UPDATES

2002ല്‍ മോദിക്ക് വേണ്ടി സ്ഥാനത്യാഗം ചെയ്ത ഈ ആര്‍ എസ് എസുകാരനില്‍ നിന്ന് എന്തു പ്രതീക്ഷിക്കണം?

ആര്‍എസ്എസിലൂടെ പൊതുരംഗത്തെത്തിയ വജുഭായ് ആര്‍ വാല ഇരുപത് വര്‍ഷത്തോളം ഗുജറാത്തിലെ ബിജെപി സര്‍ക്കാരില്‍ മന്ത്രി, രണ്ട് വര്‍ഷം സ്പീക്കര്‍; കര്‍ണാടക ഗവര്‍ണര്‍ എങ്ങനെ നിഷ്പക്ഷനാകും?

ഗുജറാത്തിലെ രാജ്‌കോട്ട് മണ്ഡലത്തില്‍ തുടര്‍ച്ചയായി ഏഴ് തവണ മത്സരിച്ച് ജയിച്ച വജുഭായ് ആര്‍ വാല 2002ല്‍ രാജിവച്ചത് എല്ലാവരും അമ്പരപ്പോടെയാണ് കണ്ടത്. എന്നാല്‍ 2001 ഒക്ടോബര്‍ ഏഴിന് മുഖ്യമന്ത്രിയായി ചുമതലയേറ്റ നരേന്ദ്ര മോദിയ്ക്ക് ഗുജറാത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കളമൊരുക്കുന്നതായിരുന്നു ആ രാജിയുടെ ലക്ഷ്യം. അഹമ്മദാബാദിലെ എല്ലിസ്ബ്രിഡ്ജ് മണ്ഡലത്തില്‍ മത്സരിക്കാനാണ് മോദി താല്‍പര്യം പ്രകടിപ്പിച്ചതെങ്കിലും ഹരേണ്‍ പാണ്ഡ്യ സീറ്റ് ഒഴിഞ്ഞു കൊടുക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് കേശുഭായ് പട്ടേല്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന വജുഭായ് മോദിയ്ക്കായി സ്ഥാനമൊഴിഞ്ഞത്. അതിന് ശേഷം 2012ല്‍ ഗുജറാത്ത് നിയമസഭ സ്പീക്കര്‍ ആകുന്നത് വരെയും മോദി മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന വജുഭായ് എല്ലാക്കാലത്തും മോദിയുടെ വിശ്വസ്തനായിരുന്നു.

ധനകാര്യം, റവന്യൂ, നഗരവികസനം, ഊര്‍ജ്ജം, പെട്രോകെമിക്കല്‍ തുടങ്ങിയ സുപ്രധാന വകുപ്പുകളാണ് ഇദ്ദേഹം കൈകാര്യം ചെയ്തത്. ആര്‍എസ്എസിലൂടെ പൊതുരംഗത്തെത്തിയ 79കാരനായ വജുഭായ് 60 കൊല്ലമായി രാഷ്ട്രീയ രംഗത്തുണ്ട്. 18 തവണ ഗുജറാത്ത് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്. 2014ലാണ് കര്‍ണാടക ഗവര്‍ണറായി നിയമിക്കപ്പെടുന്നത്. നിയമസഭയില്‍ നടക്കുന്ന ചൂടേറിയ വാഗ്വാദങ്ങള്‍ പോലും തന്റെ നര്‍മ്മ ബോധം കൊണ്ട് ലഘൂകരിക്കുന്ന വ്യക്തിയാണ് വജുഭായ്. പലപ്പോഴും വെട്ടിത്തുറന്ന് സംസാരിക്കുന്ന വജുഭായ് താനൊരിക്കല്‍ റിയല്‍ എസ്‌റ്റേറ്റ്, ഭൂമി കച്ചവടം ചെയ്തിരുന്നെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും ഹിന്ദി സംസ്ഥാനത്ത് ഗവര്‍ണറാകാനായിരുന്നു വജുഭായ് ആഗ്രഹിച്ചിരുന്നതെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. ആനന്ദിബെന്‍ മധ്യപ്രദേശ് ഗവര്‍ണറായതില്‍ ഇദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നു.

എന്നിരുന്നാലും മോദിയോടുള്ള വിശ്വസ്തതയില്‍ യാതൊരു കുറവും ഒരിക്കലും വരുത്തിയിട്ടില്ല. 2017 ഡിസംബറില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ പറന്നിറങ്ങിയ വജുഭായി തന്റെ കരാദിയ രാജ്പുത് വിഭാഗത്തില്‍പ്പെട്ടവരെ ബിജെപിയ്ക്ക് ഒപ്പം നിര്‍ത്തുന്നതില്‍ വിജയിച്ചു. ഈ വിഭാഗക്കാര്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ജിതു വഗാനിയുമായി ഇടഞ്ഞു നില്‍ക്കുന്നത് ബിജെപിയ്ക്ക് വെല്ലുവിളിയായിരുന്നു.

