Top

എന്താണ് പിറവം പള്ളി കേസ്? എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇത്രകാലവും അതില്‍ ഇടപെട്ടില്ല?

എന്താണ് പിറവം പള്ളി കേസ്? എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇത്രകാലവും അതില്‍ ഇടപെട്ടില്ല?
പിറവം പള്ളി തര്‍ക്കം വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്. സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാന്‍ ഇന്ന് പോലീസ് പള്ളിയിലെത്തിയപ്പോള്‍ വിശ്വാസികള്‍ എതിര്‍ക്കുകയും പോലീസിനെ പള്ളിയില്‍ കയറാന്‍ സമ്മതിക്കില്ലെന്ന് നിലപാടെടുക്കുകയുമായിരുന്നു. പോലീസിനെ പിന്തിരിപ്പിക്കാന്‍ വിശ്വാസികളില്‍ ചിലര്‍ പള്ളിയുടെ മുകളില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ പള്ളിമുറ്റത്ത് സംഘര്‍ഷാവസ്ഥയായി. ശബരിമല സ്ത്രീ പ്രവേശന വിധി സംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് വന്നതോടെയാണ് പിറവം പള്ളി കേസ് വീണ്ടും ഉയര്‍ന്നുവന്നത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാന്‍ ധൃതി കാണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് പിറവം പള്ളി പൊളിക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നില്ലെന്നായിരുന്നു അന്ന് ഉയര്‍ന്ന ചോദ്യം. എന്നാല്‍ പിറവം പള്ളി പൊളിക്കണമെന്നല്ല സുപ്രിംകോടതി ഉത്തരവ്. പള്ളിയിലെ പ്രബലരായ യാക്കോബായ സഭാ വിശ്വാസികളും ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളും തമ്മില്‍ പള്ളി ഭരണത്തിലും പള്ളിയുടെ സ്വത്തിലും നടക്കുന്ന തര്‍ക്കം സംബന്ധിച്ചാണ് സുപ്രിംകോടതി ഉത്തരവ്. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായിരുന്നു ഈ വിധി.

നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കം. കേരളത്തിലെ പല പള്ളികളിലും പല കാലങ്ങളായി ഇത് നിലനില്‍ക്കുന്നുണ്ട്. ആരാണ് പള്ളിയുടെ യഥാര്‍ത്ഥ ഉടമസ്ഥര്‍ എന്നതാണ് ഇവിടുത്തെ തര്‍ക്കമെങ്കിലും ഇരുവിഭാഗത്തിലെയും വിശ്വാസികള്‍ ഇതിനെ അംഗീകരിക്കുന്നില്ല. ഇവര്‍ പറയുന്നത് അത് വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നാണ്. കാരണം രണ്ട് സഭയുടെയും വിശ്വാസങ്ങള്‍ വ്യത്യസ്തമാണെന്നാണ് ഇരുകൂട്ടരും പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഒരേ ചരിത്രവും പാരമ്പര്യവുമുള്ള രണ്ട് സഭകളാണ് ഇവ. പരസ്പരം പിരിഞ്ഞതിന് ശേഷമാണ് തര്‍ക്കം ആരംഭിച്ചത്. ആരാണ് യഥാര്‍ത്ഥ മലങ്കര വിഭാഗം എന്നതായിരുന്നു പിരിഞ്ഞതിന് ശേഷം ഉയര്‍ന്ന ചോദ്യം. അതിന് ശേഷമാണ് സ്വത്ത് തര്‍ക്കത്തിലേക്ക് അത് മാറുന്നത്. എന്തായാലും വര്‍ഷങ്ങളോളം നീണ്ടുനിന്ന കേസിനൊടുവില്‍ ഓര്‍ത്തഡോക്‌സ് സഭയാണ് യഥാര്‍ത്ഥ മലങ്കര സഭയെന്ന് സുപ്രിംകോടതി വിധിച്ചു. അതുപ്രകാരം ആ പക്ഷത്തിന്റെ പ്രതിനിധിയെ മലങ്കര സഭയുടെ അധിപനായും പ്രഖ്യാപിച്ചു. 1934ല്‍ രൂപീകൃതമായ മലങ്കര സഭയുടെ ഭരണഘടനയനുസരിച്ച് പള്ളികള്‍ ഭരിക്കപ്പെടണമെന്നും ഈ വിധിയില്‍ പറയുന്നു. ഓരോ പള്ളികളിലും സമാനമായ കേസുകളുണ്ടായെങ്കിലും എല്ലാ പള്ളികളും 1934ലെ ഭരണഘടന അനുസരിക്കാനായിരുന്നു വിധി. പിറവം പള്ളിക്കും ഈ വിധി ബാധകമായി.

