Top

യതീഷ് ചന്ദ്ര എന്ന 'കുട്ടമ്പുള്ള പോലീസ്'

യതീഷ് ചന്ദ്ര എന്ന
ശബരിമലയില്‍ ഹീറോ ആയിരിക്കുന്നത് ഇപ്പോള്‍ യതീഷ് ചന്ദ്ര ഐപിഎസ് ആണ്. ഐജിമാരായ മനോജ് എബ്രഹാമും പിന്നീട് ശ്രീജിത്തും ശബരിമലയിലെ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പദവിയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടപ്പോഴാണ് എസ്പിയായ യതീഷ് ചന്ദ്രയെ ആ സ്ഥാനത്തേക്ക് നിയമിക്കുന്നത്. യതീഷ് ചന്ദ്ര മുമ്പ് പല വിഷയങ്ങളിലും ഇടപെട്ട് സംഘപരിവാറിനും സിപിഎമ്മിനും ഒരു പോലെ ഇഷ്ടപ്പെട്ട വ്യക്തിയാണ്. ആലുവയില്‍ സിപിഎം ഓഫീസില്‍ ആക്രമണം നടത്തിയതോടെയാണ് യതീഷ് ചന്ദ്രയ്ക്ക് ദേശീയ ശ്രദ്ധ കിട്ടിയത്. വടക്കന്‍ കര്‍ണാടകത്തിലെ ഒരു ഗ്രാമത്തിലാണ് യതീഷ് ചന്ദ്ര ജനിച്ചു വളര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്തപ്പോഴാണ് സംഘപരിവാറിന് ഇദ്ദേഹം ഹീറോ ആയത്. അതിന് മുമ്പ് പുതുവൈപ്പിന്‍ സമരത്തെ ഹൈക്കോടതിക്ക് മുന്നില്‍ അടിച്ചമര്‍ത്തിയപ്പോള്‍ യതീഷ് ചന്ദ്ര കേരള സമൂഹത്തിന് മുന്നില്‍ വില്ലനായിരുന്നു.

പ്രതിഷേധങ്ങള്‍ക്കും ഉപരോധങ്ങള്‍ക്കും നടുവിലേക്ക് സ്വയം ഇറങ്ങിച്ചെന്ന് അവയെ അടിച്ചൊതുക്കുന്നതിലൂടെ മുമ്പും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട് യതീഷ് ചന്ദ്ര. പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റിനെതിരായ ജനകീയ സമരം അടിച്ചൊതുക്കിയതോടെയാണ് ഏറ്റവുമൊടുവില്‍ യതീഷ് ചന്ദ്രയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത സമരമാണ് അന്ന് പോലീസ് അടിച്ചൊതുക്കിയത്. പിന്നീട് യതീഷ് ചന്ദ്രക്കെതിരെ പരാതി പറയുന്ന ഒരു കുട്ടിയുടെ വീഡിയോയും വൈറലായിരുന്നു. ഇദ്ദേഹത്തിന്റേത് സംഘപരിവാര്‍ നിലപാടുകളാണെന്നും അന്ന് ആരോപണം ഉയര്‍ന്നു.

അതേസമയം ശബരിമലയില്‍ യതീഷ് ചന്ദ്രയെ നിയമിച്ചപ്പോള്‍ ബിജെപിക്ക് അനുകൂലമല്ല കാര്യങ്ങള്‍. കാരണം, ഏത് വിധേനയും നിയമം നടപ്പിലാകണമെന്ന് മാത്രമാണ് യതീഷ് ചന്ദ്രയുടെ നിലപാട്. ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ പി ശശികല, ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ എന്നിവര്‍ യതീഷ് ചന്ദ്രയുടെ ഈ നിലപാടിന്റെ ചൂട് അറിഞ്ഞവരാണ്. ഏത് ഭരണകൂടത്തിനും മികച്ച ഒരു ടൂള്‍ ആണ് യതീഷ് ചന്ദ്രയെന്നാണ് ഇന്ന് ഉയര്‍ന്നു കേട്ട ഒരു വാദം. അതൊരു വിധത്തില്‍ സത്യമാണ്. ഇന്ന് ശബരിമലയില്‍ നടന്ന കാര്യങ്ങള്‍ പരിശോധിച്ചാല്‍ മാത്രം അത് വ്യക്തമാകും. അപകടം ഉണ്ടായാല്‍ താങ്കള്‍ ഉത്തരവാദിത്തം എടുക്കുമോ സര്‍ എന്നാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് യതീഷ് ചന്ദ്ര ചോദിച്ചത്.

