TopTop

ദുബായ് ബസ്സപടകം: വിൻഡോ കർട്ടൺ കാഴ്ചമറച്ചെന്ന് ഡ്രൈവറുടെ മകൻ, മരിച്ച ഇന്ത്യൻ മോഡലിന് ദുബായിൽ അന്ത്യവിശ്രമം

ദുബായ് ബസ്സപടകം: വിൻഡോ കർട്ടൺ കാഴ്ചമറച്ചെന്ന് ഡ്രൈവറുടെ മകൻ, മരിച്ച ഇന്ത്യൻ മോഡലിന് ദുബായിൽ അന്ത്യവിശ്രമം
ആറ് മലയാളികൾ ഉൾപ്പെടെ 17 പേരുടെ മരണത്തിനിടയാക്കി ദുബായിലുണ്ടായ ബസ്സപകടത്തിന് ഇടയാക്കിടയത് അമിത വേഗതയും നിയന്ത്രണങ്ങൾ പാലിക്കാത്തതുമാണെന്ന് റിപ്പോർട്ട്. 40 കിലോ മീറ്റർ മാത്രം വേഗ പരിധിയുള്ള പാതയിൽ അമിത വേഗത്തിലായിരുന്നു അപകടത്തിൽപ്പെട്ട വാഹനം എന്നാണ് വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ കഴിയുകയാണ് ഒമാനി സ്വദേശിയായ ബസ് ഡ്രൈവർ.

ഡ്രൈവറുടെ കണ്ണിലേക്ക് പ്രകാശം തട്ടാതിരിക്കാൻ വശങ്ങളിൽ സ്ഥാപിച്ച കർട്ടൺ മൂലം റോഡ് ദ്യശ്യമാവാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ഡ്രൈവർ സയ്യീദ് മുഹ്മദിന്റെ മകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മുന്നറിയിപ്പ് കാണാതെയാണ് പിതാവ് അൽ റാഷിദിയ എക്സിറ്റ് റോഡിലേക്ക് പ്രവേശിച്ചത്. ഉയര നിയന്ത്രണം സംബന്ധിച്ച് മുന്നറിയിപ്പ് ശ്രദ്ധയിൽ പ്പെട്ടപ്പോഴേക്കും അപകടം സംഭവിച്ചിരുന്നെന്നും മകൻ പറയുന്നു. അപകടത്തില്‍ ബസിന്റെ ഇടതുവശം പൂര്‍ണമായും തകര്‍ന്നു.

അതേസമയം, അപകടത്തിൽ മരിച്ച ഇന്ത്യൻ മോഡൽ റോഷിണി മൂൽചാന്ദിനിയുടെ മൃതദേഹം ദുബായിൽ തന്നെ സംസ്കരിച്ചു. ഹിന്ദു ശ്മാനത്തിലായിരുന്നു സംസ്കാരം നടത്തിയത്. ചടങ്ങുകളിൽ യുവതിയുടെ അച്ഛനും സഹോദരനും പങ്കെടുത്തു. പ്ലാം ജുമൈറയിലെ ആഡംബര ഹോട്ടലിലെ ജീവനക്കാരിയായിരുന്ന റോഷിനി മോഡലിങ്ങ് രംഗത്തും പ്രവർത്തിച്ച് വരികയായിരുന്നു. നേരത്തെ ഗൾഫ് ന്യൂസിൽ ഇന്റേർണിയായും ഇവർ ജോലി നോക്കിയിരുന്നു. സംസ്കാരച്ചടങ്ങിൽ സുഹൃത്തുക്കൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. മരിച്ച ഇന്ത്യക്കാരിൽ ദുബയിൽ സംസ്കരിച്ച ഏക വ്യക്തി കൂടിയാണ് റോഷിനി. ഇൻസ്റ്റഗ്രാമിൽ 53,000ത്തിലധികം ഫോളോവേഴുള്ള റോഷ്ണി ഒമാനിലെ ഈദ് ആഘോഷങ്ങൾക്ക് ശേഷം മടക്കയാത്രയുടെ തൊട്ടുമുൻപും ഫോട്ടോ അപ്ഡേറ്റ് ചെയ്തിരുന്നു.

അതിനിടെ, ദുബായിൽ വാഹനാപകടത്തിൽ മരിച്ച എട്ട് മലയാളികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് നോർക്ക റൂട്ട്‌സ് അധികൃതർ നടപടി സ്വീകരിച്ചു വരുന്നതായി മുഖ്യമന്ത്രി അറിയിച്ചു. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തളിക്കുളം അറക്കവീട്ടിൽ മുഹമ്മദുണ്ണി ജമാലുദ്ദീന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ കൊച്ചി വിമാനത്താവളത്തിലും തുടർന്ന് നോർക്ക എമർജൻസി ആംബുലൻസ് മുഖേന വീട്ടിലുമെത്തിച്ചു. മൃതദേഹങ്ങൾ ഞായറാഴ്ചയോടെ നാട്ടിലെത്തിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. എയർ ഇന്ത്യ, എയർ ഇന്ത്യ എക‌്സ‌്‌പ്രസ് വിമാനങ്ങളിലാണ് മൃതദേഹങ്ങൾ എത്തിക്കുന്നത്.

തലശേരി സ്വദേശി ചോണക്കടവത്ത് ഉമ്മർ, മകൻ നബീൽ എന്നിവരുടെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടു പോയി. ഉമറിന്റെ ഇളയ സഹോദരൻ ഷാർജയിൽ ജോലി ചെയ്യുന്ന ഇസ്ഹാഖ് മൃതദേഹത്തെ അനുഗമിച്ചു. തൃശൂർ സ്വദേശി കിരണിന്റെ മൃതദേഹം ശനിയാഴ്ച വൈകിട്ട് ദുബായിൽനിന്ന് കൊണ്ടുപോയി. ഉമ്മർ, നബീൽ, കിരൺ എന്നിവരുടെ മൃതദേഹം ശനിയാഴ്ച രാത്രി കോഴിക്കോട്ടെത്തിച്ചു. രാത്രിയോടെ ദുബായിൽനിന്ന‌് കൊണ്ടുപോയ കോട്ടയം പാമ്പാടി സ്വദേശി വിമൽ കുമാർ കാർത്തികേയൻ, തിരുവനന്തപുരം സ്വദേശി ദീപ കുമാർ എന്നിവരുടെ മൃതദേഹം ഞായറാഴ്ച പുലർച്ചെ തിരുവനന്തപുരത്തെത്തിച്ചു. കണ്ണൂർ മൊറാഴ സ്വദേശി പുതിയപുരയിൽ രാജന്റെ മൃതദേഹം ഞായറാഴ്ച പകൽ നാട്ടിലെത്തിക്കും. പുലർച്ചെ 2.25ന് ദുബായിൽനിന്ന് പുറപ്പെട്ട എക‌്സ‌്‌പ്രസ് വിമാനത്തിൽ കോഴിക്കോട്ടേക്കാണ് മൃതദേഹം എത്തിക്കുക.

Next Story

Related Stories