TopTop
Begin typing your search above and press return to search.

എന്നും വിവാദങ്ങള്‍, ഏറ്റുമുട്ടല്‍, മതവെറി; ആരാണ് ടി.പി സെന്‍കുമാര്‍?

എന്നും വിവാദങ്ങള്‍, ഏറ്റുമുട്ടല്‍, മതവെറി; ആരാണ് ടി.പി സെന്‍കുമാര്‍?

മുന്‍ പോലീസ് മേധാവിയായിരുന്ന ടി പി സെന്‍കുമാര്‍ തന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിനുള്ള വേദിയായാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അയ്യപ്പ കര്‍മ്മ സമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമത്തെ ഉപയോഗിച്ചത്. രാഷ്ട്രീയ കേരളത്തെ സംബന്ധിച്ച് കുറച്ചുനാളായി ഏറെക്കുറെ ഉറപ്പായിരുന്ന ഒരു കാര്യത്തിനാണ് അന്ന് തീരുമാനമായത്. ശബരിമലയിലെ ആചാര സംരക്ഷണമെന്ന ആഹ്വാനത്തിന്റെ മറവില്‍ 2019ലെയും 20-ലെയും 21-ലെയും തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് (സെന്‍കുമാറിന്റെ ഭാഷയില്‍ സനാതന ധര്‍മ്മത്തെ സംരക്ഷിക്കുന്നവര്‍ക്ക്) വോട്ട് ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

പദവിയിലിരുന്ന കാലത്ത് തന്നെ സെന്‍കുമാറിന്റെ സംഘപരിവാര്‍ ബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ശബരിമല വിഷയം ശക്തമായതോടെ നിരവധി തവണ ആചാരസംരക്ഷണ വാദങ്ങളുമായി സംഘപരിവാര്‍ അനുകൂല വേദികളില്‍ ഇദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തേതായിരുന്നു പുത്തരിക്കണ്ടം മൈതാനത്തെ പ്രസംഗം. ബിജെപിക്ക് വോട്ട് ചെയ്യണമെന്ന ആഹ്വാനത്തോടൊപ്പം ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശങ്ങളും ആ പ്രസംഗത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ദലിതനെ ബ്രാഹ്മണന്റെ ബൗദ്ധിക തലത്തിലേക്ക് ഉയര്‍ത്തിയല്ല, പകരം സാമ്പത്തികമായി ബ്രാഹ്മണരെ ദലിതരേക്കാള്‍ താഴെക്കൊണ്ടുവരുന്ന സോഷ്യലിസമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നാണ് പുത്തരിക്കണ്ടത്ത് സെന്‍കുമാര്‍ പറഞ്ഞത്. ഭൂരിപക്ഷത്തിനില്ലാത്ത അവകാശങ്ങള്‍ ന്യൂനപക്ഷത്തിന് അനുവദിച്ചു നല്‍കുന്നുവെന്നാണ് സെന്‍കുമാര്‍ ഭരണഘടനയെക്കുറിച്ച് പറഞ്ഞത്.

വിവാദങ്ങള്‍ എന്നും സെന്‍കുമാറിനൊപ്പമുണ്ട്. അത് 35 വര്‍ഷത്തെ സര്‍വീസിനിടയിലായാലും അതിന് ശേഷമായാലും.

