UPDATES

ട്രെന്‍ഡിങ്ങ്

കീഴാറ്റൂര്‍ സമരക്കാര്‍ സിപിഎം വിരുദ്ധരുടെ ഏജന്റുമാര്‍-മന്ത്രി ജി സുധാകരന്‍ സംസാരിക്കുന്നു

മനോരമയും മാതൃഭൂമിയും പബ്ലിസിറ്റി കൊടുക്കാതിരുന്നാല്‍ ഈ സമരം അവിടെ അവസാനിക്കും; സമരത്തിന് നേതൃത്വം നല്‍കുന്ന സുരേഷ് എന്ന മാന്യന് മറ്റൊരു ബദല്‍ നിര്‍ദേശവും വെക്കാനില്ല

ബൈപ്പാസ് നിര്‍മ്മാണത്തിനായി കീഴാറ്റൂര്‍-കൂവോട് നെല്‍വയല്‍ ഏറ്റെടുക്കുന്നതിനെതിരെ കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ പോലീസിനെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് എന്ന പരാതി വ്യാപകമാവുകയാണ്. ഇരുന്നൂറ്റി അമ്പതോളം ഏക്കര്‍ വയല്‍ പൂര്‍ണമായും ഏറ്റെടുത്ത് നികത്താനാണ് സര്‍ക്കാരിന്റെ നീക്കം. സിപിഎം പ്രവര്‍ത്തകരില്‍ ചിലരുടെ നേതൃത്വത്തിലാണ് വയല്‍ക്കിളികള്‍ എന്ന സംഘടന രൂപീകരിച്ച് വയല്‍ സംരക്ഷണത്തിന് ഇറങ്ങിയതെങ്കിലും ഇവരെ പിന്നീട് സിപിഎം പുറത്താക്കിയിരുന്നു. വയല്‍ ഏറ്റെടുക്കാതെ തന്നെ ബൈപ്പാസ് നിര്‍മ്മിക്കാമെന്നാണ് വയല്‍ക്കിളികള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുക എന്ന തീരുമാനവുമായി മുന്‍പോട്ട് പോവുകയാണ് സംസ്ഥാന സര്‍ക്കാരും ദേശീയ പാത അതോറിറ്റിയും. ഇതില്‍ പ്രതിഷേധിച്ചു ആത്മഹത്യാ സമരമുറയുമായി എത്തിയ സമരക്കാരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്യുകയും സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ തീ വെച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ വിഷയത്തെ സംബന്ധിച്ചു പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ സംസാരിക്കുന്നു.

കീഴാറ്റൂരിലെ ജനങ്ങളൊന്നും സമരക്കാരുടെ കൂടെയില്ല. ജനങ്ങളെല്ലാം അവര്‍ക്കെതിരാണ്. ഒരു കര്‍ഷക പ്രസ്ഥാനവും അവരോടൊപ്പമില്ല. റോഡ് നിര്‍മ്മാണം ഇന്ത്യയിലാകെ നടത്തുന്നതാണ്. അല്ലാതെ അത് കേരളത്തില്‍ മാത്രമോ അല്ലെങ്കില്‍ കണ്ണൂര് മാത്രമോ അല്ലല്ലോ? ദേശീയപാതയുടെ അലൈന്‍മെന്റ് ഉണ്ടാക്കുന്നത് സംസ്ഥാന സര്‍ക്കാരല്ല, നാഷണല്‍ ഹൈവേ അതോറിറ്റിയാണ്. സമരക്കാര്‍ പറയുന്നതു കേട്ട് ഞാന്‍ ഹൈവേ അതോറിറ്റിയെ വിളിച്ച് സംസാരിച്ചിരുന്നു. ദിശ മാറ്റാനാവില്ല, അവിടെ ആള്‍ട്ടര്‍നേറ്റ് റോഡ് നോക്കാമെന്ന് പറയുകയും അവര്‍ അത് പോയി നോക്കുകയും ചെയ്തു. വേറെ റൂട്ട് അവര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അതും സമരക്കാര്‍ സമ്മതിച്ചില്ല. അവര്‍ ഒന്നും സമ്മതിക്കുന്നില്ല. ദേശീയപാത നിര്‍മ്മിക്കേണ്ട എന്നത് തന്നെയാണ് അവരുടെ സമീപനം. റോഡ് നിര്‍മ്മിക്കേണ്ടെന്ന് പറയാനുള്ള അധികാരം അവര്‍ക്കില്ല.

