Top

യുഡിഎഫിന് വീണ്ടും പിഴച്ചോ? സമരം സെക്രട്ടറിയേറ്റിന് മുന്‍പില്‍ ആക്കാമായിരുന്നു!

യുഡിഎഫിന് വീണ്ടും പിഴച്ചോ? സമരം സെക്രട്ടറിയേറ്റിന് മുന്‍പില്‍ ആക്കാമായിരുന്നു!
ശബരിമല വിഷയത്തില്‍ ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ സമര പ്രഖ്യാപനം നടത്തിയതോടെ കേരളത്തിലെ ശബ്ദമുള്ള പ്രതിപക്ഷമായി അവര്‍ മാറിയിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ സഭയെ പ്രക്ഷുബ്ധമാക്കി കോണ്‍ഗ്രസും യുഡിഎഫും ശബരിമല സമരത്തിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കുമെന്ന സാഹചര്യത്തിലാണ് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം പ്രഖ്യാപിച്ചത്. ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ കെ സുരേന്ദ്രന്‍ വിവിധ കേസുകളില്‍ ജയിലിലായതിനാല്‍ മറ്റൊരു ജനറല്‍ സെക്രട്ടറിയായ എ എന്‍ രാധാകൃഷ്ണനാണ് നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. സുരേന്ദ്രനെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക എന്നിവയാണ് ബിജെപി സമരത്തിലെ ആവശ്യങ്ങള്‍. കേരള സര്‍ക്കാരിനെതിരെ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ നിന്നുകൊണ്ട് രൂക്ഷമായ ആരോപണങ്ങളാണ് ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നത്. പിണറായി വിജയനെ ചെകുത്താന്‍ എന്നാണ് കേന്ദ്രത്തില്‍ നിന്നെത്തിയ ബിജെപി നേതാവ് പ്രഹ്ലാദ് ജോഷി വിളിച്ചത്.

അതേസമയം നിയമസഭയ്ക്ക് മുന്നില്‍ യുഡിഎഫ് ആരംഭിച്ച സമരത്തിന്റെ അവസ്ഥയെന്താണെന്ന് ആര്‍ക്കും ഒരു ധാരണയുമില്ല. സഭ തടസ്സപ്പെടുത്താനില്ലെന്ന് വ്യക്തമാക്കിയാണ് ഇന്ന് പ്രതിപക്ഷ നേതാവ് ശബരിമല വിഷയം എടുത്തിട്ടത്. ബാനറുകളുമായാണ് ഇന്നും പ്രതിപക്ഷ എംഎല്‍എമാര്‍ എത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്‌പോര് ഒടുവില്‍ സഭാസമ്മേളനം നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യത്തില്‍ തന്നെയെത്തിച്ചു. ഇരുവരും രണ്ട് തവണ വീതം സംസാരിച്ചു. ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞ സി.പി സുഗതനെ നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ ക്ഷണിച്ചത് മുഖ്യമന്ത്രിയാണെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അന്നദാനത്തിന് ആര്‍എസ്എസിന് അനുമതി നല്‍കിയത് പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രി ആര്‍എസ്എസുമായി ഒത്തുകളിക്കുകയാണെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. യുഡിഎഫിന്റെ മൂന്ന് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ സത്യാഗ്രഹം ഇരിക്കാന്‍ പോകുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിക്കുമ്പോള്‍ കോണ്‍ഗ്രസും അതിന് മുതിരുന്നതിനെ പരിഹസിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. രാഹുല്‍ ഗാന്ധിയല്ല, അമിത് ഷായാണ് തങ്ങളുടെ നേതാവെന്നാണ് രമേശ് ചെന്നിത്തലയുടെയും കൂട്ടരുടെയും ധാരണയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. അതിന് മറുപടി പറയാന്‍ ചെന്നിത്തലയ്ക്ക് സ്പീക്കര്‍ അനുമതിയും നല്‍കിയില്ല. അതോടെയാണ് പ്രതിപക്ഷ എംഎല്‍എമര്‍ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയത്. സ്പീക്കറുടെ ഡയസ് കറുത്ത ബാനര്‍ കൊണ്ട് മറയ്ക്കുകയും ചെയ്തു. അതോടെ സ്പീക്കര്‍ സഭ പിരിച്ചുവിട്ടു. വിഎസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, എന്‍ ജയരാജ് എന്നീ എംഎല്‍എമാരാണ് സഭാ കവാടത്തിന് മുന്നില്‍ സത്യാഗ്രഹം ആരംഭിച്ചിരിക്കുന്നത്.

ബിജെപി സമരപ്പന്തലിന് മുന്നില്‍ മാധ്യമങ്ങള്‍ ക്യൂ നില്‍ക്കുകയായിരുന്നു രാവിലെ മുതല്‍. എന്നാല്‍ യുഡിഎഫ് എംഎല്‍എമാരുടെ സമരം ആരും കണ്ട മട്ടില്ല. 2017 ഓഗസ്റ്റിലും ആരോഗ്യവകുപ്പ് മന്ത്രിക്കെതിരെ യുഡിഎഫ് ഇത്തരത്തില്‍ ഒരു സത്യാഗ്രഹം നടത്തിയതാണ്. അഞ്ച് എംഎല്‍എമാര്‍ വീതമാണ് അന്ന് സത്യാഗ്രഹമിരുന്നത്. ആദ്യം ഇരുന്നവര്‍ ക്ഷീണിക്കുമ്പോള്‍ അടുത്ത അഞ്ച് പേര്‍ ഇരിക്കുന്ന മനോഹരമായ സമരതന്ത്രമാണ് അന്ന് യുഡിഎഫ് ആവിഷ്‌കരിച്ചത്. മന്ത്രി ശൈലജയുടെ രാജി ഇല്ലാതെ സമരം അവസാനിപ്പിക്കില്ലെന്നായിരുന്നു അന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞത്. ഒടുവില്‍ സഭാസമ്മേളനം അവസാനിച്ചെന്ന പേരില്‍ ഓഗസ്റ്റ് 24ന് ഈ അപഹാസ്യ സത്യാഗ്രഹം അവസാനിപ്പിക്കുകയും ചെയ്തു. ശൈലജ ഇപ്പോഴും ആരോഗ്യവകുപ്പിന്റെ മന്ത്രിയുമാണ്. ഇക്കുറിയും യുഡിഎഫ് തന്ത്രത്തില്‍ പിഴവ് പറ്റിയെന്നാണ് ആദ്യ ദിവസം തന്നെ മനസിലാകുന്നത്. പൊതുജനങ്ങള്‍ കടന്നുപോകുന്ന സെക്രട്ടേറിയറ്റിന് മുന്‍വശം തെരഞ്ഞെടുക്കാതെ നിയമസഭാ കവാടം തെരഞ്ഞെടുത്തതിനാല്‍ തന്നെ ആരുടെയും ശ്രദ്ധ ഇവിടെ ലഭിക്കാതെ പോകുകയും ചെയ്തു.

https://www.azhimukham.com/trending-nss-sukumaran-nair-think-about-upper-class-lower-class-discrimination-what-a-comedy/

https://www.azhimukham.com/trending-an-radhakrishnan-take-the-fasting-strike-for-sabarimala-himself-says-ps-sreedharan-pillai/

https://www.azhimukham.com/live-bjp-and-udf-strikes-on-sabarimala-in-trivandrum/

https://www.azhimukham.com/newswrap-sabarimala-protest-against-ldf-government-intensifies-writes-saju/

https://www.azhimukham.com/trending-nss-sukumaran-nair-think-about-upper-class-lower-class-discrimination-what-a-comedy/

Next Story

Related Stories