UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല ട്രാന്‍സ്‌ജെന്‍ഡര്‍ പ്രവേശനം: ജനാധിപത്യത്തിന്റെ പരാജയവും രാജവാഴ്ചയുടെ വിജയവും

ഒരാള്‍ ആണാണോ പെണ്ണാണോ ട്രാന്‍സ് ആണോ എന്ന് പോലീസ് ആണോ തീരുമാനിക്കേണ്ടത്?

അനു ചന്ദ്ര

അനു ചന്ദ്ര

കഴിഞ്ഞ ദിവസം പൊലീസ് തടഞ്ഞ നാലംഗ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘം പ്രതിസന്ധികളെ മറികടന്ന് ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി മലയിറങ്ങിയപ്പോള്‍ ഇവിടെ സംഭവിച്ചത് ചരിത്രപരമായ ഒരു മാറ്റമാണ്. കാലം ചരിത്രത്തെ മാറ്റിയെഴുതിയ നിമിഷങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ പങ്കു വെക്കുകയാണ് ട്രാന്‍സ് ആക്ടിവിസ്റ്റും നര്‍ത്തകിയും അഭിനേതാവുമായ ശീതള്‍ ശ്യാം, ട്രാന്‍സ് ആക്ടിവിസ്റ്റും സിനി ആര്‍ട്ടിസ്റ്റുമായ ഹരിണി ചന്ദന, ട്രാന്‍സ് ആക്ടിവിസ്റ്റും അധ്യാപകനുമായ മിക്‌സ് ഹരിമിഴി

ശബരിമലയില്‍ സ്ത്രീകള്‍ കയറട്ടേ, പിന്നീടാകാം വനിതാ മതില്‍: ശീതള്‍ ശ്യാം

ട്രാന്‍സ് യുവതികള്‍ മലകയറാന്‍ പ്രധാനകാരണം അവരുടെ വിശ്വാസമാണ്. ഇത്രയുംനാള്‍ സ്വന്തം ഐഡന്റിറ്റിയില്‍ മല കയറുക എന്നത് അവരെ സംബന്ധിച്ച് അസാധ്യമായിരുന്നു. പക്ഷെ 2016ല്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അവിടെ കയറിയിട്ടുണ്ടെങ്കിലും പുരുഷന്മാരുടെ വസ്ത്രം ധരിച്ചാണ് അന്ന് അവര്‍ മല ചവിട്ടിയതെന്ന് ഓര്‍ക്കണം. തമിഴ്‌നാട്ടില്‍ നിന്ന് വന്ന അവരെ അന്നും തന്ത്രിയും മറ്റുള്ളവരും അനുവദിച്ചത് കൊണ്ടാണ് അവര്‍ ശബരിമല കയറ്റം സാധ്യമായത്. ഇപ്പോള്‍ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ മലകയറ്റത്തിന് തടസ്സമുണ്ടാകും എന്നു ഭയന്നതിനാലാണ് അവര്‍ സുരക്ഷ ആവശ്യപ്പെട്ടത്. നിലക്കലെ പോലീസ് ഇവരെ മലയ്ക്ക് പോകുന്നതിനു മുമ്പ് വിളിക്കുകയും പോകാന്‍ സഹായിക്കുകയും ചെയ്‌തെങ്കിലും എരുമേലിയിലെ പോലീസ് അവിടെയെത്തിയപ്പോള്‍ പറഞ്ഞത് പോകണമെങ്കില്‍ വേഷം മാറണമെന്നാണ്. ആ കൂട്ടത്തിലാണെങ്കില്‍ സര്‍ജറി കഴിഞ്ഞ ട്രാന്‍സ് ഉണ്ട്. അതുകൊണ്ട് അവര്‍ക്ക് ഒരിക്കലും വേഷം മാറാന്‍ സാധിക്കില്ലായിരുന്നു. അങ്ങനെയാണ് അവര്‍ കോട്ടയം പ്രസ്‌ക്ലബില്‍ വന്ന് പ്രസ് മീറ്റ് നടത്തിയതും ജില്ലാ പോലീസ് മേധാവിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചതും. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ശബരിമല മൂന്നംഗ സമിതിയെ കാണാന്‍ അവര്‍ തിരുവനന്തപുരത്ത് പോയത്. അതോടെ ശബരിമലയില്‍ പോകാനുള്ള അനുമതി ലഭിക്കുകയും ചെയ്തു.

