരുന്നില്ല.

എന്നാൽ, വോട്ടെടുപ്പ് പൂർത്തിയായതിന് പിറകെ സിപിഎമ്മിനെതിരെ കള്ളവോട്ട് ആരോപണങ്ങൾ ഉയരുകയും ഇതിൻമേൽ സംസ്ഥാന തിര‍‌ഞ്ഞെടുപ്പ് ഓഫീസർ എന്ന നിലയിൽ നടപടികൾ കർശനമാക്കി മുന്നോട്ട് പോവുകയും ചെയ്തതോടെ ടിക്കാറാം മീണയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തു വിമര്‍ശനം അഴിച്ചുവിട്ടു. കൂടാതെ സംസ്ഥാനത്തെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും നേരിട്ട് തന്നെ മീണയ്ക്കെതിരെ രംഗത്തെത്തി. വൈദ്യുതി മന്ത്രി എം എം മണി കഴിഞ്ഞ ദിവസം ചോദിച്ചത് മീണ സര്‍വ്വാധികാരി ആണോ എന്നാണ്?

അതേസമയം തന്റെ ഇതുവരെയുള്ള സർവീസ് കാലയളവിൽ കാര്യമായ പേരുദോഷം കേൾപ്പിക്കാത്ത വ്യക്തിയാണ് ടിക്കാറാം മീണ. രാജസ്ഥാനിലെ ദരിദ്ര കർഷക കുടുംബത്തിൽ നിന്നും സിവിൽ സർവീസ് രംഗത്തെത്തിയ വ്യക്തിയാണ് മീണ.

'കാട്ടിൽ നിന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്'. കേരള സർക്കാറിന്റെ സാമ്പത്തിക ആസൂത്രണ വകുപ്പ് സെക്രട്ടറിയായി നിയമിക്കപ്പെട്ടപ്പോൾ മിന്‍റ് നല്‍കിയ വാർത്തയ്ക്ക് നൽകിയ തലക്കെട്ടായിരുന്നു ഇത്. കാടിനോട് ചേർന്ന് കിടക്കുന്ന രാജസ്ഥാനിലെ വികസനമെത്താത്ത ഉൾ‌ഗ്രാമത്തിൽ നിന്നാണ് ടിക്കാറാം മീണ സിവിൽ സർവീസിലെത്തുന്നത്. വഴികാട്ടിയായത് മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്ന പിതാവിന്റെ ആഗ്രഹവും. ടിക്കാറാം മീണയെ കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ പിതാവ് ജയ്റാം മീണയെ പ്രതിപാദിക്കാതെ കടന്ന് പോവാനാവില്ല.

രാജസ്ഥാനിലെ സാവായ് മധോപൂർ സ്വദേശിയായ ജയ് റാം മീണയുടെ ആറുമക്കളിൽ ഇളയ മകനാണ് ടിക്കാറാം മീണ. ജവഹർ ലാൽ നെഹ്രുവിന്റെ പ്രസംഗങ്ങളുടെ കടുത്ത ആരാധകനായിരുന്നു പിതാവ്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച നെഹ്രു നടത്തിയ പ്രസംഗങ്ങളായിരുന്നു അദ്ദേഹത്തെ ആകർഷിച്ചത്. തന്റെ ആറുമക്കളിൽ രണ്ട് പേർക്കെങ്കിലും മികച്ച വിദ്യാഭ്യാസം നൽകണമെന്ന അദ്ദേഹം തീരുമാനിക്കുകയായിരുന്നു. എല്ലാ മക്കൾക്കും മികച്ച വിദ്യാഭ്യാസം എന്നത് ആ കർഷകന് താങ്ങാനാവുമായിരുന്നില്ല. മുത്തമകൻ രത്തൻ ലാൽ, ഇളയ മകൻ ടിക്കാറാം മീണ എന്നിവർക്കായിരുന്നു അവസരം ലഭിച്ചത്. ഇരുവരും പിന്നീട് സിവില്‍ സർവീസിൽ എത്തുകയും ചെയ്തു.

