ട്രെന്‍ഡിങ്ങ്

അര്‍ണാബിന് പഠിക്കുന്ന വേണു, അറ്റ്ലസിനെ കെട്ടിപ്പിടിച്ച ബ്രിട്ടാസ്, പിന്നെ നിഷയും; മലയാളം ചാനലുകള്‍ക്ക് ഇതെന്തു പറ്റി?

സെന്‍സേഷണലിസം കേരളത്തിലെ ചാനല്‍ മുറികളെ എത്രമാത്രം മലീമസമാക്കിയിരിക്കുന്നുവെന്നതിന് നിരവധി ഉദാഹരണങ്ങള്‍ സമീപകാലത്തുണ്ട്

അര്‍ണാബ് ഗോസ്വാമിമാരാകാന്‍ ശ്രമിക്കുന്ന കേരളത്തിലെ ചാനല്‍ അവതാരകരെയാണ് കുറച്ചു നാളായി നാം കണ്ടുവരുന്നത്. ചാനലുകളുടെയും മറ്റ് മാധ്യമങ്ങളുടെയും എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ സെന്‍സേഷനുകളായ വാര്‍ത്തകള്‍ കണ്ടെത്തി ശ്രോതാക്കളെ തങ്ങളുടെ ചാനലിന് മുന്നില്‍ തന്നെ പിടിച്ചിരുത്തേണ്ട ഉത്തരവാദിത്വമാണ് പലര്‍ക്കും ഇന്നുള്ളത്. എന്നാല്‍ ഈ ഉത്തരവാദിത്വങ്ങള്‍ പല അവതാരകരെയും മാധ്യമപ്രവര്‍ത്തനത്തിന്റെ ധര്‍മ്മങ്ങള്‍ മറക്കാന്‍ പ്രേരിപ്പിക്കുന്നു.

ജൂണ്‍ ഏഴിന് മാതൃഭൂമി ചാനല്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ പ്രൈം ടൈം പരിപാടിയാണ് ഏറ്റവും അവസാനം വിവാദത്തിലായത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും വാര്‍ത്താ അവതാരകനുമായ വേണു ബാലകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ശമാണ് വിവാദത്തിന് വഴിവച്ചത്. ഇതേ തുടര്‍ന്ന് ജൂണ്‍ 12ന് ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍ ബിജു, വേണുവിനെതിരെ പരാതി നല്‍കുകയും ചെയ്തു. കേരളത്തിലെ മുന്‍നിര വാര്‍ത്താ അവതാരകനായ വേണു ചര്‍ച്ചകളില്‍ പക്ഷപാതപരമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് നേരത്തെയും ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ മതേതരത്വത്തെയും സമാധാന അന്തരീക്ഷത്തെയും തകര്‍ക്കുന്ന തരത്തിലുള്ള വാക്കുകളാണ് പരിപാടിക്കിടയില്‍ വേണുവില്‍ നിന്നുമുണ്ടായതെന്നാണ് ആരോപണം. ആലുവയില്‍ ഉസ്മാന്‍ എന്ന യുവാവിനെ പോലീസ് മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് അന്ന് നടന്നത്. ഉസ്മാന് വേണ്ടി പ്രതിഷേധം നടത്തിയവര്‍ തീവ്രവാദികളാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് ചര്‍ച്ചയ്‌ക്കെടുത്തത്. അങ്കമാലി ബസ് കത്തിക്കല്‍ കേസിലെ പ്രതികളും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നുവെന്ന പോലീസ് റിപ്പോര്‍ട്ട് അനുസരിച്ചാണ് മുഖ്യമന്ത്രി സഭയില്‍ മറുപടി പറഞ്ഞത്. എന്നാല്‍ ഇസ്ലാം മതസ്ഥരെ മുഖ്യമന്ത്രി തീവ്രവാദികളെന്ന് വിളിച്ചുവെന്ന് സ്ഥാപിക്കാനാണ് വേണു ശ്രമിച്ചത്. ഇസ്ലാം മതസ്ഥരുടെ വികാരം സംസ്ഥാന സര്‍ക്കാരിനെതിരെ ഇളക്കിവിടാനാണ് ഇത് ചെയ്തതെന്നും ഇത് നാട്ടില്‍ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നുമാണ് ഉയരുന്ന മുഖ്യ ആരോപണം.