സുപ്രിംകോടതി വിധിയുണ്ടായിട്ടും സ്ത്രീകളെ ശബരിമലയിലേക്ക് അടുപ്പിക്കില്ലെന്ന സര്‍ക്കാര്‍ സംവിധാനത്തിന്റെ നിലപാട് തന്നെയാണ് വസ്ത്രത്തിന്റെ പേരിലുള്ള ഈ ഡിസ്‌ക്രിമിനേഷനില്‍ നിന്നും മനസ്സിലാകുന്നത്. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും പോലീസ് ഒരിക്കലും പറയേണ്ടതില്ല വേഷം മാറി വരാന്‍. ഇവിടെ ആരും പേടിക്കേണ്ടതില്ല, ഞങ്ങള്‍ സുരക്ഷയൊരുക്കും എന്നു പറയുന്ന അതേ സര്‍ക്കാറിന്റെ കീഴിലുള്ള പോലീസ് തന്നെയാണ് മറുവശത്ത് വേഷം മാറി വരാന്‍ പറയുന്നതും. അത് ഇരട്ടത്താപ്പാണ്. മറ്റൊന്ന് പോലീസുകാര്‍ സംസാരിച്ചതിന്റെ വോയിസ് റെക്കോര്‍ഡും നമ്മുടെ കയ്യിലുണ്ട് എന്നതാണ്. വസ്ത്ര സ്വാതന്ത്ര്യത്തില്‍ കൈകടത്തുക എന്നാല്‍ ഭരണഘടനയെ വെല്ലുവിളിക്കുക എന്നാണ്. എന്നിരുന്നാലും എല്ലാത്തിനെയും മറികടന്ന് അവര്‍ അവിടെ എത്തി എന്നത് സന്തോഷമുള്ള കാര്യമാണ്. പിന്നെ അയ്യപ്പന്‍ എന്നു പറയുന്ന വ്യക്തിയുടെ അമ്മയും അച്ഛനും സ്ത്രീയും പുരുഷനും അല്ല. മോഹിനി ട്രാന്‍സ് വുമണ്‍ ആണെന്നാണ് തിരുന്നന്‍കൈ വിഭാഗവും അറവാണി വിഭാഗവും വിശ്വസിക്കുന്നത്. മോഹിനി സ്ത്രീയാണെങ്കില്‍ പ്രസവിക്കണമായിരുന്നു. ശുക്ലസംഭോഗം നടക്കുന്നതും പ്രസവം നടക്കുന്നതും തുടയിലാണ്. അപ്പോള്‍പിന്നെ മോഹിനി സ്ത്രീയാണെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. അതിന്റെ തെളിവുകള്‍ പല ഹിന്ദു പുരാണങ്ങളിലും ഉണ്ട്. എല്ലാത്തിനുമപ്പുറം മലകയറിയ ട്രാന്‍സ്‌കളുടെ വിശ്വാസത്തെ അളക്കാനുള്ള അവകാശം ആര്‍ക്കുമില്ല. ആ വ്യക്തികള്‍ക്കുള്ള അവകാശം അവര്‍ക്ക് ലഭിക്കണം. മല കയറുന്ന ട്രാന്‍സ്‌മെന്‍സിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? അവര്‍ക്ക് ആര്‍ത്തവം ഉണ്ടോ എന്ന് പരിശോധിക്കാന്‍ പോലും നമുക്ക് സാധിക്കില്ല. അവര്‍ സ്ത്രീ ശരീരത്തില്‍ നിന്നും പുരുഷന്മാരായവരാണ്. നമ്മുടെ ഐഡികാര്‍ഡ് വെച്ചല്ലേ അവര്‍ക്ക് നമ്മളെ പരിശോധിക്കാന്‍ പറ്റൂ. ലിംഗ പരിശോധന ഒന്നും നടത്താന്‍ പറ്റില്ലല്ലോ. നമ്മള്‍ മനസ്സിലാക്കുന്നത് അവിടെ ട്രാന്‍സ്മെന്‍സ്, ഇന്റര്‍സെക്‌സ് ആയിട്ടുള്ള ആളുകള്‍ ഒക്കെ കയറിയിട്ടുണ്ടാകും എന്നാണ്. പിന്നെ പ്രത്യേകം പറയേണ്ടത് ആരെയും അവിടെ അടുപ്പിക്കാതിരിക്കാന്‍ ഉള്ള നിലപാട് സംഘപരിവാര്‍ ശക്തികളില്‍നിന്നും ഉണ്ടാവുകയാണെങ്കില്‍ അത് എതിര്‍ത്തുകൊണ്ട് സ്ത്രീകള്‍ മുമ്പോട്ട് വരാനുള്ള പ്രവണത ഉണ്ടാവണം എന്നു തന്നെയാണ്. അതിനെ സര്‍ക്കാര്‍ ഗൗരവമായി തന്നെ കാണണം. വനിതാ മതില്‍ പണിയുന്നതിനു മുന്‍പ് തന്നെ അവിടെ സ്ത്രീകളെ ആരെയെങ്കിലും കയറ്റണം. അതിനു ശേഷമേ ഇവിടെ മതില്‍ പണിയാവൂ.

