TopTop

ജനങ്ങളോട് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ എന്തിനാണ് മടിക്കുന്നത്? ഗെയില്‍ സമരസമിതി കോര്‍ഡിനേറ്റര്‍ റസാഖ് പാലേരി ചോദിക്കുന്നു

ജനങ്ങളോട് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ എന്തിനാണ് മടിക്കുന്നത്?  ഗെയില്‍ സമരസമിതി കോര്‍ഡിനേറ്റര്‍ റസാഖ് പാലേരി ചോദിക്കുന്നു
ജനവാസ കേന്ദ്രങ്ങളില്‍ ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുകയാണ്. സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാവാതെ സമരം അടിച്ചമര്‍ത്തി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന നടപടികളുമായി സര്‍ക്കാരും മുന്നോട്ട് പോവുന്നു. കോഴിക്കോട് മുക്കം എരഞ്ഞിമാവില്‍ ദിവസങ്ങളായി സംഘര്‍ഷം തുടരുകയാണ്. ഇതിനിടെ ഗെയില്‍ പദ്ധതി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയും ആശങ്കകള്‍ അകറ്റിയുമാണ് മുന്നോട്ട് പോവുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രിയുടെ വിശദീകരണവും വന്നു. എന്നാല്‍ മന്ത്രിയുടെ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് വ്യക്തമാക്കുന്ന സമരസമിതി പദ്ധതിയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളാണ് മുന്നോട്ട് വക്കുന്നത്. ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനോ വികസനത്തിനോ തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ സമരസമിതിയുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണമെന്നും സമരസമിതി സംസ്ഥാന കോര്‍ഡിനേറ്റര്‍ റസാഖ് പാലേരി പറയുന്നു. റസാഖ് പാലേരി അഴിമുഖത്തോട് പങ്കുവച്ച ആശങ്കകളും ചോദ്യങ്ങളും:

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് ഖത്തറില്‍ നിന്ന് വലിയ വെസ്സലുകളിലായി കൊണ്ടുവരുന്ന എല്‍.എന്‍.ജി. മൈനസ് രണ്ട് ഡിഗ്രിയില്‍ ഹൈപ്രഷറിലാക്കി പുതുവൈപ്പിനിലെത്തിക്കും. പുതുവൈപ്പിനില്‍ നിന്ന് പൈപ്പ് വഴി മംഗലാപുരത്തേക്കും ബാംഗ്ലൂരിലേക്കും എല്‍.എന്‍ജി കൊണ്ടുപോവുന്ന പദ്ധതിയാണിത്. പദ്ധതിയുടെ മെച്ചം വലിയ എണ്ണക്കമ്പനികള്‍ക്കാണ്. അവര്‍ക്ക് മംഗലാപുരത്തും ബാംഗ്ലൂരിലും പ്ലാന്റ് സ്ഥാപിക്കുന്നതിന് പകരം പൈപ്പ് വഴികൊണ്ട് പോവുന്നതിനുള്ള രീതിയാണിത്. റസാഖ് പാലേരി തുടരുന്നു.