മര്യാദക്ക് സംസാരിക്കണം. ചൂടാവുന്നോ താന്‍ മന്ത്രിയോട്? എന്നായിരുന്നു ഇതിന് എ എന്‍ രാധാകൃഷ്ണന്റെ പ്രതികരണം. എന്നാല്‍ രാധകൃഷ്ണന്റെ അടുത്തേക്ക് നീങ്ങി കണ്ണ് തുറിക്കുകയാണ് എസ് പി അപ്പോള്‍ ചെയ്തത്. ആ ബോഡി ലാംഗ്വേജില്‍ തന്നെ പോലീസിന്റെ എല്ലാമുണ്ടായിരുന്നു. 'നോക്കി പേടിപ്പിക്കുണോ? മാര്യാദക്ക് സംസാരിക്കാന്‍ പഠിക്കണം മനസിലായോ? നോക്കി പേടിപ്പിക്കാനോന്നും വരണ്ട'. എഎന്ന രാധാകൃഷ്ണന്റെ മറുപടിയില്‍ അതേക്കുറിച്ചുള്ള പേടിയുമുണ്ടായിരുന്നു.

ഇന്ന് ഭരണകൂടത്തിന്റെ ടൂള്‍ ആയി യതീഷ് ചന്ദ്രയെ ഉപയോഗിക്കുന്ന പിണറായി വിജയന്‍ തന്നെ ഇയാളെ മുമ്പ് തെരുവ് ഗുണ്ടയെന്നാണ് വിളിച്ചിട്ടുള്ളത്. 2015ല്‍ അങ്കമാലിയില്‍ ഇടതുപക്ഷം നടത്തിയ ഉപരോധ സമരം അടിച്ചമര്‍ത്തിയപ്പോഴാണ് സംഭവം. അന്ന് ആലുവ റൂറല്‍ എസ് പിയായിരുന്നു യതീഷ് ചന്ദ്ര. യതീഷ് ചന്ദ്ര പെരുമാറുന്നത് ഭ്രാന്തന്‍ നായയെ പോലെയാണെന്നാണ് അന്ന് വിഎസ് അച്യുതാനന്ദന്‍ വിശേഷിപ്പിച്ചത്. എല്‍ഡിഎഫ് ഉപരോധ സമരത്തെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി തെരുവിലുണ്ടായിരുന്ന വൃദ്ധന്മാരെയും തല്ലിച്ചതച്ചപ്പോഴാണ് ഇദ്ദേഹം വിമര്‍ശന വിധേയനായത്. ഹര്‍ത്താലിനിടെ എസ് പി നേരിട്ടിറങ്ങി ആളുകളെ വിരട്ടിയോടിക്കുകയായിരുന്നു. സിപിഎം ഏരിയ സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റും വനിതകള്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പോലീസിന്റെ അടി വാങ്ങിയതോടെ മുതിര്‍ന്ന ഇടതുപക്ഷ നേതാക്കള്‍ ഒന്നടങ്കം ഇദ്ദേഹത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. ആലുവ റൂറല്‍ എസ്പി സ്ഥാനത്തു നിന്നും മാറ്റണമെന്നായിരുന്നു അന്ന് ഉയര്‍ന്ന മുഖ്യ ആവശ്യം.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ യതീഷ് ചന്ദ്രയെ ഏതെങ്കിലും മൂലയ്ക്ക് തട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നവരെ അമ്പരപ്പിച്ചാണ് അദ്ദേഹം കൊച്ചി ഡിസിപിയാക്കിയത്. അതേസമയം അന്താരാഷ്ട്ര ബന്ധമുള്ള കൊച്ചിയിലെ അധോലോകത്തെ ഒതുക്കാന്‍ യതീഷ് ചന്ദ്രയെ പോലെ കടുത്ത നിലപാടുകളുള്ള ഒരു