UPDATES

യൂണിവേഴ്‍സിറ്റി കോളേജ് അടിമുടി മാറും, പുതിയ പ്രിൻസിപ്പാളിന്റെ കീഴിൽ പുത്തൻ പ്രതീക്ഷകളോടെ ക്യാംപസ്

ഒരാഴ്ചയ്ക്ക് ശേഷം തിങ്കളാഴ്ച യൂണിവേഴ്സിറ്റി കോളേജ് വീണ്ടും തുറക്കും.

വിദ്യാർത്ഥിക്ക് കുത്തേൽക്കുന്നതിലേക്ക് നയിച്ച സംഘട്ടനത്തിനും വിവാദങ്ങൾക്കും ഒടുവിൽ ഒരാഴ്ചയ്ക്ക് ശേഷം തിങ്കളാഴ്ച യൂണിവേഴ്സിറ്റി കോളേജ് വീണ്ടും തുറക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ യുണിവേഴ്‍സിറ്റി കോളേജിൽ സമഗ്ര പരിഷ്കരണമാണ് സർക്കാർ ഇടപെട്ട് നേരിട്ട് നടപ്പാക്കുന്നത്. കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ട്രേറ്റിന്റെ നേതൃത്വത്തിലാണ് നീക്കം. പൊലീസ് സംരക്ഷണയോടെയായിരിക്കും ആദ്യ ദിനങ്ങളിൽ കോളേജ് തുറന്ന് പ്രവര്‍ത്തിക്കുക. കോളേജിലെ അന്തരീക്ഷം സാധാരണ നിലയിലാക്കുന്നതിന് കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുതിയ ചില തീരുമാനങ്ങള്‍ എടുത്തതായി അറിയിച്ചിരുന്നു.

എന്നാൽ, കലാലയ രാഷ്ട്രീയത്തിന്റെ സംഘർഷാവസ്ഥ ഒഴിവാക്കി മികച്ച ഒരു അധ്യയന വർഷം പുനരാംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും, വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും ഉൾപ്പെടുന്ന സംഘം. പുതിയ സംഭവ വികാസങ്ങൾ വിദ്യാർത്ഥി സംഘടകളെയും തിരുത്തി ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നും അവർ വിലയിരുത്തുന്നു.

അടിമുടി മാറ്റമാണ് ക്യാംപസിൽ ഉണ്ടാകാനിരിക്കുന്നത്. പ്രിൻസിപ്പാൾ മാറിയെന്നത് തന്നെയാണ് ഇതിലെ പ്രധാനം. ഡോ. സി സി ബാബുവാണ് പുതിയ പ്രിൻസിപ്പൽ. മികച്ച അധ്യാപകനെന്ന് പേരുകേട്ട വ്യക്തികളിൽ ഒരാളാണ് ഡോ. സി സി ബാബു. അദ്യമായാണ് യൂണിവേഴ്സിറ്റി കോളേജിൽ അദ്ദേഹം എത്തുന്നത്. മുൻവിധിയില്ലാത്ത എല്ലാവരെയും സഹകരിച്ച് മുന്നോട്ട് പോവാനുള്ള ശ്രമമായിരിക്കും താൻ നടത്തുകയെന്നാണ് നിയുക്ത പ്രിൻസിപ്പാൾ നൽകുന്ന സൂചന. സഹപ്രവര്‍ത്തകെയും വിദ്യാർത്ഥികളെയും യോജിപ്പിച്ച് കൊണ്ട് മികച്ച് രീതിയിൽ മുന്നോട്ട് പോവാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഡോ. ബാബു മാതൃഭൂമിയോട് പറയുന്നു.

സംഘർഷങ്ങൾക്ക് പിന്നാലെ കോളേജിന്റെ സാഹചര്യങ്ങളിലും മാറ്റം വന്നിട്ടുണ്ട്. ക്യാംപസിനെ അലങ്കോലപ്പെടുത്തുന്ന തരത്തിൽ സ്ഥാപിച്ചിരുന്ന രാഷ്ട്രീയ ചിഹ്നങ്ങൾ ഉൾ‌പ്പെടെ എല്ലാം മാറ്റിയിട്ടുണ്ട്. ബാനറുകളും പോസ്റ്ററുകളും നീക്കി കെട്ടിടങ്ങളുടെ യഥാർത്ഥ രൂപം പോലും കൈവന്നിരിക്കുന്നു. ഇനി അതിരുവിട്ട സംഘടനാ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. കോളേജിനുള്ളിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പ്രിന്‍സിപ്പലിന്റെ അനുമതി വേണമെന്ന കോളേജ് കൗണ്‍സിലിന് നിർദേശമാണ് ഇതിൽ പ്രധാനം. ഇക്കാര്യം നടപ്പാൽ തന്നെ ക്യാപസിനുള്ളിൽ അധ്യയനാന്തരീക്ഷം തടസപ്പെടാതെ തിരികെ കിട്ടുമെന്ന് പ്രതീക്ഷയിലാണ് അധിതർ.

