TopTop
Begin typing your search above and press return to search.

ഗാന്ധി വധക്കേസ് പുനരന്വേഷണം: സംഘടിത നുണകള്‍ പ്രചരിപ്പിച്ച് പാപക്കറ മായ്ച്ചുകളയാനുളള ആര്‍ എസ് എസ് ശ്രമം

ഗാന്ധി വധക്കേസ് പുനരന്വേഷണം: സംഘടിത നുണകള്‍ പ്രചരിപ്പിച്ച് പാപക്കറ മായ്ച്ചുകളയാനുളള ആര്‍ എസ് എസ് ശ്രമം

മഹാത്മ ഗാന്ധിയുടെ കൊലപാതകത്തെ ന്യായീകരിക്കുന്നതിനുള്ള നുണകള്‍ സംഘടിതമായി പ്രചരിപ്പിക്കുകയാണ് നാഥുറാം ഗോഡ്‌സെയെ പ്രചോദിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത പ്രത്യശാസ്ത്രം ഇന്ന് ചെയ്യുന്നതെന്ന് മഹാത്മ ഗാന്ധിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധി ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളായി ഈ പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകര്‍ വിജയകരമായി പ്രചരിപ്പിക്കുന്ന നുണകളില്‍ വലിയൊരു ശതമാനം ഇന്ത്യക്കാരും വീണുപോയതായും thewire.in ല്‍എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു. ഒരു നുണ ആവര്‍ത്തിച്ച് പ്രചരിപ്പിച്ച് അത് സത്യമാക്കുന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ഇവര്‍ സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

എന്നാല്‍ ഇപ്പോള്‍ അവര്‍ ഒരു പടികൂടി കടന്ന് കൊലപാതകത്തെ കുറിച്ചുതന്നെ സംശയങ്ങള്‍ ഉന്നയിക്കുന്നു. ഗാന്ധിജിയുടെ കൊലപാതകത്തെ കുറിച്ച് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ഹര്‍ജി സുപ്രീം കോടതി അടുത്തകാലത്ത് പരിഗണിച്ചിരുന്നു. കോടതി ഒരു അമിക്കസ് ക്യൂറിയെ നിയമിക്കുകയും കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ 30തിലേക്ക് മാറ്റിയിരിക്കുകയുമാണ്. എന്നാല്‍ നിര്‍ലജ്ജമാം വിധത്തില്‍ ബാലിശമായ ഈ അപേക്ഷ കോടതി കൈയോടെ തള്ളിക്കളയാത്തത് തന്നെ അമ്പരപ്പിക്കുന്നതായും തുഷാര്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ഗാന്ധിജിയുടെ കൊലപാതകത്തെ കുറിച്ച് വ്യാജവിവരങ്ങള്‍ വിതയ്ക്കാനും ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങള്‍ ഇതാദ്യമായല്ല നടക്കുന്നത്. അദ്ദേഹത്തിന്റെ കൊലപാതകികള്‍ക്ക് പ്രത്യയശാസ്ത്ര പ്രചോദനം നല്‍കിയ വലുതപക്ഷ ഹൈന്ദവ വിഭാഗങ്ങളുടെ തന്ത്രത്തിന്റെ ഒരു ഭാഗമായി വേണം ഇതിനെ കാണാനെന്നും തുഷാര്‍ കെ ഗാന്ധി വിശദീകരിക്കുന്നു.

ഗാന്ധിയുടെ കൊലപാതകത്തെ കുറിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ബോംബെ ഹൈക്കോടതിയിലും ഒരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മറ്റൊരാള്‍ കൂടി വെടിവെച്ചിട്ടുണ്ടെന്നും നാലാമതായി ഒരു വെടിയുണ്ട ഉണ്ടായിരുന്നുവെന്നും ഒരു വിദേശിയുടെ സാന്നിധ്യമുണ്ടായിരുന്നവെന്നുമാണ് ഹര്‍ജിക്കാരനായ പങ്കജ് ഫഡ്‌നിസും ഗവേഷകനായ അഭിനവ് ഭാരതും പരാതിയില്‍ ബോധിപ്പിച്ചത്. ഭാഗ്യവശാല്‍ ബോംബെ ഹൈക്കോടതി പരാതി തള്ളിക്കളയുകയും അതിനെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുകയും ചെയ്തു. വീര്‍ സര്‍വര്‍ക്കറുടെ ആരാധകനാണ് താനെന്നും അദ്ദേഹത്തിന്റെ കൈകള്‍ ശുദ്ധമാക്കാനാണ് തന്റെ ശ്രമമെന്നും പരാതിക്കാരന്‍ തന്നെ കോടതിയില്‍ പറഞ്ഞിരുന്നു. 1969ലെ ജസ്റ്റിസ് കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളിക്കളയണമെന്നും ഗാന്ധി വധത്തില്‍ പുതിയ അന്വേഷണത്തിന് ഉത്തരവിടണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫഡ്‌നിസിന്റെ മറ്റൊരു പരാതി സുപ്രീം കോടതി സ്വീകരിച്ചിരിക്കുകയാണ്.

