TopTop

മോഹന്‍ലാലിനെ പേര് വിളിച്ചതിന് തെറി പറഞ്ഞവരാണ് നടിമാരെ നടിമാരെന്നല്ലാതെ വേറെന്ത് വിളിക്കണമെന്ന് ചോദിക്കുന്നത്

മോഹന്‍ലാലിനെ പേര് വിളിച്ചതിന് തെറി പറഞ്ഞവരാണ് നടിമാരെ നടിമാരെന്നല്ലാതെ വേറെന്ത് വിളിക്കണമെന്ന് ചോദിക്കുന്നത്
കഴിഞ്ഞദിവസം കൊച്ചിയില്‍ സിനിമയിലെ വനിതാ കൂട്ടായ്മ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന പ്രധാന ആരോപണങ്ങള്‍ മോഹന്‍ലാലിനെതിരെയായിരുന്നു. തങ്ങളുടെ പേര് പറയാനുള്ള മര്യാദ പോലും അമ്മ പ്രസിഡന്റ് കാണിച്ചില്ലെന്നും 'നടിമാര്‍' എന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം സംസാരിച്ചതെന്നുമുള്ള രേവതിയുടെ വാക്കുകളോടെയാണ് മോഹന്‍ലാലിനെതിരെയുള്ള ആരോപണങ്ങള്‍ ആരംഭിച്ചത്. കേരളത്തിലെ സിനിമാ സംഘടനകള്‍ വാക്കല്ലാതെ ഒരു സഹായവും നല്‍കിയില്ലെന്നും 15 വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന നടിയാണ് ആക്രമിക്കപ്പെട്ടതെന്നും പ്രതിയായ നടന്‍, നടിയുടെ അവസരങ്ങള്‍ തട്ടിമാറ്റിയെന്നും ഇക്കാരണങ്ങളാലാണ് ഡബ്ല്യുസിസി രൂപീകരിക്കേണ്ടി വന്നതെന്നും സംഘടനയുടെ പ്രതിനിധികളായി സംസാരിച്ച രേവതിയും പത്മപ്രിയയും പാര്‍വതിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മോഹന്‍ലാലും അമ്മ എക്‌സിക്യൂട്ടീവും തങ്ങളെ പറഞ്ഞ് പറ്റിക്കുകയായിരുന്നെന്നാണ് ഇവര്‍ പറഞ്ഞത്. "
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അമ്മയുടെ പ്രസിഡന്റ് ഞങ്ങളെ നടിമാര്‍ എന്ന് ഇന്‍ട്രൊഡ്യൂസ് ചെയ്തു. ഞങ്ങള്‍ മൂന്ന് പേരാണ്. രേവതി, പത്മപ്രിയ, പാര്‍വതി. മൂന്ന് പേര് പറയാന്‍ അങ്ങേര്‍ക്ക് സാധിച്ചില്ല? അതുകൊണ്ടാണ് ഞങ്ങള്‍ ഞങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നത്. ഞങ്ങള്‍ ആരാണ്, പേരുള്‍പ്പെടെ ഞങ്ങളെന്താണ് ചെയ്തതിട്ടുള്ളതെന്ന് പറയുന്നത്"
. ഇതാണ് മോഹന്‍ലാലിന്റെ യഥാര്‍ത്ഥ മുഖമെന്നും രേവതി ചൂണ്ടിക്കാട്ടി.

എറണാകുളം പ്രസ് ക്ലബ്ബില്‍ കഴിഞ്ഞ ദിവസം ഉയര്‍ന്ന് വന്ന ഈ സ്ത്രീ ശബ്ദങ്ങള്‍ മോഹന്‍ലാലിനെതിരെയായതിനാല്‍ തന്നെ താരരാജാവിന്റെ ഫാന്‍സുകാര്‍ അടങ്ങിയിരുന്നില്ല. നടിമാരെ പിന്നെ നടിമാര്‍ എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്ന് പ്രസ്‌ക്ലബ്ബ് ഹാളില്‍ തന്നെ ചോദ്യമുയര്‍ന്നു എന്നതാണ് രസം. തങ്ങളുടെ നിലപാടുകള്‍ വ്യക്തവും ശക്തവുമായ ഭാഷയില്‍ പറഞ്ഞ ആ സ്ത്രീകളെ മലയാള സിനിമയിലെ വെട്ടുകിളി കൂട്ടങ്ങളായ ഫാന്‍സുകാരേക്കാള്‍ അധഃപതിച്ച രീതിയില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തത്. അപ്പോള്‍ പിന്നെ സോഷ്യല്‍ മീഡിയയില്‍ ആരാധനാ ഭ്രാന്തന്മാരുടെ കാര്യം പറയേണ്ടതില്ലല്ലോ? ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പേജിലും അല്ലാതെയും വെബര്‍ബല്‍ റേപ്പ് ഇപ്പോഴും തുടരുകയാണ്. ഒരു ദിവസം തന്നെ പലയാവര്‍ത്തി വെര്‍ബല്‍ റേപ്പിന് ഇരയാകുന്നതിനെക്കുറിച്ച് ഈ പേജ് കൈകാര്യം ചെയ്യുന്ന സംഗീത മേനോന്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.

