Top

സ്ത്രീകളുടെ പങ്കാളിത്തം: മാറാന്‍ സാധിക്കുമോ ലീഗിനും സമുദായ സംഘടനകള്‍ക്കും?

സ്ത്രീകളുടെ പങ്കാളിത്തം: മാറാന്‍ സാധിക്കുമോ ലീഗിനും സമുദായ സംഘടനകള്‍ക്കും?
കേരളത്തിലെ മുസ്ലിം സമുദായത്തിലെ ഏറ്റവും വലിയ വിഭാഗം സമസ്ത എന്നറിയപ്പെടുന്ന ഇ കെ സുന്നി വിഭാഗമാണ്. ആള്‍ ബലത്തില്‍ മാത്രമല്ല സ്ഥാപന സംവിധാനങ്ങളെടുത്താലും ബാക്കിയുള്ള എല്ലാവരും ചേര്‍ന്നുള്ളതിലും എത്രയോ ശേഷി ഈ വിഭാഗത്തിനുണ്ട്. പൗരോഹിത്യത്തിന്റെയും ആണ്‍കോയ്മയുടെയും ഏറ്റവും അശ്ലീല രൂപമായ തങ്ങളിസമാണ് ഇ കെ വിഭാഗത്തിന്റെ ഘടനാപരമായ ചട്ടക്കൂട്. ആശയപരമായിട്ടാണെങ്കില്‍ ഏതെങ്കിലും രീതിയിലുള്ള നവോത്ഥാന ആശയങ്ങളോടോ പുരോഗമന നിലപാടുകളോ ഒരു താല്‍പര്യവുമില്ല. പ്രമാണങ്ങളുടെ കാലികമായ പുനര്‍ വായനകളേയും പുനര്‍ വ്യാഖ്യാനങ്ങളേയും നഖ ശിഖാന്തം എതിര്‍ക്കുന്നു. സത്യ സന്ധമായാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഒളിച്ചു വെക്കലോ മറച്ചു പിടിക്കലോ എവിടെയുമില്ല. ഈ നിലപാടുകളെല്ലാം തുറന്നു പറയുന്നു. സ്വാഭാവികമായും സ്ത്രീ വിരുദ്ധതയെന്നത് പ്രായോഗിക തലത്തിലെ പ്രവര്‍ത്തന ശൈലിയുടെ ഭാഗമല്ല, മദ്രസാ പുസ്തകങ്ങളില്‍ തുടങ്ങി പ്രഭാഷണങ്ങളിലും സംസ്ഥാന കമ്മിറ്റി നിലപാടുകളിലും വരെ തുറന്നു പ്രഖ്യാപിക്കുന്ന സൈദ്ധാന്തിക വശമാണ്. ആരാധനാലയങ്ങള്‍ പോലും സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കപ്പെടേണ്ട ഇടങ്ങളാണെന്ന് യാതൊരു പതര്‍ച്ചയും കൂടാതെ പ്രഖ്യാപിക്കുന്നു. പെണ്ണുങ്ങളുമായി വേദി പങ്കിടുന്നത് ഇസ്ലാം വിരുദ്ധമാണെന്നാണ് പരസ്യ നിലപാട്.