ഗാന്ധി വധത്തില്‍ ആര്‍എസ്എസിനുള്ള പങ്ക് വ്യക്തമാക്കുകയും വധഗൂഢാലോചനയില്‍ സവര്‍ക്കര്‍ക്കുള്ള പങ്കാളിത്തത്തിന് വ്യക്തമായ തെളിവുകളും കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉടനീളം നിരത്തിയിരുന്നു. എന്നാല്‍ പിന്നീട് സവര്‍ക്കറെ വെറുതെ വിട്ടു. അന്നുമുതല്‍ കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംഘപരിവാറിന്റെ സവര്‍ക്കറുടെ അനുയായികളുടെയും കണ്ണിലെ കരടാണ്. അതുകൊണ്ടുതന്നെ സമകാലീന ചരിത്രത്തെ അപകീര്‍ത്തിപ്പെടുത്താനും സ്വന്തം മനോവിഭ്രാന്തികളെ ചരിത്രമായി അവതരിപ്പിക്കാനുമുള്ള അവരുടെ ശ്രമമായി വേണം ബോംബെ ഹൈക്കോടതി തള്ളിക്കളഞ്ഞ പരാതിയെയും സുപ്രീം കോടതി കേള്‍ക്കാനിരിക്കുന്ന പരാതിയെയും വീക്ഷിക്കാനെന്നും തുഷാര്‍ ഗാന്ധി പറയുന്നു.

ഗാന്ധിജിയുടെ മരണം നടന്ന 1948 ജനുവരി 30ന് ബിര്‍ല ഹൗസില്‍ മറ്റൊരു തോക്കുധാരി കൂടിയുണ്ടായിരുന്നു എന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ പറയുന്നത്. ഗാന്ധിജിയുടെ മരണത്തിന് കാരണമായ നാലാമത്തെ വെടിയുതിര്‍ത്തത് ഇയാളാണെന്നാണ് പ്രധാനവാദം. അതായത് ഗാന്ധിയില്‍ നിന്നും വെറും രണ്ടര അടി ദുരം മാത്രം അകലെ നിന്നും ഒരു ഒമ്പത് എംഎം തോക്കുപയോഗിച്ച് നാഥുറാം ഗോഡ്‌സെ ഉതിര്‍ക്കുകയും ഗാന്ധിജിയുടെ നെഞ്ചില്‍ മൂന്ന് ഇഞ്ചില്‍ താഴെ ആഴത്തില്‍ തുളച്ചുകയറുകയും ചെയ്ത മൂന്ന് വെടിയുണ്ടകളല്ല അദ്ദേഹത്തിന്റെ മരണകാരണം എന്ന് സ്ഥാപിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അന്ന് വൈകിട്ട് ബിര്‍ല ഹൗസില്‍ ആയിരത്തിലേറെ ആളുകള്‍ സന്നിഹിതരായിരുന്നു. അവരുടെ ആരുടെയും ശ്രദ്ധയില്‍ പെടാതെ നാലാമതൊരാള്‍ മരണകാരണമായ വെടിയുതിര്‍ത്തിട്ട് രക്ഷപ്പെടുകയായിരുന്നു എന്നാണ് അവര്‍ വാദിക്കുന്നത്.