‘കേരളത്തിലെ മുസ്ലീം സഹോദരങ്ങളെ, നിങ്ങള്‍ ഉമിനീര് പോലും ഇറക്കാതെ നോമ്പ് ശുദ്ധിയില്‍ കഴിയുകയാണ്. ആ നിങ്ങള്‍ക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാര്‍ത്തിയത്. നോമ്പ് തുറക്കാന്‍ പോയവന് തുറുങ്ക് കിട്ടുന്ന നാടാണിത്’ എന്നതായിരുന്നു വേണുവിന്റെ വാക്കുകള്‍. ഉസ്മാന് നേരെ പോലീസ് നടത്തിയത് ക്രൂരതയാണെന്നത് അംഗീകരിച്ചു കൊണ്ട് തന്നെ വേണുവിന്റേത് അതിനേക്കാള്‍ വലിയ ഗുരുതരമായ കുറ്റകൃത്യമാണെന്ന് പറയേണ്ടി വരും. കാരണം, ഏത് മതത്തില്‍ വിശ്വസിക്കുന്നവരുടെയാണെങ്കിലും മതവികാരത്തെ ഇളക്കി വിടുന്നത് നാട്ടില്‍ കലാപത്തിന് വരെ കാരണമായേക്കാമെന്ന ബോധം വര്‍ഷങ്ങളായി മാധ്യമപ്രവര്‍ത്തന രംഗത്തുള്ള വേണുവിന് തീര്‍ച്ചയായും ഉണ്ടാകും. ആ നാട്ടുകാര്‍ എന്ന നിലയിലാണെങ്കിലും അങ്കമാലി ബസ് കത്തിക്കല്‍ കേസിലെ പ്രതികള്‍ ഉസ്മാന് വേണ്ടി നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നുവെന്നത് സത്യമാണ്. മുഖ്യമന്ത്രി അതിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തെയാണ് ഒരു വിഭാഗത്തിനെതിരായ പരാമര്‍ശമായി വേണു ചിത്രീകരിച്ചത്. കൂടാതെ ഇസ്ലാം വിശ്വാസികള്‍ പരിശുദ്ധമായി കാണുന്ന നോമ്പ് എന്ന മതാചാരത്തെ അപമാനിച്ചുവെന്ന് ഈ സംഭവത്തെ വ്യാഖ്യാനിക്കുകയും ചെയ്തു. ഇത് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ പ്രകാരമുള്ള കുറ്റവും ശിക്ഷാര്‍ഹവുമാണ്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയാണ് ഈ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് ലഭിക്കുന്നത്.

മുതലാളിമാരും മൂലധനവും അവിടെ നില്‍ക്കട്ടെ, മാധ്യമധാര്‍മികത ആരെങ്കിലും പഠിപ്പിച്ചു തരണോ?

