TopTop

ഇത്രയും കാലം നാമജപം മാത്രം നടത്തിയ തങ്ങളുടെ മറ്റൊരു മുഖം കേരളം കാണുമെന്ന് ആര്‍എസ്എസ്

ഇത്രയും കാലം നാമജപം മാത്രം നടത്തിയ തങ്ങളുടെ മറ്റൊരു മുഖം കേരളം കാണുമെന്ന് ആര്‍എസ്എസ്
ശബരിമല വിഷയത്തില്‍ മറ്റൊരു ഹര്‍ത്താല്‍ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. അയ്യപ്പ കര്‍മ്മ സമിതിയും അന്തരാഷ്ട്രീയ ഹിന്ദു പരിഷത്തും(എഎച്ച്പി) ചേര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കലാപ സാധ്യത കണക്കിലെടുത്ത് രണ്ട് ദിവസത്തേക്ക് കനത്ത ജാഗ്രത പുലര്‍ത്താന്‍ ഇന്റലിജന്‍സ് വിഭാഗം സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുവതീ പ്രവേശനം സ്ഥിരീകരിച്ചപ്പോള്‍ അയ്യപ്പ കര്‍മ്മ സമിതി വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ കേരളത്തിലങ്ങോളമിങ്ങോളം നടന്ന അക്രമ സംഭവഭങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ വാക്കുകളെ വെറുംവാക്കുകളായി തള്ളിക്കളയാനാകില്ല. ഹര്‍ത്താലിനപ്പുറം കേരളം മുഴുവന്‍ കലാപം സൃഷ്ടിക്കാനാണ് ശ്രമമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എങ്ങനെയും പ്രതിഷേധിക്കാനാണ് സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇത്രയും കാലം നാമജപം മാത്രം നടത്തിയ തങ്ങളുടെ മറ്റൊരു മുഖം കേരളം കാണുമെന്ന് ആര്‍എസ്എസ് വെളിപ്പെടുത്തിയിരിക്കുകയാണ്.

അടിച്ചേല്‍പ്പിക്കുന്ന ഹര്‍ത്താലുമായാണ് സംഘപരിവാര്‍ സംഘടനകള്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. അതേസമയം എതിര്‍ത്ത് തോല്‍പ്പിക്കുമെന്നാണ് വിവിധ സംഘടനകള്‍ നിലപാടെടുത്തിരിക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതിയും പ്രൈവറ്റ് ബസ് ഓണേഴ്‌സ് സംഘടനകളുമെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. സ്വാഭാവികമായും നാളെ കടകള്‍ തുറക്കുകയും വാഹനങ്ങള്‍ നിരത്തിലിറക്കുകയും ചെയ്യും. ഹര്‍ത്താലുകളോട് സഹകരിക്കേണ്ടതില്ലെന്ന് കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ വിവിധ സംഘടനകള്‍ തീരുമാനിക്കുകയും ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇന്നലെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളും കടകളുമെല്ലാം തല്ലിത്തകര്‍ത്താണ് സംഘപരിവാര്‍ കേരളത്തില്‍ തെരുവു യുദ്ധം നടത്തിയത്. ഭരണാധികരികള്‍ ചെയ്യുന്ന തെറ്റിന് ജനങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും അവരോട് മാപ്പ് ചോദിക്കുന്നുവെന്നും ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഭക്തജനങ്ങളെ വേദനിപ്പിച്ച ഭരണാധികാരിക്കെതിരെയാണ് നാളത്തെ ഹര്‍ത്താലെന്നാണ് ഇവര്‍ പറയുന്നത്. മുഖ്യമന്ത്രി രാജിവയ്ക്കും വരെ സമരം തുടരുമെന്നും ഇവര്‍ പറയുന്നു. ഇതില്‍ നിന്നും ഇന്നലത്തെ തെരുവു യുദ്ധവും കലാപ അന്തരീക്ഷവും ഇന്നും ആവര്‍ത്തിക്കുമെന്നതിന് സംശയമില്ല.

അതേസമയം ഹര്‍ത്താലില്‍ അക്രമം നടത്തുന്നവരെ അറസ്റ്റ് ചെയ്യാനാണ് ഡിജിപി ലോക്‌നാഥ് ബഹ്രയുടെ നിര്‍ദ്ദേശം. ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നിലും മറ്റും പോലീസിന് നേരെ പാഞ്ഞടുത്ത പ്രതിഷേധക്കാര്‍ക്ക് നേരെ ഗ്രനേഡ് എറിയേണ്ട സാഹചര്യം പോലീസിനുണ്ടായി. അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ കയ്യാങ്കളിയിലേക്കും മറ്റൊരു ഭീകരാന്തരീക്ഷത്തിലേക്ക് നയിക്കുമെന്ന് ഉറപ്പാണ്. കൊല്ലം, കൊട്ടാരക്കര, വടക്കാഞ്ചേരി, ഗുരുവായൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ ഇന്നലെ തന്നെ കടകള്‍ അടപ്പിച്ചു. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ഒന്നോ രണ്ടോ ദിവസം കൊണ്ട് ഈ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാനല്ല അയ്യപ്പകര്‍മ്മ സംഘത്തിന്റെ നീക്കം. കേരളം കണ്ടിട്ടില്ലാത്ത തരത്തില്‍ ബൃഹത്തായ പ്രക്ഷോഭത്തിനാണ് അവര്‍ ഒരുങ്ങുന്നത്. മുഖ്യമന്ത്രി വിശ്വാസികളോട് കൊടുംചതി കാണിച്ചുവെന്നാണ് ബിജെപി നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. വിശ്വാസികളുടെ വികാരത്തെ ആളിക്കത്തിച്ച് സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമാണ് ഇത്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ബിജെപിയല്ലെങ്കിലും വിശ്വാസികളുടെ ഹര്‍ത്താലിനൊപ്പമാണെന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇത്തരത്തില്‍ ദിവസങ്ങളോളം, ഒരുപക്ഷെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ കേരളത്തില്‍ സംഘര്‍ഷാവസ്ഥ നിലനിര്‍ത്തുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. അതിലൂടെയാണ് അവരുടെ ആത്യന്തിക ലക്ഷ്യമായ രാഷ്ട്രീയ മുതലെടുപ്പ് സാധ്യമാകൂവെന്ന് മറ്റാരെക്കാളും അവര്‍ക്കാണ് അറിയാവുന്നത്. എന്നാല്‍ അടിച്ചേല്‍പ്പിക്കുന്ന ഈ സമരങ്ങളോട് ജനങ്ങള്‍ മുഖംതിരിച്ചു തുടങ്ങിയെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നിന്നു തന്നെ വ്യക്തമായതാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ ഹര്‍ത്താലും ഇനിയുള്ള ദിവസങ്ങളിലെ സംഘര്‍ഷാവസ്ഥയും ബിജെപിയ്ക്ക് എത്രമാത്രം ഗുണപ്രദാമാകുമെന്ന് കാത്തിരുന്ന് കാണാം.

Next Story

Related Stories