Top

ഒരു നാടിന്റെ അതിജീവനം; മദ്രസ കെട്ടിടത്തില്‍ സ്‌കൂളൊരുക്കി കുറിച്യര്‍മല നിവാസികള്‍

ഒരു നാടിന്റെ അതിജീവനം; മദ്രസ കെട്ടിടത്തില്‍ സ്‌കൂളൊരുക്കി കുറിച്യര്‍മല നിവാസികള്‍
കേരളമാകെ കനത്ത മഴക്കെടുതിയില്‍ മുങ്ങിയപ്പോള്‍ വയനാട് ജില്ലയില്‍ ദുരിതം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശമായിരുന്നു പൊഴുതന. ഇവിടത്തെ കുറിച്യര്‍മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ഒരു പ്രദേശത്തെ ആകമാനം ദുരന്ത ഭുമിയാക്കുകയായിരുന്നു. മഴക്കെടുതിക്കും പ്രളയത്തിനു ശേഷം കുറിച്യര്‍മല എല്‍പി സ്‌കൂള്‍ ഇപ്പോഴും ചെളിമൂടിക്കിടക്കുകയാണ്. എന്നാല്‍ ഒരു നാടിന്റെ പ്രാഥമിക വിദ്യാഭ്യാസ സ്വപനങ്ങളെ തടയാന്‍ ദുരത്തിന്റെ പേരില്‍ തള്ളിക്കളയാന്‍ അന്നാട്ടുകാര്‍ തയ്യാറായിരുന്നില്ല. സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് വീണ്ടും തുറക്കുമ്പോള്‍ കുറിച്യര്‍ മല എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളും ഇന്ന് ക്ലാസുകളിലെത്തി. പക്ഷേ പഴയ സ്‌കൂളിലല്ല. സമീപത്തെ ഹയാത്തുല്‍ ഇസ്ലാം മദ്രസയിലാണ് ഇതിനുള്ള താല്‍ക്കാലിക സൗകര്യം ഒരുക്കിയത്.

കഴിഞ്ഞ 13 ന് ആയിരുന്നു കുറിച്യര്‍മല, മേല്‍മുറി പേട്ടുകുന്ന് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതോടെ സ്‌കൂളിന് സാരമായ കേടുപാടുകള്‍ സംഭവിക്കുകയായിരുന്നു. ചോക്കു മുതല്‍ കംപ്യൂട്ടറുകള്‍ വരെ എല്ലാം നശിച്ചു. ഇതോടെയാണ് സ്‌കൂളിലെ 92 വിദ്യാര്‍ഥികള്‍ക്കായി മദ്രസയില്‍ താല്‍ക്കാലിക സൗകര്യം ഒരുക്കാന്‍ തീരുമാനമാവുന്നത്. എന്നാല്‍ ഇത്രയും കുട്ടികളെ ഒരുമിച്ച് ഉള്‍ക്കൊള്ളാന്‍ മദ്രസയ്ക്ക് ആവുമായിരുന്നില്ല. തുടര്‍ന്ന് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ താല്‍ക്കാലിക സൗകര്യം ഒരുക്കി.ക്ലാസ് മുറികള്‍ ഒരുക്കുകയെന്നത് വെല്ലുവിളി  തന്നെയായിരുന്നു. ബോര്‍ഡ് ഉള്‍പ്പെടെ എല്ലാം പുതിയത് സംഘടിപ്പിക്കേണ്ടിയിരുന്നു. വിവിധ സംഘടനകള്‍ സഹായവുമായെത്തി. ടാറ്റാ സ്റ്റീല്‍ കമ്പനി 25 ബഞ്ചുകളും ഡസ്‌കുകളും കപ്യൂട്ടറുകളും നല്‍കി. അടിസ്ഥാന സൗര്യങ്ങള്‍ ഒരുങ്ങിയതോടെ ചിത്രങ്ങള്‍കൊണ്ടുള്‍പ്പെടെ സുന്ദരമാക്കിയ ക്ലാസ് മുറികളില്‍ ബുധനാഴ്ച വീണ്ടും കുട്ടികളെത്തുകായായിരുന്നു. ലൈബ്രറി ഒരുക്കി കെഎസ്ടിഎയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.പ്രവേശനോല്‍സവത്തിന് സമാനമായ ചടങ്ങുകളോടെയായിരുന്നു ഇന്ന് മദ്രസക്കെട്ടിടത്തില്‍ കുറിച്യര്‍മല എല്‍പി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍ ഉള്‍പ്പെടെ ചടങ്ങിലെത്തിയിരുന്നു. സ്‌കൂളിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എംഎല്‍എ ഫണ്ടില്‍ നിന്നും 1.4 കോടി നീക്കിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. യുപി സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള പദ്ധതിയും പ്രഖ്യാപിച്ച അദ്ദേഹം ഇതിനുള്ള സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അറിയിച്ചിട്ടുണ്ട്.താല്‍ക്കാലിക ക്ലാസ് മുറികളില്‍ ഇന്ന് ഔദ്യോഗികമായി സ്‌കുള്‍ ആരംഭിച്ചെങ്കിലും രണ്ടു ദിവസങ്ങളിലായി നടക്കന്ന കൗണ്‍സിലിങ്ങിനും മോട്ടിവേഷന്‍ ക്ലാസുകള്‍ക്കും ശേഷം മാത്രമായിരിക്കും അധ്യയനം തുടങ്ങുക. കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനായാണ് രണ്ട് ദിവസങ്ങള്‍ നീക്കിവയ്ക്കുന്നത്.

Next Story

Related Stories