TopTop
Begin typing your search above and press return to search.

അടിതെറ്റി വീഴുന്ന രാഷ്ട്രീയ പൊങ്ങച്ചങ്ങള്‍: അമിത് ഷായെ ഇനി ചാണക്യന്‍ എന്ന് വിളിക്കണോ?

അടിതെറ്റി വീഴുന്ന രാഷ്ട്രീയ പൊങ്ങച്ചങ്ങള്‍: അമിത് ഷായെ ഇനി ചാണക്യന്‍ എന്ന് വിളിക്കണോ?

രാഷ്ട്രീയ ചാണക്യന്‍ എന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായെ സാധാരണ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലും വിശേഷിപ്പിക്കുന്നത്. പലര്‍ക്കുമൊപ്പം ഷായും ആ വിശേഷണത്തില്‍ പുളകിതനാകുന്നത് പോലെ തോന്നിയിട്ടുമുണ്ട്. ഇന്ന് ഫലം പുറത്തുവന്ന തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിയുള്ള പ്രചരണം നടക്കുന്ന കാലത്ത് ബിജെപി അധ്യക്ഷന്‍ അമിത് ഷാ രണ്ട് തവണയാണ് വീണത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ തിരക്കിട്ട പര്യടനങ്ങള്‍ക്കിടെയായിരുന്നു അമിത് ഷായുടെ ഈ വീഴ്ചയോട് വീഴ്ച. കേരളത്തില്‍ വന്ന് പിണറായി വിജയന്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞ് പോയതിന് ശേഷമാണ് ഈ വീഴ്ചകളെല്ലാമുണ്ടായത്. കണ്ണൂരിലെ ഗുളികന്‍ തെയ്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്കൊന്നുമറിയില്ല അമിത് ഷാ.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മിസോറാമില്‍ എത്തിയ ഷാ ഹെലികോപ്റ്ററില്‍ നിന്നിറങ്ങുമ്പോഴാണ് അടിതെറ്റി വീണത്. ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നതിനിടെ ഹെലികോപ്റ്ററിന്റെ സ്റ്റെപ്പില്‍ നിന്നും തെന്നിയായിരുന്നു വീഴ്ച. മിസോറാമിലെ തൂയ്പൂയ് മണ്ഡലത്തിലെ ടല്‍ബംഗ് എന്ന ഗ്രാമത്തില്‍ വച്ചായിരുന്നു ഷായുടെ ആദ്യ വീഴ്ച. ഒപ്പമുണ്ടായിരുന്നയാള്‍ വേഗം പിടിച്ചെഴുന്നേല്‍പ്പിക്കുകയും മറ്റുള്ളവര്‍ ഓടിയെത്തുകയും ചെയ്തു. ഷായ്ക്ക് പരിക്കുകളൊന്നുമില്ലെന്ന് പിന്നീട് വൈദ്യപരിശോധനയില്‍ വ്യക്തമായി. എന്നാല്‍ ഇതിന്റെ വീഡിയോ അതിവേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പരന്നത്. മലയാളികള്‍ ഈ വീഡിയോയെ ആഘോഷമാക്കുകയും ചെയ്തു.

മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഭോപ്പാലിലെ അശോക് നഗറില്‍ വച്ചായിരുന്നു രണ്ടാമത്തെ വീഴ്ച. രഥത്തില്‍ തയ്യാറാക്കിയ വേദിയിലെ പ്രസംഗത്തിന് ശേഷം ഇറങ്ങാന്‍ ശ്രമിക്കുമ്പോഴായിരുന്നു വീണത്. സുരക്ഷാ ഉദ്യോഗസ്ഥന്‍ വേഗം പിടിച്ചെഴുന്നേല്‍പ്പിച്ചു. ഇതിന്റെ വീഡിയോയും സൈബര്‍ ലോകത്ത് പ്രചരിക്കുന്നുണ്ട്. ഈ രണ്ട് വീഴ്ചകള്‍ക്കും ശേഷമാണ് അമിത് ഷായ്ക്കും ബിജെപിയ്ക്കും വലിയൊരു വീഴ്ച പറ്റിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നു പോലും പിടിക്കാന്‍ പറ്റിയില്ലെന്ന് മാത്രമല്ല കയ്യിലുണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങള്‍ പോകുകയും ചെയ്തു. കേരളത്തില്‍ വന്ന് പിണറായിയെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞപ്പോള്‍ പറഞ്ഞത് ഇനി ലക്ഷ്യം തെലുങ്കാന പിടിച്ചെടുക്കല്‍ എന്നായിരുന്നു. എന്നാല്‍ ഇന്ന് തെലുങ്കാനയിലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കഴിഞ്ഞ തവണയുണ്ടായിരുന്ന അഞ്ച് സീറ്റ് ഒന്നായി ചുരുങ്ങി.