ഞങ്ങള്‍ ഈ പദ്ധതിക്കെതിരല്ല. 1962ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പിഎംടി ആക്ട് പ്രകാരം ജനവാസ കേന്ദ്രങ്ങളിലൂടെ ഈ പൈപ്പ് കൊണ്ടുപോവാന്‍ പാടില്ല. ആക്ടില്‍ എ,ബി,സി, എന്നീ മൂന്ന് വകുപ്പുകളില്‍ പറയുന്നത് ജനവാസ കേന്ദ്രങ്ങള്‍, ഭാവിയില്‍ ജനം ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, വര്‍ഷത്തില്‍ എപ്പോഴെങ്കിലുമൊരിക്കല്‍ ആളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങള്‍ വഴി പൈപ്പ് കൊണ്ടുപോവാന്‍ പാടില്ലയെന്നാണ്. കേരളത്തില്‍ ഉപഗ്രഹ സര്‍വേ വഴി റൂട്ട് കണ്ടെത്തിയത് ജനവാസ കേന്ദ്രത്തിലൂടെയാണ്. ഞങ്ങള്‍ മുന്നോട്ട് വക്കുന്ന കാര്യം നിയമപ്രകാരം ഇത് ജനവാസ കേന്ദ്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നാണ്. ഉള്‍ക്കടലിലൂടെ എല്‍എന്‍ജി കൊണ്ടുപോവുക എന്നതാണ് ഇതിനുള്ള മറ്റൊരു വഴി. എന്നാല്‍ അതിനായി നിലവിലെ പൈപ്പുകള്‍ മതിയാവില്ല. പത്തിരട്ടിയിലധികം വില പൈപ്പുകള്‍ക്കായി നല്‍കേണ്ടി വരും. ഇവിടുത്തെ കമ്പനികള്‍ക്ക് അത് നഷ്ടമുണ്ടാക്കും എന്നതുകൊണ്ട് മാത്രമാണ് ആ വഴി സ്വീകരിക്കാത്തത്. രണ്ടാമത്തേത്, കനോലി കനാല്‍ വഴി കൊണ്ട് പോവാം. അപ്പോള്‍ ആര്‍ക്കും ഉപദ്രവമുണ്ടാവില്ല. സുരക്ഷിതത്വ പ്രശ്‌നമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അങ്ങനെ സുരക്ഷിതത്വ പ്രശ്‌നമില്ലെങ്കില്‍ കനോലി കനാലിലൂടെ പൈപ്പ് കൊണ്ട് പോവാം. പക്ഷെ വെള്ളത്തിലൂടെയുള്ള പൈപ്പ് ലൈനാവുമ്പോള്‍ കൂടുതല്‍ ചെലവ് വരും. സുരക്ഷിതത്വ പ്രശ്‌നമില്ല എന്ന് ഗെയിലും സര്‍ക്കാരും ഉറപ്പിച്ച് പറയുന്നതിനാല്‍ ദേശീയപാതയുടെ ഓരത്തുകൂടെയോ, റെയില്‍വേ ലൈനിന്റെ ചാരത്തുകൂടെയോ കൊണ്ടുപോവാം. ജനങ്ങള്‍ക്ക് അത്രകണ്ട് ഉപദ്രവമുണ്ടാക്കാത്ത ഈ മാര്‍ഗങ്ങള്‍ എന്തുകൊണ്ട് സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല?

http://www.azhimukham.com/trending-ajith-medachirayil-take-on-cr-neelakandan/

അതിന് പകരം ഏകദേശം അഞ്ഞൂറ് കിലോമീറ്ററിലധികം ദൈര്‍ഘ്യത്തില്‍ ഏതാണ്ട് 26 മീറ്റര്‍ ഭൂമി എന്ന കണക്കില്‍ നാലായിരത്തിഎണ്ണൂറോളം ഏക്കര്‍ ഭൂമിയാണ് കേരളത്തിന്റെ ഏറ്റവും നല്ല ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് പിടിച്ചെടുക്കുന്നത്. അതില്‍ ഒരുപാട് ഭൂമി നല്ല ജലസ്രോതസ്സുകളാണ്, കൃഷിയിടങ്ങളാണ്, വാസസ്ഥലങ്ങളാണ്. ജനവാസകേന്ദ്രങ്ങളില്‍ നിന്ന് പദ്ധതി മാറ്റണമെന്ന് പറയുന്ന പ്രതിഷേധക്കാരെ ആ രീതിയില്‍ കൈകാര്യം ചെയ്യേണ്ടതിന് പകരം ഇവര്‍ മറ്റ് പലതുമാണ് ചെയ്യുന്നത്. മുസ്ലീം തീവ്രവാദികളാണ് സമരത്തിന് പിന്നിലെന്നാണ് സിപിഎമ്മിന്റെ ഇന്നത്തെ പ്രസ്താവന. മലപ്പുറത്തെ മുസ്ലീം തീവ്രവാദികളാണ് സമരം നടത്തുന്നതെന്ന്. മലപ്പുറം തീവ്രവാദികളുടെ കേന്ദ്രമാണെന്ന് പറയുന്നത് കേരളത്തിലെ ബിജെപിയാണ്. മുസ്ലിം തീവ്രവാദം എന്ന പദം ലോകത്ത് പരിചയപ്പെടുത്തിയത് അമേരിക്കന്‍ സാമ്രാജ്യത്വമാണ്. ഇന്ത്യയില്‍ അതിന്റെ വക്താക്കള്‍ സംഘപരിവാര്‍ ശക്തികളാണ്. ഇത് പറഞ്ഞുകൊണ്ട് സമരത്തിന്റെ ഗതി തിരിച്ചുവിടാനാണ് ശ്രമം.

