TopTop
Begin typing your search above and press return to search.

തോമസ് ചാണ്ടി- ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ കേരള അധ്യായം

തോമസ് ചാണ്ടി- ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ കേരള അധ്യായം

മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഒടുവില്‍ സംഭവിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് അവസാനം എന്‍സിപിയുടെ മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ ഹണീട്രാപ്പ് വിവാദത്തില്‍ ഉള്‍പ്പെട്ട് രാജിവച്ചൊഴിഞ്ഞപ്പോള്‍ മന്ത്രിയായ വ്യക്തിയാണ് തോമസ് ചാണ്ടി. അതേസമയം തോമസ് ചാണ്ടിയെ വിശദമായി പരിശോധിച്ചാല്‍ അതൊരു അപ്രതീക്ഷിത സാഹചര്യമല്ലെന്നും പകരം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും മനസിലാകും. 2016 മാര്‍ച്ചില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ കുട്ടനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി താനായിരിക്കുമെന്നും മന്ത്രിയാകുമെന്നും അതും ജലവകുപ്പ് തന്നെ ലഭിക്കുമെന്നും പരസ്യമായി പ്രഖ്യാപിച്ചയാളാണ് തോമസ് ചാണ്ടി. സ്ഥാനാര്‍ത്ഥിയാകാനും മന്ത്രിയാകാനും പണം കൊടുത്തിരിക്കുന്നുവെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. അതേസമയം എല്‍ഡിഎഫ് സര്‍ക്കാരില്‍ എന്‍സിപിയില്‍ നിന്നുള്ള മന്ത്രി എകെ ശശീന്ദ്രനായതോടെ ഈ ആരോപണങ്ങളുടെ മുന ഒടിയുകയും ചെയ്തു. രണ്ടര വര്‍ഷം വീതം മന്ത്രി സ്ഥാനം വീതിച്ചെടുക്കുമെന്നായിരുന്നു പിന്നീട് ചാണ്ടി അവകാശപ്പെട്ടത്. എന്നാല്‍ അഞ്ച് വര്‍ഷവും ശശീന്ദ്രന്‍ തന്നെ മന്ത്രിയായിരിക്കുമെന്ന് സാക്ഷാല്‍ പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ചതോടെ ചാണ്ടി നിശബ്ദനായി. അന്നത്തെ സംസ്ഥാന സെക്രട്ടറിയും ജനപ്രിയനുമായ ഉഴവൂര്‍ വിജയന്റെയും ദേശീയ നേതൃത്വത്തിന്റെയും എതിര്‍പ്പാണ് പ്രധാനമായും ചാണ്ടിക്ക് തിരിച്ചടിയായത്. എന്നാല്‍ ചാണ്ടി വെറുതെയിരിക്കുകയായിരുന്നില്ലെന്ന് പിന്നീട് കാലം തെളിയിച്ചു.