ഈ രാഷ്ട്രീയ ചാണക്യന്‍ വീഴ്ചകള്‍ ഈയടുത്ത കാലത്തൊന്നും തുടങ്ങിയതല്ലെന്നാണ് തോന്നുന്നത്. ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരിക്കാനാകാതെ വന്നത് ഈ ചാണക്യതന്ത്രം കൊണ്ട് തന്നെയാണ്. എന്നാല്‍ കര്‍ണാകയില്‍ ഷായ്ക്ക് പിഴച്ചു. 104 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിജെപിയെ ഭരിക്കാന്‍ രാഹുല്‍ ഗാന്ധിയിലെ ചാണക്യന്‍ അനുവദിച്ചില്ല. വെറും 80 സീറ്റുള്ള കോണ്‍ഗ്രസ് 38 സീറ്റുകളുള്ള ജനതാദള്‍ എസിനെ കൂട്ടി തെരഞ്ഞെടുപ്പിന് ശേഷം ധാരണയുണ്ടാക്കി. വോട്ട് വിഹിതം കൂടുതലാണെന്നതും കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. അതും തെരഞ്ഞെടുപ്പ് ചിത്രം ഏകദേശം വ്യക്തമായപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടുകയായിരുന്നു. ഗോവയിലും മണിപ്പൂരിലും കൊടുത്തതിന് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു.

കര്‍ണാടകയിലെ വീഴ്ചയുടെ വേദന മാറുന്നതിന് മുമ്പാണ് രാജസ്ഥാന്‍, ഛാര്‍ഖണ്ഡ്, മധ്യപ്രദേശ്, തെലുങ്കാന, മിസോറാം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് വന്നത്. രാജസ്ഥാനും ഛാര്‍ഖണ്ഡും മധ്യപ്രദേശും നിലനിര്‍ത്തുന്നതിനൊപ്പം തെലുങ്കാന പിടിച്ചെടുക്കലും ഷായുടെ ലക്ഷ്യമായിരുന്നു. കേരളത്തില്‍ വന്നപ്പോള്‍ അത് പറഞ്ഞതുമാണ്. അതിനായി പല സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെയും കേന്ദ്രമന്ത്രിമാരെയും എന്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ പ്രചരണത്തിനിറക്കി. ഉത്തര്‍പ്രദേശ് മുഖ്യന്ത്രി യോഗി ആദ്യത്യനാഥ് ആയിരുന്നു ഇതില്‍ തുരുപ്പ് ചീട്ട്. എന്നാല്‍ യോഗി പ്രചരണം നടത്തിയ 70 ശതമാനം പ്രദേശങ്ങളിലും ബിജെപി കനത്ത പരാജയമാണ് ഏറ്റുവാങ്ങിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്രയേറെ കൊണ്ടുപിടിച്ച പ്രചരണങ്ങള്‍ നടത്തിയിട്ടും അഞ്ച് സംസ്ഥാനങ്ങളിലും വിജയമുറപ്പെന്ന് പൊങ്ങച്ചമടിച്ചിട്ടും ഒന്നില്‍ പോലും ഭരണം പിടിക്കാന്‍ ബിജെപിക്കാകില്ലെന്നാണ് വൈകുന്നേരത്തോടെ തെളിയുന്ന ചിത്രം.

