TopTop
Begin typing your search above and press return to search.

രാജി വച്ചില്ലെങ്കില്‍ കെ.പി.എ.സി ലളിതയെ പുറത്താക്കണം: നാടകപ്രവര്‍ത്തകര്‍

രാജി വച്ചില്ലെങ്കില്‍ കെ.പി.എ.സി ലളിതയെ പുറത്താക്കണം: നാടകപ്രവര്‍ത്തകര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിസ്ഥാനത്തുള്ള നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച, കേരള സംഗീത നാടക അക്കാദമി അധ്യക്ഷ കെ.പി.എ.സി ലളിതയുടെ നടപടിക്കെതിരായ പ്രതിഷേധം തുടരുന്നു. ഒരു സര്‍ക്കാര്‍ പദവിയിലിരിക്കുന്ന ആള്‍ എന്ന നിലയില്‍ ലളിതയുടെ നടപടി ശരിയായില്ലെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന നാടകസംവിധായകരും അധ്യാപകരും നാടക പ്രവര്‍ത്തകരും അടക്കമുള്ള 14 പേര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

പ്രസ്താവനയുടെ പൂര്‍ണരൂപം

നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസില്‍ ഗൂഡാലോചനക്കുറ്റത്തിന് പ്രതിയായ നടന്‍ ദിലീപിനെ കേരള സംഗീത നാടക അക്കാദമി അദ്ധ്യക്ഷ ശ്രീമതി. കെ.പി.എ.സി. ലളിത ജയിലില്‍ സന്ദര്‍ശിച്ച് പരസ്യമായി പിന്തുണച്ച വാര്‍ത്ത ഞങ്ങള്‍, കേരളത്തിലെ നാടക സംവിധായകരും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും ഞെട്ടലോടെയാണ് കേട്ടത്. ഓടുന്ന ബസില്‍, ഡല്‍ഹിയില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട നിര്‍ഭയ കേസിന്‍റെ ഭീകരതയോടാണ് ഓടുന്ന കാറില്‍ നടന്ന ഈ ആക്രമണത്തെ കോടതിയില്‍ പ്രോസിക്യൂഷന്‍ താരതമ്യം ചെയ്തത്. സഹജീവികളോട് അനുകമ്പയില്ലാത്ത ഈ പ്രവൃത്തി സ്ത്രീത്വത്തിനെതിരായ നിഷ്ഠൂരമായ കൈയ്യേറ്റമാണെന്ന് മാത്രമല്ല, അതിലുപരി, ജാമ്യം നിഷേധിക്കും വിധം അതില്‍ കുറ്റാരോപിതനായ ഒരാളെ ജയിലില്‍ സന്ദര്‍ശിക്കുന്നത്, സ്ത്രീകള്‍ക്കെതിരായ പീഡനത്തെ ക്രൂരമായി ന്യായീകരിക്കുന്നതുമാണെന്ന് ഞങ്ങള്‍ വിലയിരുത്തുന്നു.

ലോകത്തെ, ജീവിക്കാന്‍ യോഗ്യമായ വിധത്തില്‍ മാനുഷികവും സാംസ്കാരികവും രാഷ്ട്രീയാടിത്തറയുള്ളതുമായ ഒരു പരിഷ്കൃത സമൂഹമാക്കി മാറ്റുക എന്നതാണ് ഓരോ കലാകാരന്‍റെയും കലാകാരിയുടെയും പ്രാഥമിക കര്‍ത്തവ്യം. കലാപരമായ ഇത്തരം ഉത്തരവാദിത്വങ്ങളുടെയും ഉല്‍ക്കണ്ഠകളുടെയും എതിര്‍ദിശയിലേയ്ക്ക് നടക്കാന്‍, കേരളത്തിലെ ഏറ്റവും ഉന്നതമായ സാംസ്കാരിക സ്ഥാപനത്തിന്‍റെ അദ്ധ്യക്ഷ തീരുമാനിച്ചത് വിരോധാഭാസമാണെന്ന് മാത്രമല്ല, അവതരണകലാരംഗത്തെ മുഴുവന്‍ ആളുകളെയും അവഹേളിക്കുന്നതുമാണ്. നികുതിദായകരുടെ പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന്‍റെ ആദരണീയ സ്ഥാനത്തിരുന്നുകൊണ്ടുള്ള അവരുടെ അന്ത:സാരശൂന്യമായ ഈ നടപടിയെ ഞങ്ങള്‍ അതിശക്തമായി അപലപിക്കുന്നു. പൊതുസ്ഥാനത്തിരിക്കുന്ന ആളുകള്‍ക്ക് ഇത്തരം ഹീനമായ കുറ്റകൃത്യങ്ങളില്‍ പ്രതിയായവരോട് വ്യക്തിപരമായ അനുഭാവം പുലര്‍ത്താനും പിന്തുണയ്ക്കാനും അവകാശമുണ്ടെന്ന ധാരണയും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്. സാംസ്കാരിക സ്ഥാപനങ്ങളിലെ പ്രധാന പദവികള്‍ വഹിക്കുന്നവര്‍ ഇത്തരം അരാഷ്ട്രീയവും ചിന്താശൂന്യവുമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുക തന്നെ വേണം. കടുത്ത മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് വിധേയയായ ഒരു യുവതിയുടെ വികാരങ്ങളെ - അവര്‍ തന്നെപ്പോലെ ഒരു നടിയാണെന്ന കാര്യം പോലും പരിഗണിക്കാതെ - അവഗണിച്ച അക്കാദമി അദ്ധ്യക്ഷയുടെ തീരുമാനം അതീവ ഖേദകരമാണ്.

