TopTop
Begin typing your search above and press return to search.

പോലീസ് ഒത്തുതീര്‍പ്പാക്കിയ കേസ് യുവതിയുടെ കൊലപാതകത്തില്‍ കലാശിച്ചു

പോലീസ് ഒത്തുതീര്‍പ്പാക്കിയ കേസ് യുവതിയുടെ കൊലപാതകത്തില്‍ കലാശിച്ചു

ഇന്ന് കൊല്ലം ഉളിയക്കോവില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം ഒരു യുവതിയുടെ കൊലപാതകത്തില്‍ കലാശിച്ചു. അഭിരാമി(24) എന്ന യുവതിയാണ് കത്തിക്കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസി ഉമേഷ് ബാബുവിനെയും ഭാര്യ ശകുന്തളയെയും മകള്‍ സൗമ്യയെയും കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.

അവിടെ രണ്ട് കുടുംബങ്ങളിലെയും അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും ഇരു കുടുംബങ്ങളിലെയും അംഗങ്ങള്‍ക്കും പരിക്കേറ്റുവെന്നുമാണ് പോലീസ് അഴിമുഖം പ്രതിനിധിയോട് പറഞ്ഞത്. അഭിരാമിയുടെ അമ്മ ലീന, ഉമേഷ് ബാബു, ശകുന്തള, സൗമ്യ എന്നിവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉമേഷ് ബാബുവിന്റെ കുടുംബം അഭിരാമിയുടെ വീടിന് മുന്നിലൂടെ മലിനജലം ഒഴുക്കി വിടുന്നത് സംബന്ധിച്ച തര്‍ക്കമാണ് നിലനിന്നിരുന്നത്. വ്യാഴാഴ്ച രാത്രിയിലും മലിനജലം ഒഴുക്കി വിട്ടതോടെ ഇരുവീട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ഉമേഷ് ബാബു കത്തികൊണ്ട് അഭിരാമിയെയും അമ്മയെയും കുത്തി വീഴ്ത്തുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. പ്രത്യേക്രമണത്തിലാണ് ഇയാള്‍ക്കും കുടുംബത്തിനും പരിക്കേറ്റതെന്നും പോലീസ് പറയുന്നു.

എന്നാല്‍ അഭിരാമിയെയും അമ്മയെയും കുത്തിയ ഉമേഷ് ബാബു സ്വയം കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവര്‍ക്കിടയില്‍ തര്‍ക്കം പതിവായിരുന്നതിനെ തുടര്‍ന്ന് ഒരുമാസം മുമ്പ് പോലീസ് ഇരുവരെയും വിളിച്ചു വരുത്തിയിരുന്നു. തങ്ങള്‍ വിളിച്ച് വരുത്തി ഇരുകൂട്ടരെയും താക്കീത് ചെയ്ത് പറഞ്ഞയച്ചുവെന്ന് പോലീസ് തന്നെ സമ്മതിച്ചു. എന്നാല്‍ തര്‍ക്കം തുടരുകയായിരുന്നു. രാത്രി ലീനയുടെ വീട്ടിലെത്തിയ ഉമേഷ് ബാബു കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് ലീനയെ കുത്തുകയായിരുന്നു. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തി തടഞ്ഞപ്പോഴാണ് അഭിരാമിക്കും കുത്തേറ്റതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഉമേഷ് ബാബു വേറെയും കേസുകളില്‍ പ്രതിയാണെന്നും അറിയുന്നുണ്ട്. സംഘര്‍ഷത്തില്‍ പങ്കാളികളായതിനാലാണ് ശകുന്തളയെയും മകളെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം കൊലപാതകത്തില്‍ കലാശിക്കേണ്ട വിധത്തില്‍ യാതൊരു പ്രശ്‌നങ്ങളും ഇരുവീട്ടുകാര്‍ക്കും ഇടയിലുണ്ടായിരുന്നില്ലെന്നാണ് മുന്‍ കൊല്ലം മേയറും വാര്‍ഡ് മെമ്പറുമായ അഡ്വ. വി രാജേന്ദ്രബാബു പറഞ്ഞു. അദ്ദേഹത്തിന്റെ ഡിവിഷനായ ഉളിയക്കോവില്‍ നോര്‍ത്തില്‍ ആണ് സംഭവമുണ്ടായത്. ലീനയുടെ വീടിന് മുന്നിലേക്ക് മലിനജലം ഒഴുകുന്നുണ്ടായിരുന്നില്ലെന്നും മറ്റൊരു വീട്ടുകാരുടെ പ്രശ്‌നത്തില്‍ ലീന ഇടപെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, അവിടെ കാര്യമായ മലിനജല പ്രശ്‌നമില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. വീട്ടുകാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇന്നലെയും പോലീസ് വിളിപ്പിച്ചിരുന്നുവെന്നാണ് താന്‍ അറിഞ്ഞതെന്നും ഇദ്ദേഹം പറയുന്നു. എന്നാല്‍ രാത്രിയോടെ ഉമേഷ് ബാബു കത്തിയുമായി ലീനയുടെ വീട്ടില്‍ ആക്രമണം നടത്തുകയായിരുന്നു. അതേസമയം ഉമേഷ് ബാബുവിന്റെയും ശകുന്തളയുടെയും മകനാണ് അഭിരാമിയെ കുത്തിയതെന്നാണ് തൊട്ടടുത്ത ഡിവിഷനായ ഉളിയക്കോവിലിലെ മെമ്പര്‍ ചിന്ത എല്‍ സജിത്ത് അഴിമുഖത്തോട് പറഞ്ഞു.


Next Story

Related Stories