ഗോഡ്‌സെയുടെ കൂട്ടാളികളായിരുന്ന എന്‍ ഡി ആപ്‌തെയും വിഷ്ണു രാമകൃഷ്ണ ഖര്‍ക്കരെയും കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ടത് അവര്‍ യഥാര്‍ത്ഥ കൊലയില്‍ പങ്കാളികളല്ലായിരുന്നതുകൊണ്ടാണ്. ഗാന്ധിജിയെ സമീപിക്കുന്ന ഗോഡ്‌സെയെ ആരും തടയാതെ നോക്കുക എന്നതായിരുന്നു നിരായുധരായ അവരുടെ ദൗത്യം. കൊലപാതകത്തിന് ശേഷം എല്ലാവരെയും രക്ഷപ്പെടുത്താന്‍ ശ്രമിക്കണമെന്നും അവര്‍ക്ക് ലക്ഷ്യമുണ്ടായിരുന്നു. ബിര്‍ല ഹൗസിലെ രഘു മാലി വെടിയുതിര്‍ത്ത ഉടന്‍ തന്നെ ഗോഡ്‌സെയെ കീഴടക്കുകയും നിരായുധനാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് രക്ഷപ്പെടാനുള്ള പദ്ധതി പരാജയപ്പെട്ടത്. ഈ ആശയക്കുഴപ്പത്തിനിടയിലാണ് ആപ്‌തെയും ഖര്‍ക്കരയും രക്ഷപ്പെട്ടത്. മറ്റൊരു തോക്കുധാരി ഇല്ലാതിരുന്നതുകൊണ്ടാണ് ആരും അയാളെ കാണുകയോ കേള്‍ക്കുകയോ ചെയ്യാതിരുന്നത്.

രണ്ടാമത്തെ തോക്കുധാരി ഉതിര്‍ത്ത നാലാമത്തെ വെടിയുണ്ടയാണ് ഗാന്ധിജിയുടെ മരണകാരണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഗാന്ധിജിയുടെ ഭൗതിക ശരീരം വൃത്തിയാക്കുമ്പോള്‍ അദ്ദേഹം ശരീരത്തില്‍ ഇട്ടിരുന്ന ഷോളിന്റെ മടക്കുകളില്‍ നിന്നും ഒരു വെടിയുണ്ട കണ്ടെത്തിയതായി മനുബെന്നിന്റെ കുറിപ്പും അവര്‍ പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് അജ്ഞാത വെടിയുണ്ട എന്നാണ് ഹര്‍ജിക്കാരുടെ അവകാശവാദം. എന്നാല്‍ അദ്ദേഹത്തിനെതിരെ മൂന്ന് തവണയാണ് വെടിയുതിര്‍ത്തിരുന്നതെന്നും അത് മൂന്നും അദ്ദേഹത്തിന്റെ ശരീരത്തില്‍ പതിച്ചുവെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. നെഞ്ചില്‍ ഉണ്ടായ മൂന്ന് മുറിവുകളും ഇത് ശരിവെക്കുന്നു. അദ്ദേഹത്തിന്റെ ശുഷ്‌ക ശരീരത്തിലൂടെ പാഞ്ഞുപോയ രണ്ട് വെടിയുണ്ടകളാണ് പിന്‍ഭാഗത്തെ മുറിവുകള്‍ക്ക് കാരണം.

ഇതിലൊരു വെടിയുണ്ട അദ്ദേഹത്തിന്റെ ശരീരം തുളച്ച് പത്തുമീറ്ററോളം പിന്നിലേക്ക് പോയി. പിന്നീട് ബിര്‍ല ഹൗസിന്റെ പിന്‍മുറ്റത്തുള്ള പുല്‍ത്തകിടിയിലെ ചെടികള്‍ക്കിടയില്‍ നിന്നും പോലീസ് അത് കണ്ടെടുത്തിരുന്നു. രാജ്ഘട്ടില്‍ നിന്നും ഗാന്ധിജിയുടെ ചിതാഭസ്മം ശേഖരിക്കുന്ന വേളയില്‍ അദ്ദേഹത്തിന്റെ ശീരത്തില്‍ തുളച്ചിരുന്ന രണ്ടാമത്തെ വെടിയുണ്ടയും കിട്ടി. മൂന്നാമത്തെ വെടിയുണ്ടയെ കുറിച്ചാണ് മനുബെന്‍ സൂചിപ്പിക്കുന്നത്. നാലാമത്തെ ഒരു വെടിയുണ്ട കണ്ടെടുക്കാന്‍ സാധിക്കാത്തത് അങ്ങനെയൊന്ന് ഇല്ലാത്തതിനാലാണ്.

അന്വേഷണത്തിനിടയില്‍ ഗോളിയോറിലെ പര്‍ച്ചുരെ വാഡയില്‍ നിന്നും ആപ്‌തെ പോലീസിന് ഒരു വെടിയുണ്ട കാട്ടിക്കൊടുത്തിരുന്നു. ഇതിന്റെ ഫോറന്‍സിക് പരിശോധനയില്‍ അത് ഗോഡ്‌സെ ഉപയോഗിച്ചത് പോലെയുള്ള ഒമ്പത് എംഎം ബരേറ്റ തോക്കില്‍ നിന്നും ഉതിര്‍ത്തതല്ലെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു.