വാസ്തവത്തില്‍, നടി എന്ന യോഗ്യതയിലും പേര് ചാര്‍ത്തലിലുമാണ് ശ്രീമതി കെ.പി.എ.സി. ലളിത ഇന്ന് കേരള സംഗീത നാടക അക്കാദമിയുടെ അദ്ധ്യക്ഷയായി ഇരിക്കുന്നത്. കെ.പി.എ.സി. ലളിതയുടെ ഈ വിവാദ നടപടിക്കെതിരായ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുന്നതോടൊപ്പം സംഗീത നാടക അക്കാദമി അദ്ധ്യക്ഷസ്ഥാനത്തുനിന്ന് അവര്‍ രാജിവയ്ക്കണമെന്നും സ്വമേധയാ അവര്‍ അതിന് തയ്യാറല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അവരെ തല്‍സ്ഥാനത്ത് നിന്ന് അടിയന്തിരമായി നീക്കം ചെയ്യണമെന്നും അതിലൂടെ കേരള സംഗീത നാടക അക്കാദമിയുടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

അതോടൊപ്പം, സ്വന്തം നടപടികളുടെ സാമൂഹിക - രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഇത്തരം ബോധരഹിത വ്യക്തിത്വങ്ങളെ സാംസ്കാരിക സ്ഥാപനങ്ങളുടെ അമരത്ത് കുത്തിനിറക്കുന്ന സാംസ്കാരിക നയം സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും പുന:പരിശോധിക്കണമെന്നും ഞങ്ങള്‍ താഴെപറയുന്ന നാടക സംവിധായകരും നാടകാദ്ധ്യാപകരും ആവശ്യപ്പെടുന്നു.

അഭിലാഷ് പിള്ള - അസോസിയേറ്റ് പ്രൊഫസര്‍, നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ, ന്യൂ ഡാല്‍ഹി, ITFOK മുന്‍ ഡയറക്ടര്‍

ചന്ദ്രദാസന്‍ - നാടകസംവിധായകന്‍, ലോകധര്‍മ്മി നാടക പഠന കേന്ദ്രം, കൊച്ചി

രമേശ്‌ വര്‍മ്മ - നടന്‍, നാടകസംവിധായകന്‍, നാടകാദ്ധ്യാപകന്‍ (ശങ്കരാചാര്യ സര്‍വ്വകലാശാല, കാലടി)

നരിപ്പറ്റ രാജു - നടന്‍, നാടകസംവിധായകന്‍, കടമ്പഴിപ്പുറം, പാലക്കാട്

ദീപന്‍ ശിവരാമന്‍ - നാടകസംവിധായകന്‍, ITFOK മുന്‍ ഡയറക്ടര്‍ (അസോസിയേറ്റ് പ്രൊഫസര്‍ അംബേദ്‌കര്‍ സര്‍വ്വകലാശാല, ന്യൂ ഡല്‍ഹി)

ജോസ് കോശി - നാടകസംവിധായകന്‍, ലൈറ്റിംഗ് ഡിസൈനര്‍, ഇന്‍വിസിബിള്‍ ലൈറ്റിംഗ് സൊലൂഷന്‍സ്, തൃശ്ശൂര്‍

ജിനോ ജോസ് - നാടകസംവിധായകന്‍, META ദേശീയ അവാര്‍ഡ് ജേതാവ്

സാംകുട്ടി പട്ടംകരി - നാടകസംവിധായകന്‍, രംഗകലാ വിദഗ്ദ്ധന്‍, ആലപ്പുഴ

സാം ജോര്‍ജ്ജ് - നാടകസംവിധായകന്‍, തിരുവനന്തപുരം

രത്നാകരന്‍ - നാടകസംവിധായകന്‍, കോഴിക്കോട്

ഗോപന്‍ ചിദംബരം - നാടകസംവിധായകന്‍, തിരക്കഥാകൃത്ത്, നാടകാദ്ധ്യാപകന്‍ (ശങ്കരാചാര്യ സര്‍വ്വകലാശാല, കാലടി)

അലിയാര്‍ അലി - നാടകസംവിധായകന്‍, അത് ലെറ്റിക് കായിക നാടക വേദി

കെ.വി ഗണേഷ് - നാടകസംവിധായകന്‍, തൃശൂര്‍

മാര്‍ട്ടിന്‍ ജോണ്‍ ചാലിശ്ശേരി - നടന്‍, നാടക സംവിധായകന്‍, തൃശൂര്‍.


Next Story

Related Stories