എകെ ശശീന്ദ്രന്‍ രാജിവച്ചപ്പോള്‍ തന്നെ ചാണ്ടിയിലെ ചാണക്യന്‍ കേരള സമൂഹത്തിന് മുന്നില്‍ വെളിവായതാണ്. ശശീന്ദ്രന്‍ രാജിവച്ചത് എന്തിനാണെന്ന് അറിയില്ലെന്നായിരുന്നു തോമസ് ചാണ്ടി പ്രതികരിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വയം മന്ത്രായായി പ്രഖ്യാപിച്ച തോമസ് ചാണ്ടി പിന്നീട് ശശീന്ദ്രന്‍ കാണിച്ച മര്യാദ കാണിച്ചില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം തോമസ് ചാണ്ടിയുടെ ചരിത്രം പരിശോധിച്ചാല്‍ ഇത്രമാത്രം ക്രിമിനല്‍ ബാക്ക്ഗ്രൗണ്ട് ഉള്ള ഒരു മന്ത്രി കേരള ചരിത്രത്തിലുണ്ടായില്ലെന്ന് മനസിലാകും. കഴിഞ്ഞ മന്ത്രിസഭയില്‍ കെ ബാബുവിന്റെ രാജി പോക്കറ്റില്‍ കൊണ്ടു നടന്ന ഉമ്മന്‍ ചാണ്ടിയെ ഇന്നും പരസ്യമായി തന്നെ പരിഹസിക്കാറുള്ള സിപിഎം തോമസ് ചാണ്ടിയുടെ രാജിയ്ക്ക് ഇത്രമാത്രം മെല്ലെപ്പോക്ക് നയം നടത്തിയതില്‍ നിന്നുതന്നെ ചാണ്ടിയുടെ കളികള്‍ കേരള സമൂഹത്തിന് വ്യക്തമാണ്. ടൂറിസം വ്യവസായിയെന്ന് പേര് കേട്ട ചാണ്ടി എന്നും വിവാദങ്ങളുടെ ഉറ്റതോഴനായിരുന്നു. കേരളത്തിലെ ഏറ്റവും ധനികനായ എംഎല്‍എയായ തോമസ് ചാണ്ടി എംഎല്‍എ ഹോസ്റ്റല്‍ ഉപയോഗിക്കാതെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് തിരുവനന്തപുരത്ത് വരുമ്പോഴുള്ള താമസം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിദേശ ചികിത്സയ്ക്കായി ഏറ്റവുമധികം സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച വ്യക്തിയാണ് ചാണ്ടി.

കെഎസ്‌യുവിലൂടെയാണ് ഈ ഇടതുപക്ഷ മന്ത്രി പൊതുപ്രവര്‍ത്തനത്തിലേക്കിറങ്ങിയത്. 1970ല്‍ കെഎസ്‌യുവിന്റെ കുട്ടനാട് യൂണിറ്റ് അധ്യക്ഷനായിരുന്നു തോമസ് ചാണ്ടി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ പാര്‍ട്ടി മാറുന്നതും മുന്നണി മാറുന്നതുമൊന്നും അപൂര്‍വതയല്ലാത്തതിനാല്‍ തോമസ് ചാണ്ടിയുടെ പഴയകാല കോണ്‍ഗ്രസ് ബന്ധത്തിലൊന്നും വലിയ കാര്യമില്ല. അതേസമയം കെഎസ്‌യുവില്‍ നിന്ന് വിട്ട ശേഷം ബിസിനസിലാണ് അദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചത്. 1996ല്‍ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ തോമസ് ചാണ്ടി അപ്പോഴേക്കും ശക്തമായ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയിരുന്നു. ആ സമയത്താണ് ഉമ്മന്‍ ചാണ്ടി എകെ ആന്റണിയെ മുന്‍നിര്‍ത്തി നടത്തിയ കരുനീക്കങ്ങളില്‍ കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് പുറത്തുവരുന്നത്. അതോടെ തോമസ് ചാണ്ടി കരുണാകരനൊപ്പം കൂടി. ആദ്യം നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയെന്നും പിന്നീട് ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് (ഡിഐസി) എന്നും പേര് പ്രഖ്യാപിച്ച കരുണാകരന്റെ പാര്‍ട്ടിയിലെ പ്രധാനിയായി തോമസ് ചാണ്ടി വളര്‍ന്നത് ഫണ്ട് റൈസര്‍ എന്ന നിലയിലാണ്. ഡിഐസി പിന്നീട് എന്‍സിപിയില്‍ ലയിച്ചതോടെ ചാണ്ടിച്ചനും എന്‍സിപിയിലെത്തി. അതേസമയം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറിനെ കയ്യിലെടുക്കാന്‍ മാത്രം അടുത്തകാലം വരെയും ചാണ്ടിയ്ക്ക് സാധിച്ചിട്ടുമില്ല. പിന്നീട് കരുണാകരന്‍ എന്‍സിപി വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങിയെങ്കിലും ചാണ്ടി എന്‍സിപിയില്‍ തന്നെ തുടര്‍ന്നു.