ഇവരാരാണ് ഇതൊക്കെ പറയാന്‍? കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ക്കായി ദേശീയപാത നിര്‍മ്മിക്കുമ്പോള്‍ അവര്‍ കുറച്ചുപേര്‍ പറഞ്ഞിട്ട് കാര്യമുണ്ടോ? അവര്‍ കുറച്ചുപേരേയുള്ളൂവെങ്കിലും അവര്‍ പറയുന്നത് നമ്മള്‍ കേട്ടല്ലോ? അതിന് പ്രാധാന്യം കൊടുത്തല്ലോ? ആ സ്ഥിതിക്ക് അവര്‍ ആ ബദല്‍ റൂട്ട് അംഗീകരിച്ച് പോയാല്‍ പോരായിരുന്നോ? ദേശീയപാത നിര്‍മ്മിച്ചേ പറ്റൂ. അത് അവിടെ നിന്നെടുത്ത് വേറെ വഴിക്ക് കൊണ്ടുപോവാന്‍ പറ്റുമോ? ഇനി അങ്ങനെ കൊണ്ടുപോയാല്‍ വേറെ എത്രയോ വീടുകള്‍ പോവും. അപ്പോള്‍ അത് പുതിയ പ്രശ്‌നമാവും. ജനം എല്ലാടത്തും ഉണ്ടല്ലോ. ഇപ്പോള്‍ തീരുമാനിച്ച സ്ഥലത്ത് ജനങ്ങളൊന്നും അധിവസിക്കുന്നില്ല. അതാണ് പ്രധാനപ്പെട്ട കാര്യം. നെല്‍ കൃഷിയൊന്നും സ്ഥിരമില്ലെന്നാണ് എനിക്ക് കിട്ടിയ വിവരം. അക്കാര്യം എനിക്കറിയില്ല, ഞാന്‍ പോയി നോക്കിയിട്ടില്ല. എന്തു തന്നെയായാലും സമരം ദൗര്‍ഭാഗ്യകരമാണ്. അവരത് അവസാനിപ്പിക്കണം. അവിടെത്തന്നെ, ഇവര്‍ പറയുന്ന സ്ഥലം കൃഷിയുള്ള സ്ഥലമാണെങ്കില്‍ അങ്ങോട്ടോ ഇങ്ങോട്ടോ അല്‍പ്പം മാറ്റി ചെയ്യുന്നതിനും വിരോധമില്ല. പക്ഷെ ഇപ്പോള്‍ അതിനുള്ള സാധ്യതയെല്ലാം മങ്ങി. അവരവിടെ പെട്രോള്‍ ഒഴിച്ച് തീവച്ച് മരിക്കുമെന്നൊക്കെ പറഞ്ഞാല്‍..കേരളത്തിലെ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ടാണ് വൃത്തികേട് കാണിക്കുന്നത്.

ഇടത് ഭരണക്കാലത്ത് വയലില്‍ ബൂട്ടിട്ട കാലുകള്‍ എത്തിയെങ്കില്‍ ഭരണം പരാജയമാണ്; വയല്‍ക്കിളികള്‍