പദ്ധതിയുടെ ഡീറ്റെയില്‍ പ്രോജക്ട് റിപ്പോര്‍ട്ടില്‍ വീടുകളിലേക്ക് പാചകവാതകം നല്‍കുന്ന പദ്ധതിയില്ല. ഇപ്പോള്‍ അവര്‍ പറയുന്നത് കൊച്ചിയിലെ സിറ്റി ഗ്യാസ് പദ്ധതിയുടെ കാര്യമാണ്. അദാനിയുടെ പദ്ധതി കണ്ടില്ലേ എന്നാണ് ചോദിക്കുന്നത്. അതുപോലും വീടുകളിലേക്കല്ല, റസിഡന്‍ഷ്യല്‍ ഏരിയയിലെ ഫളാറ്റ് സമുച്ചയങ്ങളിലേക്കാണ്. മറിച്ച് ഒറ്റപ്പെട്ട് കിടക്കുന്ന, ഒറ്റയൊറ്റയായി വീടുകള്‍ നില്‍ക്കുന്ന കേരളത്തിലെ ഉള്‍പ്രദേശങ്ങളിലേക്ക് പാചകവാതക കണക്ഷന്‍ നല്‍കുന്ന പദ്ധതി ഇതിലില്ല. അത് മന്ത്രി പറയുന്ന കളവാണ്. കേരളത്തില്‍ സിറ്റിഗ്യാസ് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് കൊച്ചിയിലാണ്. വമ്പന്‍ ഫളാറ്റുകള്‍ക്ക് കണക്ഷന്‍ നല്‍കിയാല്‍ അതവര്‍ക്ക് മുതലാവും.

http://www.azhimukham.com/kerala-gail-pipeline-project-people-dont-be-panic-industrial-minister-explain/

പദ്ധതിയുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം നമ്മള്‍ കണക്കിലെടുക്കേണ്ടതുണ്ട്. 26 ശതമാനം ഗെയില്‍, 24 ശതമാനം കെ.എസ്.ഐ.ഡി.സി., ബാക്കി അമ്പത് ശതമാനം ഇവിടുത്തെ കുത്തകളുടെ പണമാണ്. ഗെയില്‍ കമ്പിനി നവരത്‌ന കമ്പനിയില്‍ പെട്ടതാണ്. നവരത്‌ന കമ്പിനികള്‍ വിറ്റുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ഗെയില്‍ കൂടി വില്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ ഇതും അദാനിയുടെ കൈകളിലെത്തും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയും കൂട്ടരും കുത്തകകളില്‍ നിന്ന് ഫണ്ട് വാങ്ങിയിരുന്നു. ബിജെപിയുടെ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങാനാണോ കേരള സര്‍ക്കാര്‍ തയ്യാറെടുത്തിരിക്കുന്നത്?