http://www.azhimukham.com/trending-kr-dhanya-writing-about-tv-anupama/

2006ല്‍ കരുണാകരന്റെ ആശിര്‍വാദത്തോടെ കുട്ടനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് ചാണ്ടി ആദ്യമായി നിയമസഭയിലെത്തുന്നത്. ഡോ. കെ സി ജോസഫിനെയാണ് ചാണ്ടി ആദ്യമായി പരാജയപ്പെടുത്തിയത്. കേരള കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന മണ്ഡലത്തെയാണ് എന്‍സിപി പിടിച്ചെടുത്തത്. പണത്തിന്റെ വിജയമായാണ് ചാണ്ടിയുടെ ഈ തെരഞ്ഞെടുപ്പ് വിജയം ഇന്നും വിലയിരുത്തപ്പെടുന്നത്. 2011ല്‍ കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം മാണി വിഭാഗത്തോടൊപ്പം ലയിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതോടെ കെ സി ജോസഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി. അതേസമയം കേരള രാഷ്ട്രീയത്തില്‍ അപ്പോഴേക്കും വലിയ അടിയൊഴുക്കുകള്‍ നടന്നിരുന്നു. അതിന്റെ ഫലമായി എന്‍സിപി എല്‍ഡിഎഫില്‍ എത്തുകയും ചാണ്ടി കുട്ടനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുകയും ചെയ്തു. ഇക്കുറിയും ജയം ചാണ്ടിയ്‌ക്കൊപ്പം നിന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തില്‍ ജയിച്ചതോടെ കുട്ടനാട്ടിന്റെ നായകനെന്ന ഖ്യാതിയിലേക്ക് അദ്ദേഹം ഉയരുകയും ചെയ്തു.

http://www.azhimukham.com/kerala-sharathkumar-reflecting-kerala-cpm-policy-drift/

കുട്ടനാട് സീറ്റ് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ആവശ്യപ്പെട്ടിട്ടും അത് തോമസ് ചാണ്ടിയ്ക്ക് തന്നെ ലഭിച്ചപ്പോള്‍ വിലയ്ക്കുവാങ്ങിയ സീറ്റെന്ന ആരോപണം ഉയര്‍ന്നിരുന്നു. കൂടാതെ മന്ത്രിസ്ഥാനവും ഉറപ്പെന്ന നിലയിലുള്ള ചാണ്ടിയുടെ പ്രഖ്യാപനം ഘടകകക്ഷികള്‍ക്കിടയിലും അഭിപ്രായ ഭിന്നതയുണ്ടാക്കി. പാവപ്പെട്ടവന്റെ പാര്‍ട്ടിയെന്ന് അറിയപ്പെടുന്ന സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഒരു ശതകോടീശ്വരന്‍ മന്ത്രിയായതിനെക്കുറിച്ചും പിന്നീട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സാധാരണക്കാരന്റെ ജനപ്രതിനിധിയല്ലെന്നതായിരുന്നു മറ്റൊരു ആരോപണം. എംഎല്‍എ ഹോസ്റ്റല്‍ ഉപേക്ഷിച്ച് വന്‍കിട ഹോട്ടലുകളില്‍ താമസിക്കുകയും വല്ലപ്പോഴും മാത്രം വിദേശ രാജ്യങ്ങളില്‍ നിന്നും നാട്ടിലെത്തുകയും ചെയ്യുന്ന ഒരു പ്രവാസി മന്ത്രിയായാണ് ഇന്നും അദ്ദേഹത്തെ കണക്കാക്കുന്നത്. വിവാദ വിഷയങ്ങളില്‍ ശശീന്ദ്രന്‍ രാജിവച്ചപ്പോഴും ചാണ്ടി വിദേശത്തായിരുന്നു. ഇന്ന് രാജിവച്ചൊഴിയുമ്പോള്‍ ഉടന്‍ ചെയ്യുന്ന പരിപാടി വിദേശയാത്രയുമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രണ്ട് കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും വിദേശ ചികിത്സയ്ക്കായി ഇദ്ദേഹം വാങ്ങിയത്. ഈ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയാകുന്നതിന് മുമ്പ് വരെ ഇതേ തുക വാങ്ങിക്കഴിഞ്ഞിരുന്നു. മന്ത്രിയായതിന് ശേഷം വിദേശ ചികിത്സയ്ക്കായി ചെലവഴിച്ച തുകയെക്കുറിച്ച് വ്യക്തത കൈവന്നിട്ടില്ല.