സിംഗൂരിലെയും നന്ദിഗ്രാമിലെപ്പോലെയുമാണെന്നാണോ വിചാരിച്ചത്. അവിടെ ആയിരക്കണക്കിന് കൃഷിക്കാരെ ഒഴിപ്പിച്ചത് വ്യവസായശാലക്കാണ് അല്ലാതെ റോഡിനൊന്നുമല്ല. അതും ഇതുമായിട്ട് എന്താ ബന്ധം? പക്ഷെ ഒരു കണക്കിന് കീഴാറ്റൂരിലെ സമരക്കാര്‍ ഈ പ്രശ്‌നം ആദ്യം ഉന്നയിച്ചത് നന്നായി. കാരണം ദേശീയ പാത നിര്‍മ്മിക്കുമ്പോള്‍ കഴിയുന്നത്ര വയലുകള്‍ ഒഴിവാക്കേണ്ടത് തന്നെയാണ്. അതില്‍ സംശയമില്ല. പക്ഷെ അത് പരിഗണിച്ച് വേറെ റോഡ് നോക്കിയിട്ട് അവര്‍ അതും സമ്മതിച്ചില്ലല്ലോ? അവര്‍ ഒന്നും സമ്മതിക്കില്ല. കാരണം അവര്‍ക്കൊരു ഹിഡണ്‍ ഐഡിയോളജിയുണ്ട്. ആ ഹിഡണ്‍ ഐഡിയോളജി വെളിയിലായി, അതാണ് പ്രശ്‌നം. കര്‍ഷകര്‍ക്കോ, പാവപ്പെട്ടവര്‍ക്കോ, വെള്ളത്തിനോ മറ്റൊന്നിനുമോ വേണ്ടിയല്ല അവരുടെ സമരം. അവര്‍ സര്‍ക്കാരിനെതിരെയാണ്. പക്ഷെ ഒരു കാര്യമുള്ളത്, ദേശീയപാത നടപ്പാക്കുന്നത് സംസ്ഥാന സര്‍ക്കാരല്ല. കേന്ദ്രസര്‍ക്കാരും, ദേശീയപാത അതോറിറ്റിയുമാണ്. ഇവരെന്താ അവര്‍ക്കെതിരെ സമരം ചെയ്യാത്തത്? സംസ്ഥാന സര്‍ക്കാര്‍ എന്ത് പിഴച്ചു? ദേശീയപാത അതോറിറ്റിയും കേന്ദ്രസര്‍ക്കാരും എടുക്കുന്ന നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് പിന്തുണ കൊടുത്തേ മതിയാകൂ. അല്ലെങ്കില്‍ റോഡ് പണി നിര്‍ത്തിവച്ചിട്ട് പോയ്ക്കളയും. അത് ജനങ്ങളുടെ വലിയ എതിര്‍പ്പിനുള്ള വഴിയാവും.

ലോംഗ് മാര്‍ച്ചില്‍ നിന്നുള്ള ഊര്‍ജ്ജം ധാര്‍ഷ്ട്യമാവരുത്; കീഴാറ്റൂരില്‍ നിന്നും സിപിഎം പഠിക്കേണ്ടത്

സിപിഎമ്മിനെപ്പറ്റി പറയാന്‍ സമരക്കാര്‍ക്ക് എന്ത് അവകാശമാണുള്ളത്? ഇവര്‍ക്കെന്തറിയാം നെല്‍വയലിനെപ്പറ്റി? ഇവര്‍ ആരോടാ ഇതൊക്കെ സംസാരിക്കുന്നത്? നെല്‍വയലിന് വേണ്ടി നിന്ന പ്രസ്ഥാനമാണ് സിപിഎം. കൃഷിക്കാരുടെ പ്രസ്ഥാനമാണിത്. കുട്ടനാട്ടില്‍ നെല്‍കൃഷി സംരക്ഷണ സമിതിയുണ്ടാക്കി 1980ല്‍ ഞാനതിന്റെ ചെയര്‍മാനായിരുന്നു. ഞാന്‍ ലാത്തിചാര്‍ജും ഏറ്റുവാങ്ങിയവനാണ്. അതിന് ശേഷമാണ് അവിടെ നികത്തല്‍ കുറഞ്ഞത്. ഇതൊന്നും ഞങ്ങളെ ഇവരാരും പഠിപ്പിക്കണ്ട. സിപിഎം മാത്രമേ നെല്‍കൃഷിക്കനുകൂലമായി നില്‍ക്കുന്നുള്ളൂ കേരളത്തില്‍. സിപിഎമ്മിനെതിരെ കേരളത്തില്‍ അവിടെയും ഇവിടെയുമായി തുടങ്ങി, പരസ്പരം കണക്ട് ചെയ്ത് നീങ്ങുന്ന ഒരു മാര്‍ക്‌സിസ്റ്റ് വിരുദ്ധ സംവിധാനമുണ്ട്. അതിന്റെ ഏജന്റുമാരായി ഇവര്‍ മാറിയെന്നാണ് ഇപ്പോള്‍ ഞങ്ങള്‍ സംശയിക്കുന്നത്. ആദ്യം ആ സംശയമില്ലായിരുന്നു.

