TopTop

ഇരയ്ക്കല്ല, ഉണ്ണികൃഷ്ണ പിള്ളയുടെ 'നീതി' ദിലീപിന്; മുഖംമൂടി അഴിഞ്ഞുവീഴുന്ന മലയാളസിനിമയിലെ 'വില്ലന്‍'മാര്‍

ഇരയ്ക്കല്ല, ഉണ്ണികൃഷ്ണ പിള്ളയുടെ
ഇന്ന് വൈകുന്നേരം എറണാകുളം പ്രസ്‌ക്ലബ്ബില്‍ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി പത്രസമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ എന്തോ ഒരു രഹസ്യം പുറത്തുവരാനൊരുങ്ങുന്നുവെന്ന പ്രതീതിയാണ് നിലനിന്നിരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചത് പോലൊരു വെളിപ്പെടുത്തലൊന്നും ലഭിച്ചില്ലെങ്കിലും സ്വതന്ത്ര സിനിമകളുടെ സംവിധായികയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായ അര്‍ച്ചന പദ്മിനി മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ നേരിട്ട അപമാനത്തെക്കുറിച്ച് വെളിപ്പെടുത്തിയതോടെ കിട്ടിയതാകട്ടെ എന്ന ചിന്തയിലാണ് ഇവിടുത്തെ മാധ്യമങ്ങള്‍. തന്നോട് അപമര്യാദയായി പെരുമാറിയ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന് പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ നാളിതുവരെയായിട്ടും ഇയാള്‍ക്കെതിരെ ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും അര്‍ച്ചന വെളിപ്പെടുത്തുന്നു. എന്നാല്‍ പരാതി കൊടുത്ത താന്‍ സിനിമയില്‍ നിന്നും ഒഴിവാക്കപ്പെടുകയും ഷെറിന്‍ സ്റ്റാന്‍ലി ഇപ്പോഴും സിനിമയില്‍ സജീവമായി നിലനില്‍ക്കുന്നുണ്ടെന്നും അര്‍ച്ചന ചൂണ്ടിക്കാട്ടുന്നു. പോലീസില്‍ പരാതി കൊടുക്കാതിരുന്നത് വെര്‍ബല്‍ റേപ്പ് പേടിച്ചാണെന്നും അര്‍ച്ചന പറഞ്ഞു. ഇക്കൂട്ടത്തില്‍ അര്‍ച്ചന പറഞ്ഞ 'എനിക്കെന്റെ ജീവിതത്തില്‍ ഒരുപാട് ചെയ്യാനുണ്ട്. ഈ ഊളകളുടെ പുറകെ നടക്കാന്‍ സമയമില്ല' എന്ന വാചകമാണ് ഇന്നലത്തെ ദിവസത്തെ വാചകമായി സോഷ്യല്‍ മീഡിയ കൊണ്ടാടുന്നത്.

അതേസമയം അര്‍ച്ചനയുടെ ഈ വെളിപ്പെടുത്തലിനൊപ്പം റിമ കല്ലിങ്ങല്‍ ചൂണ്ടിക്കാണിച്ച മറ്റൊരു കാര്യം കൂടി ശ്രദ്ധയില്‍ വരേണ്ടതുണ്ട്. ബി ഉണ്ണികൃഷ്ണന്‍ നടി അക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനൊപ്പം നീതി എന്ന സിനിമ പ്രഖ്യാപിച്ചിരിക്കുകയാണെന്നതാണ് അത്. ആദ്യം ഹോളിവുഡിലും ഇപ്പോള്‍ ബോളിവുഡിലും മാധ്യമ മേഖലയിലും കൊടുങ്കാറ്റായി വീശിക്കൊണ്ടിരിക്കുന്ന മീടൂ ഹാഷ് ടാഗ് കാമ്പെയ്‌നിംഗ് ഇപ്പോള്‍ മലയാള സിനിമയിലും എത്തിയിരിക്കുകയാണ്.