രേവതിയുടെ ഈ പരാമര്‍ശത്തിന്റെ വീഡിയോ ഉപയോഗിച്ച് നടിമാരെ നടിമാരെന്നല്ലാതെ പിന്നെയെന്താണ് വിളിക്കേണ്ടതെന്ന ചോദ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. തീര്‍ത്തും നിരുപദ്രവകരമെന്ന് തോന്നുന്ന ഈ ചോദ്യത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ആണധികാര മനോഭാവത്തിന്റെ വ്യാപ്തി വലുതാണെന്ന് നാം മനസിലാക്കേണ്ടതുണ്ട്. സ്ത്രീകളെ അപമാനിക്കുന്നതില്‍ യാതൊരു മടിയുമില്ലാത്ത പി സി ജോര്‍ജ്ജിനെ മിസ് ചെയ്യുന്നുവെന്നാണ് ഈ വീഡിയോയും ചോദ്യവും ഷെയര്‍ ചെയ്തു കൊണ്ട് അഭിലാഷ് വിജയന്‍ എന്ന വ്യക്തി പറഞ്ഞിരിക്കുന്നത്. പി സി ജോര്‍ജ്ജിന്റെ വായില്‍ നിന്നും വരുന്നതെന്താണെന്ന് സാംസ്‌കാരിക കേരളത്തിന് നന്നായി അറിയാവുന്നതാണ്. അതായത് ഈ സ്ത്രീകള്‍ക്കുള്ള മറുപടി ജോര്‍ജ്ജിന്റെ നാടന്‍ ഭാഷയാണെന്നാണ് ഇത്തരക്കാര്‍ പറഞ്ഞുവരുന്നത്. നടിമാരെ നടിമാര്‍ എന്നല്ലാതെ പി.സി ജോര്‍ജ്ജിന്റെ ഭാഷയിലെ നുണച്ചി എന്ന് വിളിക്കണമെന്നും നന്ദു ടി എസ് ആവശ്യപ്പെടുന്നു. സിനിമ നടിമാരെ ജില്ലാ കളക്ടര്‍ എന്ന് വിളിക്കണോയെന്നാണ് ആ ട്രോളില്‍ പരിഹസിക്കുന്നത്. നടിമാരെ നടിമാര്‍ എന്നല്ലാതെ വേറെന്താണ് വിളിക്കേണ്ടതെന്ന് ചോദിക്കുന്നവര്‍ മോഹന്‍ലാലിനെ അമ്മ പ്രസിഡന്റ് എന്ന് വിളിച്ചതില്‍ പ്രതിഷേധിക്കുന്നവരാണെന്നത് വേറെ കാര്യം.
"സിനിമ ഇല്ലാതെ വീട്ടിലിരിക്കുന്ന ഇവരെ നടിമാര്‍ എന്ന് വിളിച്ച് മോഹന്‍ലാല്‍ അധിക്ഷേപിക്കരുത്. ദിലീപിനെ കൊല്ലാന്‍ മാത്രം ഉണ്ടാക്കിയ സംഘടനയാണ് അമ്മായിമാരുടെത്"
എന്നാണ് ഡബ്ല്യൂസിസിയുടെ പേജിലെ ഒരാളുടെ കമന്റ്.

"മോഹന്‍ലാലിനെ അയാള്‍ എന്നു വിളിക്കാന്‍ അദ്ദേഹം നിന്റെ കെട്ടിയവന്‍ ആണോടി"യെന്നാണ് രേവതിയോട് ഒരാള്‍ ചോദിക്കുന്നത്. കൂടാതെ രേവതിയുടെ കൂടെയുള്ളവരുടെ സ്വഭാവത്തെ പോലും ഈ കമന്റില്‍ ചോദ്യം ചെയ്യുന്നുണ്ട്. "ലാലേട്ടന്‍ നടിമാര്‍ എന്നല്ലാതെ ഫീല്‍ഡ് ഔട്ട് അമ്മായിമാര്‍ എന്ന് വിളിക്കണമായിരുന്നോ"
യെന്നാണ് ഒരാള്‍ ചോദിക്കുന്നത്. പല കമന്റുകളും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതും ഡബ്ല്യുസിസിയുടെ അംഗങ്ങളെ അങ്ങേയറ്റം അപമാനിക്കുന്നതുമാണ്. നടിമാര്‍ എന്ന് വിളിച്ച രേവതിയുടെ പരാതിയേക്കാള്‍ മോഹന്‍ലാലിനെ അവര്‍ അങ്ങേര് എന്ന് വിളിച്ചതിലെ അമര്‍ഷവും പല കമന്റുകളിലും പ്രകടമാണ്.