കീഴാറ്റൂരിലേക്ക് പരിസ്ഥിതി പ്രവര്‍ത്തകരെ അടുപ്പിക്കില്ല: സിപിഎം ചെക്ക് പോസ്റ്റ് സ്ഥാപിച്ചെന്ന് വയല്‍ക്കിളികള്‍

സമരക്കാര്‍ പാര്‍ട്ടി പ്രവര്‍ത്തകരൊന്നുമല്ല. പണ്ട് ആയിരുന്നു. ഈ സമരമൊന്നും വലിയ കാര്യമല്ല. മനോരമയും മാതൃഭൂമിയും പബ്ലിസിറ്റി കൊടുക്കാതിരുന്നാല്‍ ഈ സമരം അവിടെ അവസാനിക്കും. മാധ്യമങ്ങള്‍ പിന്തുണ നല്‍കുന്നത് കൊണ്ട് മാത്രമാണ് ആ സമരം നിലനിന്നുപോവുന്നത്. ബോധപൂര്‍വ്വം നിലംനികത്താനോ ആളുകളെ ഒഴിപ്പിക്കാനുള്ള ഒരു നിലപാടിനോടും ഞാനും സര്‍ക്കാരും യോജിച്ചിട്ടില്ല. മറ്റ് സാധ്യത കൊടുത്തിട്ട് അവര്‍ സ്വീകരിക്കാതെ നിഷ്‌കരുണം തള്ളിയതോടെ എന്റെ സിംപതി പോയി. പ്രശ്‌നം പരിഹരിക്കാനല്ല അവരുടെ നീക്കം. സമരത്തിന് നേതൃത്വം നല്‍കുന്ന സുരേഷ് എന്ന മാന്യന് മറ്റൊരു ബദല്‍ നിര്‍ദേശവും വെക്കാനില്ല. വേറെ ഏത് സ്ഥലത്തുകൂടെ റോഡ് പോവണമെന്ന് പറയാന്‍ അയാള്‍ക്ക് കഴിയില്ല. കാരണം അങ്ങനെ നിര്‍ദ്ദേശം വച്ചാല്‍ അവിടുത്തെ കുറേ വീടുകള്‍ പോവും. അവരെ അയാള്‍ക്ക് പേടിയാണ്. ദേശീയപാത അതിലേ പോവരുതെന്ന് മാത്രമല്ല, ദേശീയപാത വേണ്ട എന്നാണ് അവരുടെ അജണ്ട. അതിനോട് സര്‍ക്കാരിന് യോജിക്കാന്‍ പറ്റില്ല. അത്രയും കടുംപിടുത്തം പിടിക്കേണ്ട കാര്യമില്ല. അവര്‍ കുറച്ചുകൂടി ആലോചിച്ച് മറ്റെന്തെങ്കിലും പരിഹാരം കാണാന്‍ കഴിയുമെങ്കില്‍ കണ്ടോട്ടെ. അതില്‍ സര്‍ക്കാരിന് അഭിപ്രായവ്യത്യാസമൊന്നുമില്ല.

(മന്ത്രി ജി സുധാകരനുമായി അഴിമുഖം ചീഫ് ഓഫ് ദി ബ്യൂറോ കെ ആര്‍ ധന്യ സംസാരിച്ചു തയ്യാറാക്കിയത്)

ഇന്നാണ് നന്ദിഗ്രാം വെടിവയ്പ്പിന്റെ വാര്‍ഷികം, മാര്‍ക്‌സിന്റെ ചരമദിനവും: വയല്‍ക്കിളികള്‍ ജീവന്മരണ പോരാട്ടത്തിലേക്ക്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