1985ലാണ് പിറവം വലിയ പള്ളി കേസ് ആരംഭിക്കുന്നത്. അതിന് മുമ്പും തര്‍ക്കം നിലനിന്നിരുന്നെങ്കിലും കോടതിയിലെത്തിയത് അപ്പോഴാണ്. അതിന് ശേഷമാണ് ഇരുസഭകളിലെയും വൈദികര്‍ക്കോ വിശ്വാസികള്‍ക്കോ പള്ളിയില്‍ കയറാന്‍ പാടില്ല എന്ന സ്ഥിതി വന്നത്. പിന്നീട് കോടതിയുടെ ശക്തമായ ഇടപെടലോടെയാണ് ഇടവക ഭരണം നടന്നത്. 1995ലാണ് എറണാകുളം അഡീഷണല്‍ ജില്ലാ കോടതി പിറവം പള്ളിയുടെ കേസില്‍ വിധി പ്രഖ്യാപിക്കുന്നത്. അതനുസരിച്ച് ഓര്‍ത്തഡോക്‌സ് സഭയാണ് പിറവം പള്ളിയുടെയും ഭരണം നടത്തേണ്ടത്. കാരണം അവരാണല്ലോ സുപ്രിംകോടതി വിധി പ്രകാരം യഥാര്‍ത്ഥ മലങ്കര വിഭാഗം. എന്നാല്‍ പിറവം വലിയപള്ളി എന്നത് യാക്കോബായസഭക്കാരുടെ ഒരു തലപ്പള്ളിയാണ്. ആ ഇടവകയിലെ അംഗങ്ങളില്‍ ബഹുഭൂരിപക്ഷം ഇടവകക്കാരും യാക്കോബായസഭയില്‍ വിശ്വസിക്കുന്നവരാണ്. അവര്‍ സഭയുടെ പരമാദ്ധ്യക്ഷനായ പാത്രിയാര്‍ക്കീസിനെയും ആ പക്ഷത്തെ മെത്രാന്മാരെയുമാണ് അംഗീകരിക്കുന്നത്. ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷനെ അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഈ വിധി അവര്‍ക്ക് സ്വീകാര്യമായില്ല. അതുകൊണ്ട് തന്നെ വ്യവഹാരം തുടരുകയും ഇരു പക്ഷത്തിനും ജയപരാജയങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തു.

പിന്നീട് എറണാകുളം ജില്ലാ കോടതിയും ഈ വിധി അംഗീകരിച്ചെങ്കിലും ഓര്‍ത്തഡോക്‌സ് സഭയുടെ ചില ആവശ്യങ്ങള്‍ കോടതി അംഗീകരിച്ചിരുന്നില്ല. ഹൈക്കോടതിയില്‍ അപ്പീല്‍ പോയപ്പോള്‍ ഈ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നായിരുന്നു യാക്കോബായ സഭ ചൂണ്ടിക്കാട്ടിയത്. 2014ല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഈ ഹര്‍ജി ഹൈക്കോടതി തള്ളി. അതോടെ തങ്ങളുടെ വിജയമാണിതെന്ന രീതിയില്‍ ആഘോഷിക്കാന്‍ ആരംഭിച്ച യാക്കോബായ സഭ അപ്പോള്‍ വികാരിയായിരുന്ന സ്‌കറിയ വട്ടയ്ക്കാട്ടിലിനെ കായികമായി തന്നെ പള്ളിയില്‍ നിന്നും പുറത്താക്കി. ഈ ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ആണ് സുപ്രിംകോടതി അംഗീകരിച്ചത്. സുപ്രിംകോടതിയുടെ പഴയ ഉത്തരവ് പിറവം പള്ളിയ്ക്കും ബാധകമാണെന്ന് വന്നതോടെ പള്ളി വീണ്ടും ഓര്‍ത്തഡോക്‌സ് സഭയ്ക്ക് തന്നെ കൈവന്നു.