തൃശൂരില്‍ സമരം തുടങ്ങിയിരുന്നെങ്കിലും പിന്നീടത് ഉപേക്ഷിച്ചു. അതിന് രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന്, അവിടെ കോള്‍ നിലങ്ങളിലൂടെയാണ് ഭൂരിഭാഗവും പൈപ്പ് കൊണ്ടുപോവുന്നത്. അത് ജനങ്ങള്‍ക്ക് കാര്യമായ ഉപദ്രവമുണ്ടാക്കുന്നില്ല. രണ്ട്, പെരുമ്പിലാവില്‍ നടന്ന സമരത്തെ ഗെയില്‍ അധികൃതര്‍ പേടിപ്പിച്ച് ഇല്ലാതാക്കി. പൈപ്പ് സ്ഥാപിച്ചയിടങ്ങളിലൊന്നും ഇതേവരെ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കിയിട്ടില്ലെന്നതാണ് അടുത്ത വസ്തുത. പൈപ്പ് ഇടുന്നതിന്റെ ഭാഗമായി അതിന്റെ ജംഗ്ഷനുകള്‍ സ്ഥാപിക്കാനായി ഭൂമി വാങ്ങുകയാണ് ചെയ്യുന്നത്. അങ്ങനെ ഭൂമി വാങ്ങുന്നതിന് പണം നല്‍കുന്നുണ്ട്. കൂറ്റനാട് ജംഗ്ഷന്‍ സ്ഥാപിക്കുന്നതിനായി രണ്ട് ഏക്കറോളം ഭൂമി ഇതുകണക്ക് വാങ്ങിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 24 ജംഗ്ഷനുകളുണ്ടാക്കും. ആ ജംഗ്ഷനുകള്‍ക്ക് 20 കിലോമീറ്റര്‍ നീളമുണ്ടാവും. അതിനായി ഏറ്റെടുത്ത സ്ഥലത്തിന് പണം നല്‍കിയിട്ടുണ്ട്. എന്നാല്‍ അതല്ലാതെ ഭൂമി ഉപയോഗ അവകാശം നല്‍കി പൈപ്പിട്ട ഒരാള്‍ക്കും ഇന്നേവരെ നഷ്ടപരിഹാരത്തുക നല്‍കിയിട്ടില്ല.

http://www.azhimukham.com/kazhchzppadu-cr-neelakandan-asking-vital-questions-about-gail-pipe-line/

അതീവ സുരക്ഷയോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് ഗെയിലിന്റെയും സര്‍ക്കാരിന്റെയും വാദം. എന്നാല്‍ രണ്ട് വാല്‍വുകള്‍ക്കിടയില്‍ എന്തെങ്കിലും അപകടമുണ്ടായാല്‍ മുഴുവന്‍ കത്തിത്തീര്‍ന്നാല്‍ മാത്രമേ പ്രശ്‌നം തീരുകയുള്ളൂ. ഇക്കാര്യമുന്നയിക്കുമ്പോള്‍ ആരും ഇതേവരെ ഒരു മറുപടിയും തന്നിട്ടില്ല. 2014ല്‍ ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരിയില്‍ ഇത്തരത്തിലൊരു അപകടമാണുണ്ടായത്. 19 പേര്‍ മരിക്കുകയും രണ്ട് കിലോമീറ്ററോളം ദൂരപരിധിയില്‍ തീ വ്യാപിക്കുകയും ചെയ്തിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം ഗെയില്‍ ഏറ്റെടുക്കുന്നില്ല. പകരം ഉപയോഗാവകാശമാണ് ഏറ്റെടുക്കുന്നത്. ഭൂമി വിലയുടെ പത്ത് ശതമാനമാണ് ഇതുവഴി ജനങ്ങള്‍ക്ക് ലഭിക്കുന്നത്. വെട്ടിക്കളയുന്ന മരങ്ങള്‍ക്ക് വരെ വില നല്‍കുമെന്ന് മന്ത്രി പറയുന്നത് കളവാണ്. അത് നടന്ന് കണ്ടിട്ടില്ല. നടക്കാനും സാധ്യത കുറവാണ്.