റിപ്പബ്ലിക് ടിവി അവതാരകന്‍ അര്‍ണാബ് ഗോസ്വാമി തന്റെ ചര്‍ച്ചകളില്‍ ബിജെപി അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നതും ന്യായീകരിക്കുന്നതും ഏറ്റവുമധികമായി വിമര്‍ശിക്കുന്ന സംസ്ഥാനമാണ് കേരളം. അപ്പോള്‍ ഇവിടുത്തെ പ്രധാനപ്പെട്ട ചാനലായ മാതൃഭൂമിയില്‍ ഇത്തരമൊരു പരാമര്‍ശം നേടിയ വേണുവിനെ നാമെങ്ങനെയാണ് സമീപിക്കേണ്ടത്? ജനങ്ങളുടെ അഭിപ്രായ രൂപീകരണത്തില്‍ ചാനലുകള്‍ പ്രധാന പങ്ക് വഹിക്കുന്ന സാഹചര്യത്തില്‍ ഇതിനെ ഗൗരവകരമായാണ് കാണേണ്ടത്. വര്‍ഗ്ഗീയ വികാരം ഉണര്‍ത്തി പരിപാടിക്ക് ആളെ കൂട്ടുകയായിരുന്നു അദ്ദേഹം ചെയ്തത്. ഈ ഒരു കാരണത്താല്‍ തന്നെ ജൂണ്‍ ഏഴിലെ സൂപ്പര്‍ ടൈം ശ്രദ്ധ നേടുകയും ചെയ്തു. വലിയ തോതിലാണ് ഈ പരിപാടിയുടെ വീഡിയോ സോഷ്യല്‍ മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യപ്പെട്ടത്. വേണു മാത്രമല്ല, ഇന്ന് കേരളത്തിലെ പല മാധ്യമപ്രവര്‍ത്തകരും ആളെക്കൂട്ടാനായി പല തന്ത്രങ്ങളും മെനയുന്നുണ്ട്.

എന്നാല്‍ യാതൊരു നിരീക്ഷണമോ പഠനമോ നടത്താതെ ചില ചാനല്‍ അവതാരകര്‍ നടത്തുന്ന പരാമര്‍ശങ്ങളെ ദയനീയമെന്ന് മാത്രമേ വിളിക്കാനാകൂ. അത്തരത്തിലൊന്നായിരുന്നു നിഷ പുരുഷോത്തമന്‍ നിപ വൈറസ് ബാധയെക്കുറിച്ച് പറഞ്ഞത്. മനോരമ ചാനലിന്റെ കൗണ്ടര്‍ പോയിന്റില്‍ നിപ വൈറസ് ബാധയെക്കുറിച്ച് മിനിമം അറിവ് പോലുമില്ലാതെ നിഷ നടത്തിയ പരാമര്‍ശങ്ങള്‍ വൈറസ് ബാധിതരെയും അവരുടെ ബന്ധുക്കളെയും സര്‍ക്കാരിനെയും അപമാനിക്കുന്നതിന് തുല്യമായിരുന്നു. ഡോക്ടര്‍മാരായ ജിനേഷ് പിഎസും അനൂപും കൃത്യമായി ഭാഷയില്‍ തന്നെ രോഗബാധയെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ ‘ഡോക്ടര്‍മാര്‍ മുന്‍വിധിയോടെ സംസാരിക്കരുത്’ എന്നായിരുന്നു നിഷ തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ആരോഗ്യ വകുപ്പിന് പാളിച്ചകള്‍ പറ്റിയെന്നും അതിനാലാണ് രോഗം പടര്‍ന്നു പിടിച്ചുവെന്നും ഡോക്ടര്‍മാരെക്കൊണ്ട് അംഗീകരിപ്പിക്കലായിരുന്നു നിഷയുടെ ലക്ഷ്യമെന്ന് ആ ചര്‍ച്ച കാണുന്ന ആര്‍ക്കും മനസിലാകുമായിരുന്നു. അതായത് ആ ചര്‍ച്ചയില്‍ മുന്‍വിധിയോടെ ആരെങ്കിലും പങ്കെടുത്തിട്ടുണ്ടെങ്കില്‍ അത് നിഷ മാത്രമായിരുന്നുവെന്ന് വേണം പറയാന്‍.