ഇ കെ വിഭാഗത്തിന് രാഷ്ട്രീയമെന്നാല്‍ ലീഗാണ്, അത് മാത്രമാണ്. സ്വാഭാവികമായും രണ്ടിന്റെയും നേതൃനിര വല്ലാതെ ഓവര്‍ലാപ് ചെയ്യുന്നു. തങ്ങന്‍മാര്‍ രണ്ടിടത്തും 'ആത്മീയ നേതൃത്വം' നല്‍കുന്നു. ലീഗിന്റെ വോട്ട് ബാങ്കിന്റെ സിംഹ ഭാഗവും ഈ സമസ്ത തന്നെയാണ്. മുജാഹിദുകാരും ഇതിലൊന്നും പെടാത്തവരുമൊക്കെ ലീഗുകാരായി ഉണ്ടെങ്കിലും സ്വാഭാവികമായും നേതൃത്വത്തില്‍ പ്രാതിനിധ്യം നാമമാത്രമാണ്. തങ്ങളിസത്തിലധിഷ്ഠിതമായ ഈ പൌരോഹിത്യ സംവിധാനത്തെ സമര്‍ത്ഥമായി ചൂഷണം ചെയ്യുന്നതാണ് ലീഗിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം എന്നത് കൊണ്ട് തന്നെ ഇതിനെ ആശയപരമായി ചോദ്യം ചെയ്യുന്ന സ്ത്രീ പ്രാതിനിധ്യത്തോട് ലീഗ് നേതൃത്വം എന്നും പുറം തിരിഞ്ഞു നിന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സംവരണം പക്ഷേ ഇതിന് ഇളക്കം തട്ടിച്ചു. ലീഗില്‍ നിന്ന് നിരവധി പെണ്ണുങ്ങള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു ജയിച്ചു. അതിലേറെ പെണ്ണുങ്ങള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പ്രചാരണത്തിലുമെല്ലാം സജീവമായി. വനിതാ ലീഗില്‍ കഴിവുറ്റ നേതാക്കള്‍ ഉയര്‍ന്നു വന്നു. കുടുംബശ്രീ കേരളത്തിലെ വലിയൊരു വിഭാഗം പെണ്ണുങ്ങളെ പൊതു രംഗത്തേക്കിറക്കിയപ്പോള്‍ അതില്‍ മുസ്ലിം പെണ്ണുങ്ങളുമുണ്ടായിരുന്നു. സ്വാഭാവികമായും അധികാരം കയ്യടക്കി വെച്ചിരുന്ന ആണുങ്ങള്‍ക്ക് ഹാലിളകി. സമസ്തയുടെ സ്റ്റാര്‍ പ്രാസംഗികന്‍ സിംസാറുല്‍ ഹഖ് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കടുത്ത സ്ത്രീ വിരുദ്ധ വിഷം തുപ്പി. മായിന്‍ ഹാജിയെ പോലുള്ളവര്‍ പേപ്പട്ടിയെ പോലെ ഓടി നടന്ന് സ്ത്രീകളെ അധിക്ഷേപിച്ചു സംസാരിച്ചു. അതോടൊപ്പം ആഗോളവല്‍ക്കരണവും ഗള്‍ഫ് പണവും മുസ്ലിം സ്ത്രീകളെ കൂടുതല്‍ കൂടുതല്‍ ശാക്തീകരിച്ചു. അവര്‍ വലിയ തോതില്‍ കോളേജുകളിലും തൊഴിലിടങ്ങളിലും എത്തി. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ന് മുസ്ലിം പെണ്‍ കുട്ടികള്‍ ആണുങ്ങളേക്കാല്‍ എത്രയോ മുന്നിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എം ഇ എസ് സ്ഥാപനങ്ങളില്‍ 70 ശതമാനത്തിലധികമാണ് പെണ്ണുങ്ങള്‍. ഇന്ന് സമസ്ത പണ്ഡിതന്‍മാര്‍ പുറം തള്ളുന്ന അറു പിന്തിരിപ്പന്‍ ആശയങ്ങള്‍ മാത്രമല്ല അവര്‍ കേള്‍ക്കുന്നത്. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയുമടങ്ങുന്ന ബദല്‍ മാര്‍ഗങ്ങളിലൂടെ തങ്ങളുടെ ഏജന്‍സി അംഗീകരിക്കുന്ന വ്യാഖാനങ്ങളും അവരുടെ മുമ്പിലെത്തുന്നു. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ തീവ്ര വഹാബിസ്റ്റ് ആശയങ്ങളുടെ ഭീകരത ലോകം കണ്ടു കഴിഞ്ഞു.

