UPDATES

ട്രെന്‍ഡിങ്ങ്

22 കേസുകളിലായി ഇതുവരെയുള്ള കവര്‍ച്ച 40 കോടി; കല്യാണിന്റെ ഒരു കോടിയുടെ സ്വര്‍ണം തട്ടിയെടുത്ത ആ ഹൈവേ കൊള്ളക്കാരന്‍ കോടാലി ശ്രീധരനോ?

കോയമ്പത്തൂരിനും വാളയാറിനും ഇടയില്‍ വച്ച് കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ വാഹനം ആക്രമിച്ച് ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു

കോയമ്പത്തൂരില്‍ വച്ച് കല്യാണ്‍ ജ്വല്ലറിയുടെ ഒരു കോടി രൂപ വരുന്ന സ്വര്‍ണം തട്ടിയെടുത്ത ഹൈവേ കൊള്ളക്കാരന്‍ വീണ്ടും പോലീസിന് തലവേദനയാകുകയാണ്. ഏറെ നാളായി കേരളത്തിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കോടാലി ശ്രീധരനായി കര്‍ണാടക പോലീസില്‍ തെരച്ചില്‍ നടത്തുകയാണ്. ഇതിനിടെയിലാണ് ഈ പുതിയ കവര്‍ച്ച. ശ്രീധരന്റെ അടുത്ത അനുയായി മലപ്പുറം വള്ളുവമ്പ്രം സ്വദേശിയെ ചുറ്റിപ്പറ്റിയാണ് കോയമ്പത്തൂര്‍ പോലീസിന്റെ അന്വേഷണം.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് ദേശീയപാതയില്‍ വീണ്ടും കൊള്ള നടക്കുന്നത്. കോയമ്പത്തൂരിനും വാളയാറിനും ഇടയില്‍ വച്ച് കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ വാഹനം ആക്രമിച്ച് ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. ചാവടി പെട്രോള്‍ പമ്പിന് സമീപത്ത് വച്ച് ജ്വല്ലറിയുടെ വാഹനത്തില്‍ മറ്റൊരു വാഹനം ഇടിപ്പിച്ച ശേഷം കാറും സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്നു. വാളയാര്‍ ചെക്‌പോസ്റ്റ് കടന്നുപോയ വാഹനങ്ങളുടെ ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് കവര്‍ച്ചയ്ക്ക് പിന്നില്‍ കോടാലി ശ്രീധരന്‍ ആണെന്ന് ഉറപ്പിച്ചത്. ശ്രീധരന്റെ വിശ്വസ്തനായ വെള്ളുവമ്പ്രം സ്വദേശി ഷംസുദ്ദീന്‍ എന്ന നാണിയെ ക്യാമറ ദൃശ്യങ്ങളില്‍ തിരിച്ചറിയാന്‍ സാധിച്ചു. ഈ ദൃശ്യങ്ങള്‍ മലപ്പുറത്തെയും കോഴിക്കോടെയും ഹവാല സംഘങ്ങളെയും കാണിച്ചാണ് ഇയാള്‍ തന്നെയാണെന്ന് ഉറപ്പിച്ചത്. തട്ടിയെടുത്ത കാര്‍ മധുക്കര സ്റ്റേഷന്‍ പരിധിയിലെ കറുപ്പന്‍കരയില്‍ നിന്നും കണ്ടെത്തി. മുമ്പും കോടാലി ശ്രീധരന്‍ പ്രതിയായ കേസുകളില്‍ തട്ടിയെടുത്ത വാഹനങ്ങള്‍ ഇവിടെ നിന്നാണ് കണ്ടെത്തിയിട്ടുള്ളത്.

കേരള, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ ഹൈവേകളിലെ സ്ഥിരം സാന്നിധ്യമാണ് ഇയാളും കവര്‍ച്ച സംഘവും. നിരവധി കേസുകളില്‍ പ്രതിയാണെങ്കിലും പോലീസ് ഏറെ നാളായി ഇയാള്‍ക്ക് പിന്നാലെയാണ്. തൃശൂര്‍ വള്ളിക്കുന്നിലെ കോടാലി സ്വദേശിയാണെങ്കിലും കോതമംഗലത്താണ് ഇയാളുടെ ഇപ്പോഴത്തെ വീട്. പോലീസ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടും ഇയാള്‍ ഇവിടെയും വന്നുപോകാറുണ്ട്. ഇയാള്‍ക്ക് വേണ്ടി ഏറ്റവുമധികം തെരച്ചില്‍ നടത്തുന്ന കര്‍ണാടക പോലീസ് സംഘത്തിലെ ഉദ്യോഗസ്ഥരുടെ ഫോണുകളിലേക്ക് വിളിച്ച് വെല്ലുവിളിക്കുന്നതും ഇയാളുടെ പതിവാണ്. ഇന്റര്‍നെറ്റ് കോള്‍ സംവിധാനം ഉപയോഗിച്ച് വിളിക്കുന്നതിനാല്‍ ഇയാളെ ട്രാക്ക് ചെയ്യാനും സാധിക്കുന്നില്ല.

