Top

'പാകിസ്ഥാനിലേക്ക് ബോംബിടുന്നതിന് മുമ്പ് ആകാശത്ത് മഴ മേഘങ്ങള്‍ ഉണ്ടോയെന്ന് നോക്കുന്ന മോദിജി'

'മഴയത്ത് വ്യോമാക്രമണം നടത്താനാണ് എനിക്കിഷ്ടം. കാരണം അന്നേരം അവരുടെ റഡാറുകള്‍ക്ക് നമ്മുടെ വിമാനം കാണാനാവിലല്ലോ' സംഗതി ട്രോളാണ്. ഇര പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

ന്യൂസ് നേഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലെ മോദിയുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയില്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ ട്രോള്‍മഴ. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ബാലക്കോട്ട് ആക്രമണം മറ്റൊരു ദിവസം നടത്താന്‍ വിദഗ്ധര്‍ ആലോചിച്ചിരുന്നതായും എന്നാല്‍ ഈ കാലാവസ്ഥയില്‍ ആക്രമണം നടത്തുന്നതാണ് ഉചിതമെന്ന അഭിപ്രായം താനാണ് മുന്നോട്ട് വെച്ചതെന്നുമുള്ള മോദിയുടെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ പ്രവഹിക്കുന്നത്.

'ബാലക്കോട് ആക്രമണം നടന്ന ദിവസം നല്ല മഴയും, മേഘാവൃതമായ കാലാസ്ഥയുമായിരുന്നു. അര്‍ധരാത്രി 12 മണിയോടെയാണ് നിര്‍ണായക തീരുമാനങ്ങളുണ്ടായത്. മോശം കാലാസ്ഥയായതിനാല്‍ ബാലക്കോട്ട് ആക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനായിരുന്നു വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍, ഈ കാലാവസ്ഥ നമുക്ക് ഗുണം ചെയ്യുമെന്ന് ഞാനാണ് അഭിപ്രായപ്പെട്ടത്. റഡാറുകളില്‍ നിന്ന് രക്ഷ നേടാന്‍ കാലാവസ്ഥ അനുകൂലമാകുമെന്നായിരുന്നു ഞാന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശം' എന്നായിരുന്നു മോദി പറഞ്ഞത്.

നരേന്ദ്രമോദിയുടെ ഈ പരാമര്‍ശത്തെ ശക്തമായി പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴതന്നെ രൂപപ്പെട്ടിരിക്കുകയാണ്. മേഘങ്ങള്‍ നിറഞ്ഞ ആകാശം റഡാറുകളില്‍ നിന്ന് വിമാനങ്ങളെ സംരക്ഷിക്കുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ട് ഐസി ടൈസി ഡമോക്രസിയുടെ ഫേയ്‌സ്ബുക്ക് പേജില്‍വന്ന പോസ്റ്റ് ഇങ്ങനെയാണ്. 'ഐഎസ്ആര്‍ഒ ചന്ദ്ര ദൗത്യത്തിന് തയ്യാറെടുക്കവെ അതിനെ സംബന്ധിച്ചുള്ള സംശയങ്ങള്‍ വിദഗ്ധര്‍ എന്നോട് ചോദിച്ചു. പൂര്‍ണ്ണചന്ദ്ര ദിവസം ചന്ദ്രദൗത്യം നടത്തുകയാണെങ്കില്‍ നമുക്ക് ചന്ദ്രനിലിറങ്ങാന്‍ കൂടുതല്‍ സ്ഥലം ലഭിക്കുമെന്ന് ഞാനവരോട് പറഞ്ഞു'- ശാസ്ത്രജ്ഞനായ പ്രധാനമന്ത്രി. ഐസി ടൈസി ഡമോക്രസിയുടെ ഈ പോസ്റ്റിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.'മഴയത്ത് നടക്കാനാണ് എനിക്കിഷ്ടം കാരണം എന്റെ കണ്ണീര്‍ മറ്റാരും കാണിലല്ലോ' എന്ന ചാര്‍ളി ചാപ്ലിന്റെ വാക്കുകളോട് ചേര്‍ത്ത് 'മഴയത്ത് വ്യോമാക്രമണം നടത്താനാണ് എനിക്കിഷ്ടം. കാരണം അന്നേരം അവരുടെ റഡാറുകള്‍ക്ക് നമ്മുടെ വിമാനം കാണാനാവിലല്ലോ' എന്ന മോദിയുടെ പ്രസ്താവനയെ ബന്ധിപ്പിച്ചുകൊണ്ടായിരുന്നു ഐസിയുവിന്റെ ട്രോള്‍.'മേഘങ്ങള്‍ക്കിടയില്‍ നിന്നിട്ടും റഡാറുകലില്‍നിന്ന് രക്ഷനേടാന്‍ കഴിയുന്നില്ലെങ്കില്‍ വിമാനത്തിന്റെ ഹെഡ്രൈറ്റ് ഓഫ് ചെയ്ത് ന്യൂട്രല്‍ ഗിയറില്‍ പോയി നോക്കൂ തീര്‍ച്ചയായും രക്ഷപ്പെടാം എന്നായിരുന്നു' ട്രോള്‍ റിപ്പബ്ലികിന്റെ ട്രോള്‍.മോദിയുടെ പരാമര്‍ശത്തെ സംബന്ധിച്ച് ഷാജുദീന്‍ ഇ പിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ് - 'അപ്പത്തന്നെ നാസ പിടിച്ച് ഒരവാര്‍ഡ് കൊടുത്തു. യൂനെസ്‌കോയും കൊടുക്കുന്നുണ്ടെന്നു കേള്‍ക്കുന്നു. യുദ്ധവിമാനങ്ങളുടെ മുന്നില്‍ പുതിയൊരു പൈപ്പ് പിടിപ്പിക്കാന്‍ ഓടി നടക്കുകയാണ് ലോക രാജ്യങ്ങള്‍. ക്ലൗഡ് പൈപ്പ് എന്നാണ് പേര്. ഇതില്‍ നിന്നു പുറത്തു വരുന്ന കാര്‍മേഘം വിമാനത്തിനു ചുറ്റും പരന്ന് ശത്രു റഡാറുകളെ കബളിപ്പിക്കും. മോദീസ് തിയറി ഓഫ് ക്ലൗഡ് എസ്‌കേപ്പ് എന്നാണ് ഇത് അറിയപ്പെടുന്നത്.'മിനേഷ് രാമനുണ്ണിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ് -