http://www.azhimukham.com/kerala-minister-thomas-chandy-became-kuwait-chandy/

ചാണ്ടിയെക്കുറിച്ചുള്ള ഏറ്റവും ഗുരുതരമായ ആരോപണം നിലനില്‍ക്കുന്നത് അദ്ദേഹം സജീവരാഷ്ട്രീയത്തില്‍ തിരികെയെത്തുന്നതിന് മുമ്പായതിനാല്‍ ആയിരിക്കും അതിനെ ആരും അത്ര ഗൗരവത്തോടെ എടുത്തുകണ്ടിട്ടില്ല. കുവൈറ്റ് സ്‌കൂള്‍ തട്ടിപ്പിലൂടെ കോടികള്‍ സമ്പാദിച്ച കേസ് ആണ് അത്. തൊണ്ണൂറുകളില്‍ ഈ കേസിന്റെ പേരില്‍ ചാണ്ടി കുവൈറ്റിലെ ജയിലില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. കുവൈറ്റ് ചാണ്ടിയെന്ന പേരിന് പിന്നിലുള്ള കഥ ഈ കേസാണ്. കുവൈറ്റ് സ്‌കൂള്‍ തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് മലയാളികളില്‍ ഒരാളാണ് ഇദ്ദേഹം. എട്ട് വര്‍ഷം തടവും പിഴയുമായിരുന്നു ശിക്ഷ. രാഷ്ട്രീയ കേരളത്തില്‍ എന്നും കോളിളക്കങ്ങള്‍ക്ക് സാധ്യതയുള്ള കിളിരൂര്‍ സ്ത്രീപീഡനക്കേസ് ആണ് രണ്ടാമത്തെ വിഷയം. കൂട്ടബലാത്സംഗത്തിനിരയാകുകയും പിന്നീട് ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്ത ശാരി എസ് നായരുടെ മൊഴിയിലും കേസന്വേഷണ രേഖകളിലുമുള്ള പേരാണ് തോമസ് ചാണ്ടിയുടേത്. 2004ല്‍ തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോര്‍ട്ടില്‍ വച്ചാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്ന് ശാരി മൊഴി നല്‍കിയിരുന്നു. പിന്നീട് വിഎസ് അച്യുതാനന്ദന്‍ നടത്തിയ വിഐപി പരാമര്‍ശം തോമസ് ചാണ്ടിയെ ലക്ഷ്യം വച്ചായിരുന്നെന്നും ആരോപണം ഉയര്‍ന്നു. കേസിലെ മുഖ്യപ്രതി ലത നായരാണ് ശാരിയെ ചാണ്ടിയുടെ റിസോര്‍ട്ടിലെത്തിച്ചത്. തോമസ് ചാണ്ടി ശാരിയെ ശാരീരികമായി പീഡിപ്പിച്ചില്ലെങ്കിലും 'പോയി ശരീരം നന്നാക്കി വരാന്‍' പറഞ്ഞിരുന്നെന്ന് ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടി നിവധി തവണ താന്‍ സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങിയെങ്കിലും ഒന്നും സംഭവിച്ചില്ലെന്നും ശാരിയുടെ അച്ഛന്‍ പറഞ്ഞിരുന്നു.

