TopTop

കേരള സര്‍ക്കാര്‍ ബ്രാഹ്മണരെ ദളിതരേക്കാള്‍ താഴ്ന്ന സാമ്പത്തികാവസ്ഥയിലെത്തിക്കാനുള്ള സോഷ്യലിസമാണ് നടപ്പാക്കിയതെന്ന് സെന്‍കുമാര്‍

കേരള സര്‍ക്കാര്‍ ബ്രാഹ്മണരെ ദളിതരേക്കാള്‍ താഴ്ന്ന സാമ്പത്തികാവസ്ഥയിലെത്തിക്കാനുള്ള സോഷ്യലിസമാണ് നടപ്പാക്കിയതെന്ന് സെന്‍കുമാര്‍
അയ്യപ്പ കര്‍മ്മ സമിതി സംഘടിപ്പിച്ച അയ്യപ്പസംഗമം തന്റെ രാഷ്ട്രീയ പ്രഖ്യാപന വേദിയാക്കി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. അയ്യപ്പജ്യോതിയാണോ വനിതാമതിലാണോ വലുതെന്ന് വിശ്വാസികള്‍ തെരഞ്ഞെടുപ്പില്‍ തെളിയിക്കണമെന്നാണ് സെന്‍കുമാര്‍ ആവശ്യപ്പെട്ടത്. അതിന് ഇതൊരു നല്ല അവസരമാണെന്നും ടിപി സെന്‍കുമാര്‍ പറഞ്ഞു. അയ്യപ്പസംഗമത്തില്‍ സ്വാഗതപ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍.

സവര്‍ണ അവര്‍ണ വാദങ്ങളാണ് ഇവിടെ കേള്‍ക്കുന്നത്. ആരാണ് സവര്‍ണന്‍. മന്നത്ത് പത്മനാഭന്റെ എന്റെ ജീവിത സ്മരണകള്‍ വായിച്ചു നോക്കണം. അതില്‍ പറയുന്നത് ഒരൊറ്റ സവര്‍ണനേ കേരളത്തിലുള്ളൂവെന്നാണ്. അത് കേരള ബ്രാഹ്മണന്‍ എന്ന് വിളിക്കപ്പെടുന്ന നമ്പൂതിരി വിഭാഗമാണ്. അത് കേരള ജനസംഖ്യയുടെ അര ശതമാനം പോലും ഇല്ലാത്തവരാണ്.

എന്തായാലും കേരളത്തിലെ ജനകീയ സര്‍ക്കാര്‍ വന്നിട്ട് ഒരു കാര്യം സാധിച്ചെടുത്ത്. അത് ദലിതനെ ബ്രാഹ്മണന്റെ ബൗദ്ധിക തലത്തിലേക്ക് ഉയര്‍ത്തിയതല്ല മറിച്ച് ബ്രാഹ്മണരെ പിടിച്ച് താഴെക്കൊണ്ട് വന്ന് ദലിതരേക്കാള്‍ താഴ്ന്ന സാമ്പത്തിക അവസ്ഥയിലെത്തിക്കാനുള്ള സോഷ്യലിസം നടപ്പാക്കി. നമ്മുടെ സോഷ്യലിസം ഒരിക്കലും ഒരാളെയും ഉയര്‍ത്തുന്നതല്ല, താഴ്ത്തുന്നതാണ്. ആ സോഷ്യലിസമാണ് നടപ്പാക്കിയത്. പിന്നീട് സംവരണത്തിന്റെ പ്രശ്‌നം. ഇപ്പോള്‍ പത്ത് ശതമാനത്തിന്റെ പ്രശ്‌നം കൂടി വന്നിട്ടുണ്ട്. നമ്മള്‍ മനസിലാക്കുക. ചില പ്രശ്‌നങ്ങളുണ്ട്. പക്ഷെ നമ്മള്‍ മനസിലാക്കുക പോലീസിന്റെയോ കോടതിയുടെയോ ഒന്നും സഹായമില്ലാതെ രണ്ടോ മൂന്നോ മണിക്കൂര്‍ എല്ലാ സമുദായ നേതാക്കളും ചര്‍ച്ച ചെയ്താല്‍ തീരാവുന്ന പ്രശ്‌നങ്ങളേ ഹൈന്ദവ സമുദായത്തിനുള്ളൂ. അല്ലാതെ ഒരു പ്രശ്‌നവുമില്ല.