‘മല ചവിട്ടി പടി ചവിട്ടി അയ്യനെക്കണ്ടു മതിയാവോളം’: 18ാം പടി ചവിട്ടിക്കയറിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ആദ്യ പ്രതികരണം

ഒരാളുടെ ഐഡന്റിറ്റ് പോലീസ് ആണോ തീരുമാനിക്കേണ്ടത്? ഹരിണി ചന്ദന

ശബരിമലയില്‍ പോകുന്നതും പോകാതിരിക്കുന്നത് ഓരോ വ്യക്തികളെ സംബന്ധിച്ചിടത്തോളം അവരുടെ വ്യക്തിപരമായ കാര്യമാണ്. ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നവരും ആഗ്രഹിക്കാത്തവരുമായി ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ തന്നെ പലതരത്തിലുള്ള ആളുകളുണ്ട്. ഞാന്‍ നിലവില്‍ ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കാത്ത വ്യക്തിയാണ്. എന്നിട്ടുപോലും ശബരിമലയില്‍ പോകുന്നുവെന്ന് പറഞ്ഞ് എനിക്ക് രണ്ടു ദിവസം മുന്‍പ് എനിക്ക് ഫേസ്ബുക്ക് പോസ്റ്റ് ഇടേണ്ടി വന്നു. അന്‍പതു വയസിനു ശേഷം ശബരിമലയില്‍ പോകാമെന്നായിരുന്നു എന്റെ പഴയ നിലപാട്. ആ എനിക്ക് പോലും പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ള സംഭവം നടന്നത് കൊണ്ടുതന്നെയാണ് കഴിഞ്ഞദിവസം ഞാനിങ്ങനെ ഒരു പോസ്റ്റിട്ടത്. കാരണം ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ എന്നല്ല ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ് അവര്‍ എന്ത് വസ്ത്രം ധരിക്കണമെന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കുന്ന കേരളം പോലൊരിടത്ത് പോലീസ് പറയുകയാണ് നിങ്ങളൊക്കെ ആണുങ്ങളല്ലെ എന്ന്. ഒരാള്‍ ആണാണോ പെണ്ണാണോ ട്രാന്‍സ് ആണോ എന്ന് അവരാണോ തീരുമാനിക്കേണ്ടത്? സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടത് നമ്മളാണ്. അവരല്ല. പണ്ട് കാലങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആരുമറിയാതെ ശബരിമലയില്‍ കയറി എന്നുള്ളതൊക്കെ സത്യമാണ്. ബാംഗ്ലൂരില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും എനിക്കറിയാവുന്ന ഒരുപാട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് മല കയറിയിട്ടുണ്ട്. പക്ഷെ അവരെല്ലാവരും ബ്രെസ്റ്റും മുടിയും ഒക്കെ കെട്ടി വെച്ച് പാന്റും ഷര്‍ട്ടും ഇട്ടിട്ടാണ് മല കയറിയത്. പക്ഷേ ഇപ്പോള്‍ സംഭവിച്ചത് ഒരു വലിയ ചരിത്രം മാറ്റിക്കുറിക്കലാണ്. സാരി ഉടുത്ത് സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തി തന്നെ നാല് ട്രാന്‍സ്‌ജെന്‍ഡേഴ്സ് മല കയറിയിരിക്കുന്നു. അത് വലിയൊരു കാര്യം തന്നെയാണ്. നമുക്ക് അഭിമാനിക്കാവുന്ന കാര്യം.