ഇതെല്ലാം കണ്ടറിയുന്ന ഒരു ജനതയാണ് വളര്‍ന്നു വരുന്നത്. ഈ വിദ്യാ സമ്പന്നരായ പെണ്ണുങ്ങളോട് ആണുങ്ങള്‍ക്ക് സേവ ചെയ്യലാണ് ജീവിത നിയോഗമെന്ന് പറഞ്ഞാലവര്‍ പുച്ചിച്ച് തള്ളും. അതിന്റെ തിരിച്ചറിവാണ് ലീഗ് സംസ്ഥാന കമ്മിറ്റിയില്‍ മൂന്ന് പെണ്ണുങ്ങളെ ഉള്‍പ്പെടുത്തി പുനസ്സംഘടിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. വര്‍ഷങ്ങളായി ഇതിനായുള്ള എല്ലാ മുറവിളികളേയും ചെറുത്തു തോല്‍പിച്ചവര്‍ തന്നെയാണ് ഇന്ന് അനുകൂലമായ തീരുമാനമെടുത്തതിനും പിന്നില്‍. സാമൂഹിക സമ്മര്‍ദവും അത് തിരിച്ചറിഞ്ഞ രാഷ്ട്രീയക്കാരുടെ പ്രായോഗിക ബുദ്ധിയുമാണ് തെളിഞ്ഞു കാണുന്നത്.

കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പൊതു ഇടങ്ങളിലും സ്ത്രീകളുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ട്. പുരോഗമന പ്രസ്ഥാനങ്ങള്‍ എന്നവകാശപ്പെടുന്നവര്‍ പോലും അതില്‍ നിന്ന് മുക്തമല്ല. സ്ത്രീകള്‍ ഏറ്റവുമധികം മുന്നേറിയ ക്രിസ്ത്യന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള കോണ്‍ഗ്രസുകളും വര്‍ഗ രാഷ്ട്രീയം പറയുന്ന സിപിഎമ്മുമൊന്നും അപവാദമല്ല. ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെന്നത് അനിഷേധ്യമായ യാഥാര്‍ത്ഥ്യമാണെങ്കില്‍ പോലും. ഈ വിവേചനം സൈദ്ധാന്തികപരമായ ഒരു നിലപാടായി അവതരിപ്പിക്കപ്പെടുന്നു എന്നതിനാലാണ് ലീഗിലെ വിവേചനം വേറിട്ടു നില്‍ക്കുന്നത്. അതിന്റെ മതപരമായ വ്യാഖ്യാനമാണ് പ്രത്യാഘാതം കൂടുതല്‍ വ്യാപിക്കുന്നത്. മറ്റെന്തിനെക്കാളുമധികം സമസ്ത എന്ന ഏറ്റവും വലിയ മുസ്ലിം സംഘടനയുമായി ലീഗിനുള്ള പൊക്കിള്‍ കൊടി ബന്ധമാണ് ഈ തീരുമാനത്തെ പ്രാധാന്യമുള്ളതാക്കുന്നത്. കേരളത്തിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും അധികാര പങ്കാളിത്തത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളിലെ നിര്‍ണായക ചുവടു വെപ്പാണിത്. അഴകൊഴമ്പന്‍ വാദങ്ങളുമായി ഇനിയധിക കാലം സമസ്തക്ക് പിടിച്ചു നില്‍ക്കാനാവില്ല. സ്ത്രീകളുടെ വിദ്യാഭ്യാസത്തെ സമസ്ത എതിര്‍ത്തതായിരുന്നു മുജാഹിദ്, ജമാഅത്ത് സംഘടനകളുടെ വളര്‍ച്ചയില്‍ നിര്‍ണായക ഘടകമായത്. നിര്‍ണായകമായ അടുത്ത ഘട്ടത്തിലാണ് മുസ്ലിം സമുദായം നില്‍ക്കുന്നത്, പ്രത്യേകിച്ചും പെണ്ണുങ്ങള്‍. കാലത്തിനനുസരിച്ച് മാറിയില്ലെങ്കില്‍ ഇല്ലാതാവുന്നത് ഇവിടെയുള്ള പെണ്ണുങ്ങളോ അവസരം നിഷേധിക്കപ്പെടുന്ന മറ്റു വിഭാഗങ്ങളോ ആയിരിക്കില്ല; സമസ്തയെ പോലുള്ള സംഘടനകളായിരിക്കും. എല്ലാ മേഖലയിലും ആണുങ്ങളേക്കാള്‍ മുന്നേറുന്ന മുസ്ലിം പെണ്ണിനെ ഒഴിവാക്കുന്ന ആണ്‍കോയ്മാ രാഷ്ട്രീയത്തിന് ചവറ്റു കൊട്ടയിലെത്താന്‍ അധിക കാലമുണ്ടാവില്ല. ഈയൊരു തിരിച്ചറിവിനെയും അത് പ്രയോഗവല്‍ക്കരിക്കാനുള്ള ഘടനാപരമായ ശേഷിയെയും ആശ്രയിച്ചിരിക്കും കേരളത്തിലെ ഏറ്റവും വലിയ സമുദായ സംഘടനയായ സമസ്തയുടെയും അതിന്റെ രാഷ്ട്രീയ മുഖമായ ലീഗിന്റെയും ഭാവി.

