TopTop
Begin typing your search above and press return to search.

അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് ഒരാണ്ട് കഴിയുമ്പോൾ എസ്എഫ്ഐക്കാർ കത്തി കയറ്റിയത് സ്വന്തം സഖാവിന്റെ നെഞ്ചിലേക്ക്

അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് ഒരാണ്ട് കഴിയുമ്പോൾ എസ്എഫ്ഐക്കാർ കത്തി കയറ്റിയത് സ്വന്തം സഖാവിന്റെ നെഞ്ചിലേക്ക്
വർഗ്ഗീയത തുലയട്ടെ എന്ന് ചുവരിലെഴുതിയതിനായിരുന്നു അഭിമന്യു എന്ന രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയെ മഹാരാജാസ് ക്യാംപസിൽ ക്യാംപസ് ഫ്രണ്ട് പ്രവർത്തകര്‍ കുത്തി വീഴ്ത്തിയത്. ആ രക്തസാക്ഷിത്വത്തിന് ഒരു വർഷം പിന്നിടുമ്പോൾ സ്വന്തം സഖാവിനെ കുത്താൻ കത്തിയെടുത്ത എസ്എഫ്ഐ പ്രവർത്തകരുടെ വാർത്തയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് പുറത്ത് വരുന്നത്. ക്യാംപസിലെ അക്രമ രാഷ്ട്രീയത്തിനെതിരെ അഭിമന്യുവിന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ക്യാംപയിൻ നടത്തുന്ന സമയത്ത് തന്നെയാണ് ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനം ശക്തമായ യൂണിവേഴ്സിറ്റി കോളജ് ക്യാപസിൽ എസ്എഫ്ഐ ആറ്റുകാൽ ലോക്കൽ കമ്മിറ്റി അംഗവും മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയുമായ അഖിൽ ചന്ദ്രന്‍ എന്ന വിദ്യാര്‍ഥി അതേ പാർട്ടിക്കാരുടെ കത്തിക്ക് ഇരയാവുന്നത്.

ജീവഹാനിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു അഖില്‍. സ്വന്തം സഖാവിനെ കത്തിയെടുത്ത് കുത്താൻ മാത്രം എന്തായിരുന്നു ക്യാപസിൽ ഉണ്ടായിരുന്ന പ്രശ്നം? കോളേജ് ക്യാന്റീനില്‍ കൂട്ടം കൂടിയിരുന്നു പാട്ട് പാടി എന്നതാണ് ആക്രമണത്തിനുള്ള കാരണമെന്ന് അഖിലിനൊപ്പം ഉണ്ടായിരുന്നവർ പറയുന്നു. എന്നാൽ രണ്ട് ഡിപ്പാര്‍ട്ട്മെന്റുകൾ തമ്മിലുള്ള നിസാരമായ പ്രശ്നമാണ് സംഘർഷത്തിൽ കലാശിച്ചതെന്നും എസ്എഫ്ഐ ജില്ലാ നേതൃത്വം പറയുന്നു. കുറ്റക്കാരായവരിൽ സംഘടനയുമായി ബന്ധപ്പെട്ടവരുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും നേതൃത്വം പറയുന്നു.

എന്നാൽ, എസ്എഫ്ഐക്ക് മൃഗീയ ഭൂരിപക്ഷമുള്ള ക്യാംപസിൽ സംഘടനയ്ക്കെതിരെ വിദ്യാർത്ഥികൾ‌ ഒന്നടങ്കം പ്രകടനം നടത്തുമ്പോൾ അവർ വിളിച്ച മുദ്രാവാക്യം തന്നെയാണ് ഈ വാദങ്ങൾക്ക് തിരിച്ചടിയാവുന്നത്. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന് വിളിച്ച് പറയുന്ന സംഘടനയോട് തെരുവിലിറങ്ങിയ വിദ്യാർ‌ത്ഥികൾ ചോദിച്ചത് എവിടയാണ് സ്വാതന്ത്ര്യം, എവിടെയാണ് ജനാധിപത്യം എവിടെയാണ് സോഷ്യലിസം എന്നായിരുന്നു. തങ്ങൾക്ക് നീതിവേണം എന്നും ആ കുട്ടികൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇത് വെറും രണ്ട് ഡിപ്പാർട്ട്മെന്റുകൾ തമ്മിലുള്ള പ്രശ്നമല്ലെന്ന് തെളിയാൻ മറ്റെന്ത് ഉദാഹരണമാണ് വേണ്ടെതെന്ന് ചോദിക്കേണ്ടിവരും.