കുഴല്‍പ്പണ സംഘങ്ങളെ ആക്രമിച്ച് കൊള്ളയടിക്കുന്നതാണ് ഇയാളുടെ രീതി. ഇരുപതിലേറെ കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ആന്ധ്രാ, ഗോവ സംസ്ഥാനങ്ങളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. ഏഴ് വര്‍ഷമായി ഈ അഞ്ച് സംസ്ഥാനങ്ങളിലെയും പോലീസ് കിണഞ്ഞു പരിശ്രമിച്ചിട്ടും ഒന്നും നടന്നില്ല. പോലീസ് പലവട്ടം ശ്രീധരന്റെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ആ ലുക്ക്ഔട്ട് നോട്ടീസ് കണ്ടാല്‍ ശ്രീധരന് പോലും തിരിച്ചറിയാനാകില്ലെന്നാണ് പോലീസിലെ ചിലര്‍ തന്നെ പറയുന്നത്. ഉന്നത രാഷ്ട്രീയ സ്വാധീനങ്ങളും പോലീസ് സേനയിലെ സ്വാധീനവുമാണ് അതിന് ഇയാളെ സഹായിക്കുന്നു. ചിത്രം ചില പോലീസുകാര്‍ തന്നെ തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലാക്കിയതാണെന്നും ആരോപണം.

ഇടക്കാലത്ത് ശ്രീധരന്റെ മകന്‍ അരുണിനെ അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയതായി വാര്‍ത്ത വന്നിരുന്നു. അരുണിനെ ഒരു സംഘം ആളുകള്‍ കണ്ണുമൂടിക്കെട്ടി കാറില്‍ കൊണ്ടുപോകുന്നതിന്റെ വീഡിയോ വീട്ടുകാര്‍ക്ക് ലഭിക്കുകയായിരുന്നു. കര്‍ണാടക പോലീസ് മൈസൂരിലെത്തിയെങ്കിലും അപ്പോഴേക്കും ശ്രീധരനും സംഘവുമെത്തി മോചിപ്പിച്ചെന്ന വിവരം പുറത്തുവന്നു. ശ്രീധരന്‍ കുഴല്‍പ്പണം മോഷ്ടിച്ചതിന്റെ പ്രതികാരമാണ് തട്ടിക്കൊണ്ട് പോകല്‍ എന്നായിരുന്നു പ്രചരണം. എന്നാല്‍ ശ്രീധരന്റെ സംഘാംഗങ്ങള്‍ തന്നെയായിരുന്നു ഇതിന് പിന്നിലെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. ക്വട്ടേഷന്‍ സംഘത്തിലെ രണ്ട് പേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇത് വ്യക്തമായത്. തെളിവില്ലാത്തതിനാല്‍ കേസന്വേഷണം അവിടെ അവസാനിച്ചു.

കേരളത്തിലും കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും മാത്രം രജിസ്റ്റര്‍ ചെയ്ത 22 കേസുകളിലായി 40 കോടിയുടെ കവര്‍ച്ചയാണ് ഇയാള്‍ ഇതുവരെ നടത്തിയിരിക്കുന്നത്. കുഴല്‍പ്പണം കടത്തുന്നവരെ ആക്രമിച്ചാണ് കവര്‍ച്ച. പോലീസ് കമ്മിഷണറുടെ വേഷത്തിലെത്തിയാണ് ഇതിലേറെയും. കുഴല്‍പ്പണം നടത്തുന്ന കരിയര്‍മാര്‍ക്കിടയില്‍ നുഴഞ്ഞുകയറിയാണ് ശ്രീധരനും സംഘവും കൃത്യം നിര്‍വഹിക്കുക. കുഴല്‍പ്പണം വരുന്ന റൂട്ട്, വാഹനത്തിന്റെ നമ്പര്‍ എന്നിവ ശ്രീധരനെ അറിയിച്ചാല്‍ 40 ശതമാനം വിവര ദാതാവിന് ലഭിക്കും. ഈ ഓഫറില്‍ വീണാണ് ചിലര്‍ ശ്രീധരന്റെ വിവരദാതാക്കളാകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