എന്നല്ല, ഏതൊരു സംഘടനയുടേയും ഭാവി ഈ കാലത്തിന്റെ പ്രാതിനിധ്യ സങ്കല്‍പവും രാഷ്ട്രീയവുമൊക്കെ ഉള്‍കൊള്ളുന്നതിനെ ആശ്രയിച്ചിരിക്കും. സമുദായ സംഘടനകളിലും സ്ഥാപനങ്ങളിലും എത്രത്തോളം ജനാധിപത്യവും സ്ത്രീ പങ്കാളിത്തവും ഉറപ്പു വരുത്തുന്നുവെന്നതിനനുസരിച്ചിരിക്കും പുതിയ തലമുറക്ക് ഇവയോടുള്ള സമീപനം. അങ്ങേയറ്റം സ്ത്രീ വിരുദ്ധവും അറു പിന്തിരിപ്പനുമായ നവ സലഫിസവും സൗദി ബ്രാന്റഡ് തീവ്ര ഇസ്ലാമും കേരളത്തില്‍ അപകടകരമായി വളരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എല്ലാ സംഘടനകളിലും ഇതിന്റെ സ്വാധീനം പ്രകടമാണ്. സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ സജീവമാവുന്നതിനനുസരിച്ച് അതിനെ എതിര്‍ക്കുന്ന ആശയങ്ങളോട് ആണുങ്ങളില്‍ ഒരു വിഭാഗം അടുക്കുന്നത് ഇവയെ വളര്‍ത്തുന്നു.

അതിന് ബദലായി വളരുന്ന സ്ത്രീ മുന്നേറ്റങ്ങള്‍ സമുദായ സംഘടനകളെ സ്വാധീനിക്കുന്നതും അനുകൂല തീരുമാനങ്ങള്‍ എടുപ്പിക്കുന്നതില്‍ വിജയം കണ്ടെത്തുന്നതും സമുദായത്തേയും സമൂഹത്തേയും പ്രതീക്ഷക്ക് വക നല്‍കുന്നു. വിക്റ്റര്‍ ഹ്യൂഗോ പറഞ്ഞത് ഓര്‍ക്കാം,
'ആക്രമിക്കാന്‍ വരുന്ന സൈന്യത്തെ നിങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ കഴിഞ്ഞേക്കാം; പക്ഷേ സമയമായ ഒരാശയത്തെ തടയാന്‍ പറ്റുകയേ ഇല്ല!'
Next Story

Related Stories