നമ്മുടെ കേക്കിന് വലുപ്പം പോരാ എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. കുരങ്ങന്‍ അപ്പം പങ്കുവച്ചതുപോലെ അത് പങ്കുവയ്ക്കാന്‍ കൊടുക്കാതെ ആ കേക്കിന്റെ വലുപ്പം കൂട്ടാനുള്ള കര്‍മ്മമാണ് നമ്മള്‍ ചെയ്യേണ്ടത്. അപ്പോള്‍ ആര്‍ക്കും അന്വേന്യം വിഷമിക്കേണ്ടി വരില്ല. അപ്പോള്‍ എല്ലാവര്‍ക്കും ഭക്ഷണം കിട്ടും എല്ലാവര്‍ക്കും തൊഴില്‍ കിട്ടും. അതിനുള്ള ശ്രമമാണ് നമ്മള്‍ ഒത്തൊരുമിച്ച് ചെയ്യേണ്ടത്. ആരും ആരെയും കുറ്റപ്പെടുത്തേണ്ടതുമില്ല. അവസരമുള്ളപ്പോള്‍ കുട്ടികളെ പഠിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ചില സമുദായങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ മാതൃകയാക്കുകയാണ് ചെയ്യേണ്ടത്. അത് ചെയ്യാതെ നമ്മള്‍ക്കൊന്നും കിട്ടിയില്ലെന്ന് പരിതപിക്കാതിരിക്കുക. സ്വയം രക്ഷിക്കാന്‍ സാധിക്കാത്തവനെ മറ്റാര്‍ക്കും രക്ഷിക്കാന്‍ സാധിക്കില്ല.

ഇനി എനിക്കൊരു ഉത്തരം കിട്ടണം. നിങ്ങള്‍ അത് കൈപൊക്കി തന്നെ പറയണം. നമ്മുടെ കയ്യില്‍ ഒരു വജ്രായുധമുണ്ട്. അത് 2019ലും 2020ലും 2021ലും ആ വജ്രായുധം സനാതന ധര്‍മ്മം സംരക്ഷിക്കുന്ന, ജാതിമത ഭേദമന്യേയുള്ള ആളുകള്‍ക്കേ ഞങ്ങള്‍ കൊടുക്കൂവെന്ന് ഇവിടെവച്ച് പ്രതിജ്ഞ ചെയ്യണം. ഈയൊരു പ്രതിജ്ഞ മതി നമ്മുടെ എല്ലാ പ്രശ്‌നങ്ങളും തീരാന്‍. രണ്ടേ രണ്ട് കാര്യമാണ് ഞാന്‍ പറയുന്നത്. ഒന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ ചേര്‍ക്കുന്ന ഒരു വാചകം. രണ്ട് നമ്മളെല്ലാം തീരുമാനിക്കേണ്ട നമ്മുടെ വജ്രായുധം. അതുണ്ടെന്ന് ഉറപ്പാക്കുക അത് പോയി ചെയ്യുക. ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. നമ്മുടെ ധര്‍മ്മത്തെ ചവിട്ടിയരച്ചരല്ല, നമ്മുടെ ധര്‍മ്മത്തെ ജാതിമത ഭേദമന്യേ ആരാണ് സംരക്ഷിക്കുന്നത് അവിടേക്ക് പോകണം. കോടികള്‍ ചെലവഴിച്ച് പണിത മതിലല്ല ഇതെന്ന് ഇവിടെ കൂടിയിരിക്കുന്ന അമ്മമാരും പെങ്ങന്മാരും തെളിയിക്കുന്നു. അയ്യപ്പജ്യോതിയാണോ വനിതാമതിലാണോ വലുതെന്ന് വിശ്വാസികള്‍ തെരഞ്ഞെടുപ്പില്‍ തെളിയിക്കണം. ഇതൊരു നല്ല അവസരമാണെന്നും ടിപി സെന്‍കുമാര്‍ പറഞ്ഞു.

Next Story

Related Stories