അപൂര്‍വ്വ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുന്ന ആഫ്രിക്ക പോലെയായില്ലേ കേരളം? മനോരമ അവതാരക നിഷയുടെ ചോദ്യം തകര്‍ത്തുകളഞ്ഞെന്നു ഡോക്ടര്‍

‘അപൂര്‍വ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലെയായില്ലേ കേരളം’ എന്നതായിരുന്നു നിഷയുടെ മറ്റൊരു ചോദ്യം. നാട്ടില്‍ ഒരു വിഭാഗം ജനങ്ങള്‍ പകര്‍ച്ച വ്യാധിയുടെ ആശങ്കയില്‍ ജീവിക്കുമ്പോള്‍ അവര്‍ക്ക് ആശ്വാസമേകുകയോ അല്ലെങ്കില്‍ അവരുടെ ആശങ്കയകറ്റുകയോ ഒക്കെ ചെയ്യാമെന്നിരിക്കെയാണ് നിഷ ഇത്തരത്തില്‍ സര്‍ക്കാരിനെതിരായ വിദ്വേഷ പ്രചരണത്തിന് തന്റെ ചര്‍ച്ചയെ ഉപയോഗിച്ചത്. ഡോക്ടര്‍മാര്‍ പ്രധാനമായും ജനങ്ങളുടെ ആശങ്കയകറ്റാന്‍ ശ്രമിക്കുമ്പോള്‍ നിഷ അതിന് അനുവദിക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു. ഇതുപോലെയൊരു രോഗാണുവിന്റെ സാമിപ്യം അതിവേഗത്തില്‍ തന്നെ കണ്ടെത്തുകയും ഉയര്‍ന്ന മരണനിരക്കുള്ള ഈ രോഗം മൂലമുള്ള മരണ സംഖ്യ 17-ല്‍ ഒതുക്കുകയും ചെയ്ത സര്‍ക്കാര്‍ സംവിധാനങ്ങളെ എല്ലാവരും പുകഴ്ത്തുമ്പോഴാണ് നിഷ വിവാദം സൃഷ്ടിച്ച് പരിപാടിയെ ശ്രദ്ധേയമാക്കാന്‍ ശ്രമിച്ചത്.

വേണുവും നിഷയും തങ്ങളുടെ പരിപാടികള്‍ ജനശ്രദ്ധ നേടാന്‍ വേണ്ടി കളിച്ചത് തരംതാണ മാധ്യമപ്രവര്‍ത്തനമാണെങ്കില്‍ കൈരളി ചാനലിന്റെ ജോണ്‍ ബ്രിട്ടാസില്‍ നിന്നുണ്ടായത് അപഹാസ്യമായ ഒരു നീക്കമായിരുന്നു. ദുബൈ ജയിലില്‍ നിന്നും മോചിതനായ അറ്റ്‌ലസ് രാമചന്ദ്രനുമായുള്ള അഭിമുഖത്തിലായിരുന്നു ബ്രിട്ടാസിന്റെ ഈ നാടകം. വായ്പ തട്ടിപ്പ് കേസില്‍ 35 മാസത്തെ ജയില്‍വാസമാണ് അറ്റ്‌ലസ് അനുഭവിച്ചത്. ജയില്‍ മോചിതനായ അദ്ദേഹത്തെ ആദ്യം അഭിമുഖം നടത്തിയത് ബ്രിട്ടാസ് ആണ്. എന്നാല്‍ അഭിമുഖത്തിനിടയില്‍ ബ്രിട്ടാസ് അറ്റ്‌ലസ് രാമചന്ദ്രനെ കെട്ടിപ്പിടിച്ചതാണ് വിവാദമായത്. കേരള സമൂഹത്തിന് ചെയ്തിട്ടുള്ള മാനുഷിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറ്റ്‌ലസിന് വേണ്ടി ഈ സമൂഹം ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു എന്ന വസ്തുത നിലനില്‍ക്കെ തന്നെ അദ്ദേഹം സാമ്പത്തിക കുറ്റകൃത്യത്തിനാണ് അറസ്റ്റിലായതെന്ന് മറന്നു കൂട. ബിസിനസിലുണ്ടായ പരാജയങ്ങള്‍ വന്‍ കടക്കാരനാക്കിയതോടെ അദ്ദേഹം ബാങ്കുകള്‍ക്ക് നല്‍കിയ പല ചെക്കുകളും മടങ്ങുകയായിരുന്നു. അതേസമയം ബാങ്കുകളെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപയുമായി മുങ്ങിയ വിജയ് മല്യയുമായോ നീരവ് മോദിയുമായോ അദ്ദേഹത്തെ താരതമ്യം ചെയ്യുന്നത് ശരിയുമല്ല. കാരണം ബാധ്യതകള്‍ വരുത്തിവച്ച ശേഷം അതില്‍ നിന്നും രക്ഷപ്പെടാന്‍ മുങ്ങുകയല്ല അറ്റ്‌ലസ് രാമചന്ദ്രന്‍ ചെയ്തത്. പകരം കടങ്ങളെല്ലാം വീട്ടാമെന്ന് പറഞ്ഞുകൊണ്ട് ആ രാജ്യത്ത് തന്നെ തുടരുകയായിരുന്നു. ഇപ്പോഴും അദ്ദേഹം കടങ്ങള്‍ മുഴുവന്‍ വീട്ടുമെന്ന് തന്നെയാണ് പറയുന്നത്.