പോലീസുദ്യോഗസ്ഥനേ സാധിക്കൂവെന്നും വിലയിരുത്തപ്പെട്ടു. മുമ്പ് വടകരയില്‍ എ എസ് പിയാരുന്നപ്പോള്‍ നടത്തിയ കുഴല്‍പ്പണ വേട്ടയും ഓപ്പറേഷന്‍ കുബേരയുമെല്ലാം ഈ വാദത്തെ സ്വാധൂകരിക്കുന്നു. അതേസമയം കൊച്ചിയിലെത്തിയപ്പോള്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചതിന് ഒരു യുവതി ഇദ്ദേഹത്തിന്റെ വാഹനം തടഞ്ഞു നിര്‍ത്തുകയും നിയമം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ചാനലുകളുടെ ക്യാമറകള്‍ക്ക് മുന്നില്‍ നടന്ന വിചാരണ അന്ന് അദ്ദേഹം തരണം ചെയ്തത് സമചിത്തതയോടെയും കൗശലത്തോടെയുമുള്ള പെരുമാറ്റത്തിലൂടെയാണ്. കുറ്റം മുഴുവന്‍ തന്റെ ഡ്രൈവറില്‍ കെട്ടിവച്ച് തെറ്റ് ചൂണ്ടിക്കാട്ടാന്‍ യുവതി കാണിച്ച ധൈര്യത്തെ പ്രശംസിക്കുകയും ചെയ്ത് ഡിസിപി അന്ന് തലയൂരുകയായിരുന്നു.

അങ്കമാലിയില്‍ വൃദ്ധനാണെങ്കില്‍ പുതുവൈപ്പിനില്‍ വൃഷണം ഉടയ്ക്കപ്പെട്ട പൊതുപ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് ആയിരുന്നു യതീഷ് ചന്ദ്രയിലെ കുട്ടമ്പുള്ള പോലീസുകാരന്റെ ഇരയായത്. അതേസമയം ശബരിമലയിലെത്തുമ്പോള്‍ ഇയാള്‍ നായകനാകുകയാണ്. സൈബര്‍ സഖാക്കള്‍ ഇപ്പോള്‍ യതീഷ് ചന്ദ്രയെ വാനോളം ഉയര്‍ത്തിപ്പിടിക്കുകയാണ്. അതേസമയം സംഘപരിവാര്‍ അനുകൂല പേജുകള്‍ ഇയാളുടെ ക്രൂരതകള്‍ തുറന്നുകാട്ടാനും ശ്രമിക്കുന്നു. ശബരിമലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ പാലിക്കുകയെന്നതും സ്വകാര്യ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം നടപ്പാക്കുകയുമാണ് ഇവിടെ പോലീസിന്റെ ചുമതല. അത് യതീഷ് ചന്ദ്ര കൃത്യമായി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയന് ഉറപ്പുണ്ട്.

https://www.azhimukham.com/trending-whos-yathish-chandra-ips-who-attacked-puthuvype-protesters/

https://www.azhimukham.com/yathish-chandra-ips-stare-at-an-radhakrishnan-scolded-him-nilakkal-pamba-protest-sabarimala-womens-entry/

https://www.azhimukham.com/newsupdates-pon-radhakrishnan-against-sp-yatish-chandra/

Next Story

Related Stories