ഒരേ ക്രമമ്പറില്‍ (606824) ഉള്ള രണ്ട് ബരേറ്റ തോക്കുകളെ കുറിച്ചും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നുണ്ട്. ഒരേ ക്രമനമ്പറിലുള്ള രണ്ട് ബരേറ്റ തോക്കുകള്‍ ഉണ്ട്. അവ ഇപ്പോള്‍ രാജ്ഘട്ടിലെ ദേശീയ ഗാന്ധി മ്യൂസിയത്തിലാണുള്ളത്. ഒന്ന് ഗാന്ധിയെ കൊല്ലാന്‍ ഉപയോഗിച്ച യഥാര്‍ത്ഥ തോക്കാണ്. ഇതും കൊലയാളികളുടെ കൈയിലുണ്ടായിരുന്ന മറ്റ് വസ്തുക്കളും ഗാന്ധി സ്മാരക നിധിക്ക് കൈമാറിയതിനെ തുടര്‍ന്നാണ് ദേശീയ ഗാന്ധി മ്യൂസിയം സ്ഥാപിക്കുകയും വസ്തുക്കളെല്ലാം അവിടെ സൂക്ഷിക്കുകയും ചെയ്തത്. കൊലയാളി ഉപയോഗിച്ച തോക്കിന്റെ പകര്‍പ്പാണ് അതേ ക്രമ നമ്പറിലുള്ള മറ്റേ തോക്ക്. അത് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനായി ഉപയോഗിക്കുന്നു. ഇതേ ക്രമനമ്പറിലുള്ള മറ്റൊരു ബരേറ്റ തോക്കില്ല.

ഈ തോക്ക് ഗോഡ്‌സെയുടെ കൈകളില്‍ എങ്ങനെ എത്തിയെന്നതിന് വ്യക്തമായ രേഖകളുണ്ടെന്ന കാര്യവും തുഷാര്‍ ഗാന്ധി ഓര്‍മ്മിപ്പിക്കുന്നു. ഗാന്ധിജിയെ വധിക്കാന്‍ തീരുമാനിച്ചെങ്കിലും 1948 ജനുവരി 28 വരെ ഫലപ്രദമായ ഒരു ആയുധം കണ്ടുപിടിക്കാന്‍ ഗോഡ്‌സെയ്ക്കും സംഘത്തിനും സാധിച്ചിരുന്നില്ല. ജനുവരി 20ന് മൂന്ന് റിവോള്‍വറുകളുമായി ഇവര്‍ ഗാന്ധിജിയെ വധിക്കാന്‍ പോയെങ്കിലും ഇവയില്‍ രണ്ടണ്ണത്തിന്റെ ശേഷിയെ കുറിച്ച് അവര്‍ക്ക് സംശയം ഉണ്ടായിരുന്നതിനാല്‍ ശ്രമിച്ചില്ല. സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു തോക്ക് ഗോപാല്‍ ഗോഡ്‌സെയുടെ കൈയിലുണ്ടായിരുന്നെങ്കിലും അത് പ്രവര്‍ത്തനരഹിതമായി.

തുടര്‍ന്ന് ശക്തമായ ആയുധത്തിന് വേണ്ടിയുള്ള അന്വേഷണം അവരെ അക്കാലത്ത് അനധികൃത തോക്ക് വ്യാപാര കേന്ദ്രമായിരുന്ന ഗോളിയാറില്‍ എത്തിച്ചു. അവിടെ ഡോക്ടറും അഖില ഭാരതീയ ഹിന്ദു മഹാസഭ അംഗവും സവര്‍ക്കറിന്റെ കടുത്ത അനുയായിയും ആയിരുന്നു ദത്താത്രേയ പര്‍ച്ചുരെയാണ് അവര്‍ സമീപിച്ചത്. മുന്‍ പരിചയം ഉണ്ടായിരുന്ന അദ്ദേഹം സഹായിക്കുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. സ്വന്തം തോക്ക് നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചെങ്കിലും ഫലപ്രദമായ മറ്റൊന്ന് സംഘടിപ്പിച്ച് നല്‍കുന്നതിന് തന്റെ സഹായിയായ ഗംഗാധര്‍ ദണ്ഡെവാഡയെ ദത്താത്രേയ ചുമതലപ്പെടുത്തി. ഗംഗാധര്‍ ദണ്ഡെവാഡെയാണ് ഗോഡ്‌സെയ്ക്ക് തോക്ക് സംഘടിപ്പിച്ച് നല്‍കിയതെന്ന് പിന്നീട് തെളിയുകയും ചെയ്തു. ആയുധവില്‍പ്പനക്കാരനായ ജഗദീഷ് പ്രസാദ് ഗോയലില്‍ നിന്നും അഞ്ഞൂറ് രൂപയ്ക്ക് വാങ്ങിയ തോക്ക് ഉപയോഗിക്കുന്ന വിധം പര്‍ച്ചൂരെയാണ് ഘാതകരെ പഠിപ്പിച്ചത്.