'ഹരീഷ് പെരുമണ്ണ( കണാരന്‍)യുടെ പ്രശസ്തമായ ബാര്‍ബര്‍ ഷോപ് കോമഡിയില്‍ (ബാബ്വേട്ടന്‍) ഒരു കഥാപത്രമുണ്ട്. ബോംബുകോരി സുരേന്ദ്രന്‍ എന്ന പേരില്‍ അറിയപ്പെടുന്ന റിട്ടയേര്‍ഡ് പട്ടാളക്കാരന്‍. ബാര്‍ബര്‍ഷാപ്പിലെ തമാശകള്‍ക്കിടയില്‍ ആശാന്‍ തട്ടിവിടുന്ന ഒരു കാര്യമുണ്ട്. മൂപ്പരും കേണല്‍ മനേഷേട്ടനും കൂടി കള്ളടിച്ചിരിക്കുമ്പോള്‍ ചാര വിമാനം വന്ന് ബോംബ് ഇടുകയും അവര്‍ കൂളായി കള്ളടി തുടരുകയും ബോംബ് ഒരു തെങ്ങിന്റെ ഉയരത്തില്‍ എത്താറായപ്പോള്‍ രണ്ടാളും കൂടി മേശവിരിപ്പ് രണ്ടറ്റത്തു നിന്നും ചുരുട്ടി ബോംബ് കോരിയെടുത്ത് അതിര്‍ത്തിക്കപ്പുറത്തേക്ക് ഒരു ഏറു എറിയുകയും ആ ഏറില്‍ ഇരുപത്തഞ്ച് പാകിസ്ഥാന്‍ പട്ടാളക്കാര്‍ മരിക്കുകയും ചെയ്തു എന്നതാണു ആശാന്റെ വിടല്‍.

ഇന്നലെ മറ്റൊരു നരേന്ദ്രന്റെ റഡാര്‍ ടെക്‌നോളജിയെക്കുറിച്ചുള്ള വങ്കത്തം കേട്ടപ്പോള്‍ ആദ്യം ഓര്‍മ്മവന്നത് ബോംബ് കോരി സുരേന്ദ്രനെയാണു. ഒപ്പം ഉള്ളില്‍ നിന്നൊരാന്തലും. ഇച്ചങ്ങായിയായിരുന്നല്ലോ അഞ്ചു കൊല്ലം നമ്മെ ഭരിച്ചിരുന്നതെന്ന്! 'മോദിയുടെ കണ്ടുപിടുത്തത്തെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവായ ദിവ്യ സ്പന്ദനയും രംഗത്തെത്തിയിരുന്നു. മോദി താങ്കളുടെ അറിവിലേക്കായി എന്ന് തുടങ്ങുന്ന ട്വീറ്റില്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പേ മേഘങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും വിമാനങ്ങളെ കണ്ടെത്താന്‍ സാധിക്കുന്ന റഡാര്‍ സംവിധാനമുണ്ടെന്ന് ദിവ്യ പറയുന്നു. ഒരുപക്ഷേ അങ്ങനെ ഇല്ലായിരുന്നുവെങ്കില്‍ മറ്റ് രാജ്യങ്ങളുടെ വിമാനങ്ങള്‍ എപ്പോഴെ നമ്മുടെ ആകാശങ്ങളെ കീഴടക്കുമായിരുന്നു. താങ്കള്‍ കാലഘട്ടങ്ങള്‍ക്ക് മുന്‍പ് നിലകൊള്ളുന്നതിന്റെ പ്രശ്‌നമാണ്, അത് മനസിലാക്കൂ അങ്കിള്‍ജി എന്നാണ് ദിവ്യ ട്വിറ്ററില്‍ കുറിച്ചിരുന്നത്.

2014 മുതല്‍ അത്ഭുതരകരവും നൂതനവുമായ ഒരു റഡാര്‍ നമുക്കുണ്ടെന്ന് ദിവ്യ പറയുന്നു. നുണകള്‍, അഴിമതി, കള്ളപ്പണം, മണ്ടത്തരങ്ങള്‍ എന്നിവയൊക്കെ കണ്ടെത്താനാണ് അത് സഹായിക്കുന്നത്. അതല്ലാതെ നിങ്ങളുടെ കള്ളത്തരങ്ങള്‍ എങ്ങനെയാണ് കണ്ടുപിടിച്ചതെന്നാണ് കരുതുന്നതെന്നും ദിവ്യ ട്വിറ്ററില്‍ കുറിച്ചത്.

Next Story

Related Stories