കണ്ണട വേണം, മുരുകന്‍ കാട്ടാക്കടയ്ക്ക് മാത്രമല്ല; ബ്രിട്ടാസിനും ശ്രീകണ്ഠന്‍ നായര്‍ക്കുമെല്ലാം

എന്നാല്‍ ചെയ്ത കാരുണ്യ പ്രവര്‍ത്തനങ്ങളോ സത്യസന്ധതയോ ഒരു കുറ്റത്തെ ന്യായീകരിക്കാനുള്ള കാരണങ്ങളല്ല. അതിനാല്‍ തന്നെ അദ്ദേഹത്തെ ന്യായീകരിക്കാനും സാധിക്കില്ല. രാമചന്ദ്രന്‍ ജയില്‍ മോചിതനായതും അദ്ദേഹത്തിന് അതേക്കുറിച്ച് പറയാനുള്ളതുമെല്ലാം ലോകം മുഴുവനുമുള്ള മലയാളികള്‍ അറിയാനാഗ്രഹിക്കുന്ന കാര്യങ്ങളാണ്. അതിനാല്‍ തന്നെ ആ അഭിമുഖം പ്രസക്തവുമാണ്. എന്നാല്‍ കെട്ടിപ്പിടിക്കല്‍ പോലുള്ള മസാലകള്‍ തിരുകിക്കയറ്റി കാഴ്ചക്കാരന്റെ വൈകാരികതയെ അളക്കുകയാണ് ബ്രിട്ടാസ് ചെയ്തത്. കൂടാതെ രാമചന്ദ്രന്‍ യാതൊരു വിധത്തിലും തെറ്റുകാരനല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ഒരു നാടകീയ ശ്രമവും അതിലുണ്ടായിരുന്നു. അഥവ തെറ്റുകാരനാണെങ്കില്‍ തന്നെ കേരള സമൂഹം അദ്ദേഹത്തോട് ക്ഷമിച്ചിരിക്കുന്നു എന്നൊരു സന്ദേശമാണ് ഇതിലൂടെ കൈമാറ്റപ്പെടുന്നത്. അതിനാലാണ് ബ്രിട്ടാസിന്റെ ചെയ്തി വിമര്‍ശിക്കപ്പെടുന്നതും. കൈരളി ചാനലിന്റെ പല പരിപാടികളുടെയും സ്‌പോണ്‍സറും സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന അറ്റ്‌ലസ് രാമചന്ദ്രനോട് ബ്രിട്ടാസ് അതിന്റെ സ്‌നേഹം കാണിച്ചതാകാമെന്നാണ് ഉയരുന്ന വിമര്‍ശനം.

