TopTop

തന്ത്രി പദം പെണ്ണുങ്ങള്‍ക്ക് കൊടുക്കുമോ? ഹിന്ദു മതത്തില്‍ ആര് എപ്പോഴാണ് സ്ത്രീകളോട് റെഡിയാണോ എന്ന് ചോദിച്ചിട്ടുള്ളത്?-ജെ ദേവിക

തന്ത്രി പദം പെണ്ണുങ്ങള്‍ക്ക് കൊടുക്കുമോ? ഹിന്ദു മതത്തില്‍ ആര് എപ്പോഴാണ് സ്ത്രീകളോട് റെഡിയാണോ എന്ന് ചോദിച്ചിട്ടുള്ളത്?-ജെ ദേവിക
ഹിന്ദുമതത്തിന്റെ ഉള്ളിലെ പൊതുഇടങ്ങള്‍ എന്ന് പറയുന്നത് അമ്പലങ്ങളാണ്. അതുകൊണ്ട് ഇതുപോലുള്ള ക്ഷേത്രപ്രവേശനങ്ങള്‍ അതായാത് പൊതു ഇടങ്ങളിലെ നിരോധനങ്ങള്‍ക്ക് എന്തുമാറ്റം ഉണ്ടായാലും നല്ലത് തന്നെയാണ് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. 1969 ല്‍ തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തില്‍ ഇതിന് സമാനമായ നിരോധനം ഉണ്ടായിരുന്നു. ചില വിശേഷ ദിവസങ്ങളില്‍ മാത്രമേ സ്ത്രീകള്‍ക്ക് അവിടെ നാലമ്പലത്തിനകത്ത് പ്രവേശനമുണ്ടായിരുന്നുള്ളൂ. അന്ന് അവിടുത്തെ തന്ത്രിമാര്‍ സ്ത്രീകളെ ക്ഷേത്രത്തിനുള്ളില്‍ കയറ്റാമെന്ന് തീരുമാനമെടുത്തു. പക്ഷേ അപ്പോഴും ഹിന്ദുത്വവാദികള്‍ക്ക് അവരുടെ ജാതീയമായ അടിത്തറ ഒരിഞ്ചു പോലും വിട്ടുകൊടുക്കാന്‍ തയാറല്ലാത്തവരാണ്.

എനിക്ക് ശബരിമലയില്‍ ആരെങ്കിലും പോകണമെന്ന് യാതൊരു അഭിപ്രായവുമില്ല. പമ്പയൊക്കെ അവിടെ മനസമാധാനമായി ഒഴുകിക്കോട്ടെ. പ്രളയത്തില്‍ അവിടെ മലയൊക്കെ ഇടിഞ്ഞു വീണിരിക്കുവാണ്. അടുത്ത പത്ത് പതിനഞ്ച് വര്‍ഷത്തേക്കെങ്കിലും ആരും അങ്ങോട്ട് പോകരുതെന്നാണ് എന്റെ അഭിപ്രായം. സര്‍ക്കാരിന് ധനനഷ്ടം സംഭവിക്കുമായിരിക്കും. അതിന് വേറെ എന്തെങ്കിലും വഴി നോക്കേണ്ടിവരും. ടിപ്പു സുല്‍ത്താന്റെ ആക്രമണ സമയത്ത് ഒരുപാട് ഭഗവാനെ ആവാഹിച്ച് മാറ്റിയിട്ടുണ്ട്. അതുപോലെ ശബരിമലയിലും ചെയ്യാവുന്നതാണ്. ബോസ് ക്യാംപായ നിലക്കല്‍ ആവാഹിച്ച് കൊണ്ട് വെക്കട്ടെ. കാടൊക്കെ ഒന്ന് ശരിയാക്കട്ടെ.

സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. അങ്ങനെയുള്ളവരാണ് റെഡി ടു വെയിറ്റ് എന്ന മുദ്രാവാക്യം കൊണ്ടുവന്നത്. റെഡി ടു വെയിറ്റ് എന്ന മുദ്രാവാക്യം തന്നെ ഒരു തമാശയാണ്. ഹിന്ദു മതത്തില്‍ ആര് എപ്പോഴാണ് സ്ത്രീകളോട് നിങ്ങള്‍ റെഡിയാണോ എന്ന് ചോദിച്ചിട്ടുള്ളത്? പോകരുതെന്ന് പറഞ്ഞിട്ടല്ലേയുള്ളൂ.. സുപ്രീം കോടതി ഒരുപക്ഷേ ചോദിച്ചുണ്ടാകും. ഹിന്ദുമതം അങ്ങനെ ഒരിക്കലും ചോദിക്കാന്‍ പോകുന്നില്ല. അടിമത്വത്തെ വലിയ കാര്യമായി കൊണ്ടുനടക്കുന്ന സ്ത്രീകളും ഇവിടെയുണ്ട്.

സ്ത്രീകളില്‍ പകുതി പേരും പേടിച്ചിട്ടാണ് മിണ്ടാതിരിക്കുന്നത്. സമൂഹത്തില്‍ അവര്‍ക്ക് പ്രത്യേകിച്ച് വില ഒന്നും ലഭിക്കുന്നില്ല. ബാര്‍ഗൈനിങ് വിത്ത് പാട്രിയാര്‍ക്കിയാണ് നടക്കുന്നത്. സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട് എന്ന് പറയുമ്പോള്‍ പ്രവേശനമുണ്ടെങ്കിലും ഞാന്‍ പോകില്ല എന്ന് പറയുന്നതോടു കൂടി അവര്‍ക്ക് എന്തെങ്കിലും വില ലഭിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം വാ തുറന്ന് സംസാരിക്കുന്ന പെണ്ണുങ്ങളെ ശാക്തീകരിച്ചിരിക്കുന്നത് ഈ പറയുന്ന മതവും വിശ്വാസവും ജാതിയുമൊന്നുമല്ല, 1990ന് ശേഷം കേരളത്തില്‍ വ്യാപകമായ തൊഴില്‍ മേഖലകളാണ്. ആഗോളവത്കരണം കൊണ്ടുണ്ടായ അവസരങ്ങളാണ് അതൊക്കെ.

പിന്നെ വിധി വന്നാലും ഉല്‍സവക്കമ്മിറ്റികളും, പള്ളിക്കമ്മിറ്റികളുമൊക്കെ ആണ്‍കേന്ദ്രീകൃതങ്ങളല്ലേ? ഒരു ചര്‍ച്ചയില്‍ പോലും സ്ത്രീ സാന്നിധ്യം ഉണ്ടാകില്ല. ആറ്റുകാല്‍ അമ്പലം സ്ത്രീകളുടെ ശബരിമലയാണെന്ന് പറയുന്നു. പക്ഷേ അവിടുത്തെ ഭരണസമിതിയും മേല്‍നോട്ടങ്ങളും മുഴുവനും ആണുങ്ങളാണ്. അങ്ങനെയാണെങ്കില്‍ ശബരിമലയില്‍ സ്ത്രീകള്‍ മേല്‍നോട്ടം നടത്തട്ടെ. ഭഗവാനെ തൊഴാനായി പോകണമെന്ന് നിര്‍ബന്ധമില്ല. തന്ത്രി പദം എന്തുകൊണ്ട് പെണ്ണുങ്ങള്‍ക്ക് കൊടുക്കുന്നില്ല എന്നതും ഇവിടെ ചോദ്യമാണ്.

(അഴിമുഖം പ്രതിനിധി ആരതി സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസില്‍ അസോസിയേറ്റ് പ്രൊഫസറും സ്ത്രീ പക്ഷ പ്രവര്‍ത്തകയുമായ ഡോ. ദേവികയുമായി സംസാരിച്ച് തയ്യാറാക്കിയത്. )

https://www.azhimukham.com/india-notions-of-rationality-cannot-be-invoked-in-matters-of-religion-indu-malhothra/

https://www.azhimukham.com/india-historical-verdict-on-sabarimala-women-entry/

https://www.azhimukham.com/sabarimala-pilgrimage-entry-for-women-supreme-court-comment-controversy-samvidhanand/


Next Story

Related Stories