ദുരിതം നിറഞ്ഞതായിരുന്നു പഠനകാലം. തുണി സഞ്ചിയുമായിട്ടാണ് താൻ സ്കൂളിൽ പോയിരുന്നതെന്ന് മീണ ഒരിക്കൽ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മഴയിൽ നിന്നും വെയിലിൽ നിന്നും രക്ഷപ്പെടാൻ ഈ സഞ്ചിയും പുസ്തകങ്ങളും മാത്രമായിരുന്നു ഉപാധി. വീട്ടിൽ നിന്നും 10 കിലോ മീറ്റർ അകലെയുള്ള സ്കൂളിലായിരുന്നു മിഡിൽ സ്കുള്‍ വിദ്യാഭ്യാസം. പുഴയടക്കം മുറിച്ച് കടന്നുവേണമായിരുന്നു സാഹസിക യാത്ര.
തന്റെ 12ാം വയസ്സിൽ പ്രദേശത്തെ അധ്യാപകന്‍ നൽകിയ ഇംഗീഷ് വാക്കുകളും അർത്ഥവുമുള്ള പുസ്തകമാണ് പുതിയ ലോകം തുറന്ന് തന്നത്. കന്നുകാലികളെ മേയ്ക്കാൻ പോവുമ്പോഴായിരുന്നു അത് വായിക്കാൻ സമയം കണ്ടെത്തിയത്. എന്നാൽ ബിഎ കോഴ്സിന് ചേരുന്നത് വരെ തനിക്ക് ഇംഗ്ലീഷിൽ ഔദ്യോഗിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

സഹോദരൻ രത്തൻ ലാൽ ഇതിനിടെ ഐപിഎസ് നേടി. മീണ തിരഞ്ഞെടുത്തത് ഐഎഎസും. (സഹോദരൻ അടുത്തിടെ സർവീസിൽ നിന്നും വിരമിച്ചു). സിവിൽ സർവീസ് കിട്ടിയതോടെ ആദ്യ പോസ്റ്റിങ്ങ് ലഭിച്ചത് കേരളത്തിൽ. മലപ്പുറം സബ് കളക്ടറായിട്ടായിരുന്നു നിയമനം. കേരളത്തിൽ‌ തന്നെ കുഴക്കിയത് ഭാഷയാണെന്നായിരുന്നു ടിക്കാ റാം മീണയുടെ ആദ്യകാല പ്രതികരണങ്ങൾ. എന്നാൽ സംസ്ഥാനത്ത് 15 വർഷത്തെ സേവനം ചെയ്ത അദ്ദേഹം മലയാളം സംസാരിക്കാൻ നന്നായി തന്നെ പഠിച്ചു.

ഇതിന് ശേഷം ലഭിച്ച ഡെപ്യൂട്ടേഷനിൽ 2000-2007 കാലത്ത് കേന്ദ്ര പ്ലാനിങ്ങ് കമ്മീഷൻ, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി എന്നിവയിലും ടിക്കാ റാം മീണ അംഗമായി. സാമ്പത്തിക വിദഗ്ദനല്ലാതിരുന്ന മീണയ്ക്ക ഈ രംഗത്തെ മികച്ച വ്യക്തികളുമായി ചേർന്ന് പ്രവര്‍ത്തിക്കാനുള്ള അവസരമായിരുന്നു ഇത്. അന്നത്തെ പ്രധാന മന്ത്രി ഡോ. മൻമോഹൻ സിങ്ങ്, റിസർവ് ബാങ്ക് ഡി സുബ്ബറാവു, മൊണ്ഡേഗ് സിങ്ങ് അലുവാലിയ എന്നവരാണ് ഇതിലെ പ്രമുഖർ. ഇതിന് ശേഷമാണ് അദ്ദേഹം സംസ്ഥാന ആസുത്രണ ബോർഡ് ഡയറക്ടറായി കേരളത്തിൽ തിരിച്ചെത്തുന്നത്.

സംസ്ഥാന കൃഷി വകുപ്പിൽ അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീണറുടെ അധിക ചുമതലയും കാർഷിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് വരവെയാണ് ടിക്കാറാം മീണയെ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ എന്ന ചുമതലയിൽ നിയോഗിക്കപ്പെടുന്നത്. പിന്നീട് ഉണ്ടായതെല്ലാം മലയാളികൾ അടുത്തിടെ നേരിട്ട് കണ്ടതും കേട്ടതുമാണ്.

Next Story

Related Stories