റീ അഡ്മിഷൻ സംവിധാനം നിർത്തലാക്കിയതാണ് മറ്റൊന്ന്, ഇതോടെ രാഷ്ട്രീയം മാത്രമായി ക്ലാസ് കട്ട്ചെയ്തിറങ്ങുന്ന സംവിധാനം ഇല്ലാതെയാവുമെന്നാണ് വിലയിരുത്തുൽ. ഇത് നടപ്പാക്കാനുള്ള അധികാരവും കൗൺസിൽ പ്രിൻസിപ്പാളിന് നല്‍കിയിട്ടുണ്ട്. റീ അഡ്മിഷൻ സംവിധാനം ഇനി കോളേജിൽ വേണ്ടെന്നാണ് കൗൺസിലിന്റെ നിലപാട്. റഗുലര്‍ രീതിയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ കോളേജില്‍ പ്രവേശനം നല്‍കൂ എന്നും തീരുമാനിച്ചിട്ടുണ്ട്.

സംഘർഷത്തിൽ പുറത്തുനിന്നുള്ളവരും ഉണ്ടെന്നായിരുന്നെന്നാണ് പോലീസ് റിപ്പോര്‍ട്ടുൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നത്. ഈ സാഹചര്യം ഒഴിവാക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികളും തിരിച്ചറിയൽ കാർഡ് ഉപയോഗിക്കണം. പുറത്തുനിന്നുള്ളവരുടെ സാന്നിധ്യം പരമാവധി ഒഴിവാക്കണം. ഇതിന് പുറമെയാണ് അധ്യാപകരുടെയും ജീവനക്കാരുടെയും പുനർ വിന്യാസം. അനർഹമായ പരിഗണന വിദ്യാര്‍ത്ഥികൾക്ക് നൽകുന്നത് ഒഴിവാക്കാനാണ് പുനർ വിന്യാസം. അധ്യാപകരുടെ പഞ്ചിങ്ങ് ഉൾപ്പെടെ പുനഃസ്ഥാപിക്കാനുള്ള നീക്കവും നടക്കന്നുണ്ട്.

ഹോസ്റ്റൽ ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ പട്ടിക പോലീസിന് കൈമാറും. പുറത്തുനിന്നുള്ളവരെ ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. അന്തേവാസികളുടെ പട്ടിക ഹോസ്റ്റലിൽ പ്രദർശിപ്പിക്കാനും നീക്കമുണ്ട്. അധ്യയന പുരോഗതി വിലയിരുത്താനും പോരായ്മകൾ പരിഹരിക്കാനും എല്ലാ ഡിപ്പാർട്ട്മെന്റ് തലവന്‍‌മാരെയും നേതൃത്വത്തിൽ കമ്മിറ്റികൾ രൂപീകരിക്കും. ഓരോ ക്ലാസിന്റെയും ചുമതല ഒരു ട്യൂട്ടര്‍ക്ക് നല്‍കും. വകുപ്പ് തലവന്റെയും പ്രിന്‍സിപ്പലിന്റെയും മേല്‍നോട്ടത്തിലും നിയന്ത്രണത്തില്‍ ക്ലാസുകള്‍ മുന്നോട്ടു കൊണ്ടുപോകും.

സർവകലാശാല പരീക്ഷകൾക്ക് പുറമേ പിഎസ്.സി പരീക്ഷകൾ ഉൾപ്പെടെയുള്ളവയ്ക്ക് ഇനി ക്യാമ്പസിൽ പരീക്ഷാ കേന്ദ്രം അനുവദിക്കേണ്ടെന്ന് കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ സർക്കാരിനോട് ശുപാർശ ചെയ്യും. കോളേജ് യുണിയൻ റൂമിൽ ഉത്തരകടലാസ് കണ്ടെത്തിയ സംഭവത്തിന് പിന്നാലെ യൂണിയന്‍ ഓഫീസ് ഒഴിപ്പിച്ച് ക്ലാസ് മുറിയാക്കാനും തീരുമാനം ആയിരുന്നു. ഇതിന് പുറമെ ഉത്തരക്കടലാസുകൾ സൂക്ഷിക്കാൻ പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തിൽ സ്ട്രോങ്ങ് റൂം എന്നിവയും ഒരുക്കും. പരീക്ഷാ ആവശ്യങ്ങള്‍ക്കുള്ള പുതിയൊരു ഓഫീസ് തുറക്കും. കോളേജിലെ പരീക്ഷാ ചീഫ് സൂപ്രണ്ടിനെയും മുന്ന് അനധ്യാപകരെയും സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. ഇതിന് പോലീസിന്റെ സഹായത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതിയ പരിഷ്കാരങ്ങൾ കാര്യക്ഷമമാക്കാന്‍ നേതൃത്വം നല്‍കുമെന്നും കോളേജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ വ്യക്തമാക്കി.

 

വി എസ് സുനില്‍കുമാറിന് വേണ്ടാത്തയാള്‍ ഇപിക്ക് പ്രിയപ്പെട്ടവന്‍; കാംകൊ അഴിമതിയില്‍ ഇടപെട്ട് വ്യവസായ മന്ത്രിക്ക് വി എസ് അച്യുതാനന്ദന്റെ കത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