പള്ളിയില്‍ നിന്നും ആരെയും ഇറക്കലോ പുറത്താക്കലോ ഒന്നും സുപ്രിംകോടതി വിധിയുടെ ഭാഗമല്ല. പള്ളിയും പള്ളിഭരണവും ഇപ്പോഴുള്ള ഇടവകക്കാര്‍ക്ക് തന്നെ നടത്താം. പക്ഷേ വികാരിയായി ഒരു വൈദികനെ നിയമിക്കാനുള്ള അധികാരം നിയമപരമായി ഇപ്പോള്‍ ഓര്‍ത്തഡോക്സ് സഭയ്ക്കാണ്. ഒന്നൂടി പരത്തിപ്പറഞ്ഞാല്‍, ആ പള്ളിയുടെ വികാരി, അയാള്‍ക്ക് മുകളിലുള്ള മെത്രാന്‍, അതിനും മുകളിലുള്ള മെത്രാപ്പോലീത്താ എന്നിവര്‍ ഇപ്പോള്‍ ഓര്‍ത്തഡോക്സുകാരായി നില്‍ക്കുന്നവരാകും. അത് ഇടവകാംഗങ്ങള്‍ സമ്മതിക്കുന്നില്ല. പിറവം പള്ളിയില്‍ മാത്രമല്ല, തര്‍ക്കമുള്ള എല്ലാ പള്ളിയിലും സ്ഥിതി ഇതു തന്നെ. ഇന്ന് പോലീസ് പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയപ്പോള്‍ ഇടവകക്കാര്‍ എതിര്‍ത്തതിനും കാരണം അതുതന്നെയാണ്. നിലവിലെ വൈദികരുടെ സഹായത്തോടെ തന്നെയാണ് ഈ പ്രതിഷേധമെന്നാണ് കരുതേണ്ടത്. കാരണം സുപ്രിംകോടതി വിധി നടപ്പിലായാല്‍ സ്ഥാനം നഷ്ടപ്പെടുന്നത് അവര്‍ക്കാണല്ലോ?

ഈ കേസില്‍ സര്‍ക്കാര്‍ ഒരു കക്ഷിയോ, സാക്ഷിയോ, ഇടപെടല്‍ കക്ഷിയോ ഒന്നുമായിരുന്നില്ല. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സിവില്‍ കേസില്‍ കേസില്‍ സര്‍ക്കാരിന് ഇടപെടാനുമാകില്ല. എന്നാല്‍ കോടതി വിധി നടപ്പാക്കാന്‍ സാധിക്കാതെ വന്നാല്‍ ജയിച്ച കക്ഷികള്‍ക്ക് സര്‍ക്കാരിനോട് സഹായം ആവശ്യപ്പെടാം. ലഭിച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരെ അവര്‍ക്ക് കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യുകയും ചെയ്യാം. പിറവം പള്ളിക്കേസില്‍ വിധി വന്ന് ഏറെ നാളുകള്‍ കഴിഞ്ഞിട്ടും ശബരിമല വിധി ചര്‍ച്ചയായപ്പോള്‍ മാത്രമാണ് ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ ഇത്തരമൊരു കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്തത്.

https://www.azhimukham.com/trending-sabarimala-women-entry-connecting-with-piravom-mosque-case-what-is-the-actual-fact-jose-joseph-writes/

https://www.azhimukham.com/updates-crisis-in-piravom-church-believers-protest-with-suicide-threat/

Next Story

Related Stories