UPDATES

വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും, അധ്യാപകരെ സ്ഥലം മാറ്റും: യൂണിവേഴ്സിറ്റി കോളേജിനെ മെരുക്കാൻ സർക്കാർ‌

നിഖിലയുടെ ആത്മഹത്യാശ്രമത്തിന് ശേഷം നൽകിയ നിർദ്ദേശങ്ങൾ കോളേജില്‍ നടപ്പായില്ല.

യൂണിവേഴ്സിറ്റി കോളേജിലെ സഘർഷങ്ങൾക്ക് പിന്നാലെ കോളേജിനെ നിയന്ത്രിക്കാൻ കർശന നടപടിയുമായി സർക്കാർ ഇടപെടൽ. വിഷയത്തിൽ സർക്കാർ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ തന്നെ വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് നിയന്ത്രിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം അധ്യാപകരെ സ്ഥലംമാറ്റുന്നത് ഉൾ‌പ്പെടെ പരിഗണിക്കും. യൂണിവേഴ്സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസ് കടത്തിയതിൽ അധ്യാപകർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. എഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

നിഖിലയുടെ ആത്മഹത്യാശ്രമത്തിന് ശേഷം നൽകിയ നിർദ്ദേശങ്ങൾ കോളേജില്‍ നടപ്പായില്ല. കോളേജില്‍ സംഘടനാ പ്രവർത്തനങ്ങൾക്ക് പരിധി ഏര്‍പ്പെടുത്താന്‍ നിയമം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കുന്നു. വിദ്യാർത്ഥിക്ക് കുത്തേൽക്കുന്നതിലേക്ക് നയിച്ച സംഘട്ടനത്തിനും വിവാദങ്ങൾക്കും ഒടുവിൽ ഒരാഴ്ചയ്ക്ക് ശേഷം തിങ്കളാഴ്ച യൂണിവേഴ്സിറ്റി കോളേജ് വീണ്ടും തുറക്കുന്ന സാഹചര്യത്തിലാണ് പാർട്ടിക്കും സർക്കാറിനും വലിയ പേരുദോഷത്തിന് ഇടയാക്കിയ സംഭവത്തിൽ സർക്കാർ മുഖം മിനുക്കൽ നടപടികൾ സ്വീകരിക്കുന്നത്.

പ്രിൻസിപ്പാളിനെ ഉൾപ്പെടെ നേരത്തെ തന്നെ മാറ്റിയിരുന്നു. ഡോ. സി സി ബാബുവാണ് പുതിയ പ്രിൻസിപ്പൽ. മികച്ച അധ്യാപകനെന്ന് പേരുകേട്ട വ്യക്തികളിൽ ഒരാളാണ് ഡോ. സി സി ബാബു. അദ്യമായാണ് യൂണിവേഴ്സിറ്റി കോളേജിൽ അദ്ദേഹം എത്തുന്നത്. മുൻവിധിയില്ലാത്ത എല്ലാവരെയും സഹകരിച്ച് മുന്നോട്ട് പോവാനുള്ള ശ്രമമായിരിക്കും താൻ നടത്തുകയെന്നാണ് നിയുക്ത പ്രിൻസിപ്പാൾ നൽകുന്ന സൂചന. സഹപ്രവര്‍ത്തകെയും വിദ്യാർത്ഥികളെയും യോജിപ്പിച്ച് കൊണ്ട് മികച്ച് രീതിയിൽ മുന്നോട്ട് പോവാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഡോ. ബാബു മാതൃഭൂമിയോട് നേരത്തെ പ്രതികരിച്ചിരുന്നു.

കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ട്രേറ്റിന്റെ നേതൃത്വത്തിലാണ് നീക്കം. പൊലീസ് സംരക്ഷണയോടെയായിരിക്കും ആദ്യ ദിനങ്ങളിൽ കോളേജ് തുറന്ന് പ്രവര്‍ത്തിക്കുക. കോളേജിലെ അന്തരീക്ഷം സാധാരണ നിലയിലാക്കുന്നതിന് കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുതിയ ചില തീരുമാനങ്ങള്‍ എടുത്തതായി അറിയിച്ചിരുന്നു. പ്രിൻസിപ്പലിന് കൂടുതൽ നിയന്ത്രണാധികാരങ്ങൾ നൽകുന്ന തരത്തിലാണ് പുതിയ നിർദേശങ്ങൾ. കോളേജിനുള്ളിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പ്രിന്‍സിപ്പലിന്റെ അനുമതി വേണമെന്ന കോളേജ് കൗണ്‍സിലിന് നിർദേശമാണ് ഇതിൽ പ്രധാനം. ഇക്കാര്യം നടപ്പാൽ തന്നെ ക്യാപസിനുള്ളിൽ അധ്യയനാന്തരീക്ഷം തടസപ്പെടാതെ തിരികെ കിട്ടുമെന്ന് പ്രതീക്ഷയിലാണ് അധികൃതർ.

സർവകലാശാല പരീക്ഷകൾക്ക് പുറമേ പിഎസ്.സി പരീക്ഷകൾ ഉൾപ്പെടെയുള്ളവയ്ക്ക് ഇനി ക്യാമ്പസിൽ പരീക്ഷാ കേന്ദ്രം അനുവദിക്കേണ്ടെന്ന് കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ സർക്കാരിനോട് ശുപാർശ ചെയ്യും. കോളേജ് യുണിയൻ റൂമിൽ ഉത്തരകടലാസ് കണ്ടെത്തിയ സംഭവത്തിന് പിന്നാലെ യൂണിയന്‍ ഓഫീസ് ഒഴിപ്പിച്ച് ക്ലാസ് മുറിയാക്കാനും തീരുമാനം ആയിരുന്നു. ഇതിന് പുറമെ ഉത്തരക്കടലാസുകൾ സൂക്ഷിക്കാൻ പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തിൽ സ്ട്രോങ്ങ് റൂം എന്നിവയും ഒരുക്കും. പരീക്ഷാ ആവശ്യങ്ങള്‍ക്കുള്ള പുതിയൊരു ഓഫീസ് തുറക്കും. കോളേജിലെ പരീക്ഷാ ചീഫ് സൂപ്രണ്ടിനെയും മുന്ന് അനധ്യാപകരെയും സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. ഇതിന് പോലീസിന്റെ സഹായത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതിയ പരിഷ്കാരങ്ങൾ കാര്യക്ഷമമാക്കാന്‍ നേതൃത്വം നല്‍കുമെന്നും കോളേജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറും നേരത്തെ വ്യക്തമാക്കിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