തിരുവനന്തപുരം എംജി കോളേജില്‍ നടന്ന ഒരു സമരമാണ് സെന്‍കുമാറും സംഘപരിവാറും തമ്മിലുള്ള ബന്ധത്തിന് തെളിവായി ആദ്യമായി ചൂണ്ടിക്കാട്ടപ്പെട്ടത്. യുവമോര്‍ച്ചയുടെയും ആര്‍എസ്എസിന്റെയും സഹായത്തോടെ എബിവിപി ക്യാമ്പസില്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍ വിദ്യാര്‍ത്ഥികളെ തല്ലിയ പോലീസ് ഉദ്യോഗസ്ഥന്റെ നെയിം ബോര്‍ഡും തൊപ്പിയും പരസ്യമായി ഊരിവാങ്ങിയ സെന്‍കുമാര്‍ ബിജെപിയോടുള്ള കൂറ് പ്രഖ്യാപിച്ചുവെന്നാണ് ആരോപണം. പോലീസിന് നേരെ ആക്രമണമുണ്ടാകുകയും മ്യൂസിയം സ്‌റ്റേഷനിലെ സിഐയ്‌ക്കെതിരെ ബോംബേറുണ്ടാകുകയും ചെയ്തതോടെയാണ് തിരുവനന്തപുരം റെയ്ഞ്ച് ഐജിയായിരുന്ന സെന്‍കുമാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കോളേജിലെത്തിയത്. മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഒഴിപ്പിച്ച് കോളേജ് അടയ്ക്കാന്‍ സെന്‍കുമാര്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കരുതെന്നും ആവശ്യപ്പെട്ടു. അതേസമയം വിദ്യാര്‍ത്ഥികള്‍ പോലീസിന് നേരെ വീണ്ടും ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഒരു പോലീസുകാരന് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കേണ്ടി വന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സെന്‍കുമാര്‍ കുപിതനായി അന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറായിരുന്ന മനോജ് എബ്രഹാമിനോട് ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. പോലീസുകാരന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് നില്‍ക്കുന്ന സെന്‍കുമാറിന്റെ ചിത്രം പിറ്റേന്ന് പത്രങ്ങളിലെല്ലാം വന്നതോടെ ഇത് ചര്‍ച്ചയായി. താന്‍ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്ന നിലപാടായിരുന്നു സെന്‍കുമാറിന്. അക്രമികളെല്ലാം പിരിഞ്ഞുപോയിട്ടും പോലീസ് നിരപരാധികളായ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചെന്നാണ് സെന്‍കുമാര്‍ അന്ന് പറഞ്ഞത്. താന്‍ അന്നങ്ങനെ പെരുമാറിയിരുന്നില്ലെങ്കില്‍ കുറഞ്ഞത് മൂന്ന് പേരെങ്കിലും അവിടെ കൊല്ലപ്പെടുമായിരുന്നെന്നാണ് പിന്നീട് അഴിമുഖത്തിന് അനുവദിച്ച ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്- [രമണ്‍ ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ ഉപദേശകന്‍, പോലീസിന്റെ അല്ല-ടിപി സെന്‍കുമാര്‍/അഭിമുഖം]

നെടുമ്പാശേരി സംഭവത്തില്‍ കലാഭവന്‍ മണിക്കെതിരെ പോലീസ് കേസെടുത്തപ്പോള്‍ മണിക്ക് പകരം മോഹന്‍ലാലോ മമ്മൂട്ടിയോ ആയിരുന്നെങ്കില്‍ പോലീസ് ഇതുപോലെ പ്രതികരിക്കുമായിരുന്നോയെന്നാണ് സെന്‍കുമാര്‍ ചോദിച്ചത്. പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് സെന്‍കുമാര്‍ ഇങ്ങനെ ചോദിച്ചത്. 2013ല്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് 181 ഗ്രാം തൂക്കമുള്ള ബ്രേസ്ലെറ്റ് കലാഭവന്‍ മണിയില്‍ നിന്നും പിടിച്ചെടുത്തതാണ് സംഭവം. കയ്യില്‍ കിടക്കുകയായിരുന്ന ബ്രേസ്ലെറ്റ് സ്വര്‍ണമാണോയെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദിക്കുകയും മണി ക്ഷുഭിതനായി ബ്രേസ്ലെറ്റ് വലിച്ചെറിഞ്ഞ് പോകുകയുമായിരുന്നു.