Also Read: നന്ദി, പാര്‍വതി; നിങ്ങള്‍ പുലര്‍ത്തുന്ന ഔന്നത്യത്തിന്‌


മുമ്പ് മോഹന്‍ലാലിനെ ലാല്‍ അങ്കിള്‍ എന്നു വിളിച്ചതിന് നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസനെതിരെ ലാല്‍ ഫാന്‍സ് നടത്തിയ കൊലവിളി പലരും മറന്നിട്ടുണ്ടാകില്ല. അച്ഛന്റെ സുഹൃത്ത് എന്ന നിലയില്‍ കുട്ടിക്കാലം മുതല്‍ മോഹന്‍ലാലിനെ ലാല്‍ അങ്കിള്‍ എന്ന് വിളിക്കുന്ന വ്യക്തിയാണ് വിനീത് എന്നത് പോലും ഇവര്‍ ഓര്‍ത്തില്ല. ഫാന്‍സുകാരുടെ ഈ സ്വഭാവത്തിനെതിരെ വിമര്‍ശനം ശക്തമായതോടെ ഫാന്‍സ് അസോസിയേഷന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് മാപ്പ് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തു. അതുപോലെ തന്നെ മോഹന്‍ലാലിനെ പേര് വിളിച്ച് അധിക്ഷേപിച്ചുവെന്ന് ആരോപിച്ചും ഇത്തരത്തില്‍ ഫാന്‍സുകാര്‍ സോഷ്യല്‍ മീഡിയയില്‍ കൂട്ട ആക്രമണം നടത്തിയിട്ടുള്ളതും നമ്മള്‍ മറന്നിട്ടില്ല. മോഹന്‍ലാല്‍ ഞങ്ങള്‍ക്ക് ഏട്ടനാണെന്നും കംപ്ലീറ്റ് ആക്ടറാണെന്നുമായിരുന്നു അന്ന് ഈ വെട്ടുകിളി കൂട്ടങ്ങള്‍ ആക്രോശിച്ചത്. ലാലിനെ ബഹുമാനിച്ചില്ലെന്നാണ് ഇവര്‍ പറഞ്ഞു വരുന്നത്.

കഴിഞ്ഞ ചലച്ചിത്ര മേള മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെ അദ്ദേഹത്തിന്റെ പേര് പറഞ്ഞുകൊണ്ട് വിമര്‍ശിച്ച നടി പാര്‍വതിക്കെതിരെയും സമാനമായ ആക്രമണമാണ് ഉണ്ടായത്. 'ഞങ്ങളുടെ ഇക്കയെ പേര് വിളിക്കാന്‍ നീയാരാടീ' എന്ന വിധത്തിലായിരുന്നു അന്ന് അവരുടെ ഫേസ്ബുക്ക് പേജിലും ട്വിറ്ററിലും നിറഞ്ഞ തെറിയഭിഷേകം. താരസംഘടനയ്ക്കും മോഹന്‍ലാലിനുമെതിരെ ശബ്ദമുയര്‍ത്താന്‍ നീയൊക്കെ ആരാണെടീയെന്നാണ് ഇപ്പോഴും ചോദ്യമുയരുന്നത്. ഇതേ വെട്ടുകിളി കൂട്ടങ്ങള്‍ തന്നെയാണ് ഇപ്പോള്‍ നടിമാരെ നടിമാരെന്നല്ലാതെ എന്താണ് വിളിക്കേണ്ടത് എന്ന ചോദ്യമുന്നയിക്കുന്നത്. ആണധികാരത്തിന് മുഖമടച്ച് കിട്ടിയ ഈ സ്ത്രീകളുടെ മറുപടികളോടുള്ള അസ്വസ്ഥതയാണ് ഈ തെറിവിളികള്‍ക്ക് പിന്നിലെന്ന് വ്യക്തമാണ്. ലാല്‍ ചോദ്യം ചെയ്യപ്പെട്ടതാണ് ഇവരുടെ കൊലവെറിക്കുള്ള മുഖ്യകാരണമെന്നും ഉറപ്പ്.

https://www.azhimukham.com/offbeat-facing-verbal-rape-100-times-a-day-says-social-media-manager-wcc-sangeetha-menon-interview-by-sreeshma/

https://www.azhimukham.com/kerala-kodiyeri-and-alenchery-must-same-case-filed-against-revathy/

https://www.azhimukham.com/offbeat-fans-attacked-wcc-page-with-abusive-comments-writes-safiya/

https://www.azhimukham.com/facebook-post-two-press-meet-amma-wcc-difference-politics-language-media-sreechithran-writes/

https://www.azhimukham.com/cinema-revathy-against-mohanlal/

https://www.azhimukham.com/edit-keralas-own-mullah-omars/

https://www.azhimukham.com/offbeat-cyber-crimes-against-women-kerala-analysis-by-ribin/

Next Story

Related Stories