ബോളിവുഡില്‍ പല നടന്മാര്‍ക്കുമെതിരെ ആരോപണങ്ങളുയര്‍ന്നെങ്കിലും രജത് കുമാറാണ് ഇതിന്റെ പേരില്‍ ആദ്യമായി ഒഴിവാക്കപ്പെട്ടത്. ഒരു മാധ്യമപ്രവര്‍ത്തക ഉള്‍പ്പെടെ മൂന്ന് പേരാണ് രജത് കുമാര്‍ അപമര്യാദമായി പെരുമാറിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഒരു അഭിമുഖത്തിനായി ഫോണില്‍ വിളിച്ച സന്ധ്യ മേനോന്‍ എന്ന മാധ്യമപ്രവര്‍ത്തകയോട് രജത് കുമാര്‍ ശബ്ദം പോലെ കാണാനും നിങ്ങള്‍ സെക്‌സിയാണോയെന്നായിരുന്നു രജത് കുമാറിന്റെ ചോദ്യം. ഒരു നടിയെ ആളൊഴിഞ്ഞ ഒരു വീട്ടില്‍ ഷൂട്ടിംഗിനെന്ന് പറഞ്ഞ് വിളിച്ചുവരുത്താന്‍ ശ്രമിച്ചെന്നായിരുന്നു മറ്റൊരു ആരോപണം. മൂന്നാമത്തേത് രജത് തനിക്ക് പത്തൊമ്പത് വയസ്സുള്ളപ്പോള്‍ ബലമായി ചുംബിച്ചുവെന്ന ഒരു സ്ത്രീയുടെ വെളിപ്പെടുത്തലാണ്. ആരോപണങ്ങള്‍ പുറത്തു വന്നതോടെ ട്വീറ്റിലൂടെ മാപ്പ് പറഞ്ഞ് ഇയാള്‍ തടിതപ്പുകയും ചെയ്തു. അതേസമയം ഈ ആരോപണങ്ങളെ തുടര്‍ന്ന് എംഎഎംഐ ഫിലിംഫെസ്റ്റിവലില്‍ നിന്നും രജത് കപൂറിന്റെ കഥക് എന്ന ചിത്രം ഒഴിവാക്കി.

മീ ടൂവില്‍ ആരോപണ വിധേയരായവരെ വച്ച് ഇനിയൊരു പ്രൊജക്ട് ആലോചിക്കുന്നില്ലെന്ന് ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍ പ്രഖ്യാപിച്ചത് ഈ പ്രചരണത്തിന് കിട്ടിയ അംഗീകരാമായിരുന്നു. തങ്ങളുടന്‍ ആരംഭിക്കാനിരിക്കുന്ന ചില പ്രൊജക്ടുകളില്‍ ഉള്‍പ്പെടുത്താനിരുന്നവര്‍ സ്ത്രീകളോട് അപമര്യാദമായി പെരുമാറിയതായി അറിഞ്ഞു. അന്വേഷണത്തില്‍ നിന്നും ഈ ആരോപണങ്ങള്‍ നിയമപരമായി മുന്നേറുകയാണെന്ന് വ്യക്തമായതായും ഇവരുടെ പ്രസ്താവനയില്‍ പറയുന്നു. അതിനാല്‍ ഈ ആരോപണങ്ങളില്‍ വ്യക്തതയുണ്ടാകുന്നത് വരെ ഇവരെ തങ്ങളുടെ പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും ഈ പ്രസ്താവനയില്‍ പറയുന്നു.

നിര്‍മ്മാതാവ് വികാസ് ഭാഹലാണ് ആരോപണ വിധേയനായ മറ്റൊരു വ്യക്തി. അനുരാഗ് കശ്യപ്, വിക്രമാദിത്യ മൊട്‌വാനെ, മധു സന്റെന എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഫാന്റം ഫിലിംസ് എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ ഡയറക്ടര്‍മാരിലൊരാളായിരുന്നു ഭഹല്‍. ഇവിടുത്തെ ഒരു ജീവനക്കാരിയെ പീഡിപ്പിച്ചതാണ് ഭഹലിനെതിരെയുണ്ടായ വെളിപ്പെടുത്തല്‍. ഫാന്റം ഫിലിംസില്‍ ഇതേക്കുറിച്ച് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് 2017ല്‍ ഇവര്‍ ജോലി ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് ഇവര്‍ മീ ടൂ കാമ്പെയ്‌നിംഗിന്റെ ഭാഗമായി വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ അനുരാഗ് കശ്യപ് പെണ്‍കുട്ടിയുടെ പരാതിയെക്കുറിച്ച് സമ്മതിക്കുകയുണ്ടായി. ഇതേത്തുടര്‍ന്ന് ഫാന്റം ഫിലിംസ് പിരിച്ചുവിടുകയുമുണ്ടായി. വികാസ് ഭാഹലിന്റെ സൂപ്പര്‍ 30 എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരുന്ന റിത്വിക് റോഷന്‍ നടപടി ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മ്മാതാക്കളെ സമീപിച്ചു.

നടന്‍ നാനാ പടേക്കറും സംവിധായകന്‍ സാജിദ് ഖാനും മീ ടൂ ആരോപണ വിധേയരായപ്പോള്‍ നടന്‍ അക്ഷയ് കുമാര്‍ തന്റെ ഹൗസ്ഫുള്‍ ഫോര്‍ എന്ന സിനിമയുടെ ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ചിത്രത്തില്‍ നാനാ പടേക്കര്‍ അഭിനയിക്കുന്നുവെന്നതും സാജിദാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നതുമായിരുന്നു കാരണം. ലൈംഗികാതിക്രമം നടത്തിയ ഒരാള്‍ക്കുമൊപ്പം താന്‍ ജോലി ചെയ്യില്ലെന്നും താന്‍ ഇരകള്‍ക്കൊപ്പമാണെന്നുമാണ് അക്ഷയ് വിശദീകരിച്ചത്.

