TopTop

കേരളത്തില്‍ കാലുകുത്താന്‍ സമ്മതിക്കാതിരിക്കാന്‍ തൃപ്തി ചെയ്ത തെറ്റുകള്‍ ഇതാണ്

കേരളത്തില്‍ കാലുകുത്താന്‍ സമ്മതിക്കാതിരിക്കാന്‍ തൃപ്തി ചെയ്ത തെറ്റുകള്‍ ഇതാണ്
ശബരിമലയില്‍ കയറുമെന്ന് പ്രഖ്യാപിച്ച് തൃപ്തി ദേശായി കൊച്ചിയിലെ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. അതേസമയം വിമാനത്താവളത്തില്‍ നിന്നും അവരെ പുറത്തേക്കിറങ്ങാന്‍ സമ്മതിക്കില്ലെന്ന വാശിയിലാണ് സംഘപരിവാര്‍. വിമാനത്താവളത്തില്‍ തന്നെ അവരെ തടയാന്‍ മാത്രം എന്ത് തെറ്റാണ് അവര്‍ ചെയ്തതെന്ന ചോദ്യം സ്വാഭാവികമായും ഉയരും. അതുപോലെ വിമാനത്താവളത്തില്‍ വച്ചു തന്നെ തടഞ്ഞ് ഇതിനെ വിവാദമാക്കുന്ന രാഷ്ട്രീയ അജണ്ട എന്താണ്?

ഇന്ത്യയിലെ ലിംഗസമത്വത്തിന് വേണ്ടി വാദിക്കുന്നവരില്‍ ഏറ്റവും ആദ്യത്തെ പേരുകാരിയാണ് തൃപ്തി ദേശായി. ഭൂമാതാ ബ്രിഗേഡ് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപക എന്ന നിലയിലാണ് ഇവര്‍ അറിയപ്പെടുന്നത്. 2010ല്‍ 40 പേരുമായി ആരംഭിച്ച ഈ സംഘടനയില്‍ 2016 ആയപ്പോള്‍ അയ്യായിരത്തിലേറെ പേരുണ്ട്. ലിംഗവിവേചനം, സ്ത്രീസ്വാതന്ത്ര്യം എന്നിവയാണ് ഈ സംഘടന മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും വിഷയങ്ങളും. മതപരമായ അവകാശത്തിനല്ല, ലിംഗവിവേചനത്തിനെതിരാണ് തന്റെ പോരാട്ടമെന്നാണ് തൃപ്തി തന്നെ പറയുന്നത്. ഭൂമാതാ ബ്രിഗേഡ് മതത്തിനും രാഷ്ട്രീയത്തിനും എതിരല്ലെന്നാണ് തൃപ്തി വ്യക്തമാക്കുന്നത്.

പൂനെയിലെ കോലാപൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ അറിയപ്പെടുന്ന ആദ്യത്തെ പോരാട്ടം. ക്ഷേത്രഭരണസമിതി സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെങ്കിലും പൂജാരിമാര്‍ തടസ്സം നില്‍ക്കുകയായിരുന്നു. തൃപ്തിയെയും പ്രതിഷേധക്കാരെയും ആക്രമിച്ചതിന് അഞ്ച് പൂജാരിമാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലെ ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ നടത്തിയ പോരാട്ടങ്ങളിലൂടെയാണ് ഇവര്‍ ഇന്ത്യന്‍ ജനതയുടെ ശ്രദ്ധയിലെത്തുന്നത്. 2015 ഡിസംബര്‍ 20ന് ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പ്രവേശിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. എട്ട് ദിവസത്തിനകം പ്രവേശനം നല്‍കിയില്ലെങ്കില്‍ 400 പേരുമായി ക്ഷേത്രത്തിലെത്തുമെന്നായിരുന്നു തൃപ്തിയുടെ നിലപാട്. ഏപ്രിലില്‍ തൃപ്തിയുടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഹര്‍ജിയുമായി തൃപ്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രപ്രവേശനത്തിന് ലിംഗ വിവേചനം പാടില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. അതോടെ ഇവരുടെ സമരം വിജയം കാണുകയും ചെയ്തു.

2012ല്‍ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം തടഞ്ഞതിനെതിരെയും തൃപ്തി സമരം നടത്തി. സ്ത്രീ പ്രവേശനത്തിന് എതിരല്ലെന്ന് ദര്‍ഗ ട്രസ്റ്റ് സുപ്രിംകോടതിയെ അറിയിക്കുകയായിരുന്നു ഇതിന്റെ ഫലം. സ്ത്രീ പ്രവേശനം തടയാനാകില്ലെന്നായിരുന്നു സുപ്രിംകോടതിയുടെ നിലപാട്. തൃപ്തിയുടെ നേതൃത്വത്തില്‍ നൂറോളം സ്ത്രീകള്‍ ദര്‍ഗയില്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. എന്നാല്‍ മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ചില മുസ്ലിം മതസംഘടനകള്‍ ഇവര്‍ക്കെതിരെ പോലീസിനെ സമീപിക്കുകയും ചെയ്തു.

നാസികിലെ ത്രൈയംബകേശ്വര്‍ ക്ഷേത്രത്തിലും തൃപ്തിയുടെ ഇടപെടലിലൂടെ സ്ത്രീ പ്രവേശനം സാധ്യമായി. ഹാപ്പി ടൂ ബ്ലീഡ് എന്ന മുദ്രാവാക്യം മുഴക്കിയാണ് അവര്‍ ശബരിമല വിഷയത്തില്‍ ഇടപെട്ടത്. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ശബരിമല പ്രവേശനം അനുവദിക്കില്ലെന്നതാണ് ഇവരെ പ്രകോപിപ്പിച്ചത്.

തൃപ്തിദേശായിയെ കൊച്ചി എയര്‍പോര്‍ട്ടില്‍ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധം / വീഡിയോതൃപ്തി ബിജെപിയുടെ അജണ്ടയ്ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ പരക്കുന്നത്. 2012ല്‍ പൂനൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ഇവര്‍ പരാജയപ്പെട്ടിരുന്നു. ഇവരുടെ മറ്റ് രാഷ്ട്രീയ ബന്ധങ്ങളെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമായി തുടരുകയാണ്.

https://www.azhimukham.com/trending-pc-george-against-sabaribala-women-entry-trupti-desai/

https://www.azhimukham.com/news-update-sabaribala-women-entry-trupti-desai-reached-kochi-protest-in-airport/

Next Story

Related Stories