സന്തോഷമുണ്ട്, പക്ഷെ ജനാധിപത്യം പരാജയപ്പെടുകയാണ് ചെയ്തത്: മിക്‌സ് ഹരിമിഴി

സംഭവിച്ചത് ചരിത്ര പ്രധാനമായ കാര്യമാണ്. പക്ഷേ ഇവിടെ ജനാധിപത്യം പരാജയപ്പെട്ടെന്ന വസ്തുത ശ്രദ്ധിക്കാതെ പോകരുത്. ഭരണവ്യവസ്ഥയും കോടതിവിധിയും മാനിക്കാതെ 2018ലും കേരളത്തില്‍ രാജഭരണം നിലനില്‍ക്കുന്നു എന്നാണ് എനിക്ക് തോന്നിയത്. കാരണം അവിടെ തന്ത്രിക്കും, രാജാവിനുമാണ് പ്രധാനപ്പെട്ട അധികാരം കൈവന്നത്. അവര്‍ അനുമതി കൊടുത്തപ്പോഴാണ് ട്രാന്‍സിനെ ശബരിമലയില്‍ പ്രവേശിപ്പിച്ചത്. അത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പരാജയമാണ്. നവോത്ഥാന പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നുവന്ന പുരോഗമന രാഷ്ട്രീയ സംഘടനയുടെ ഭാഗമായ ഒരു മുഖ്യമന്ത്രി നടപ്പിലാക്കേണ്ട കാര്യമാണ് ഇന്ന് രാജാവും തന്ത്രിയും കൂടി നടപ്പിലാക്കിയത്. ഭരണത്തിലെ വീഴ്ചയാണ് സംഭവിച്ചത്. സുപ്രീംകോടതിയുടെ വിധി എന്നുവച്ചാല്‍ പരമോന്നതമായ വിധിയാണ്. ആ വിധി നടപ്പിലാക്കേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. സര്‍ക്കാര്‍ കൊടുക്കുന്ന നിര്‍ദ്ദേശത്തിനനുസരിച്ചേ പോലീസ് പെരുമാറാന്‍ പാടുള്ളൂ. ഇവിടെ പോലീസ് പെരുമാറിയത് അതിനു വിപരീതമായിട്ടാണ്. ഒരു ജെന്‍ഡര്‍ ഐഡന്റിറ്റിയെ അവഹേളിക്കുന്ന തരത്തില്‍ അവര്‍ സംസാരിച്ചു. ഭരണഘടന അനുസരിച്ച് എല്ലാവര്‍ക്കും തുല്യനീതിയാണ് ലഭിക്കേണ്ടത്. ഇവിടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യുന്നു, നിങ്ങള്‍ ആണുങ്ങള്‍ ആണോ എന്ന് ചോദിക്കുന്നു. അതിനുള്ള അവകാശം അവര്‍ക്കില്ല. നിയമപ്രകാരം ആ പോലീസുകാരുടെ പേരില്‍ കേസെടുക്കണം. അതുകൊണ്ടുതന്നെ ഇവിടെ സ്വാഭാവികമായും ആരാണ് വിജയിച്ചത് എന്ന് ചോദിച്ചാല്‍ തന്ത്രിയും രാജാവും ആണ് വിജയിച്ചത് എന്ന് ഞാന്‍ പറയും. ചുരുക്കിപറഞ്ഞാല്‍ ഇവിടെ ജനാധിപത്യം ഇല്ലാതായിരിക്കുന്നു.

ലിംഗവിവേചനം അവസാനിപ്പിണമെന്നാണ് സുപ്രിംകോടതി വിധി. അല്ലാതെ ആചാരത്തിനെയോ വിശ്വാസത്തിനെയോ ഒന്നും ചോദ്യം ചെയ്തിട്ടില്ല. ആരാധിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പിന്നെ ആര്‍ത്തവം ഒരു സ്വാഭാവിക പ്രക്രിയയാണ്. മലമൂത്ര വിസര്‍ജനം, ശുക്ലം, രക്തം എന്നിവ പോലെയാണ് അതും. അപ്പോള്‍ പിന്നെ എന്തുകൊണ്ടാണ് ആര്‍ത്തവത്തിന് മാത്രം അശുദ്ധം കല്‍പ്പിക്കുന്നത്. സത്യത്തില്‍ അശുദ്ധം, അയിത്തം തുടങ്ങിയ വാക്കുകള്‍ പ്രയോഗിക്കാന്‍ പോലും പാടില്ല. ആചാരങ്ങള്‍ സംരക്ഷിക്കേണ്ടതല്ലേ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ചരിത്രം പരിശോധിച്ചാല്‍ ഒട്ടനവധി ആചാരങ്ങള്‍ നിലനിന്നിരുന്ന സമൂഹമാണ് നമ്മുടേതെന്ന് കാണാം. അതെല്ലാം സംരക്ഷിക്കേണ്ടവയായിരുന്നില്ലേ? പല ആചാരങ്ങളും സംരക്ഷിച്ചിരുന്നെങ്കില്‍ ഇന്നിവിടെ നാം അനുഭവിക്കുന്ന പല സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെടുമായിരുന്നു. കേരള ചരിത്രം എന്നല്ല ഇന്ത്യന്‍ ചരിത്രം തന്നെ എടുത്തുനോക്കിയാല്‍ പല ദയനീയമായ അവസ്ഥകളെയും മറികടന്നു ഇവിടെ വരെ എത്തിയത് നവോത്ഥാന മുന്നേറ്റങ്ങളിലൂടെയാണെന്ന് കാണാം. വിപ്ലവകരമായ മുന്നേറ്റങ്ങളായിരുന്നു അവ. അന്നത്തെ അതേ ആര്‍ജ്ജവത്തോടെ തന്നെ ഇന്നത്തെ മുഖ്യമന്ത്രി ശബരിമല വിധി നടപ്പിലാക്കേണ്ടതായിരുന്നു.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