സര്‍വീസിനിടെ ഒരിക്കല്‍ പോലും കോടതിയില്‍ കയറാത്തവരാണ് പല ഐപിഎസ് ഉദ്യോഗസ്ഥരും എന്ന് തുറന്നുപറഞ്ഞ സെന്‍കുമാര്‍ മറ്റൊരിക്കല്‍, ഒരിക്കല്‍ പോലും കേസന്വേഷണം നടത്താത്ത ഉദ്യോഗസ്ഥര്‍ സേനയിലുണ്ടെന്ന് പറഞ്ഞതും വിവാദമായി. ജയില്‍ ഡിജിപിയായി ചുമതലയേറ്റ കാലത്ത് ജയില്‍ ചപ്പാത്തിക്കെതിരെയും സെന്‍കുമാര്‍ പ്രതികരിച്ചു. ജയില്‍ ചപ്പാത്തി സമൂഹത്തിന് ഗുണം ചെയ്യുമെങ്കിലും ജയില്‍ മോചിതരായി പുറത്തിറങ്ങുന്ന തടവുകാര്‍ക്ക് അത് ഗുണം ചെയ്യില്ലെന്നാണ് സെന്‍കുമാര്‍ പറഞ്ഞത്. അതേ സെന്‍കുമാറിന്റെ കാലത്താണ് പിന്നീട് പൂജപ്പുര, കണ്ണൂര്‍ ജയിലുകളില്‍ വസ്ത്രങ്ങള്‍, കുടകള്‍, സിഎഫ്എല്‍ എന്നിവ നിര്‍മ്മിച്ച് തുടങ്ങിയത്.

Also Read: അയാള്‍ സെന്‍കുമാര്‍ ആകാം, അല്ലെങ്കില്‍ മലയാളി ഹിന്ദുക്കളില്‍ ആരുമാകാം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ആക്രമണക്കേസുകള്‍ ഉണ്ടായാല്‍ പോലീസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സെന്‍കുമാര്‍ ഡിജിപി സ്ഥാനമേറ്റെടുത്ത ശേഷം സര്‍ക്കുലര്‍ പുറത്തിറങ്ങി. അതിന് മുമ്പ് ഈ വിഷയത്തില്‍ ഇറങ്ങിയിട്ടുള്ള മുഴുവന്‍ സര്‍ക്കുലറുകളും ക്രോഡീകരിച്ചാണ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യേണ്ട വിധത്തെക്കുറിച്ച് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഈ സര്‍ക്കുലറിനെക്കാള്‍ വിവാദമായത് അതിലെ ഒരു നിര്‍ദ്ദേശമായിരുന്നു. സര്‍ക്കുലര്‍ കൈപ്പറ്റുന്ന ഉദ്യോഗസ്ഥര്‍ അത് വായിച്ച് പകര്‍ത്തിയെഴുതി തനിക്ക് തിരിച്ചയക്കണമെന്നായിരുന്നു സെന്‍കുമാറിന്റെ നിര്‍ദ്ദേശം. വിചിത്രമായ ഈ നിര്‍ദ്ദേശം വാര്‍ത്തയായെങ്കിലും ഒരു സര്‍ക്കുലര്‍ പോലീസ് സ്‌റ്റേഷനില്‍ ലഭിച്ചാല്‍ അത് പോലീസ് വായിക്കുന്നുവെന്നോ നടപ്പാക്കുമെന്നോ കരുതാനാകില്ലെന്ന് സ്വന്തം അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ ന്യായീകരിച്ചു. സര്‍ക്കുലറുകള്‍ കേവലം ഉത്തരവുകളല്ലെന്നും സര്‍ക്കാരിന്റെ നിലപാടുകളും നയവും അതില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതെല്ലാം താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരിലെത്തുന്നുവെന്ന് ഉറപ്പാക്കാനും നിരീക്ഷിക്കാനും സംവിധാനം വേണമെന്ന നിലപാടായിരുന്നു സെന്‍കുമാറിന്റേത്.