മാസങ്ങൾക്ക് മുൻപാണ് എസ്എഫ്ഐ നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഇതേ യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്. എസ്എഫ്ഐ നേതാക്കൾ ഭീഷണിപ്പെടുത്തി സെക്രട്ടറിയേറ്റ് മാർച്ചിന് കൊണ്ടുപോയെന്നും സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ നേതാക്കളിൽ നിന്നും സമ്മർദ്ദമുണ്ടായെന്നുമാണ് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി കുറിപ്പിൽ ആരോപിച്ചത് എന്നതും ശ്രദ്ധേയമാണ്. നിരന്തരം ആരോപണം ഉയർന്നിട്ടും ശൈലിയിൽ മാറ്റം വരുത്താൻ എസ്എഫ്ഐ തയ്യാറല്ലായെന്നതിന്റെ സൂചനയാണ് പുതിയ സംഭവങ്ങളെന്നാണ് വിലയിരുത്തൽ. നേതാക്കൾക്കെതിരേ ആരോപണം  ഉന്നയിച്ച വിദ്യാര്‍ഥിനി ഒടുവില്‍ പഠനം നിർത്തി പോവുകയാണ്‌ ഉണ്ടായത്. ഒരു സംഘടന ശക്തമായ ഒരു ക്യാപസിൽ മറ്റൊരു സംഘടന വേരുറപ്പിക്കാൻ ശ്രമിക്കുമ്പോൾ ജനാധിപത്യ വിരുദ്ധമെങ്കിലും അതിനെ അടിച്ചമർത്താൻ‌ ശ്രമിക്കുന്നത് പതിവാണ്. എന്നാൽ സംഘടനയോട് ആഭിമുഖ്യം പുലർത്തുന്നവരെ നേതാക്കൾക്ക് ഇഷ്ടമല്ലെങ്കിൽ, നേതാക്കളെ എതിർത്താൽ, തെറ്റ് ചൂണ്ടിക്കാട്ടിയാല്‍, വിയോജിച്ചാൽ കുത്തി വീഴ്ത്താൻ പോലും മടിക്കില്ലെന്ന നിലപാട്, അത് ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത തെറ്റാണെന്ന് വിലയിരുത്തേണ്ടിവരും.

ട്രാഫിക്ക് നിയമം ലംഘിച്ച വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തതിന് പോലീസുകാരെ നടുറോഡിൽ സംഘടിതമായ നേരിട്ടതും ഇതേ യുണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ പ്രവർത്തകരായിരുന്നു. അന്ന് പോലീസുകാരെ മർദ്ദിച്ചവർക്കെതിരെ നടപടിയെടുക്കാതിരിക്കാൻ ഇടപെടലുണ്ടായിടത്ത് തന്നെയാണ് ചോര പൊടിയും തരത്തിൽ ഇന്ന് മറ്റൊരു യുവാവ് ആക്രമിക്കപ്പെട്ടതും. ഇതേ കേസിൽ പ്രതി ചേർക്കപ്പെട്ട എസ്എഫ്ഐ കോളേജ് യൂനിറ്റ് സെക്രട്ടറി എ.എന്‍ നസീം എന്നയാളുൾ‌പ്പെടെ ആറ് പേർക്കെതിരെയാണ് ഇപ്പോഴത്തെ സംഘർഷത്തിന്റെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതും. അന്ന് നസീം അടക്കമുള്ളവരെ സംരക്ഷിച്ചത് പാര്‍ട്ടി നേതൃത്വം തന്നെയായിരുന്നു.

അതേസമയം, കുത്തേറ്റ വിദ്യാർത്ഥി അഖിലിനെ നേരത്തെയും എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചിട്ടുണ്ടെന്ന് പിതാവ് ചന്ദ്രന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുമ്പോൾ ഇത്തരം നടപടികൾ ക്യാപസിൽ തുടർച്ചയാണെന്ന് ഒരിക്കൽ കൂടി വ്യക്തമാവുകയാണ്. ഒന്നര വർഷം മുൻപ് നടന്ന സംഭവത്തിൽ ഇനി സമാനമായ സംഭവം ഉണ്ടാവരുതെന്ന് വിദ്യാര്‍ത്ഥി നേതാക്കളോട് അഭ്യർത്ഥിച്ചിരുന്നെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ സെക്രട്ടറിക്ക് പരാതിയും നൽകിയരുന്നെന്നും പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിന് പുറമെയാണ് വിദ്യാർത്ഥികളുടെ പരാതി. സംഘർഷവുമായി ബന്ധപ്പെട്ട് മുന്നൂറോളം പേരാണ് യൂണിറ്റ് കമ്മിറ്റിക്കെതിരെ രംഗത്തെത്തിയത്. ഇവർ ഒപ്പിട്ട പരാതി പ്രിൻസിപ്പാളിന് സമർപ്പിച്ചു. അഖിലിനെ ആക്രമിച്ചതിൽ യൂണിറ്റ് കമ്മിറ്റിയിലെ 13 പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവർക്ക് പുറമെ പുറത്ത് നിന്നുള്ളവരും ക്യാംപസിലുണ്ടായിരുന്നെന്നും വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നു.

Also Read: ‘എവിടെ എവിടെ സ്വാതന്ത്ര്യം, എവിടെ എവിടെ ജനാധിപത്യം’; എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിക്കെതിരെ തെരുവിലിറങ്ങി വിദ്യാർത്ഥികൾ

യൂണിവേഴ്സിറ്റി കോളേജില്‍ മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തി സംഘടന പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുന്നു എന്നും മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നില്ല തുടങ്ങിയ ആരോപണങ്ങള്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ഏറെക്കാലമായി നിലവിലുണ്ട്.

