TopTop

എട്ടുനിലയിലാണ് പൊട്ടിയത്; 'രണ്ടാം നവോത്ഥാനം' സിപിഎം പരണത്ത് വെക്കുമോ?

എട്ടുനിലയിലാണ് പൊട്ടിയത്;
തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ പിണറായി സര്‍ക്കാരിന്റെ 'ശബരിമല ലൈന്‍' തെറ്റിയോ എന്നു പരിശോധിക്കുകയാണ് സിപിഎം. സിപിഎമ്മില്‍ ഇക്കാര്യത്തില്‍ ആദ്യമായാണ് അഭിപ്രായ ഭിന്നത രൂപപ്പെട്ടിരിക്കുന്നത്. ശബരിമല നിലപാട് തിരിച്ചടിയായോയെന്ന് പരിശോധിക്കണമെന്നാണ് സിപിഎമ്മിനുള്ളില്‍ തന്നെ ആവശ്യമുയര്‍ന്നിരിക്കുന്നത്. ഇത് പരിശോധിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റും തീരുമാനിച്ചിട്ടുണ്ട്. തിരുത്തല്‍ നടപടി പാര്‍ട്ടി പരസ്യമായി തന്നെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ ശബരിമല ലൈനിന് അടിയുറച്ച പിന്തുണ നല്‍കി വന്നിരുന്ന സിപിഎം ആദ്യമായാണ് ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടുകളില്‍ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിശ്വാസികളുടെ വിഭാഗമാണ് ഇതെന്നും ഇവരെ തെറ്റിദ്ധരിപ്പിക്കാന്‍ വലതുപക്ഷ ശക്തികള്‍ക്ക് സാധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുവെന്നും യോഗത്തില്‍ പറയുന്നു. ഇതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പാര്‍ട്ടി പ്രത്യേകം പരിശോധിക്കുമെന്നും സെക്രട്ടേറിയറ്റ് പറയുന്നു. സര്‍ക്കാരിന്റെ ശബരിമല നിലപാടിനെതിരെ നിശിതമായ വിമര്‍ശനം ഉയരുന്നതിനിടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സര്‍ക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്നാണ് കോടിയേരി പറയുന്നത്.

ഇന്ന് തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ആദ്യമായി പരസ്യ പ്രതികരണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ഇതേ നിലപാടാണ് സ്വീകരിച്ചത്. ശബരിമല ബാധിച്ചില്ലെന്ന് വ്യക്തമായി പറയുകയായിരുന്നു മുഖ്യമന്ത്രി. ശബരിമല ബാധിച്ചെങ്കില്‍ അതിന്റെ ഗുണഫലം കിട്ടേണ്ടത് ബിജെപിക്കായിരുന്നു. തന്റെ ശൈലി തന്റെ ശൈലി തന്നെയായിരിക്കുമെന്നും അതില്‍ യാതൊരു വിധത്തിലുള്ള മാറ്റവും വരുത്തില്ലെന്നും മുഖ്യമന്ത്രി പറയുന്നു. അതേസമയം പാര്‍ട്ടി സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ ശബരിമലയെന്ന് പരാമര്‍ശിച്ചിട്ടില്ല. വിശ്വാസികള്‍ എന്ന പ്രയോഗമാണ് ശബരിമലയെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ശബരിമല വിഷയം കത്തിനിന്നപ്പോള്‍ രണ്ട് സീറ്റ് കുറഞ്ഞാലും ശബരിമല വിഷയത്തിലെ നിലപാടില്‍ മാറ്റമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആ നിലപാട് ആവര്‍ത്തിക്കുന്നതാണ് ഇന്നത്തെ പ്രസ്താവന. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ബാധിക്കുമെന്ന് വിവിധ ഇടങ്ങളില്‍ നിന്നും അഭിപ്രായമുയര്‍ന്നപ്പോളും സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാരും അതിനെ തള്ളിപ്പറയുകയായിരുന്നു. അതേസമയം തെരഞ്ഞെടുപ്പില്‍ വ്യാപകമായി എല്‍ഡിഎഫ് വോട്ടുകള്‍ നഷ്ടമാകുകയും ചെയ്തു. ബിജെപിയുടെ വോട്ട് വിഹിതത്തില്‍ വന്‍തോതിലുള്ള വര്‍ധനവും ഉണ്ടായി. ഇതോടെയാണ് സിപിഎമ്മിനുള്ളില്‍ തന്നെ ശബരിമല നിലപാട് തിരിച്ചടിയായെന്ന അഭിപ്രായമുയര്‍ന്നത്.

എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമല വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന പരോക്ഷ വിമര്‍ശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. വിശ്വാസിയേയും അവിശ്വാസിയേയും കൂടെ നിര്‍ത്താതെ ഒരിഞ്ച് പോലും മുന്നോട്ട് പോകാനാവാത്ത സ്ഥിതിയാണ് പാര്‍ട്ടിക്ക് എന്നാണ് എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍ ഇത്തരം അഭിപ്രായങ്ങളെ പാടെ നിഷേധിക്കുകയാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ചേര്‍ന്ന്. അതോടൊപ്പം തെരഞ്ഞെടുപ്പ് പരാജയം കൊണ്ടൊന്നും ശബരിമല നിലപാടില്‍ നിന്നോ നവോത്ഥാന പോരാട്ടത്തില്‍ നിന്നോ തങ്ങള്‍ പിന്നിലേക്കില്ലെന്നുമുള്ള വ്യക്തമായ സന്ദേശവും ഇരുവരും നല്‍കുന്നു. വരാന്‍ പോകുന്ന 6 നിയമസഭാ ഉപതിരഞ്ഞെടുകളില്‍ ശബരിമലയില്‍ പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ഭിന്നത എങ്ങനെ പ്രതിഫലിക്കും എന്നാണ് രാഷ്ടീയ കേരളം ഉറ്റുനോക്കുന്നത്.

read more:ശബരിമല ബാധിച്ചില്ല; സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലല്ല; എന്റെ ശൈലി എന്റെ ശൈലി തന്നെയായിരിക്കും: പിണറായി വിജയന്‍

Next Story

Related Stories