UPDATES

ട്രെന്‍ഡിങ്ങ്

നിപ ഭീതി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുര്‍ബാന രീതി മാറ്റാന്‍ താമരശ്ശേരി അതിരൂപതയുടെ ഇടയലേഖനം

പകര്‍ച്ചവ്യാധി വ്യാപിക്കാതിരിക്കാനും പ്രതിരോധിക്കാനുമായി സര്‍ക്കാരും ജില്ലാ ഭരണകൂടവും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

നിപ വൈറസ് ഭീതിയെ തുടര്‍ന്ന് താമരശ്ശേരി അതിരൂപത കുര്‍ബാന രീതികള്‍ മാറ്റുന്നു. നിപയുടെ സാഹചര്യത്തില്‍, പള്ളികളില്‍ വിശുദ്ധകുര്‍ബാന സ്വീകരിക്കുമ്പോള്‍, വിശ്വാസികളുടെ കൈകളില്‍ കുര്‍ബാന നല്‍കണമെന്ന് താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അറിയിച്ചു. സാധാരണയായി സീറോ മലബാര്‍ കത്തോലിക്ക സഭ വിശ്വാസികള്‍ക്ക് കുര്‍ബാന നല്‍കുന്നത് നാവിലാണ്. ഇത് മാറ്റാനാണ് ബിഷപ്പിന്റെ ഇടയലേഖനം.

പകര്‍ച്ചവ്യാധി വ്യാപിക്കാതിരിക്കാനും പ്രതിരോധിക്കാനുമായി സര്‍ക്കാരും ജില്ലാ ഭരണകൂടവും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ബിഷപ്പിന്റെ ഇടയലേഖനത്തില്‍ പറയുന്നു.  ഇടവകകളിലെ കുടുംബകൂട്ടായ്മകള്‍, മാമോദീസ, വീട് വെഞ്ചരിപ്പ്, വിവാഹം തുടങ്ങി മാറ്റിവയ്ക്കാന്‍ സാധിക്കുന്ന എല്ലാ ചടങ്ങുകളും മാറ്റിവയ്ക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഒപ്പം മത പഠന ക്ലാസുകളും മാറ്റി വെച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കുര്‍ബാന രീതികള്‍ മാറ്റാനാണ് നിര്‍ദ്ദേശം.ജൂണ്‍ 3ന് ആരംഭിക്കേണ്ട മതബോധന ക്ലാസുകള്‍ ജൂണ്‍ പത്തിന് ആരംഭിച്ചാല്‍ മതിയെന്നും പറയുന്നു. രോഗഭീതി അകലുന്ന സമയം വരെയും കുടുംബ കൂട്ടായ്മകളുടെ സമ്മേളനങ്ങള്‍ ഉപേക്ഷിക്കണം. കൂടാതെ അത്യാവശ്യമല്ലാത്ത യാത്രകളും സമ്മേളനങ്ങളും ആഘോഷങ്ങളും പൂര്‍ണമായും വേണ്ടെന്നു വയ്ക്കുന്നത് ഉചിതമായിരിക്കുമെന്നും ഇടയലേഖനത്തില്‍ പറയുന്നു.

നിപ വൈറസ് ബാധ രണ്ടാം ഘട്ടം ആരംഭിച്ചെന്ന് സംശയമുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു. ആദ്യഘട്ടത്തില്‍ അധികം പേരിലേക്ക്‌ നിപ വൈറസ് പകരാതെ നിയന്ത്രിക്കാന്‍ സാധിച്ചു. എന്നാല്‍ നേരത്തെ നിപ ബാധിച്ചിരുന്നവരുമായി ഇടപഴകിയ ആള്‍ക്കാര്‍ക്ക് നിപ പകരാന്‍ സാധ്യതയുണ്ടെന്ന് ആ സമയത്ത് തന്നെ പറഞ്ഞിരുന്നു.