ഈ സാഹചര്യത്തിലാണ് മലയാള സിനിമ ബോളിവുഡിനെ മാതൃകയാക്കണമെന്ന് സംവിധായിക അഞ്ജലി മേനോന്‍ പറഞ്ഞത്. അതേസമയം തങ്ങളുടെ അംഗം തന്നെയായ ഒരു വ്യക്തിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപിനെ താരസംഘടന പുറത്താക്കാന്‍ ഇനിയും ഭയക്കുകയാണ്. അതേസമയം ബോളിവുഡില്‍ ആമിര്‍ ഖാനും അക്ഷയ്കുമാറും മറ്റും ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ആരോപണ വിധേയരുമായി ജോലി ചെയ്യില്ലെന്ന് പ്രഖ്യാപിച്ചാണ്. അവിടെയാണ് റിമ ചൂണ്ടിക്കാട്ടുന്ന ബി ഉണ്ണികൃഷ്ണനെക്കുറിച്ചുള്ള പരാമര്‍ശം പ്രസക്തമാകുന്നത്. ഈ ആരോപണ വിധേയനെ നായകനാക്കി നീതി എന്ന പേരുമിട്ട് സിനിമ പ്രഖ്യാപിക്കുകയാണ് ഉണ്ണികൃഷ്ണന്‍ ചെയ്തത്. ഇന്ന് ചാനല്‍ ചര്‍ച്ചയില്‍ ദിലീപിനെ നായകനാക്കി നേരത്തെ തന്നെ തീരുമാനിച്ചിരുന്നെന്നും അതിനാല്‍ തന്നെ ഇനിയൊരു മാറ്റം സാധ്യമല്ലെന്നുമാണ് ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.

ഇവിടെയാണ് നിലപാടുകള്‍ തമ്മിലുള്ള പ്രശ്‌നം. നട്ടെല്ലോടെ ഇത്തരക്കാര്‍ക്കൊപ്പം നില്‍ക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ ബോളിവുഡ് തയ്യാറാകുമ്പോള്‍ ഇവിടെ ദിലീപിനെ ചുമന്ന് നടക്കുന്നവര്‍ക്ക് അത് സാധിക്കുന്നില്ല. അതിന് കാരണം ദിലീപിനെ സംരക്ഷിക്കേണ്ടത് ഇവരുടെ ആവശ്യമാണെന്നതാണ്. ഇരയ്ക്ക് നീതി കിട്ടിയില്ലെങ്കിലും ദിലീപിന് 'നീതി' നല്‍കുമെന്ന നാണംകെട്ട തീരുമാനമാണ് ഉണ്ണികൃഷ്ണന്റേത്. അറിയപ്പെടുന്ന സി പി എം സഹയാത്രികനായ ഉണ്ണികൃഷ്ണനില്‍ നിന്നും ഇത്തരമൊരു നട്ടെല്ലില്ലായ്മ പ്രതീക്ഷിക്കുന്നില്ല എന്നതാണ് വാസ്തവം. മലയാള സിനിമ ദിലീപ് വിഷയത്തില്‍ കലുഷിതമായിരിക്കുമ്പോള്‍ ദിലീപിനെ ഒഴിവാക്കി സിനിമയെടുക്കുകയാണ് ഉണ്ണികൃഷ്ണന്‍ മാതൃകാപരമായി ചെയ്യേണ്ടത്. താത്വിക അവലോകനങ്ങളില്‍ ആണധികാര കേന്ദ്രങ്ങളെക്കുറിച്ചൊക്കെ ആഞ്ഞടിക്കുന്ന അദ്ദേഹം ചാനല്‍ ചര്‍ച്ചകളിലെത്തുമ്പോള്‍ ഇതേ ആണധികാര കേന്ദ്രങ്ങളുടെ പിന്താങ്ങിയായി അധഃപതിക്കരുത്.

https://www.azhimukham.com/cinema-wcc-members-serious-allegation-against-mohanlal-include-amma-leaders-on-actress-attack-case/

https://www.azhimukham.com/cinema-wcc-reveals-mohanlals-real-face-on-actress-attack-case/

https://www.azhimukham.com/trending-i-have-to-do-more-no-time-to-waste/

https://www.azhimukham.com/trending-we-are-hurt-says-wcc-against-amma/

https://www.azhimukham.com/newsupdates-archana-padmini-allegations-are-wrong-sibi-malayil/

https://www.azhimukham.com/cinema-revathy-against-mohanlal/

Next Story

Related Stories