കേരള വികസനത്തിന് ഒരു ഗുണവും ചെയ്യുന്ന പദ്ധതിയല്ല ഇതെന്നാണ് മനസ്സിലാക്കുന്നത്. മറിച്ചാണെങ്കില്‍ എന്ത് ഗുണമാണ് കേരളത്തിനിത് വഴിയുണ്ടാവുക എന്ന് മന്ത്രി വ്യക്തമാക്കണം. പദ്ധതിയുടെ ഡിപിആറില്‍ അത് ഉള്‍പ്പെടുത്തിയിട്ടില്ല. പൈപ്പ് പോവുന്ന പ്രദേശങ്ങളില്‍ ഈ പൈപ്പ് വഴി ഗ്യാസ് കൊടുക്കുമെന്ന് ഏത് മന്ത്രി പറഞ്ഞാലും ഞങ്ങള്‍ക്ക് വിശ്വസിക്കാനാവില്ല. ചെറിയ സപ്ലൈ പൈപ്പ് കൊണ്ട് ഇരുന്നോറോളം ഫളാറ്റുകളിലേക്ക് ഒന്നിച്ച് ഗ്യാസ് കൊടുക്കുന്നത് പോലെ എളുപ്പമല്ല ഓരോ വീടുകളിലേക്കും കണക്ഷന്‍ നല്‍കുന്നത്. ഒരേക്കറിലും പത്ത് സെന്റിലും മുപ്പത് സെന്റിലുമൊക്കെയുള്ള ഓരോ വീടുകളിലേക്കും കണക്ഷന്‍ കൊടുക്കുമെന്ന് പറയുന്നത് വിശ്വസിക്കണമെന്നാണോ സര്‍ക്കാര്‍ പറയുന്നത്? ഗെയില്‍ പൈപ്പ് ലൈന്‍ വഴി കേരളത്തിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വീടുകളില്‍ കണക്ഷന്‍ കൊടുക്കുമെന്നതിന് സര്‍ക്കാര്‍ ഔദ്യോഗികമായി ഒരു ഉത്തരവ് ഇറക്കാന്‍ തയ്യാറാണോ എന്ന ചോദ്യമാണ് ഞങ്ങള്‍ക്ക് മന്ത്രിയോട് ചോദിക്കാനുള്ളത്?

http://www.azhimukham.com/news-wrap-islamic-extremist-organisations-behind-gail-protest-says-cpm-bjp-and-police-sajukomban/

ഞങ്ങളുടെ നാട്ടില്‍ വൈദ്യുതി വന്നിട്ട് പോലും കുറച്ച് നാളേ ആയിട്ടുള്ളൂ. എനിക്കിപ്പോള്‍ 42 വയസ്സായി. ഒരു പതിനഞ്ച് വര്‍ഷത്തിനപ്പുറമാണ് വൈദ്യുതിയും ഫോണ്‍ കണക്ഷനുമെത്തിയത്. എന്റെ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ എത്തിയപ്പോള്‍ പോസ്റ്റ് കൊണ്ടുവരാന്‍ കഴിയാത്തതുകൊണ്ട് ഞങ്ങള്‍ തന്നെ പോസ്റ്റ് വാര്‍ത്തിട്ട് വൈദ്യുതി കണക്ഷന്‍ എടുത്തതാണ്. ആ നാട്ടിലാണ് ഓരോ വീട്ടിലേക്കും ഗ്യാസ് കണക്ഷന്‍ എന്നുപറയുന്നത്. ഈ തട്ടിപ്പ് കേരളം തിരിച്ചറിയുമോ ഇല്ലയോ എന്നതാണ് പ്രശ്‌നം.

