UPDATES

ട്രെന്‍ഡിങ്ങ്

അമ്പലവയലിൽ നടുറോഡിൽ തമിഴ് ദമ്പതികളെ മർദ്ദിച്ചത് പ്രാദേശിക കോൺഗ്രസ് പ്രവർത്തകനെന്ന് ആരോപണം, നാട്ടുകാരുടെ പരാതിയിൽ കേസെടുക്കുമെന്ന് പോലീസ്

സജീവാനന്ദ്‌ പാർട്ടി പ്രാദേശിക നേതാവ് പോയിട്ട് പ്രവർത്തകൻ പോലുമല്ലെന്ന്  വയനാട് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണൻ അഴിമുഖത്തോട് പ്രതികരിച്ചു.

വയനാട് അമ്പലവയലിൽ തമിഴ്നാട് സ്വദേശികളായ യുവാവിനെയും യുവതിയെയും ആക്രമിച്ച വ്യക്തി സജീവ കോൺഗ്രസ് പ്രവർത്തകനെന്ന് ആരോപണം. വിനോദ സഞ്ചാരികളായ ദമ്പതികളെയാണ് അമ്പലവയൽ പോലീസ് സ്റ്റേഷന് തൊട്ടടുത്ത് വച്ചാണ് ഞായറാഴ്ച രാത്രി ഓട്ടോ ഡ്രൈവറായ സജീവാനന്ദ് എന്ന വ്യക്തി ആക്രമിച്ചതെന്നാണ് വിവരം. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം അമ്പലവയൽ ബ്രാഞ്ച് സെക്രട്ടറി പോലീസിൽ പരാതി നൽ‌കി. അതേസമയം, ആരോപണ വിധേയനായ സജീവാനന്ദ് കോൺഗ്രസ് പ്രചാരണ പരിപാടിയിൽ ഉൾപ്പെടെ പങ്കെടുക്കുന്നതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

എന്നാൽ, സജീവാനന്ദ് പാർട്ടി പ്രാദേശിക നേതാവ് പോയിട്ട് പ്രവർത്തകൻ പോലുമല്ലെന്ന്  വയനാട് ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ അഴിമുഖത്തോട് പ്രതികരിച്ചു. നേതാവാകണമെങ്കിൽ ഏതെങ്കിലും കമ്മിറ്റികളിലെങ്കിലും അംഗമാവണം. ഇയാള്‍ക്ക് പാർട്ടി അംഗത്വം പോലുമില്ല. അനുഭാവിയാണോ എന്ന് അറിയില്ല, ഇക്കാര്യം പരിശോധിക്കും.  മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണ്. അത് പാര്‍ട്ടിയെ മോശമാക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ്. അക്രമി ഏത് പാർട്ടിക്കാരനായാലും കർശന നടപടി സ്വീകരിക്കണമെന്നും ഐസി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്. സംഭവത്തിൽ ഇതുവരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. ഇന്നലെ വൈകീട്ട് മാത്രമാണ് വിവരമറിഞ്ഞതെന്നും പോലീസ് പറയുന്നു. എന്നാൽ നാട്ടുകാരുടെ പരാതിയിൽ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

മർദനമേറ്റവരുടെ പരാതി ലഭിക്കാത്തതിനെ തുടർന്നാണ് നടപടി വൈകിയതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. മർദനമേറ്റത് തമിഴ്നാട് സ്വദേശികള്‍ക്കാണെന്ന്‌ വ്യക്തമായിട്ടുണ്ട്. ഇന്നലെയാണ് ഇത് സംബന്ധിച്ച വിവരം ലഭിക്കുന്നത്. തുടർ നടപടികൾക്കായി ഇവരെ കണ്ടെത്തേണ്ടതുണ്ട്. ഇതിനായുള്ള ശ്രമങ്ങൾ ആരംഭിക്കും. ആരോപണ വിധേയനായ സജീവാനന്ദ് എന്നയാളെ ദൃശ്യങ്ങളുടെയും മറ്റ് പരാതികളുടെയും അടിസ്ഥാനത്തിൽ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇയാളെ വീണ്ടും വിളിച്ച് വരുത്തുമെന്നും പോലീസ് വ്യക്തമാക്കുന്നു. വിഷയത്തിൽ ജില്ലാ പോലീസ് മേധാവിയും റിപ്പോർട്ട് തേടിയിട്ടുണ്ടെന്നാണ് വിവരം.

സംഭവം വിവാദമായതോടെ സംസ്ഥാന വനിതാ കമ്മീഷനും ഇടപെട്ടു. ആരോപണ വിധേയനായ വ്യക്തിക്കെതിരെ ഉടൻ നടപടി എടുക്കണമെന്ന്‌ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ വ്യക്തമാക്കി. വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ഇവൻ നിന്റെ ആരാണ് എന്ന് ചോദിച്ചായിരുന്നു സ്ത്രീയെയും യുവാവിനെയും നടുറോഡില്‍ ആൾക്കുട്ടത്തിന് മുന്നിൽ വച്ച് യുവാവ് ആക്രമിക്കുന്നത്. തന്റെ ഭർത്താവാണെന്ന് യുവതി പറയുന്നതിന്റെയും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവാവ് അവശനായി റോഡിൽ ഇരിക്കുന്നതും കാണാം. വാക്കുതർക്കത്തിൽ ആരംഭിച്ച സംഭവം പിന്നീട് മർദനത്തിലേക്ക് വഴിമാറുകയായിരുന്നെന്നാണ് വിവരം. ഭർത്താവിനെ ക്രൂരമായി മർദിക്കുന്നതിനെ ചോദ്യം ചെയ്ത യുവതിക്ക് നേരെയായിരുന്നു പിന്നീട്‌ കയ്യേറ്റം. നാട്ടുകാരുടെ വലിയ കൂട്ടത്തിന് മുന്നിൽ വച്ചായിരുന്നു മർദനം. ജനങ്ങൾ ആരും അക്രമിയെ തടയാൻ മുതിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

‘ഇവൻ നിന്റെ ആരാ’, വയനാട് അമ്പലവയലിൽ തമിഴ് യുവതിക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