1971ല്‍ ഗുജറാത്തില്‍ ജനസംഘം രൂപീകരിച്ചപ്പോള്‍ അതില്‍ മുഖ്യപങ്കുവഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 11 മാസം ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. രാജ്‌കോട്ടിലെ ആദ്യ ബിജെപി മേയര്‍ ആയിരുന്നു വജുഭായ് ആര്‍ വാല. ബിജെപി അക്കാലത്ത് ഗുജറാത്തില്‍ ഒരിടത്തും അധികാരത്തിലുണ്ടായിരുന്നില്ലെങ്കിലും വാല ബിജെപിയെ സാമ്പത്തികമായി സഹായിച്ചുപോന്നു. 1980കള്‍ വരെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന സൗരാഷ്ട്രയില്‍ ബിജെപിയെ നിര്‍ണായക ശക്തിയാക്കി വളര്‍ത്താന്‍ കേശുഭായ് പട്ടേലിനൊപ്പം ഇദ്ദേഹവുമുണ്ടായിരുന്നു. 1985ല്‍ ആദ്യമായി ഗുജറാത്ത് അസംബ്ലിയിലെത്തിയ വജുഭായ് 1990ലെ ബിജെപി-ജനതാദള്‍ സര്‍ക്കാരില്‍ മന്ത്രിയായി. പിന്നീട് 2012 വരെ മന്ത്രിയായി തുടര്‍ന്ന ഇദ്ദേഹം 1996-98 കാലത്ത് ശങ്കര്‍സിംഗ് വഗേല ബദല്‍ സര്‍ക്കാരുണ്ടാക്കിയ കാലത്ത് മാത്രമാണ് മന്ത്രി സ്ഥാനത്തു നിന്നും മാറി നിന്നത്. 96 മുതല്‍ 98 വരെയും 2005 മുതല്‍ 2006 വരെയും ബിജെപി സംസ്ഥാന പ്രസിഡന്റായും ഇപ്പോഴത്തെ കര്‍ണാടക ഗവര്‍ണര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി ഇത്രമാത്രം അടുപ്പം പുലര്‍ത്തുന്ന ഒരാളാണ് തീര്‍ത്തും നിഷ്പക്ഷമായിരിക്കേണ്ട ഗവര്‍ണര്‍ ചുമതലയിലുള്ളത്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരാക്കുന്നത് പതിവാണ്. എന്നാല്‍ ഗവര്‍ണറായി ചുമതലയേറ്റു കഴിഞ്ഞാല്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാറ്റിവച്ച് ജനാധിപത്യം സംരക്ഷിക്കുകയെന്നതാണ് അവരുടെ ഉത്തരവാദിത്വം. തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്ന പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ക്ഷണിക്കാം. എന്നാല്‍ കര്‍ണാടകത്തിലെ സാഹചര്യം മറ്റൊന്നാണ്. തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കിയിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ഇന്നലെ തന്നെ ജെഡിഎസിന് കോണ്‍ഗ്രസ് പിന്തുണച്ചതോടെ അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാഹചര്യം വന്നു ചേര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയ്ക്ക് വേണ്ടി കോണ്‍ഗ്രസ് നേതൃത്വവുമായി ഗവര്‍ണര്‍ ഇന്നലെ കൂടിക്കാഴ്ച നിഷേധിച്ചിരിക്കുകയാണ്. അതായത് ബിജെപിയ്ക്ക് മറ്റൊരു കുതിരക്കച്ചവടത്തിനുള്ള അവസരമൊരുക്കുകയാണ് ഇവിടെ ഗവര്‍ണര്‍. ജെഡിഎസിലെ ഒമ്പത് എംഎല്‍എമാരെ കൂടെക്കൂട്ടാമെന്ന ബിജെപിയുടെ കണക്കു കൂട്ടലുകള്‍ക്കനുസരിച്ചാണ് ഈ നീക്കം. ഇതിനിടെ കോണ്‍ഗ്രസിലെയും ജെഡിഎസിലെയും എംഎല്‍എമാര്‍ക്ക് ബിജെപി കോടികള്‍ വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്തയും പുറത്തു വരുന്നുണ്ട്.

മുമ്പ് ഗോവയിലും മണിപ്പൂരിലും നാം ഇതേ അവസ്ഥ തന്നെ കണ്ടതാണ്. എന്നാല്‍ അവിടെയുണ്ടായിരുന്ന വ്യത്യാസം ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നത് കോണ്‍ഗ്രസ് ആണെന്നതായിരുന്നു. അവിടെ ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാതിരുന്നതും ബിജെപി നിയമിച്ച ഗവര്‍ണര്‍മാരായിരുന്നു. ഇതിന്റെ ഫലമായി ബിജെപിയ്ക്ക് കുതിരക്കച്ചവടത്തിനുള്ള അവസരം ലഭിക്കുകയും അപ്രതീക്ഷിതമായി അവര്‍ അധികാരത്തിലേറുകയും ചെയ്തു. ഇതേ ബിജെപിയുടെ തന്നെ മറ്റൊരു ഗവര്‍ണറാണ് ഇപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന ന്യായം ചൂണ്ടിക്കാട്ടി കര്‍ണാടകത്തില്‍ ബിജെപിയെ ക്ഷണിക്കുന്നത്. ആരെ ക്ഷണിക്കണം ആരെ ക്ഷണിക്കേണ്ടയെന്നത് ഗവര്‍ണറുടെ തീരുമാനമാണെങ്കിലും ബിജെപിയ്ക്ക് അനുകൂലമായി മാത്രം തീരുമാനമെടുക്കുന്ന ഗവര്‍ണര്‍മാരുടെ അവസരോചിത നിലപാടുകളുടെ മറ്റൊരു ഉദാഹരണമായി കര്‍ണാടകം മാറുമോയെന്ന് കാത്തിരുന്ന് കാണാം.

ആര്‍ക്ക് വേണം ഗവര്‍ണര്‍മാരെ?

നാഗ്പൂരില്‍ നിന്നും ചോറുണ്ടാല്‍ വിചാരധാര ഭരണഘടനയാകില്ല; കര്‍ണ്ണാടക ഗവര്‍ണറോടാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