മാത്രമോ സംഭവിച്ചിരിക്കുന്നത് കനത്ത നഷ്ടവും. 2013ലെ തെരഞ്ഞെടുപ്പില്‍ 165 സീറ്റിന്റെ ഭൂരിപക്ഷത്തോടെ ഒറ്റയ്ക്ക് ഭരിച്ച മധ്യപ്രദേശില്‍ ഇത്തവണ 106 സീറ്റുകള്‍ മാത്രമാണുള്ളത്. 115 സീറ്റുള്ള കോണ്‍ഗ്രസാണ് ഒറ്റകക്ഷി. ബിഎസ്പി നേടിയ രണ്ട് സീറ്റുകളുടെ പിന്തുണ ഒരിക്കലും ബിജെപി പ്രതീക്ഷിക്കേണ്ട. കാരണം മായവതിയുടെ രാഷ്ട്രീയം ബിജെപിക്കൊപ്പം നില്‍ക്കുന്നതല്ല. മാത്രമല്ല, യുപിയില്‍ തകര്‍ന്ന് തരിപ്പണമായതിന്റെ ഓര്‍മ്മകള്‍ അവര്‍ പേറുന്നുണ്ട്. സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. കഴിഞ്ഞ തവണ 163 സീറ്റുകള്‍ ലഭിച്ച രാജസ്ഥാനില്‍ ദയനീയമാണ് ഇത്തവണത്തെ അവസ്ഥ. വെറും 72 സീറ്റുകള്‍. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ 22ല്‍ നിന്നും 101ലേക്ക് വര്‍ധിക്കുകയും ചെയ്തു. കഴിഞ്ഞ തവണ 49 സീറ്റുകളുമായി അധികാരം പിടിച്ച ഛത്തീസ്ഗഡിലും സ്ഥിതി മറ്റൊന്നല്ല. വെറും 18 സീറ്റുകള്‍. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരമുറപ്പിക്കുകയും ചെയ്തു. ബിജെപിയില്‍ നിന്നും മൂന്ന് സീറ്റുകള്‍ പിടിച്ചെടുത്ത സന്തോഷം നിലനില്‍ക്കുമ്പോഴും മിസോറാമില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാണ്. 34 സീറ്റുമായി കഴിഞ്ഞ തവണ അധികാരത്തില്‍ വന്ന സംസ്ഥാനത്ത് ഇക്കുറി വെറും 5 സീറ്റ് മാത്രം. എംഎന്‍എഫ് 26 സീറ്റുമായി ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടി. ഒരു സീറ്റ് നേടിയ ബിജെപിയെ അവര്‍ക്കിവിടെ അധികാരത്തിന് കൂടെക്കൂട്ടേണ്ട ആവശ്യമില്ല. തെലങ്കാന പിടിച്ചെടുക്കാനൊരുങ്ങിയിറങ്ങിയ അമിത് ഷായുടെ മുഖത്തിനേറ്റ മറ്റൊരു അടിയാണ് തെലുങ്കാന. അവിടെയും കോണ്‍ഗ്രസിനും നഷ്ടമുണ്ടായെങ്കിലും ബിജെപിക്ക് നേട്ടമൊന്നും കൊയ്യാനായിട്ടില്ല. ടിആര്‍എസ് നിലവിലെ 63 സീറ്റ് 88 സീറ്റാക്കി ഭരണം കൂടുതല്‍ ദൃഢമാക്കി. ബിജെപിക്കാകട്ടെ മുമ്പുണ്ടായിരുന്ന അഞ്ച് സീറ്റ് ഒരു സീറ്റായി കുറയുകയും ചെയ്തു. ഷായുടെ കുതിരക്കച്ചവടത്തിനും കുതന്ത്രങ്ങള്‍ക്കും തടയിടാന്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ പഠിച്ചിരിക്കുന്നു. അത് നമ്മള്‍ കര്‍ണ്ണാടകയില്‍ കണ്ടതാണ്.

അടിതെറ്റി വീണിതല്ലോ കിടക്കുന്നു ധരണിയില്‍ എന്നാണ് ഇപ്പോള്‍ അമിത് ഷായെ നോക്കി പറയേണ്ടത്. സംസ്ഥാന ഭരണങ്ങളോടുള്ള ജനകീയ രോഷമാണ് സംഭവിച്ചതെന്ന് പറഞ്ഞ് അമിത് ഷായെയും മോദിയെയും ന്യായീകരിക്കാന്‍ സൈബര്‍ തൊഴിലാളികള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ് ഏത് വിധേനയും ബിജെപിയെ ജയിപ്പിക്കുന്ന അമിത് ഷായുടെ പരാജയം തന്നെയാണ് ഇത്. തന്ത്രങ്ങള്‍ പാളി അടിതെറ്റി വീണ ഒരാളെ ഇനി ചാണക്യന്‍ എന്ന് വിളിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്?


Next Story

Related Stories