സെന്‍സേഷണലിസം കേരളത്തിലെ ചാനല്‍ മുറികളെ എത്രമാത്രം മലീമസമാക്കിയിരിക്കുന്നുവെന്നതിന് ഉദാഹരണങ്ങള്‍ സമീപകാലത്ത് തന്നെ നിരവധിയുണ്ട്. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം സംസ്‌കരിക്കുന്ന ദിവസം മനോരമ ന്യൂസ് ചാനലിലെ ആഷാ ജാവേദ് എന്ന റിപ്പോര്‍ട്ടര്‍ വലിയ തോതിലുള്ള വിമര്‍ശനം നേരിട്ടത് ഇതേ സാഹചര്യത്തില്‍ തന്നെയാണ്. മരണ വീട്ടില്‍ പോലും ഔചിത്യമില്ലാത്ത വിധത്തിലാണ് മാധ്യമപ്രവര്‍ത്തനം നടത്തുന്നത് എന്ന് സമൂഹമാധ്യമത്തില്‍ വലിയ തോതിലുള്ള വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തു. ഒരു ദുരന്തം നടന്ന സ്ഥലത്ത് ഏത് വിധത്തില്‍ പെരുമാറണമെന്നും ദുരന്തം റിപ്പോര്‍ട്ട് ചെയ്യേണ്ടതെങ്ങനെയെന്നും കേരളത്തിലെ ചാനലുകളും മാധ്യമപ്രവര്‍ത്തകരും പഠിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഈ വിമര്‍ശനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

വാര്‍ത്താ അവതാരകരും റിപ്പോര്‍ട്ടര്‍മാരും സ്വയം വാര്‍ത്തയാകാനും അതിലൂടെ സെന്‍സേഷണലിസത്തിന് ശ്രമിക്കുന്നതുമാണ് ഇവിടെയുള്ള പ്രശ്‌നം. അതിനിടയില്‍ അവര്‍ പല വസ്തുതകളും മറന്നുപോകുകയോ മറന്നുവെന്ന് നടിക്കുകയോ ചെയ്യുകയാണ്. ഈ രീതി അവസാനിക്കാത്തിടത്തോളം കാലം മലയാള ചാനലുകളില്‍ നിന്നും ഇനിയും പ്രതിഷേധാത്മകമായ പ്രവര്‍ത്തികളുണ്ടാകുകയും അവര്‍ വിമര്‍ശിക്കപ്പെടുകയും ചെയ്യും. ചാനല്‍ ഉടമകളോടും സ്‌പോണ്‍സര്‍മാരോടുള്ളതിനേക്കാള്‍ സമൂഹത്തോടാണ് ഉത്തരവാദിത്വമെന്ന തിരിച്ചറിവാണ് അതിന് അവര്‍ക്ക് ആത്യന്തികമായി വേണ്ടത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മാതൃഭൂമി അവതാരകന്‍ വേണുവിന്റെ ‘വർഗീയ പരാമർശ’ത്തിനെതിരെ ഡി വൈ എഫ് ഐ പോലീസിൽ പരാതി നൽകി

ഇതിലേയും ഭേദം കമ്പിപ്പാര എടുത്തു മോഷ്ടിക്കാനിറങ്ങല്‍: വേണുവിനോടുള്ള യുവാവിന്റെ മറുപടി വൈറല്‍

ദുരന്തങ്ങളോടുള്ള മലയാള മാധ്യമങ്ങളുടെ സമീപനമെന്ത്‌? മാധ്യമ ധാർമികതയെ വെല്ലുവിളിക്കുന്ന കൗണ്ടർ പോയിൻ്റുകൾ

വായനക്കാരുടെ ഭീതി മനോരമയുടെ ആനന്ദം (കച്ചവടം)

ബ്രിട്ടാസല്ല, സാം മാത്യു തന്നെയാണ് പേടിപ്പിക്കുന്നത്

സ്വരാജിന് അഭിവാദ്യങ്ങൾ; ജയശങ്കറിനോട് സഹതാപം; മാധ്യമങ്ങളോട് രണ്ടു വാക്ക്

താടിയുള്ള മുസ്ലീം തൊപ്പിക്കാരന്‍; സംഘപരിവാര്‍ യുക്തിക്ക് ഏഷ്യാനെറ്റിന്റെ പ്രച്ഛന്ന വേഷം

മനോരമയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദുരന്ത റിപ്പോര്‍ട്ടിംഗ് എന്ന ദുരന്തം

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