ഇതുകൂടാതെ നിരവധി സര്‍ക്കുലറുകള്‍ സെന്‍കുമാറിന്റെ കാലത്ത് പുറത്തിറങ്ങി. ജനസൗഹൃദ പോലീസിംഗ് നടപ്പാക്കുകയെന്നതായിരുന്നു ഈ സര്‍ക്കുലറുകളുടെ ലക്ഷ്യം. ഗതാഗത തിരക്കുള്ള സ്ഥലങ്ങള്‍, വളവുകള്‍, ഇടുങ്ങിയ റോഡുകള്‍, ജംഗ്ഷനുകള്‍ എന്നിവിടങ്ങളിലും ഗതാഗതത്തിരക്കുള്ള സമയങ്ങളിലും പോലീസ് വാഹനപരിശോധന നടത്തരുതെന്നായിരുന്നു ഇതിലെ സുപ്രധാന സര്‍ക്കുലര്‍. കുടുംബമായി സഞ്ചരിക്കുന്നവരെ പരിശോധനകളില്‍ നിന്നും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗതാഗത നിയന്ത്രണത്തില്‍ പിഎച്ച്ഡി ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ ശ്രമഫലമായാണ് തിരുവനന്തപുരത്തെ വെള്ളയമ്പലം-ശാസ്തമംഗലം റോഡ് കേരളത്തിലെ ആദ്യ മാതൃകാ റോഡ് ആയി മാറിയത്. പാര്‍ക്കിംഗിനുള്ള ഇടങ്ങള്‍ കണ്ടെത്തിയാണ് ഒരേസമയം ഒട്ടനവധി വാഹനങ്ങള്‍ കടന്നുപോകുന്നുവെങ്കിലും തിരക്ക് കുറഞ്ഞ റോഡാക്കി മാറ്റിയത്.

Also Read: ലൌ ജിഹാദ്: ‘ആട്ടിന്‍ തോലിട്ട ചെന്നായ’യെ തിരിച്ചറിയുമ്പോള്‍

രാഷ്ട്രീയക്കാരുമായി സഹകരിച്ച് തന്നെ മുന്നോട്ട് പോകുമ്പോഴും നിയമവിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നുണ്ടാകുമ്പോള്‍ അത് നിഷേധിക്കണമെന്നും അദ്ദേഹം തന്റെ കീഴുദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മാധ്യമങ്ങളില്‍ നിന്നും രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായാലും അതില്‍ പതറരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ നിലപാട് തന്നെയാണ് പില്‍ക്കാലത്ത് സെന്‍കുമാറിന് ഡിജിപി സ്ഥാനം നഷ്ടമാകാന്‍ ഇടയാക്കിയത്.

ജിഷ വധക്കേസില്‍ സ്വീകരിച്ച നിലപാടായിരുന്നു അതിന് കാരണം. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സംഭവിച്ച ജിഷയുടെ കൊലപാതകം ചില്ലറ സമ്മര്‍ദ്ദമല്ല അന്ന് കേരള പോലീസിനും യുഡിഎഫ് സര്‍ക്കാരിനും സൃഷ്ടിച്ചത്. ജിഷ വധക്കേസ് അന്വേഷണത്തിനും പ്രതിക്ക് വേണ്ടിയുള്ള തിരച്ചിലിനുമായി 1500-ലേറെ പോലീസുകാര്‍ രംഗത്തിറങ്ങി. ജിഷയുടെ അയല്‍വാസികളിലൊരാളാണ് കൊലയാളി എന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം മുന്നോട്ട് പോയത്. സാഹചര്യത്തെളിവുകളെല്ലാം എതിരായിരുന്നുവെങ്കിലും ശാസ്ത്രീയ ഫലങ്ങള്‍ ഇയാള്‍ക്ക് അനുകൂലമായി. ജിഷയുടെ വസ്ത്രങ്ങളില്‍ പറ്റിയ ഉമിനീര്‍ ഉള്‍പ്പെടെയുള്ള സ്രവങ്ങളായിരുന്നു പോലീസിന്റെ കൈവശമുണ്ടായിരുന്ന നിര്‍ണ്ണായക തെളിവ്. കേസ് എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശമുണ്ടായിട്ടും കിട്ടിയവനെ പ്രതിയാക്കാന്‍ സെന്‍കുമാര്‍ സമ്മതിച്ചില്ല. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയ സെന്‍കുമാര്‍ ഒരാഴ്ചക്കാലം അവിടെ തങ്ങി അന്വേഷണത്തിന് നേതൃത്വം നല്‍കി. കേസ് ഫയലുകളുമായി വിരമിച്ച ഉദ്യോഗസ്ഥരെയും പ്രശസ്ത ഫോറന്‍സിക് വിദഗ്ധന്‍ ഉമാദത്തന്‍ ഉള്‍പ്പെടെയുള്ളവരെയും കണ്ട സെന്‍കുമാര്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉറപ്പുവരുത്തി.