അദാനിയുള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകള്‍ക്ക് എല്ലായിടത്തും പ്ലാന്റ് ് ഉണ്ടാക്കാന്‍ കഴിയില്ല. ഏഴായിരം കോടിയൊക്കെയാണ് പ്ലാന്റിന്റെ ചെലവ് വരിക. അതുകൊണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് വഴി സുഗമമാക്കാനുള്ള പരിപാടിയാണിത്. പെട്രോനെറ്റിന്റെ ഒരു പൈപ്പ് കൊച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോയിട്ടുണ്ട്. അത് ദ്രാവകരൂപത്തില്‍ ഇന്ധനം കൊണ്ടുപോവുന്ന പൈപ്പാണ്. അതും 20 മീറ്റര്‍ വിസ്താരത്തിലാണ് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. അതിന്റെ അതേ നിയമമാണ് ഇതിനുമുള്ളത്. ഇരുവശങ്ങളും മൂന്ന് മീറ്റര്‍ വീതവും ഇവര്‍ ഏറ്റെടുക്കും. ഈ 26 മീറ്ററില്‍ വേരിറങ്ങുന്ന കൃഷി ചെയ്യാനാവില്ല. കക്കൂസിന്റെ കുഴി, തറ നിര്‍മ്മാണം, കല്ലികെട്ടല്‍ ഒന്നും നടത്താനാവില്ല. ഗ്യാസ് പൈപ്പിന്റെ കോറിഡോറായി ഈ സ്ഥലം അവര്‍ സൂക്ഷിക്കും. വേലികെട്ടിത്തിരിക്കില്ലെന്ന് മാത്രം. ഒരു ഉദ്യോഗസ്ഥന്‍ ആഴ്ചയിലൊരിക്കല്‍ ഈ വഴികളിലൂടെ നടന്നു പോണമെന്നാണ്. പച്ചക്കറികളല്ലാതെ തെങ്ങും കവുങ്ങും പോലും വയ്ക്കാന്‍ പറ്റില്ല. ഈ ഭൂമി വേറെയാര്‍ക്കും കൈമാറാനാവില്ല. വിറ്റാലും ആരും വാങ്ങുകയുമില്ല.

തമിഴ്‌നാട്ടില്‍ പൈപ്പിടുന്നതിന്റെ ഭാഗമായി 380 സ്ഥലങ്ങളില്‍ ഹിയറിങ് നടന്നു. 2800 കര്‍ഷകര്‍ ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തി. തക്കാളിത്തോട്ടങ്ങളെ ബാധിക്കുമെന്ന് പറഞ്ഞ് പ്രതിഷേധം വന്നപ്പോള്‍ ഏഴ് ജില്ലകളില്‍ പൈപ്പിടാന്‍ തീരുമാനിച്ചിരുന്ന സ്ഥലങ്ങള്‍ മാറ്റി നിശ്ചയിച്ചു. ഇവിടെ യാതൊരു ചര്‍ച്ചയുമില്ല. ചര്‍ച്ച വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ജനങ്ങളോട് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ എന്തിനാണ് മടിക്കുന്നത്? ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതിരിക്കുന്നതെന്തിനാണ്? വാദഗതികള്‍ തെറ്റാണെങ്കില്‍ അത് ജനങ്ങളുമായി നടത്തുന്ന ചര്‍ച്ചയിലൂടെ സര്‍ക്കാര്‍ പരിഹരിക്കട്ടെ. അതിനുള്ള ശ്രമം എന്തുകൊണ്ടാണ് ഇല്ലാതാവുന്നത്?

(അഴിമുഖം പ്രതിനിധി കെ ആര്‍ ധന്യ സമരസമിതി കോഡിനേറ്റര്‍ റസാഖ് പലേരിയുമായി സംസാരിച്ച് തയ്യാറാക്കിയത്)

http://www.azhimukham.com/kerala-gail-pipe-line-project-protesters-allegations-against-police-atrocity-ajunmohandas/

Next Story

Related Stories