വൈറല്‍

ഗൗരി ലങ്കേഷ് വധം: പിന്നില്‍ സ്വത്ത് തര്‍ക്കമോ മാവോയിസ്റ്റുകളോ എന്ന് റിപ്പബ്ലിക്; നാണമുണ്ടോ എന്ന് അര്‍ണാബിനോട് സോഷ്യല്‍ മീഡിയ

ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകരും അനുഭാവികളും സന്തോഷം പ്രകടിപ്പിക്കുകയും ഗൗരിയെ അധിക്ഷേപിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുകയും ചെയ്യുന്നതിന് ഇടയില്‍ തന്നെയാണ് റിപ്പബ്ലിക് ടിവി വിഷയത്തില്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.

പ്രമുഖ മാധ്യമപ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് കാരണമായത് സ്വത്ത് തര്‍ക്കമെന്ന കണ്ടെത്തലുമായി അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി. ഇതല്ലെങ്കില്‍ മാവോയിസ്റ്റുകളായിരിക്കാം കൊലക്ക് പിന്നിലെന്നാണ് സൂചനയെന്നും റിപ്പബ്ലിക് ടിവി പറയുന്നു. ഗൗരി ലങ്കേഷിന്റെ കൊലയ്ക്ക് പിന്നില്‍ ഹിന്ദുത്വശക്തികളാണെന്ന നിഗമനത്തിലെത്തരുതെന്നും മാവോയിസ്റ്റുകളാണോ അതോ സ്വത്ത് തര്‍ക്കമാണോ കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷിക്കണമെന്നുമായിരുന്നു റിപ്പബ്ലിക്കന്‍ ടിവിയുടെ ആദ്യ ട്വീറ്റ്. ഇതിന് പിന്നാലെ കൊലയ്ക്ക് പിന്നിലെ മാവോയിസ്റ്റ് സാന്നിധ്യം സര്‍ക്കാര്‍ അന്വേഷിക്കുന്നു എന്ന തരത്തിലും ട്വീറ്റ് വന്നു. എന്നാല്‍ ഇത്തരത്തിലുള്ള അന്വേഷണം സംബന്ധിച്ച് കര്‍ണാടക സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ഒന്നും പ്രതികരിച്ചിട്ടില്ല. ഗൗരി ലങ്കേഷിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ഡിവി സദാനന്ദ ഗൗഡ ആവശ്യപ്പെട്ടിരുന്നു. #WhoKilledGauri എന്ന പേരിലാണ് റിപ്പബ്ലിക് ടിവിയുടെ ഹാഷ് ടാഗ്.

ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകരും അനുഭാവികളും സന്തോഷം പ്രകടിപ്പിക്കുകയും ഗൗരിയെ അധിക്ഷേപിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുകയും ചെയ്യുന്നതിന് ഇടയില്‍ തന്നെയാണ് റിപ്പബ്ലിക് ടിവി വിഷയത്തില്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. എന്നാല്‍ അര്‍ണാബിനും റിപ്പബ്ലിക്കിനുമെതിരെ രൂക്ഷ വിമര്‍ശനുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ഗൗരി ലങ്കേഷിന്റെ മരണത്തിന് കാരണം സ്വത്ത് തര്‍ക്കമാണെന്ന നിഗമനത്തില്‍ റിപ്ലബ്ലിക് ടിവിയും അര്‍ണാബും എത്തിക്കഴിഞ്ഞെന്ന് പരിഹസിച്ച ചിലര്‍ നിങ്ങള്‍ക്ക് നാണമില്ലേ എന്ന് അര്‍ണാബിനോട് ചോദിച്ചു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ മാവോയിസ്റ്റ് ബന്ധമുണ്ടോ എന്ന് അന്വേഷിക്കാന്‍ കര്‍ണാടക ആഭ്യന്തരമന്ത്രി പറഞ്ഞതായുള്ള വ്യാജ ട്വീറ്റിനേയും ചിലര്‍ തുറന്നുകാട്ടുന്നുണ്ട്. പച്ചക്കള്ളമാണ് റിപ്ലബ്ലിക് ടിവി പ്രചരിപ്പിക്കുന്നതെന്നും അത്തരത്തിലൊന്നും ആഭ്യന്തരമന്ത്രി പറഞ്ഞിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