Also Read: കാക്കിയില്‍ നിന്നും ഈ ഏമാന്‍ കാവിയിലേക്കോ? സെന്‍കുമാറിന്റെ വെളിപാടുകള്‍

അതേസമയം ജിഷ വധക്കേസ് അന്വേഷണവും പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിന്റെ അന്വേഷണത്തിന്റെയും പേരിലാണ് ഇപ്പോഴത്തെ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ മൂന്നാം ദിവസം സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയത്. സെന്‍കുമാറില്‍ മുഖ്യമന്ത്രിക്ക് അപ്രീതി സൃഷ്ടിച്ചത് ജിഷ വധക്കേസ് കൈകാര്യം ചെയ്ത രീതിയാണെങ്കിലും അതിനുമപ്പുറം ഐഎഎസ്-ഐപിഎസ് തലപ്പത്തിലെ ചേരിപ്പോരും ഒരു കാരണമാണ്. ഇതാണ് സെന്‍കുമാറിനെ നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി ഉപയോഗിച്ച പ്രധാന ആയുധവും. അന്നത്തെ ആഭ്യന്തര സെക്രട്ടറിയും പിന്നീട് ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോ തയ്യാറാക്കിയ മൂന്ന് റിപ്പോര്‍ട്ടുകളാണ് അതിനായി സര്‍ക്കാര്‍ ഉപയോഗിച്ചത്. അതേസമയം ഈ മൂന്ന് റിപ്പോര്‍ട്ടുകളും തള്ളിയ സുപ്രിം കോടതി 2017 ഏപ്രിലില്‍ സെന്‍കുമാറിനെ പോലീസ് മേധാവിയായി തിരികെ നിയമിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. പിണറായി സര്‍ക്കാരിനെ വെല്ലുവിളിച്ച് തോല്‍പ്പിച്ചാണ് സെന്‍കുമാര്‍ വീണ്ടും സ്ഥാനത്തെത്തിയത്.

ചാരക്കേസ് മുതല്‍ തുടങ്ങിയതാണ് സെന്‍കുമാര്‍ വിവാദങ്ങളില്‍ ഇടംപിടിക്കാന്‍. ചാരക്കേസില്‍ തന്നെ കുടുക്കാന്‍ സെന്‍കുമാര്‍ അമിതമായ ഉത്സാഹം കാണിച്ചെന്നാണ് നമ്പി നാരായണന്‍ വെളിപ്പെടുത്തിയത്. കോടതിയെ തെറ്റിദ്ധരിപ്പിച്ച് ചാരക്കേസില്‍ തുടരന്വേഷണത്തിന് അനുമതി വാങ്ങിയത് സെന്‍കുമാര്‍ ആണ്. മാത്രമല്ല, കേസന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന സെന്‍കുമാര്‍ മാധ്യമങ്ങള്‍ക്ക് ഈ വാര്‍ത്ത നല്‍കുക വഴി മാനനഷ്ടമുണ്ടായെന്നും നമ്പി നാരായണന്റെ പരാതിയില്‍ പറയുന്നു. 11 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നമ്പി നാരായണന്റെ പരാതിയില്‍ പറയുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ തിരുവനന്തപുരം കോടതിയില്‍ നല്‍കിയ പരാതിയില്‍ ഏഴാം കക്ഷിയാണ് സെന്‍കുമാര്‍. കൂടാതെ ക്രയോജനിക് എന്‍ജിനെക്കുറിച്ച് അറിയാവുന്ന ശാസ്ത്രജ്ഞര്‍ ഐഎസ്ആര്‍ഓയില്‍ ഇല്ലെന്നും നമ്പി നാരായണന്റെ പേരെടുത്തു പറയാതെ മറ്റൊരിക്കല്‍ സെന്‍കുമാര്‍ പറഞ്ഞിട്ടുണ്ട്. ഈ പറയുന്ന ആള്‍ (നമ്പി നാരായണന്‍) ഐഎസ്ആര്‍ഒയില്‍ സ്വയം വിരമിക്കലിന് നല്‍കിയ കത്ത് തന്റെ അന്വേഷണത്തില്‍ കണ്ടെത്തിയെന്നുമാണ് സെന്‍കുമാര്‍ അന്ന് അവകാശപ്പെട്ടത്. നമ്പി നാരായണന്‍ കേസില്‍ താന്‍ കുറ്റക്കാരനാണെങ്കില്‍ അന്നത്തെ മുഖ്യമന്ത്രി ഇകെ നായനാരും കുറ്റക്കാരനാകുമെന്നും സെന്‍കുമാര്‍ അവകാശപ്പെട്ടു.