ബരെറ്റ ഒമ്പത് സെമി ഓട്ടോമാറ്റിക് തോക്കുകള്‍ ഏറ്റവും അടുത്ത ലക്ഷ്യത്തിലേക്ക് ഫലപ്രദമായി പ്രയോഗിക്കാവുന്നവയാണ്. മുസോളിനിയുടെ സേനയില്‍ പ്രവര്‍ത്തിക്കുന്ന പട്ടാള ഉദ്യോഗസ്ഥര്‍ക്കായി പരിമിതമായ അളവില്‍ നിര്‍മ്മിച്ചിരുന്ന ഈ തോക്കുകള്‍ എക്കാലത്തെയും ഫാസിസ്റ്റുകളുടെ പ്രിയപ്പെട്ട ആയുധമായിരുന്നു. ഗാന്ധിജിയെ വധിക്കാന്‍ ഉപയോഗിച്ച തോക്ക് മുസോളിനിയുടെ സേന ഉത്തര ആഫ്രിക്കയിലെ അബിസിനിയ കീഴടക്കിയപ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ കൈവശം സൂക്ഷിച്ചിരുന്നതാണ്. പിന്നീട് സഖ്യസേനയുടെ വിഭാഗമായിരുന്ന ലഫ്റ്റനന്റ് കേണല്‍ വിവി ജോഷിയുടെ നേതൃത്വത്തിലുള്ള നാലാം ഗോളിയാര്‍ ഇന്‍ഫന്ററി മുസോളിനിയുടെ സേനയെ കീഴടക്കി. കീഴടങ്ങലിന്റെ സൂചനയായി ഈ തോക്ക് ജോഷിക്ക് സമര്‍പ്പിച്ചു. അദ്ദേഹം അതൊരു യുദ്ധസമ്മാനമായി സ്വീകരിക്കുകയും ഗോളിയാറിലേക്ക് കൊണ്ടുവരികയും ചെയ്തു. അതെങ്ങനെ ഒരു വ്യാജ ആയുധവ്യാപരിയുടെ കൈകളില്‍ എത്തിയെന്ന് വ്യക്തമല്ല. ഗാന്ധിവധത്തില്‍ പര്‍ച്ചൂരയെയും പ്രതിയാക്കിയിരുന്നു. എന്നാല്‍ മതിയായ തെളിവുകളും കുറ്റസമ്മതവും ഉണ്ടായിരുന്നെങ്കിലും അറസ്റ്റ് ചെയ്യുന്ന സമയത്ത് ബ്രിട്ടീഷ് പൗരനായിരുന്ന എന്ന സാങ്കേതികതയുടെ പേരില്‍ ഇയാളെ വെറുതെ വിടുകയായിരുന്നു.

ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട ഈ വസ്തുതകളൊക്കെ സംഘപരിവാറിനെ അസ്വസ്ഥമാക്കുന്നു. ചരിത്രത്തെ തിരിത്തുയെഴുതാനും വ്യാജമായി നിര്‍മ്മിക്കാനുമുള്ള ശേഷിയും അധികാരവും തങ്ങള്‍ക്കുണ്ടെന്ന് ഇപ്പോള്‍ അവര്‍ കരുതുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് കുറച്ചുകൂടി സൗകര്യപ്രദമായ വ്യാജനിര്‍മ്മിതകള്‍ വച്ച് ചരിത്രത്തെ വളച്ചൊടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് തുഷാര്‍ ഗാന്ധി എഴുതുന്നു. പുരാതന ചരിത്രത്തെ വളച്ചൊടിക്കാന്‍ അവര്‍ക്ക് സാധിച്ചതുപോലെ സമകാലിക ചരിത്രത്തെ വളച്ചൊടിക്കാനുള്ള അവരുടെ ശ്രമങ്ങളും വിജയിച്ചേക്കാം എന്ന ആശങ്കയോടെയാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്.

Next Story

Related Stories