2017-ല്‍ വിദ്യാര്‍ത്ഥിനികളായ സൂര്യഗായത്രി, ജാനകി എന്നിവര്‍ക്കൊപ്പം നാടകം കാണാന്‍ ക്യാമ്പസിലെത്തിയ ഇവരുടെ സുഹൃത്ത് ജിജീഷിനെ എസ്എഫ് ഐ പ്രവര്‍ത്തകര്‍ സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ ഉപദ്രവിച്ചു എന്ന സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. മറ്റ് വിദ്യാര്‍ഥികളുടെ ഒപ്പമിരുന്ന് നാടകം കണ്ടിരുന്ന ഇവര്‍ക്ക് നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രകോപിതരായെന്നും ക്യാമ്പസ് വിട്ടുപോകാന്‍ ജിജീഷിനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്കിടയില്‍ ജിജീഷിനെ തലക്കടിയേല്‍ക്കുകയും പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ജിജീഷിനെ ക്യാമ്പസില്‍ പിടിച്ചുവെക്കുകയും പെണ്‍കുട്ടികളെ ഗെയിറ്റിന് പുറത്താക്കുകയുമായിരുന്നു. ശാരീരിക അസ്വസ്ഥത നേരിട്ടതിന്റെ പേരില്‍ അവര്‍ മൂന്നുപേരും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ജിജീഷിനു ദേഹമാസകലം മര്‍ദ്ദനമേറ്റിരുന്നു. ജാനകിക്കും സൂര്യക്കും കാര്യമായ പരിക്കുകളും ഉണ്ടായിരുന്നു. എന്നാല്‍, ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ മറ്റൊരു തരത്തിലായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചത് എന്ന ആരോപണവും നിലവിലുണ്ട്.

Also Read: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; എസ്എഫ്ഐക്കെതിരെ മുമ്പും ആരോപണങ്ങള്‍

2014-ല്‍ 150-ഓളം വിദ്യാര്‍ത്ഥികള്‍ എസ്എഫ്ഐയുടെ ഏകാധിപത്യത്തിനെതിരെ തങ്ങള്‍ സമരം ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ട് പ്രിന്‍സിപ്പാളിന്റെ മുറിക്ക് മുന്നില്‍ സമരം നടത്തിയിരുന്നു. പെണ്‍കുട്ടികളെ അക്രമ സമരമുഖത്തേക്ക് നിര്‍ബന്ധിച്ചിറക്കുന്നു എന്നതായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ അന്നുയര്‍ന്ന പരാതി.

2014-ല്‍ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ഫേസ്ബുക്കില്‍ ദി റിയല്‍ കോംറെഡ് ഓഫ് യൂണിവേഴ്‌സിറ്റി കോളേജ് എന്ന പേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ മുന്‍പില്‍ അധ്യാപകരനുഭവിക്കുന്ന നിസഹായാവസ്ഥകളെ കുറിച്ച് ഇങ്ങനെ എഴുതി: ”ക്ലാസ്സില്‍ നിന്ന് കുട്ടികളെ സമരത്തിനായി ഇറക്കുമ്പോള്‍ ക്ലാസ്സെടുക്കുന്ന അധ്യാപകര്‍ നോക്കുകുത്തികളാകുന്നു. അവര്‍ പ്രതികരിക്കാറില്ല. ചിലര്‍ പ്രതികരിച്ചിട്ടുണ്ട്… എന്നാല്‍ അപ്പോഴെല്ലാം മുഴുവന്‍ കുട്ടികളും നോക്കി നില്‍ക്കെ അധ്യാപര്‍ക്കും കുട്ടിനേതാക്കളുടെ വക അസഭ്യം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്… പിന്നെ ആ അധ്യാപകര്‍ക്ക് സ്വസ്ഥമായി ക്ലാസ്സെടുക്കാന്‍ കഴിഞ്ഞെന്നു വരില്ല. കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരാണ് ഇങ്ങനെ ദുരിതമനുഭവിക്കുന്നത് എന്നോര്‍ക്കുക…”

2014 നവബംറില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളായ മണികണ്ഠനേയും, അരുണിനേയും മര്‍ദിച്ചുവെന്ന പരാതിയും ഇവിടുത്തെ എസ്എഫ്‌ഐകാര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന്, യൂണിയന്‍ നേതൃത്വത്തിനെതിരെ പരാതി നല്‍കുകയും പത്രസമ്മേളനം നടത്തുകയും ചെയ്ത ഒന്‍പതു പെണ്‍കുട്ടികള്‍ക്കെതിരെ, റാഗിങ് നടത്തി എന്ന പേരില്‍ എസ്എഫ്‌ഐക്കാര്‍ കേസ് കെട്ടിച്ചമച്ചു എന്നതാണ് പിന്നീട് ഉയര്‍ന്ന ആരോപണം.

Read Azhimukham: അന്ന് രാഷ്ട്രപതിയുടെ പ്രത്യേക അതിഥി, ഇന്ന് ബീഡി തെറുപ്പുകാരി; കൊറഗ വിഭാഗത്തിലെ ആദ്യ എം.ഫില്‍ ബിരുദധാരിയുടെ ജീവിതം

Next Story

Related Stories