Also Read: ടി.പി സെന്‍കുമാര്‍ ബിജെപി തലപ്പത്തേക്കോ?

കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേര്‍ മുസ്ലിം കുട്ടികളാണെന്നും ജനസംഖ്യ ഘടന ഈ രീതിയില്‍ പോയാല്‍ ഏത് രീതിയിലുള്ള മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും സെന്‍കുമാര്‍ മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചതും വിവാദമായി. ഐഎസും ആര്‍എസ്എസും തമ്മില്‍ യാതൊരു വിധത്തിലുമുള്ള താരതമ്യത്തിന്റെയും ആവശ്യമില്ലെന്നും മതതീവ്രവാദമെന്ന് പറയുമ്പോള്‍ അതില്‍ ആര്‍എസ്എസ് ഇല്ലേയെന്ന് ചോദിക്കുന്നതില്‍ കാര്യമില്ലെന്നും സെന്‍കുമാര്‍ ആ അഭിമുഖത്തില്‍ പറഞ്ഞു. ഒരു മുസ്ലിമിന് സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയാണെന്നും ആ ജിഹാദ് എന്നത് മറ്റ് മതക്കാരെ മുസ്ലിമാക്കുകയും അമുസ്ലിങ്ങളെ കൊന്നൊടുക്കുകയും ചെയ്യുന്നതാണെന്നുമാണ് സെന്‍കുമാറിന്റെ കണ്ടെത്തല്‍. കേരളത്തിലെ മതതീവ്രവാദത്തെ നിയന്ത്രിക്കാന്‍ മുസ്ലിം സമുദായത്തിനുള്ളില്‍ നിന്നുതന്നെ ശ്രമങ്ങളുണ്ടാകണമെന്നാണ് സെന്‍കുമാര്‍ ആവശ്യപ്പെടുന്നത്. മതതീവ്രവാദവും ഇടതുപക്ഷ തീവ്രവാദവും നേരിടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിന് എഴുതിക്കൊടുത്തിട്ടുണ്ടെന്ന് പറയുന്ന സെന്‍കുമാര്‍ അത് പുറത്തു വിശദീകരിക്കാന്‍ പറ്റില്ലെന്നും പിന്നീട് പറഞ്ഞു. ക്രിസ്ത്യാനികളുടെ ജനന നിരക്ക് കുറയുമ്പോഴും അവരുടെ ജനസംഖ്യ കുറയാത്തത് അവര്‍ കുറെയൊക്കെ മതപരിവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത് കൊണ്ടാണെന്നാണ് സെന്‍കുമാറിന്റെ മറ്റൊരു വിവാദ പരാമര്‍ശം. കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും ഹിന്ദു പെണ്‍കുട്ടികള്‍ മാത്രമാണ് ഇതിന് വിധേയരാകുന്നതെന്നുമാണ് സെന്‍കുമാറിന്റെ മറ്റൊരു കണ്ടെത്തല്‍. ഏതായാലും സംസ്ഥാനത്ത് മതസ്പര്‍ധ വളര്‍ത്തും വിധം പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ കേസെടുത്തു. മാസികയുടെ റിപ്പോര്‍ട്ടറും എഡിറ്ററും അഭിമുഖത്തിന്റെ ഓഡിയോ പോലീസില്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