http://www.azhimukham.com/keralam-who-will-replace-thomaschandy-aksaseendran-or-cksaeendran-aruntvijayan/

2003ല്‍ ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തോളം വിവിധ സ്ഥലങ്ങളിലായി പീഡിപ്പിക്കപ്പെട്ട് ഗര്‍ഭിണിയായ ശാരി 2004 ഓഗസ്റ്റില്‍ ഒരു പെണ്‍കുഞ്ഞിന് ഗര്‍ഭം നല്‍കി. പ്രസവശേഷം അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ശാരി നവംബര്‍ 13ന് കോട്ടയം മാതാ ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തു. അതേസമയം കിളിരൂര്‍ കേസില്‍ വിഐപി ഇല്ലെന്നും തോമസ് ചാണ്ടി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തെന്നുമാണ് കേസ് ആന്വേഷിച്ച ആര്‍ ശ്രീലേഖ അന്ന് റിപ്പോര്‍ട്ട് നല്‍കിയത്. ശ്രീലേഖ ശാരിയുടെ മൊഴി രേഖപ്പെടുത്തിയതില്‍ ദുരൂഹതയുണ്ടെന്നും ശാരി പറഞ്ഞ പല കാര്യങ്ങളും ശ്രീലേഖ രേഖപ്പെടുത്തിയില്ലെന്നും മാതാപിതാക്കള്‍ അന്നേ ആരോപിച്ചിരുന്നു. കേസന്വേഷണത്തിനിടെ തോമസ് ചാണ്ടി എംഎല്‍എയുടെ നേതൃത്വത്തിലുള്ള ഒരു സംഘടന, മികച്ച പോലീസ് ഉദ്യോഗസ്ഥയ്ക്ക് നല്‍കിയ അവാര്‍ഡ് വാങ്ങാന്‍ കുവൈറ്റില്‍ പോയിരുന്നെന്നും മാതാപിതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.

http://www.azhimukham.com/news-wrap-pinarayi-will-decide-future-of-thomaschandy-sajukomban/

ഒരു വനിത മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് ശശീന്ദ്രനെ കുരുക്കുകയും മന്ത്രിസ്ഥാനം രാജിവയ്പ്പിക്കുകയും ചെയ്തതിന് പിന്നിലും തോമസ് ചാണ്ടിക്കുള്ള പങ്ക് പലപ്പോഴും ഉന്നയിക്കപ്പെടുന്നു. ഈ സ്റ്റിംഗ് ഓപ്പറേഷനായി മംഗളം ചാനലിന് രണ്ട് കോടി രൂപ കൊടുത്തത് തോമസ് ചാണ്ടിയാണെന്നാണ് ആരോപണം. ഈ ആരോപണം സത്യമാണെങ്കില്‍ മംഗളം ചാനലിലെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ഒരു വനിതാമാധ്യമപ്രവര്‍ത്തക അപമാനിക്കപ്പെടുകയും മാധ്യമങ്ങളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്ത ഒരു എപ്പിസോഡിലേക്ക് കേരളത്തെ നയിച്ചത് തോമസ് ചാണ്ടിയുടെ മന്ത്രി മോഹമാണെന്ന് പറയേണ്ടിവരും. തന്റെ ലക്ഷ്യങ്ങള്‍ ഏത് വിധേനെയും സാധിച്ചെടുക്കുന്ന തോമസ് ചാണ്ടിയെന്ന ക്രിമിനലിനെയാണ് ഇവിടെ വ്യക്തമാകുന്നത്. മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് തുടര്‍ച്ചയായി ആവര്‍ത്തിച്ചും ഇനിയും കയ്യേറുമെന്നും പ്രഖ്യാപിച്ചും തോമസ് ചാണ്ടി തന്റെ ധാര്‍ഷ്ട്യവും കേരള സമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തി.

http://www.azhimukham.com/news-wrap-graft-charge-against-millionaire-minister-thomas-chandy-sajukomban/


Next Story

Related Stories