അത്തരത്തില്‍ രണ്ടാമതും നിപ വൈറസ് ബാധിക്കാന്‍ സാധ്യതയുള്ള ഇങ്കുബേഷന്‍ പീരീഡ് കഴിയുന്നതുവരെ ശ്രദ്ധിക്കേണ്ടതുണ്ട്. നേരത്തെ നിപ വൈറസ് ബാധിച്ചവരുമായി ബന്ധപ്പെട്ട ആളുകളെ നിരീക്ഷിക്കേണ്ടതുണ്ട്. നിപയുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ കാണിക്കുന്ന സമയത്ത് പരിശോധിക്കുമ്പോള്‍ മാത്രമേ ഇത് പോസിറ്റീവാണോ എന്ന് അറിയാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെയാണ് വളരെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പറയുന്നത്.

വൈറസ് ബാധയുടെ രണ്ടാം ഘട്ടം ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ നിപയെ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എങ്കിലും വലിയ ജാഗ്രത ആവശ്യമാണ്. ഇത്തരത്തില്‍ നിപ ബാധിതരുമായി അടുത്തിടപഴകിയവര്‍ നിശ്ചിത കാലാവധി കഴിയുന്നതുവരെ കഴിവതും കൂട്ടായ്മകള്‍ ഒഴിവാക്കണം. നിപ രോഗിയുമായി ഇടപഴകിയവര്‍ ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കണം. അവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഒരു നാടിനെ രക്ഷിക്കാനുള്ള പ്രയത്‌നത്തില്‍ എല്ലാവരും സഹകരിക്കണം.

ഇതോടൊപ്പം എല്ലാവരും വളരെ ശ്രദ്ധ പുലര്‍ത്തണം. ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ പോലും ആശുപത്രിയില്‍ ചികിത്സ തേടണം. കഴിവതും ഇടപഴകല്‍ ഒഴിവാക്കണം. ഇത് മറ്റൊരു രോഗം പോലെയല്ല. ശരീരത്തില്‍ വൈറസ് വന്നാല്‍ പെട്ടെന്ന് തലച്ചോറിനെ ബാധിക്കുന്ന ഒരു പ്രത്യേക തരം വൈറസാണ്. അതുകൊണ്ട് അതീവ ജാഗ്രത പുലര്‍ത്തണം. കേന്ദ്രവുമായും ഇത്തരം അനുഭവമുള്ള രാജ്യങ്ങളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. കണ്‍ട്രോള്‍ റൂം ഇപ്പോഴും കോഴിക്കോട് പ്രവര്‍ത്തിച്ചു വരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ടീം ഇപ്പോഴും അവിടെത്തന്നെയുണ്ട്. അത് പിന്‍വലിച്ചിട്ടില്ല. പൂര്‍ണമായും നിയന്ത്രണവിധേയമാകും വരെ ഈ സംഘത്തെ നിലനിര്‍ത്തും. രണ്ടാം ഘട്ടത്തില്‍ നിപ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്.

18 പേരിലാണ് നിപ വൈറസ് ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചത്. അതില്‍ നിന്നും 16 പേരാണ് മരണമടഞ്ഞത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില മെച്ചപ്പെട്ടു വരുന്നു എന്നത് ആശ്വാസമാണ്. ഈ 18 പേരുമായി ഏതെങ്കിലും വിധത്തില്‍ ഇടപഴകിയ ബാക്കിയുള്ളവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. പരിശോധനയില്‍ ഇവരില്‍ മഹാഭൂരിപക്ഷത്തിനും നെഗറ്റീവാണ്. കഴിഞ്ഞ ദിവസം പരിശോധിച്ച 35 ഓളം കേസുകളില്‍ രണ്ടെണ്ണം മാത്രമാണ് പോസിറ്റീവായി വന്നത്. ബാക്കിയെല്ലാം നെഗറ്റീവാണ്. ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയോടെ എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ച് വരുന്നു. എല്ലാ ജനങ്ങളുടേയും പൂര്‍ണ സഹകരണവും മന്ത്രി അഭ്യര്‍ത്ഥിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