എന്നാല്‍ ഇതേ ഓഡിയോയില്‍ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെയും വിവാദ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഓഫ് ദി റെക്കോഡായി പറഞ്ഞതിനാല്‍ അഭിമുഖത്തില്‍ ഉള്‍പ്പെടുത്താതിരുന്ന ആ പ്രസ്താവനയും പിന്നീട് പുറത്തു വന്നു. "അഭിമുഖത്തിനിടെ സെന്‍കുമാറിന് വന്ന ഫോണ്‍ കോളില്‍ നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയിരുന്നു എന്നും എന്നാല്‍ തങ്ങളുടെ ലേഖകനോട് പറയാത്ത കാര്യമായതിനാല്‍ അത് പ്രസിദ്ധീകരിച്ചില്ല'' എന്നുമാണ് സമകാലിക മലയാളത്തിന്റെ വിശദീകരണം. വിരമിച്ച ശേഷം വിവിധ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ നടിയെ ആക്രമിച്ച കേസില്‍ എഡിജിപി ബി. സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണ് നടക്കുന്നതു എന്ന് സെന്‍കുമാര്‍ പറഞ്ഞിരുന്നു. ഇത് വലിയ വിവാദം സൃഷ്ടിക്കുകയും ദിലീപ് നിരപരാധിയാണ് എന്നു സെന്‍കുമാര്‍ പറഞ്ഞെന്ന തരത്തില്‍ പ്രചാരണങ്ങള്‍ ഉണ്ടാവുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ താന്‍ ആര്‍ക്കും ക്ലീന്‍ ചിട്ട് കൊടുത്തില്ല എന്ന പ്രസ്താവനയുമായി സെന്‍കുമാറും രംഗത്ത് എത്തി. അതേസമയം സന്ധ്യ ചെയ്യുന്നത് തിരുവനന്തപുരത്ത് സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച കേസിലെ പ്രതിച്ഛായ നഷ്ടം മാറ്റലാണെന്നും ദിലീപിനെ ചോദ്യം ചെയ്തത് പബ്ലിസിറ്റി സ്റ്റണ്ടാണെന്നുമുള്ള പ്രസ്താവന ഇപ്പോഴും വിവാദങ്ങളില്‍ കുരുങ്ങിക്കിടക്കുകയാണ്.

Also Read: കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേര്‍ മുസ്ലിങ്ങള്‍; വര്‍ഗീയത പറഞ്ഞ് സെന്‍കുമാര്‍

ഏതായാലും നേതൃനിരയില്‍ തമ്മില്‍തല്ല് നടക്കുന്ന ബിജെപിയെ സംബന്ധിച്ച് സെന്‍കുമാര്‍ വരുന്നുവെന്ന വാര്‍ത്ത ആശ്വാസം പകരുന്നതാണ്. അമിത് ഷാ കേരളത്തില്‍ വന്നപ്പോള്‍ സന്ദര്‍ശനം അനുവദിച്ച അപൂര്‍വം ചില വ്യക്തികളില്‍ ഒരാള്‍ സെന്‍കുമാറാണെന്നത് പാര്‍ട്ടി പ്രവേശനത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനയാണ്. അഭിപ്രായ ഭിന്നതയും അതിലുപരി വിവാദവും വിഡ്ഢിത്തങ്ങളും നിറഞ്ഞ പ്രസ്താവനകളുമായി മാത്രം നിലനില്‍ക്കുന്ന ബിജെപി നേതൃത്വത്തിന് വിദ്യാസമ്പന്നനും ഹൈപ്രൊഫൈലിന് ഉടമയുമായ സെന്‍കുമാറില്‍ പ്രതീക്ഷകളേറെയാണ്. നിലവിലെ നേതൃത്തെ വച്ച് കേരളത്തില്‍ വളരാനാകില്ലെന്ന് കേന്ദ്രനേതൃത്വത്തിനും വ്യക്തമായി അറിയാം. ബിജെപി നേതാക്കള്‍ പോലും പറയാന്‍ മടിക്കുന്ന വര്‍ഗ്ഗീയത വളരെ പച്ചയ്ക്ക് തന്നെ പറയാനും അത് സത്യമാണെന്ന് സ്ഥാപിക്കാനുമുള്ള സെന്‍കുമാറിന്റെ കഴിവ് തങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.

Next Story

Related Stories